Kelapapajiവാക്കുകളെക്കാളുപരി പ്രവൃത്തിക്ക് പ്രാധാന്യം നൽകിയെന്നതാണ് കെ. കേളപ്പനെ ഇതരരാഷ്ട്രീയക്കാരിൽനിന്ന് വ്യത്യസ്തനാക്കിയത്. അദ്ദേഹം തന്റെ ആദർശങ്ങളിൽ ഉറച്ചുനിന്നു. 

വിയോഗത്തിന്റെ അമ്പതാണ്ടുകൾ പിന്നിടുമ്പോഴേക്കും ‘കേരളഗാന്ധി’യെന്ന് വിഖ്യാതനായ വ്യക്തിയെക്കുറിച്ചുള്ള ഓർമകൾ നന്നേ നേർത്തുപോയിരിക്കുന്നു. അദ്ദേഹത്തിനുനൽകിയ പുരസ്കാരങ്ങളും ബഹുമതികളും തിരഞ്ഞാൽ ആകെ കാണാൻ കഴിയുക 1990-ൽ തപാൽവകുപ്പ് പുറത്തിറക്കിയ കൊയപ്പള്ളി കേളപ്പൻസ്മാരക സ്റ്റാമ്പുമാത്രമാണ്. അതിനപ്പുറം അർഹിക്കുന്ന ആദരവ് അദ്ദേഹത്തിന് എപ്പോഴെങ്കിലും കിട്ടിയിട്ടുണ്ടോയെന്ന് സംശയം. ആ അവഗണനയ്ക്കുള്ള തിരുത്തിന് ഏറ്റവും യോജിച്ച ഇടം ‘മാതൃഭൂമി’തന്നെ. കാരണം കെ. കേളപ്പന്റെകൂടി പ്രയത്നഫലമായി സ്ഥാപിതമായതും ഹ്രസ്വകാലമെങ്കിലും അദ്ദേഹം പത്രാധിപസ്ഥാനത്തിരുന്നതുമായ പ്രസ്ഥാനമാണിത്. സ്വാതന്ത്ര്യസമരകാല കേരളത്തിലെ കോൺഗ്രസിനെക്കുറിച്ച് കെ. കേളപ്പൻ എന്ന പേര് പരാമർശിക്കാതെ എന്തെങ്കിലും പറയുക അസാധ്യമാണ്. മദ്രാസ് സർവകലാശാലയിൽനിന്ന് ബിരുദംനേടിയ കേളപ്പൻ പൊന്നാനിയിലും ചങ്ങനാശ്ശേരിയിലെ സെയ്‌ന്റ് ബെർക്മാൻസ് ഹൈസ്കൂളിലും അധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. പിന്നീട് എൻ.എസ്.എസിന്റെ കീഴിലുള്ള കറുകച്ചാൽ ഹൈസ്കൂളിൽ പ്രിൻസിപ്പലായി. 

