രിത്രവും കാലവും ഒരു വ്യക്തിയില്‍ അവസാനിക്കുന്നില്ല. ആര്‍ക്കുശേഷവും പ്രളയമുണ്ടാവുന്നില്ലെന്നതാണ് ചരിത്രം നല്‍കുന്ന പാഠങ്ങളില്‍ ഒന്ന്. എങ്കിലും ചില വ്യക്തികള്‍ ജീവിച്ചിരിക്കുമ്പോഴും മരണശേഷവും നമ്മെ അമ്പരപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. സമീപകാലത്ത്  ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഇത്തരമാെരു വ്യക്തിത്വത്തെക്കുറിച്ച് ചോദിച്ചാല്‍ ആദ്യം നാവിലെത്തുന്ന പേര് ജയലളിതയുടേതായാല്‍ അതില്‍ അതിശയപ്പെടാനില്ല. ജയലളിതയുടെ അസാന്നിദ്ധ്യം ഇന്ത്യന്‍ സമൂഹം ശരിക്കും അറിഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയിരിക്കുന്നത്.

ജയലളിതയെക്കുറിച്ചുള്ള നല്ല കാര്യങ്ങള്‍ ആദ്യമേ പറയാം. ഇന്ത്യന്‍ ഫെഡറലിസത്തിന് എന്നും താങ്ങും തുണയുമായിരുന്നു ജയലളിത. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളും അവകാശങ്ങളും കവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരു ശ്രമവും അവര്‍ വകവെച്ചുകൊടുത്തിരുന്നില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച പൊതു വിതരണ സംവിധാനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. രണ്ടാം യുപിഎ സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ ബില്‍ കൊണ്ടുവന്നപ്പോള്‍ തമിഴ്‌നാടിന്റെ പൊതുവിതരണ ശൃംഖലയ്ക്ക് ഒരു കോട്ടവുമുണ്ടാവാതിരിക്കാനുള്ള ഭേദഗതികള്‍ക്കായി ശക്തിയുക്തം ജയലളിത പൊരുതി. ജിഎസ്ടിയുടെ കാര്യത്തിലും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കായി ജയലളിതയെപ്പോലെ ശബ്ദമുയര്‍ത്തിയ മറ്റൊരു മുഖ്യമന്ത്രിയുണ്ടാിയിരുന്നില്ല. മോദി സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ജയലളിത അപ്പോളൊ ആസ്പത്രിയില്‍ ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു. ജയലളിത രാഷട്രീയത്തില്‍ സജീവമായിരുന്നെങ്കില്‍ ഇത്തരമൊരു നിരോധനം കൊണ്ടുവരുംമുമ്പ് ചുരുങ്ങിയപക്ഷം നരേന്ദ്രമോദി ജയലളിതയെയെങ്കിലും മുന്‍കൂട്ടി അറിയിച്ചിരിക്കുമായിരുന്നുവെന്ന് കരുതുന്നവരുടെ എണ്ണം ചെറുതല്ല.

2012 ഡിസംബറില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ വികസന സമിതി യോഗത്തില്‍ നിന്ന് ജയലളിത ഇറങ്ങിപ്പോയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. യോഗത്തില്‍  പ്രസംഗം തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സമയം കഴിഞ്ഞെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബെല്‍ മുഴങ്ങിയതാണ് ജയലളിതയെ പ്രകോപിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇത്തരം യോഗങ്ങള്‍ വിളിക്കുന്നതെന്നാണ് ബഹിഷ്‌കരണത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ജയലളിത ചോദിച്ചത്. ഇത്തരം അപമാനങ്ങള്‍ സഹിക്കാന്‍ തന്നെ കിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ജയലളിതയുടെ മരണശേഷം തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ ചീഫ്‌സെക്രട്ടറിയുടെ ഓഫീസ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തത് ഈ അവസരത്തില്‍ ഓര്‍ക്കാതിരിക്കാനാവില്ല. ജയലളിത ജീവിച്ചിരിക്കുമ്പോള്‍ ഇത്തരമൊരു റെയ്ഡ്്്് ആലേപാചിക്കാന്‍ പോലുമാവില്ലായിരുന്നു. ഫെഡറല്‍സംവിധാനത്തിനു നേര്‍ക്കു നടന്ന കടുത്ത കൈയ്യേറ്റമായിരുന്നു ഈ റെയ്‌ഡെന്ന് വിശേഷിപ്പിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി മാത്രമേ മുന്നോട്ടു വന്നുള്ളുവെന്നതും ശ്രദ്ധേയമായിരുന്നു.

