ജവഹര്‍ലാല്‍ നെഹ്രു ഒരു പ്രതീകമാണ്. ആധുനിക ഇന്ത്യയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും നിഴലിക്കുന്ന പ്രതീകം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്നതല്ല ആധുനിക ഇന്ത്യയുടെ ശില്‍പി എന്നതാണ് നെഹ്രുവിന്റെ എക്കാലത്തെയും പ്രസക്തി. ഗാന്ധിജിയുടെ വധം ഇന്ത്യയെ നിരാശയുടെ ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിയാതിരുന്നതിന്റെ ഒരു കാരണം പ്രത്യാശയും പ്രതീക്ഷയുമായി അന്ന് നെഹ്രുവുണ്ടായിരുന്നുവെന്നതാണ്. സ്വതന്ത്ര ഇന്ത്യയെ നയിക്കേണ്ടത് നെഹ്രുവാണെന്ന മഹാത്മാവിന്റെ കണ്ടെത്തലും തിരഞ്ഞെടുപ്പും ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു. ഈ നെഹ്രുവിന്റെ പ്രതിമ അലഹാബാദില്‍ ആനന്ദഭവന് അടുത്തുള്ള റോഡില്‍ നിന്ന് നീക്കം ചെയ്യപ്പെടുമ്പോള്‍ തീര്‍ച്ചയായും അതിലൊരു രാഷ്ട്രീയമുണ്ട്.

അലഹബാദ് ഉത്തര്‍പ്രദേശിലാണ്. ബിജെപിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി  എന്ന് വിശേഷിപ്പിക്കപ്പെടുന്ന യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്്ഥാനം. സ്വാഭാവികമായും യോഗിയുടെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കുംഭമേളയ്ക്കായി നെഹ്രു പ്രതിമ എടുത്തുമാറ്റുമ്പോള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ പ്രതിഫലനം അതില്‍ കാണുന്നവരെ കുറ്റപ്പെടുത്താനാവില്ല.

നെഹ്രുവിനെപ്പോലെ ബിജെപി  പേടിക്കുന്ന മറ്റൊരു നേതാവില്ല. സര്‍ദാര്‍ പട്ടേലിനു പകരം ഇന്ത്യയെ നയിക്കാന്‍ ഗാന്ധിജി നെഹ്രുവിനെ തിരഞ്ഞെടുത്തത് ഒരു കാലത്തും ക്ഷമിക്കാന്‍ സംഘപരിവാറിനായിട്ടില്ല. ബിജെപിയുടെയും സംഘപരിവാറിന്റെയും അജണ്ടകളില്‍ നെഹ്രുവിന്റെ ഇന്ത്യയില്ല. ഇന്ത്യ നേരിടുന്ന എല്ലാ തിരിച്ചടികള്‍ക്കും കാരണം നെഹ്രു പ്രതിനിധാനം ചെയ്ത രാഷ്ട്രീയമാണെന്നാണ് ബിജെപി വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും നെഹ്രുവിനെ തുടച്ചുനീക്കുക എന്നത് ബിജെപിയുടെ എക്കാലത്തെയും രാഷ്ട്രീയ പദ്ധതികളില്‍ ഒന്നാണ്.

