കഴിഞ്ഞ വെള്ളിയാഴ്ച തമിഴകം ഉണര്‍ന്നത് മുഖ്യമന്ത്രി ജയലളിതയുടെ അസുഖവാര്‍ത്ത കേട്ടുകൊണ്ടാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ ചെന്നൈയില്‍ ഗ്രീംസ്‌റോഡിലുള്ള അപ്പോളൊ ആസ്പത്രിയിലേക്കുള്ള വഴികളില്‍ ഗതാഗതം അലങ്കോലമായി. അപ്പോളൊയില്‍ ജോലി നോക്കുന്ന ഡോക്ടര്‍മാര്‍ വരെ ഏറെ പ്രയാസപ്പെട്ടാണ് ആസ്പത്രിയിലെത്തിയത്. ആസ്പത്രിക്ക് പുറത്ത് മന്ത്രിമാരും ചെന്നൈ കോര്‍പറേഷന്‍ മേയറുമൊക്കെ വഴിക്കണ്ണുമായി കാത്തുനിന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും വാവിട്ടുകരയുന്നുണ്ടായിരുന്നു. സകല ആരാധനാലയങ്ങളിലേക്കും പ്രവര്‍ത്തകര്‍ നേര്‍ച്ച നടത്താനും പ്രാര്‍ത്ഥിക്കാനുമായി ഓടിയെത്തി. പനി വിട്ടുമാറിയെന്നും മുഖ്യമന്ത്രി സാധാരണനിലയിലുള്ള ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചെങ്കിലും ജനം വിട്ടുപോയില്ല. പുരട്ചിതലൈവിക്കായി ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അനുയായികള്‍ ആസ്പത്രിക്ക് മുന്നില്‍ നില്‍പ് തുടര്‍ന്നു.

ഇന്ത്യയില്‍ മറ്റേതെങ്കിലുമൊരു നേതാവിന് അസുഖം വന്നാല്‍ അനുയായികള്‍ ഇതുപോലെ പ്രതികരിക്കുമെന്ന് തോന്നുന്നില്ല. 1984 ല്‍ എംജിആര്‍ അസുഖബാധിതനായപ്പോഴാണ് ചെന്നൈ ഇതുപോലുള്ള പ്രതികരണം കണ്ടത്. മക്കള്‍തിലകത്തിന് വൃക്ക നല്‍കാന്‍ തയ്യാറായി അന്ന് നൂറുകണക്കിന് പേരാണ് ഇതേ ആസ്പത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്. 

എംജിആറിനും ജയലളിതയ്ക്കുമിടയില്‍ സമാനതകളുണ്ട്. അതിലേറെ ഭിന്നതകളുമുണ്ട്. സിനിമയും അധികാരവും ഇടകലര്‍ന്ന ഒരു ഫാന്റസി എംജിആറിന്റെ വ്യക്തിത്വത്തിലുണ്ടായിരുന്നു. അതോടൊപ്പം തന്നെ ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ നേതാവുമായിരുന്നു എംജിആര്‍.

ജയലളിതയെ നിര്‍ണ്ണയിക്കുന്നതും നിര്‍വ്വചിക്കുന്നതും അധികാരമാണ്. അധികാരത്തിന്റെ വിരാട് രൂപമാണ് ജയലളിത. സമസ്ത പ്രപഞ്ചങ്ങളെയും കീഴടക്കി വളര്‍ന്ന വാമനന്റെ വിശ്വരൂപം പോലെ അധികാരം ജയലളിതയിലും ജയലളിത അധികാരത്തിലും ഒരേസമയം നിറഞ്ഞുനില്‍ക്കുന്നു. പക്‌ഷേ, എംജിആറിനെപ്പോലെ ജനങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ടല്ല, അകലം പാലിച്ചുകൊണ്ടാണ് ജയലളിത നിലനില്‍ക്കുന്നത്. 