2011 ല്‍ ജയലളിത അധികാരത്തിലെത്തുമ്പോള്‍ തമിഴകം കടുത്ത വൈദ്യുതിപ്രതിസന്ധിയാണ് നേരിട്ടിരുന്നത്. ഡിഎംകെ സര്‍ക്കാരിനെ ജനങ്ങള്‍ വോട്ടുചെയ്ത് പുറത്താക്കിയതിന് പിന്നില്‍ 2ജിക്കൊപ്പം തന്നെ വൈദ്യുതിക്്ഷാമത്തിനും കാര്യമായ പങ്കുണ്ടായിരുന്നു. എട്ട് മണിക്കൂര്‍ വരെയായിരുന്നു ആ ദിനങ്ങളില്‍ തമിഴകത്തെ പല ജില്ലകളിലും പവര്‍കട്ട്. ഈ ദുരവസ്ഥയില്‍ നിന്നും തമിഴകത്തെ മോചിപ്പിക്കാന്‍ ജയലളിതാ സര്‍ക്കാരിനായി എന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. വിപണിയില്‍ ജയലളിത സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് എടുത്തുു പറയേണ്ട മറ്റൊരു കാര്യം.അമ്മ ഉപ്പു മുതല്‍ അമ്മ സിമന്റ് വരെ വിപണിയിലിറക്കിയാണ് ജയലളിത വിലക്കയറ്റത്തിനെതിരെ കരുക്കള്‍ നീക്കിയത്. എല്ലാം സ്വകാര്യ  വിപണിക്ക് വിട്ടുകൊടുക്കുക എന്ന നയത്തില്‍ നിന്നുള്ള ഈ വ്യതിയാനം റിട്ടേണ്‍ ഒഫ് ദ സ്്‌റ്റേറ്റ് എന്നാണ്  വിശേഷിപ്പിക്കപ്പെട്ടത്. നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ 3.56 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തമിഴ്‌നാട് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് ആ ഓഹരികള്‍ വാങ്ങിപ്പിക്കാനുള്ള ജയലളിതയുടെ നീക്കവും ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. മുല്ലപ്പെരിയാര്‍ പ്രശ്‌നവും കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പ്രക്‌ഷോഭവും സംയമനത്തോടെ നേരിടാനും ജയലളിതയ്ക്കായി.

എതിരാളികളെ അമ്പരപ്പിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജയലളിതയ്ക്കുള്ള കഴിവ് ഒന്നുവേറെതന്നെയായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കാര്യമായൊരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ മത്സരിക്കാനുള്ള ജയലളിതയുടെ നീക്കം ഈ ദിശയിലുള്ളതായിരുന്നു. ബിജെപിയുമായി എഐഎഡിഎംകെ സഖ്യമുണ്ടാക്കിയേക്കും എന്ന സൂചന ശക്തമായിരിക്കെയാണ് ചെങ്കോട്ട പിടിക്കും റെയില്‍ എന്ന പരികല്‍പനയുമായി 2014 ല്‍ ജയലളിത തനിച്ചു മുന്നോട്ടു നീങ്ങിയത്. ഒരേസമയം മാര്‍പ്പാപ്പയോടും ശങ്കരാചാര്യരോടും കൊമ്പുകോര്‍ക്കുന്നതിനും ജയലളിതയ്ക്ക് മടിയുണ്ടായിരുന്നില്ല. കാപട്യമില്ലാത്ത മനസ്സിന്റെ ഉടമയായിരുന്നു ജയലളിത. ഉള്ളില്‍ ഒന്ന് വെച്ച് പുറത്ത് മറ്റൊന്നു പറയുന്ന പ്രകൃതം അവര്‍ക്കുണ്ടായിരുന്നില്ല.

