‘‘ജനങ്ങൾ പട്ടിണിയുടെ നരകദുരിതങ്ങൾ അനുഭവിക്കുമ്പോൾ, ഞാൻ നിയമപരീക്ഷ പാസായി പണക്കാരനാവുക എന്നുള്ളതുണ്ടാവില്ല. എന്റെ മനസ്സ് എന്നെ അതിനനുവദിക്കുന്നില്ല. ഞാൻ ഒരു വക്കീലാകണമെന്നുള്ള അച്ഛന്റെ വലിയ മോഹത്തെപ്പറ്റി ഞാൻ ഓർക്കായ്കയല്ല. എന്നാൽ, അച്ഛനും ഞാനും ഉൾക്കൊള്ളുന്ന ഈ മഹാരാജ്യത്തെ സേവിക്കാൻ എന്നെ അനുവദിക്കുന്നതിനായി അച്ഛൻ ആ മോഹം ഉപേക്ഷിക്കണം. ’’ 

1920-ൽ മഹാത്മജിയുടെ ആഹ്വാനപ്രകാരം, നിയമപഠനമുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊള്ളാനുറച്ച വിവരം കെ. കേളപ്പൻ അച്ഛനെ അറിയിച്ചെഴുതിയ കത്തിന്റെ ഉള്ളടക്കമാണ് മേലുദ്ധരിച്ചത്. ഗാന്ധിയുഗത്തിന്റെ സമാരാധ്യനായ ഒരു നേതാവെന്ന നിലയിൽ അഖിലേന്ത്യാ പ്രശസ്തിനേടിയ കേളപ്പജി ആധുനിക കേരളത്തിന്റെ ശില്പികളിൽ  പ്രധാനിയായിരുന്നു. കേരളഗാന്ധി എന്നപേരിൽ അദ്ദേഹം പരക്കേ അറിയപ്പെട്ടു. കേരളത്തിലെ സ്വാതന്ത്ര്യസമര പരിശ്രമങ്ങൾക്ക് ചുക്കാൻപിടിക്കാൻ അദ്ദേഹം കണ്ടെത്തിയ കളരി ‘മാതൃഭൂമി’യായത് തികച്ചും സ്വാഭാവികമായിരുന്നു. 

1923 ഓഗസ്റ്റ് 21-ാം തീയതി അദ്ദേഹം മാതൃഭൂമിയിൽ മാനേജരായി. പത്രാധിപരായിരുന്ന കെ.പി. കേശവമേനോൻ മാനേജിങ് ഡയറക്ടറുടെ ചുമതലകൂടി നിർവഹിച്ചു. അയിത്തോച്ചാടന പ്രചാരണ പ്രവർത്തനത്തിനിടയിൽ തന്റെ പേരിനു പുറകിലുള്ള ‘നായർ’ ജാതിസംജ്ഞ കേളപ്പജി ഉപേക്ഷിച്ചു.

1924 മാർച്ച്‌ 30ന്‌ വൈക്കം സത്യാഗ്രഹം ആരംഭിച്ചു. ഏപ്രിൽ 7-ന്‌ നിരോധനാജ്ഞ ലംഘിച്ചതിന്‌ കെ.പി. കേശവമേനോനെയും തുടർന്ന്‌ കേളപ്പജിയെയും അറസ്റ്റ്‌ ചെയ്തു.  അങ്ങനെ മാതൃഭൂമി പത്രാധിപരും മാനേജരും ജയിലിലായി.  സമരസമ്മർദത്തെത്തുടർന്ന്‌ തിരുവിതാംകൂർ സർക്കാർ ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡ് അയിത്തജാതിക്കാർക്ക് തുറന്നുകൊടുക്കാനുതകുന്ന ഒരു ഉടമ്പടിക്ക് രൂപംനൽകി. അത് അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ മഹാത്മജി നിർദേശിച്ചു. തുടർന്ന് കേളപ്പജി, 1926 നവംബർ 21-ാം തീയതി സത്യാഗ്രഹം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 

സമരരംഗത്ത് കൊടുങ്കാറ്റായി മാറുന്ന കേളപ്പജി ബഹുഭാഷാപണ്ഡിതനും എഴുത്തുകാരനും ഒന്നാംകിട വാഗ്മിയും ആയിരുന്നു. മാതൃഭൂമിയിൽ പുസ്തകനിരൂപണം അദ്ദേഹം പതിവായി ചെയ്തു. 1930 ജനുവരി ഒന്നിന്‌ കേളപ്പജി മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. 