അപ്പോളൊ ആസ്പത്രിക്ക് മുന്നില്‍ കരഞ്ഞുതളരുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒരിക്കല്‍പോലും ജയലളിതയുമായുള്ള ഒരു നേര്‍ക്ക് നേര്‍കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നുണ്ടാവില്ല. പടത്തില്‍ കണ്ടിട്ടുണ്ട്, ടിവിയില്‍ കണ്ടിട്ടുണ്ട്, എന്നാല്‍ നേരിട്ടുകണ്ടിട്ടുണ്ടോ എന്ന് ഡിഎംകെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലയളവില്‍ ജയലളിതയെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യം പാര്‍ട്ടിപ്രവര്‍ത്തകര്‍ അവഗണിച്ചതേയുള്ളു. 'എന്തിനാണ് അമ്മയെ നേരിട്ടുകാണുന്നത്', എന്നാണ് മധുരയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ട ഒരു സ്ത്രീ ചോദിച്ചത്.

'ദ കള്‍ട്ട് ഒഫ് ജയലളിത, റിട്ടേണ്‍ ഒഫ് ദ ഡാര്‍ക്ക് ഗോഡസ്സ്' എന്ന ലേഖനത്തില്‍ പ്രമുഖ സാംസ്‌കാരിക വിമര്‍ശകന്‍  ശിവ് വിശ്വനാഥന്‍ ജയലളിതയെക്കുറിച്ച് ചില രസകരമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. 'ജയലളിതയുടെ രാഷ്ട്രീയം അവരുടെ തന്നെ സത്തയുടെ ഉയര്‍ത്തിക്കാട്ടലാണ്. ജയലളിതയ്ക്ക് വോട്ടുചെയ്യുന്നത് ഒഴിഞ്ഞുകിടക്കുന്ന ഒരു ക്ഷേത്രത്തില്‍ ദേവിയെ പ്രതിഷ്ഠിക്കുന്നത് പോലെയാണ്. തനിക്ക് വോട്ടു ചെയ്യുന്നവരോട് ജയലളിത നന്ദി പ്രകടിപ്പിക്കുന്നില്ല, അതവരുടെ വിധിയും നിയോഗവുമാണ്. ജയലളിതയുമായി തുലനം ചെയ്യുമ്പോള്‍ കരുണാനിധിയും കുടുംബവും മറ്റേതൊരു സാധാരണക്കാരനെയും പോലെയാണ്. കരുണാനിധിയും കുടുംബവും ഒരു തമിഴ് സീരിയലാണെങ്കില്‍ ജയലളിത ഇതിഹാസത്തിന്റെ് മൂര്‍ത്തിമദ് ഭാവമാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കരുണാനിധിക്ക് ഒരു രാഷ്ട്രീയ യന്ത്രം ആവശ്യമാണ്. അതേസമയം ജയലളിത തന്നെയാണ് ജയലളിതയുടെ പാര്‍ട്ടി'. 

അഗ്‌നിയുടെയും മഞ്ഞിന്റെയും മിശ്രണമാണ് ജയലളിത എന്ന് ശിവ് വിശ്വനാഥന്‍ എഴുതുന്നുണ്ട്. അധികാരവും ഏകാധിപത്യപ്രവണതയും ഒരുപോലെ കുടികൊള്ളുന്ന ജയലളിതയെപ്പോലുള്ളവര്‍ ജനാധിപത്യത്തിന്റെ തന്നെ സൃഷ്ടികളാണെന്നത് ജനാധിപത്യത്തിന്റെ നിഗൂഡതകളിലൊന്നാണെന്നും ശിവ് ചൂണ്ടിക്കാട്ടുന്നു. ജയലളിതയോട് അനുയായികള്‍ക്കുള്ള ആരാധന വിഗ്രഹാരാധന തന്നെയാണെന്നും മാരകമായ ഈ ആരാധന മറികടക്കണമെങ്കില്‍ ഈ ആരാധനാക്രമങ്ങള്‍ നിരാകരിക്കുന്ന ഒരു പുതിയ മതേതര ചിന്താഗതി വേണ്ടിവരുമെന്നും ശിവ് വ്യക്തമാക്കുന്നു.