ബോംബെയിൽ നിയമവിദ്യാർഥിയായിരിക്കെയാണ് കേളപ്പൻ മഹാത്മാഗാന്ധിയുടെ ആശയത്തിൽ ആകൃഷ്ടനായത്. നിസ്സഹകരണപ്രസ്ഥാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം തന്റെ രാഷ്ട്രീയജീവിതത്തിന് തുടക്കമിട്ടു. നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച കേളപ്പൻ പൊന്നാനി താലൂക്കിൽ കോൺഗ്രസ് പാർട്ടിയുടെ സെക്രട്ടറിയായി ചുമതലയേറ്റു. മാതൃകാപുരുഷന്റെ ലാളിത്യവും സന്ന്യാസസമാനമായ ജീവിതശൈലിയും സ്വീകരിച്ചതോടെ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഗാന്ധിയന്മാരിൽ പ്രഥമസ്ഥാനീയനായി കേളപ്പൻ മാറി.വാക്കുകളെക്കാളുപരി പ്രവൃത്തിക്ക് പ്രാധാന്യം നൽകിയെന്നതാണ് കെ. കേളപ്പനെ ഇതരരാഷ്ട്രീയക്കാരിൽനിന്ന് വ്യത്യസ്തനാക്കിയത്. അദ്ദേഹം തന്റെ ആദർശങ്ങളിൽ ഉറച്ചുനിന്നു. ചെറുപ്പത്തിൽത്തന്നെ കളരിപ്പയറ്റ് അഭ്യസിച്ചിട്ടുള്ള കേളപ്പനെ സത്യാഗ്രഹങ്ങളും പ്രക്ഷോഭങ്ങളും ഒരിക്കൽപ്പോലും തളർത്തിയില്ല. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷുകാർ അദ്ദേഹത്തെ പലവട്ടം അറസ്റ്റുചെയ്യുകയും തടവിലാക്കുകയും ചെയ്തു. മഹാത്മാഗാന്ധിയെപ്പോലെതന്നെ, സ്വാതന്ത്ര്യംവേണ്ടത് ബ്രിട്ടീഷുകാരിൽനിന്നുമാത്രമല്ല, സമൂഹത്തിലെ ഉച്ചനീചത്വങ്ങളിൽനിന്നുകൂടിയാണെന്ന് കേളപ്പൻ വിശ്വസിച്ചു. ജാതിവിവേചനത്തിന്റെ, പ്രത്യേകിച്ച് അയിത്താചരണത്തിന്റെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. വർഷങ്ങൾക്കുമുമ്പുതന്നെ തന്റെ പേരിൽനിന്ന് മേൽക്കോയ്മയുടെ സൂചകമായ ജാതിവാൽ മുറിച്ചുകളഞ്ഞ് കേളപ്പൻ മാതൃകകാണിച്ചിട്ടുണ്ട്. 

1924-ലെ വൈക്കം സത്യാഗ്രഹത്തിലും 1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിലും കേളപ്പൻ വഹിച്ച പങ്ക് സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നൽകി. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികത്തിൽ കേരളത്തിലെത്തിയ ഗാന്ധിജിക്കെതിരേ ചില വെല്ലുവിളികൾ ഉയർന്നപ്പോൾ അതിനെ പ്രതിരോധിക്കാനും ഗാന്ധിജിയുടെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കെ. കുമാർ അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങാനും കെ.കേളപ്പൻ മുൻനിരയിൽത്തന്നെ നിന്നു. സംഘാടകൻ എന്നനിലയിലും ‘കേരള ഗാന്ധി’യുടെ മികവ് എടുത്തുപറയേണ്ടതാണ്. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും ആദ്യ പ്രസിഡന്റുമാണ് കെ.കേളപ്പൻ. കേരള ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ചതും അദ്ദേഹമാണ്. കേരള സർവോദയസംഘം, കേരള ഗാന്ധി സ്മാരകനിധി, കേരള സർവോദയ മണ്ഡൽ, ഗാന്ധി പീസ് ഫൗണ്ടേഷൻ-കാലിക്കറ്റ് തുടങ്ങി ഒട്ടേറെ ഗാന്ധിയൻ പ്രസ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെ.കേളപ്പൻ ഭാഗമാകാത്ത ഏതെങ്കിലും ഗാന്ധിയൻപ്രസ്ഥാനം അക്കാലത്ത് കേരളത്തിൽ പ്രവർത്തിച്ചിരുന്നോ എന്നുപോലും സംശയമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടുമ്പോൾ കെ. കേളപ്പനായിരുന്നു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ. 1945 മുതൽ 1950 വരെ അദ്ദേഹം കെ.പി.സി.സി.യെ നയിച്ചു. രാഷ്ട്രീയക്കാരൻ, സ്വാതന്ത്ര്യസമര സേനാനി, വിദ്യാഭ്യാസവിചക്ഷണൻ, പത്രപ്രവർത്തകൻ തുടങ്ങി പല മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ പ്രതിഭയോട് തുലനംചെയ്യാവുന്നവർ കേരളത്തിൽ കുറവായിരുന്നു. സംസ്ഥാനമന്ത്രിസഭയിലോ കേന്ദ്രമന്ത്രിസഭയിലോ അംഗമാകുകയെന്നത് അക്കാലത്ത് അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്നാൽ, അദ്ദേഹം തിരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്. 