1930 ഏപ്രിൽ 13-ാം തീയതി കോഴിക്കോടുനിന്ന് പയ്യന്നൂരിലേക്ക്‌ നിയമം ലംഘിച്ച് ഉപ്പുകുറുക്കാൻ പോയ പദയാത്രാസംഘത്തിന്റെ നായകൻ മാതൃഭൂമി പത്രാധിപർ കേളപ്പജിയായിരുന്നു. 1931-ൽ അയിത്തജാതിക്കാർക്ക്‌ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം വേണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം അയിത്തത്തിനും മറ്റു സാമൂഹിക അനാചാരങ്ങൾക്കുമെതിരേ മാതൃഭൂമി നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ തുടർച്ചയായിരുന്നു. 

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിനു തന്റെ സമയം പൂർണമായും സമർപ്പിക്കുന്നതിനായി കേളപ്പജി മാതൃഭൂമി പത്രാധിപസ്ഥാനത്തുനിന്ന്‌ താത്‌കാലികമായി ഒഴിഞ്ഞു. 
സത്യാഗ്രഹസമരം ഒരുവർഷം പിന്നിട്ടിട്ടും ലക്ഷ്യം കാണാതെ വന്നപ്പോൾ 1932 നവംബർ 22-ാം തീയതി രാവിലെമുതൽ കേളപ്പജി, ലക്ഷ്യപ്രാപ്തി കണ്ടില്ലെങ്കിൽ മരണംവരെ തുടരാനുള്ള നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. കേളപ്പജി നിരാഹാരസമരം അവസാനിപ്പിച്ചാൽ മൂന്നുമാസത്തിനകം പ്രശ്നപരിഹാരത്തിന്‌ ശ്രമിക്കാമെന്ന്‌ സാമൂതിരിയുടെ വാഗ്ദാനമുണ്ടായി. നിരാഹാരം അവസാനിപ്പിക്കാൻ മഹാത്മജി കേളപ്പജിയോട്‌ ആജ്ഞാപിച്ചു. ഗുരുവിന്റെ ആജ്ഞയ്ക്കുമുമ്പിൽ കീഴടങ്ങുകയല്ലാതെ ശിഷ്യന്‌ മറ്റുവഴികളില്ലായിരുന്നു. 

1934 നവംബർ 24-ാം തീയതി കേളപ്പജി മാതൃഭൂമിയുടെ പത്രാധിപക്കസേരയിൽ തിരിച്ചെത്തി. പക്ഷേ, ഈ സമരനായകന്‌ ഇരുപത്തിനാലു മണിക്കൂറും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനായിരുന്നു താത്‌പര്യം. 1937 സെപ്‌റ്റംബർ രണ്ടിന്‌ പത്രാധിപക്കസേര സ്വാതന്ത്ര്യസമരനേതാവ്‌ കെ.എ. ദാമോദര മേനോന്‌ കൈമാറി, തീക്ഷ്ണ സമരങ്ങളുടെ പരുക്കൻ പാതയിലേക്ക്‌ അദ്ദേഹം നടന്നുനീങ്ങി. 1942 ഓഗസ്റ്റ്‌ ഒമ്പതിന്‌ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തതിന്‌ മാതൃഭൂമിയുടെ ഈ മുൻ പത്രാധിപരെ തലശ്ശേരിയിൽവെച്ച്‌ അറസ്റ്റുചെയ്ത്‌ ജയിലിലടച്ചു. അധികാരസ്ഥാനങ്ങളോട്‌ എന്നും അകലംപാലിച്ച ഈ കർമയോഗി 1971 ഒക്ടോബർ ഏഴിന്‌ ഉച്ചതിരിഞ്ഞ്‌ മൂന്നുമണിക്ക്‌ ലോകത്തോട്‌ വിടപറഞ്ഞു.