തമിഴ് സിനിമ തീര്‍ക്കുന്ന ഒരു മായികലോകത്തിന്റെ അവകാശിയും രാജ്ഞിയുമായാണ് ജയലളിത രാ്ഷട്രീയത്തിലേക്ക് കടന്നത്. അണ്ണാദുരൈയുടെയും പെരിയാറിന്റെയും പ്രത്യയശാസ്ത്രപരിസരത്ത് ഏറെക്കാലം ജീവിച്ചശേഷമാണ് എംജിആര്‍ അധികാരത്തിലേക്കെത്തുന്നത്. അതേസമയം ജയലളിതയുടെ രാഷ്ട്രീയ പഠനം ഏറെയും എംജിആറിന്റെ സ്‌കൂളിലായിരുന്നു. ഒരൊറ്റ നേതാവ് മാ്രതമുള്ള സ്‌കൂളായിരുന്നു എംജിആറിന്റേത്. അണ്ണാദുരൈയും പെരിയാറും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് ജനാധിപത്യത്തിന്റെ സുന്ദരവും സുരഭിലവുമായ ഒരു പശ്ചാത്തലമുണ്ടായിരുന്നു. രാജാജിയുടെയും കാമരാജിന്റെയും സാന്നിദ്ധ്യമുള്ള ഒരു കളരിയിലായിരുന്നു അണ്ണാദുരൈ രാഷ്ട്രീയം പയറ്റിയതെന്നതും, ഈ വഴിത്താരയിലൂടെയാണ് കലൈഞ്ജര്‍ കരുണാനിധി നടന്നുവന്നതെന്നതും മറക്കാനാവില്ല. 

അണ്ണാദുരൈയുടെ സ്‌കൂളില്‍ രാഷ്ട്രീയം അഭ്യസിച്ച കലൈഞ്ജര്‍ക്ക് ജയലളിതയുടെ രാഷ്ട്രീയം നേരിടുക എളുപ്പമല്ല. ഇവികെ സമ്പത്തിനെയും വി.ആര്‍.നെടുഞ്ചേഴിയനെയും ഒതുക്കാന്‍ കഴിഞ്ഞ കലൈഞ്ജര്‍ക്ക് എംജിആറിനും ജയലളിതയ്ക്കുമെതിരെയുള്ള പോരാട്ടത്തില്‍ വിയര്‍ക്കേണ്ടിവരുന്നത് വെറുതെയല്ല. ജയലളിത ക്ലാസ് വേറെയാണ്. ഒരൊറ്റ വായനയില്‍ പിടിതരുന്ന ഒരു പുസ്തകമല്ല ജയലളിത.

അധികാരം അനുഭവിച്ചശേഷം അധികാരത്തിന്റെ അഭാവം ജയലളിത നേരിട്ടത് രണ്ട് സന്ദര്‍ഭങ്ങളിലാണ്. രണ്ട് ജയില്‍വാസ ഘട്ടങ്ങള്‍. കളര്‍ ടിവി കുംഭകോണ ക്കേസില്‍ 1996 ലായിരുന്നു ആദ്യത്തേത്. അന്ന് ഡിസംബര്‍ 7 മുതല്‍ ജനവരി മൂന്നു വരെ 27 ദിവസത്തോളം ജയലളിതയ്ക്ക് ചെന്നൈയില്‍ ജയിലില്‍ കഴിയേണ്ടി വന്നു. രണ്ടാമത്തേത് 2014 ലായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്ന് ബാംഗ്‌ളൂര്‍ ജയിലില്‍ ജയലളിത കഴിഞ്ഞത് സപ്തംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ 18 വരെ 22 ദിവസമാണ്.