1951-ൽ കേളപ്പൻ കോൺഗ്രസ് വിട്ടു. ആചാര്യ കൃപലാനിയുടെ കിസാൻ മസ്ദൂർ പ്രചാർ പാർട്ടിയിലൂടെ രാഷ്ട്രീയപ്രവർത്തനം തുടരാനായിരുന്നു തീരുമാനം. കിസാൻ മസ്ദൂർ പ്രചാർ പാർട്ടിയുടെ സ്ഥാപകരിൽ ഒരാൾകൂടിയായ കേളപ്പൻ ആ പാർട്ടിയുടെ കൊടിക്കീഴിൽ നിന്നുതന്നെയാണ് 1952-ൽ പൊന്നാനിയിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കെ.എം.പി.പി.യും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ലയിച്ചപ്പോൾ പുതിയ പാർട്ടിയുടെ നേതൃത്വവും അദ്ദേഹം ഏറ്റെടുത്തു. പാർലമെന്റ് അംഗമെന്ന നിലയ്ക്ക് ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്‌കരിക്കുന്നതിനായി കേളപ്പൻ പ്രവർത്തിച്ചു.തികഞ്ഞ ഗാന്ധിയനായിരുന്ന കേളപ്പന് പാർലമെന്റിലെ പ്രസംഗങ്ങളിൽമാത്രം തന്റെ പ്രവർത്തനമണ്ഡലത്തെ ഒതുക്കാൻ കഴിഞ്ഞില്ല. സജീവരാഷ്ട്രീയത്തിൽനിന്ന് പിന്മാറി സർവോദയപ്രസ്ഥാനത്തിലൂടെ കർമനിരതനാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആചാര്യ വിനോബഭാവെ തുടക്കംകുറിച്ച ഭൂദാൻ പ്രസ്ഥാനത്തിന് കേരളത്തിൽ ശബ്ദമായി മാറിയത് കെ. കേളപ്പനാണ്. മാർക്സിസ്റ്റ് വിമർശകനായിരുന്ന അദ്ദേഹം, ഇ.എം.എസിന്റെ നേതൃത്വത്തിൽവന്ന ഇടതുപക്ഷസർക്കാരിനോടും വിയോജിപ്പുകൾ മറച്ചുവെച്ചില്ല. 

മറ്റുള്ളവരുടെ അവകാശങ്ങളിൽ കടന്നുകയറാതെ എല്ലാവരും സമാധാനത്തോടെ ജീവിക്കണമെന്ന ആശയം കെ.കേളപ്പൻ എന്നും ഉയർത്തിപ്പിടിച്ചു. ഒരിക്കൽപ്പോലും അദ്ദേഹം വർഗീയതയോട് സന്ധിചെയ്തില്ല. മലപ്പുറം അങ്ങാടിപ്പുറത്ത്, 18-ാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ പടയോട്ടത്തിൽ നശിച്ചുപോയ തളി ക്ഷേത്രം പുനർനിർമിക്കാനുള്ള സമരത്തിൽ കേളപ്പൻ പങ്കെടുത്തു. ക്ഷേത്രത്തിന് തൊട്ടടുത്ത് ഒരു മുസ്‌ലിം പള്ളിയുള്ളതിനാൽ വർഗീയലഹളയുണ്ടാകുമോ എന്ന് സർക്കാർ ഭയന്നുനിൽക്കുകയായിരുന്നു. എന്നാൽ, കേളപ്പന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി ക്ഷേത്രപുനരുദ്ധാരണം യാഥാർഥ്യമായി. ഇന്നും മതസൗഹാർദത്തിന്റെ നേർസാക്ഷ്യംപോലെ ആ രണ്ട് ആരാധനാലയങ്ങളും അവിടെത്തന്നെയുണ്ട്. ഇനിയും കെ.കേളപ്പൻ എന്ന നിസ്വാർഥനെ അളക്കണമെങ്കിൽ 1971 ഒക്ടോബർ ഏഴിന് അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസ് എത്രയായിരുന്നു എന്ന് നോക്കിയാൽ മതി. വെറും 28 രൂപ! ഇതുപോലെ ഒരു വ്യക്തിത്വത്തെ ഇനി നാം കണ്ടെന്നുവരില്ല.