പക്‌ഷേ, ഏകാധിപത്യത്തിന്റേയും അരക്ഷിതത്വത്തിന്റെയും കുടകള്‍ക്ക് കീഴിലായിരുന്നു ജയലളിതയുടെ ജീവിതയാത്ര. ഇന്നിപ്പോള്‍ തമിഴകത്ത് എഐഎഡിഎംകെ നേരിടുന്ന ശൈഥില്യത്തിന്റെ ഉത്തരവാദി ആരെന്നു ചോദിച്ചാല്‍ ജയലളിതയെന്ന ഉത്തരത്തിലേക്ക് തന്നെയാവും നമ്മള്‍ എത്തുക. പാര്‍ട്ടിയില്‍ ഒരു രണ്ടാം നിര നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ എംജിആര്‍ തയ്യാറായില്ല.ഇതിന്റെ ഭവിഷ്യത്ത് ഏറ്റവുമധികം നേരിടേണ്ടി വന്നത് ജയലളിത തന്നെയായിരുന്നു.1987 ല്‍ എംജിആര്‍ മരിച്ചപ്പോള്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നത് പാര്‍ട്ടിയുടെ ജനാധിപത്യഘടന അത്യധികം ദുര്‍ബ്ബലമായിരുന്നതിനാലാണ്.ഈ പ്രതിസന്ധിയുടെ ഇരയായിരുന്നിട്ടും ആ തെറ്റ് പരിഹരിക്കുക്കുകയല്ല ആവര്‍ത്തിക്കുകയാണ് ജയലളിത ചെയ്തത്.  എംജിആറിനേക്കാള്‍ അരക്ഷിതാബോധം അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു ജയലളിത.മലയാളിയാണെന്നതായിരുന്നു എംജിആര്‍ നേരിട്ട വലിയൊരു പ്രതിസന്ധി.പക്‌ഷേ, അപാരമായ ജനപിന്തുണ കൊണ്ടും രാഷ്ട്രീയ കൗശലം കൊണ്ടും എംജിആര്‍ ഈ വെല്ലുവിളി മറികടന്നു.സ്ത്രീ ആണെന്നതു തന്നെയായിരുന്നു രാഷ്ട്രീയത്തില്‍ ജയലളിത നേരിട്ട ഏറ്റവും വലിയ കടമ്പ.ദ്രവീഡിയന്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ബ്രാഹമണ വനിത എന്നത് മറ്റൊരു വെല്ലുവിളിയായി.മൊത്തത്തില്‍ അരക്ഷിതാവസ്ഥയുടെ തടവുകാരിയായിരുന്നതിനാലാവണം ജയലളിതയ്ക്ക് എഐഎഡിഎംകെയെ ജനാധിപത്യത്തിന്റെ പ്രസന്നഭരിതവും പ്രകാശപൂര്‍ണ്ണവുമായ വഴികളിലൂടെ നയിക്കാനാവാതെ പോയത്.

 ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജയലളിതയുടേത് തീര്‍ത്തും അപൂര്‍വ്വ വ്യക്തിത്വമായിരുന്നു. ജനങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിക്കുമ്പോഴും ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടുന്നതുന്നതിന് ജയലളിതയ്ക്കായി. പ്രമുഖ സാംസ്‌കാരിക വിമര്‍ശകന്‍ ശിവ് വിശ്വനാഥന്‍ നിരീക്ഷിച്ചതുപോലെ ജയലളിത ഒരേസമയം അഗ്‌നിയും മഞ്ഞുമായിരുന്നു. ഒരു ദേവതയോടുള്ള ആരാധനയായിരുന്നു എഐഎഡിഎംകെ ്രപവര്‍ത്തകര്‍ക്ക് ജയലളിതയോടുണ്ടായിരുന്നത്. ജയലളിതയെ നേരിട്ടു കാണാന്‍ കഴിയുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പല സ്ത്രീകളും പറഞ്ഞത് അവര്‍ക്ക് ജയലളിതയെ നേരിട്ടകാണേണ്ട കാര്യമില്ലെന്നായിരുന്നു. ജയലൡയെ സംബന്ധിച്ചിടത്തോളം ഒരേയൊരു നേതാവേയുണ്ടായിരുന്നുള്ളൂ. ജയലളിത മാത്രം. ഹില്ലരി ക്ലിന്റണായാലും നരേന്ദ്ര മോദിയായാലും തന്നെ കാണണമെന്നുണ്ടെങ്കില്‍ അവര്‍ ചെന്നൈയിലെത്തണമെന്ന് ജയലളിത ശഠിച്ചു. നീലഗിരിയിലെ കോടനാട്ടെ എസ്‌റ്റേറ്റ് ബംഗ്‌ളാവിലേക്കുള്ള യാത്രകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അവര്‍ ചെന്നൈ വിട്ടു പുറത്തുപോവുന്നത് അപൂര്‍വ്വമായിരുന്നു.

  ജീവിതം  അത്രപെട്ടെന്നൊന്നും അവസാനിക്കില്ലെന്ന്  എല്ലാ ഏകാധിപതികളേയും പോലെ ജയലളിതയും കരുതിയിരിക്കാം. പക്‌ഷേ, മരണത്തിന്റെ നീക്കങ്ങള്‍ ആര്‍ക്കാണ് പ്രവചിക്കാനാവുക ? 2016 സപ്തംബര്‍ 22 ന് അപ്പോളൊ ആസ്പത്രിയിലെത്തിക്കുമ്പോള്‍ ജയലളിതയ്ക്ക് ബോധമുണ്ടായിരുന്നില്ല. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെയാണ് ജയലളിതയുടെ മരണം അപ്പോളൊ ആസ്പത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. ഈ രണ്ടരമാസത്തിനിടയില്‍ എപ്പോഴൊക്കെയാണ് ജയലളിത ബോധത്തിലേക്ക് തിരിച്ചുവന്നതെന്ന് വ്യക്തമല്ല. ജീവിതത്തിലെന്നപോലെ മരണത്തിലും നിഗൂഡത ജയലളിതയെ പിന്തുടര്‍ന്നു. 2011 ല്‍ ശ്രീരംഗത്ത് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ വൈകോ സഖ്യം പിരിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയലളിത നല്‍കിയ ്മറുപടി ആലോചനാമൃതമായിരുന്നു. '' സുഹൃത്തേ, ഞാന്‍ എപ്പോഴും മുന്നോട്ടാണ് നോക്കുന്നത്. '' ഭൂതകാലത്തിന്റെ കയ്പുകള്‍ ഓര്‍ക്കാന്‍ ജയലളിത വിസമ്മതിച്ചു. ഭാവിയിലേക്കും അനശ്വരതയിലേക്കും നോക്കിയായിരുന്നു ജയയുടെ സഞ്ചാരം. ഇന്നിപ്പോള്‍ ജയയുടെ മരണം സൃഷ്ടിച്ച ശൂന്യത തമിഴകത്ത് അതേപോലെ തന്നെയുണ്ട്. ഇതുപോലൊരു നേതാവിനെ തമിഴകവും ഇന്ത്യയും എന്നാണിനി കാണുകയെന്ന ചോദ്യത്തിന് കാലത്തിന് മാത്രമേ ഉത്തരം നല്‍കാനാവുകയുള്ളൂ.