കരുണാനിധി സര്‍ക്കാര്‍ ജയിലിനുള്ളില്‍ സൗകര്യങ്ങള്‍ നിഷേധിച്ചതിനെക്കുറിച്ച് ആരോപണം ഉയര്‍ത്തിയതിനപ്പുറം 96 ലെ ജയില്‍ വാസത്തെക്കുറിച്ച് ജയലളിത കാര്യമായൊന്നും പറഞ്ഞു കേട്ടിട്ടില്ല. തമിഴകത്ത് ജയലളിത അന്ന് പൊതുവെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

രാഷ്ട്രീയമായ അതിജീവനമായിരുന്നു അന്ന് ജയലളിതയുടെ മുന്നിലുണ്ടായിരുന്ന മുഖ്യ വിഷയം. ഡി എം കെ സര്‍ക്കാരിന്റെ ഭരണത്തില്‍ വരാനിരിക്കുന്ന നിരവധി കേസുകളില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടും എന്നതും പാര്‍ട്ടിയെ എങ്ങിനെ ഒന്നിച്ചു നിര്‍ത്താനാവും എന്നതുമായിരിക്കും അന്ന് ജയലളിതയെ അലട്ടിയ മുഖ്യ ചിന്തകള്‍. ഇതിനിടയില്‍ ഒരു ആത്മപരിശോധനയ്ക്ക് മുതിരാന്‍ അന്ന് 48 വയസ്സുണ്ടായിരുന്ന ജയലളിതയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല.

പക്‌ഷേ, 2014 ല്‍ മൂന്നാഴ്ച നീണ്ട ജയില്‍വാസം ജയലളിതയ്ക്ക്  ആത്മപരിശോധനയ്ക്കുള്ള സമയം തീര്‍ച്ചയായുംനല്‍കിയിട്ടുണ്ടാവും. പ്രതാപത്തിന്റെയും മഹിമയുടെയും കൊടുമുടിയില്‍ നിന്ന് എത്രപെട്ടെന്നാണ് ഒരു തടവുകാരിയുടെ നിലയിലേക്കെത്തിയതെന്നത് ജീവിതത്തിന്റെ ചില പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ജാലകങ്ങളായിരിക്കും ജയലളിതയ്ക്കു മുന്നില്‍ തുറന്നിട്ടുണ്ടാവുക. ബെംഗളൂരുവിലെ ജയിലില്‍ നിന്നും തിരിച്ചെത്തിയ ജയലളിതയില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നു. മാദ്ധ്യമങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും അവര്‍ കുറേക്കൂടി അകലം പാലിച്ചു. ആരോഗ്യപ്രശ്‌നം മാത്രമാണ് ഈ അകല്‍ച്ചയ്ക്ക് പിന്നിലെന്ന് പറയാനാവില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഒന്നിന്റെ പോലും കൂട്ടില്ലാതെ തനിച്ചു മത്സരിക്കാനും ജയലളിത തയ്യാറായി.

അടുത്തിടെ യാദൃശ്ചികമായി പരിചയപ്പെട്ട ഒരു എഐഎഡിഎംകെ നേതാവ് പറഞ്ഞ കാര്യങ്ങള്‍ ചിന്തോദ്ദീപകമായിരുന്നു. ആനയെ തളയ്ക്കുന്ന ചങ്ങലപോലുള്ള സ്വര്‍ണ്ണമാലകള്‍ കഴുത്തിലിട്ടിരുന്ന ഈ നേതാവിനോട് ജയലളിത ആദ്യം പറഞ്ഞത് അതൊക്കെ ഊരിമാറ്റാനാണ്. ജനങ്ങളില്‍ നിന്നു മാത്രമല്ല വീട്ടുകാരില്‍ നിന്നുപോലും അകലമുണ്ടാക്കാനേ ഈ സ്വര്‍ണ്ണപ്രദര്‍ശനം സഹായിക്കൂ എന്നാണ് ജയലളിത തന്നോട് പറഞ്ഞതെന്ന് നേതാവ് വെളിപ്പെടുത്തി. 

ജയലളിത സര്‍ക്കാരിലെ ഒരു പ്രമുഖ മന്ത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ നേതവിന്റെ പ്രതികരണം ഇതായിരുന്നു. 'ഏത് മന്ത്രിയും അമ്മയുടെ മുന്നിലെത്തിയാല്‍ വിറയ്ക്കും'. ജയലളിതയുടെ വ്യക്തിത്വത്തിന്റെ ആന്തരികതയിലേക്ക് ഇറങ്ങിച്ചെല്ലുന്ന നിരീക്ഷണമാണിത്.സമ്പൂര്‍ണ്ണ വിധേയത്വമാണ് ജയലളിത ആവശ്യപ്പെടുന്നത്. താനല്ലാതെ മറ്റൊരു ദൈവവും പാടില്ലെന്ന  കല്‍പനപോലെയാണത്. മറ്റെന്തു തെറ്റ് ക്ഷമിച്ചാലും വിധേയത്വത്തിന്റെ കാര്യത്തില്‍ മാത്രം ജയലളിത ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല.

ജയലളിതയുടെ കാര്യത്തില്‍ എവിടെയാണ് യാഥാര്‍ത്ഥ്യം അവസാനിക്കുന്നതെന്നും സങ്കല്‍പം തുടങ്ങുന്നതെന്നും ആലോചിക്കാറുണ്ട്. ഒരേസമയം നമ്മുടെ മുന്നില്‍ മുഖ്യമന്ത്രിയായും രാഷ്ട്രീയനേതാവായും ജയലളിതയുണ്ട്. പക്ഷേ, അപ്പോഴൊക്കെയും ശരിക്കുള്ള ജയലളിത എവിടെയോ മറഞ്ഞിരിക്കുകയാണെന്നു തോന്നാറുണ്ട്. 

2011 ല്‍ ശ്രീരംഗത്ത് നിയമസഭാതിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ജയലളിതയെത്തിയത് മറക്കാനാവില്ല. സാക്ഷാല്‍ കരുണാനിധിയാണ് അന്ന് മുഖ്യമന്ത്രി. സാധാരണഗതിയില്‍ നാമനിര്‍ദ്ദേശ പത്രിക വാരണാധികാരി സ്വീകരിക്കുക ഇരുന്നുകൊണ്ടാണ്. ശ്രീരംഗത്തെ ജില്ലാ റവന്യു ഓഫീസറായിരുന്നുവെന്നു തോന്നുന്നു അന്ന് ജയലളിതയുടെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കാന്‍ നിയുക്തനായത്. ജയലളിത വരുമ്പോള്‍ എങ്ങിനെയാണ് സ്വീകരിക്കേണ്ടതെന്ന ചിന്തയില്‍ പരിഭ്രമിക്കുന്ന വാരണാധികാരി വല്ലാത്തൊരു കാഴ്ചയായിരുന്നു. ഒടുവില്‍ ജയലളിത വന്നപ്പോള്‍ അദ്ദേഹം അറിയാതെ തന്നെ എഴുന്നേല്‍ക്കുകയും ചെയ്തു. 

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞ് ജയലളിത മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടു. പത്രസമ്മേളനങ്ങള്‍ അന്ന് ജയലളിത പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ല. വൈകോ എഐഎഡിഎംകെയുമായുള്ള കൂട്ടുകെട്ട് വേണ്ടെന്നുവെച്ചതിനെക്കുറിച്ച് എന്തു പറയുന്നുവെന്ന് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടാണ് ജയലളിത മറുപടി പറഞ്ഞത്. 'സുഹൃത്തേ, ഞാന്‍ എപ്പോഴും മുന്നോട്ടാണ് നോക്കുന്നത്'. 

പിന്നിലേക്ക്, ഭൂതകാലത്തേക്ക് നോക്കാന്‍ പൊതുവെ ജയലളിത ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഭാവിയിലേക്കാണ് അവര്‍ ഉറ്റുനോക്കുന്നത്. ദൈവങ്ങള്‍ ഭാവിയുടെ വിധാതാക്കളാണ്. വരാനിരിക്കുന്ന കാലത്തിന്റെ നിയന്ത്രണമാണ് ദൈവങ്ങളെ വ്യത്യസ്തരാക്കുന്നത്. ദൈവമാവാന്‍ ആഗ്രഹിക്കുന്നവരും ഭാവിയുടെ ഉപാസകരാവുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.