ഇന്ത്യ ഒരു ഏകശിലാ രാഷ്ട്രമാണെന്ന് നെഹ്രു ഒരിക്കലും കരുതിയിരുന്നില്ല. വ്യത്യസ്ത ഭാഷകളും സംസ്‌കാരങ്ങളും ഉള്ളടങ്ങിയ ബഹുസ്വരതയാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ഈ ഇന്ത്യയെ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ നെഹ്രു പദ്ധതികള്‍ വിഭാവനം ചെയ്തതും നടപ്പാക്കിയതും. ഇടുങ്ങിയ ദേശീയതയായിരുന്നില്ല നെഹ്രുവിന്റെ വഴികാട്ടി. ഒരു മതത്തിന്റെയും അപ്രമാദിത്വത്തിലോ താന്‍പോരിമയിലോ നെഹ്രുവിന് വിശ്വാസമുണ്ടായിരുന്നില്ല. മതമല്ല മനുഷ്യരായിരുന്നു നെഹ്രുവിന്റെ ദര്‍ശനത്തിന്റെ അടിത്തറ. ടാഗോര്‍ ഉയര്‍ത്തിപ്പിടിച്ച സാര്‍വ്വലൗകികതയായിരുന്നു നെഹ്രുവിന്റെ വഴികാട്ടി. മനസ്സ് നിര്‍ഭയവും ശിരസ്സ് ഉന്നതവുമായിരിക്കുന്ന, ഇടുങ്ങിയ ആഭ്യന്തര മതിലുകള്‍ ഛിന്നഭിന്നമാക്കാത്ത  ടാഗോറിയന്‍ ലോകത്തിലേക്ക് ഇന്ത്യയെ നയിക്കാനാണ് നെഹ്രു ശ്രമിച്ചത്.

നെഹ്രുവിന് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ഒരാളും പൂര്‍ണ്ണനല്ലെന്ന ആപ്തവാക്യം നെഹ്രുവിനും ബാധകമാണ്. കാശ്മിര്‍ പ്രശ്നം ഐക്യരാഷ്ട്ര സംഘടനയിലേക്കെത്തിച്ചതിന് നെഹ്രു കേട്ടിട്ടുള്ള വിമര്‍ശനത്തിന് കണക്കില്ല. ചൈനയുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും നെഹ്രു ഏറെ പഴി കേട്ടു. പക്ഷേ, നെഹ്രുവിനെപ്പോലൊരു നേതാവിനെ പിന്നീട് ഇന്ത്യ കണ്ടിട്ടില്ല. നിരാസമല്ല ഉള്‍ക്കൊള്ളലായിരുന്നു നെഹ്രുവിന്റെ രാഷ്ട്രീയം. ചേരിചേരാനയം എന്ന നെഹ്രുവിയന്‍ നിലപാട് പുതിയൊരു ലോകക്രമത്തിന് വഴിയൊരുക്കി. ടിറ്റോയ്ക്കും നാസറിനുമൊപ്പം അണിനിരന്ന നെഹ്രു എല്ലാ അര്‍ത്ഥത്തിലും ലോകനേതാവുകൂടിയായിരുന്നു. 

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സ്വന്തം  പ്രത്യയശാസ്ത്രം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുക സ്വാഭാവികമാണ്. അധികാരത്തിലേറിയിട്ടുള്ളപ്പോഴൊക്കെ ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തിട്ടുള്ളതും ഇതു തന്നെയാണ്. കോണ്‍ഗ്രസ്സിന് കോണ്‍ഗ്രസ്സിന്റേതായ രാഷ്ട്രീയമുണ്ട്‌. ആ രാഷ്ട്രീയം അവരുടെ സര്‍ക്കാരുകളുടെ നടത്തിപ്പില്‍ പ്രതിഫലിക്കുകയും ചെയ്യും. ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണെന്നിടത്താണ് ബിജെപിയുടെ രാഷ്ട്രീയ പദ്ധതികള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഏകാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും എതിരെയാണ് ഇന്ത്യന്‍ ജനത നിലകൊണ്ടിട്ടുള്ളത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് ഒരു പോലെ ഇടം കിട്ടുന്നില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ മരണമാണ്. 

ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്കെതിരെ ഇന്ത്യന്‍ ജനത എടുത്ത നിലപാട് ജനാധിപത്യസമൂഹങ്ങളുടെ ചരിത്രത്തിലെ സുവര്‍ണ്ണ അദ്ധ്യായമാണ്. ബംഗാളില്‍  മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണം നീക്കം ചെയ്യപ്പെട്ടതും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മേന്മ തന്നെയാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സും മാറി മാറി ഭരിക്കുന്നതും ഇതേ ജനാധിപത്യത്തിന്റെ കരുത്തിലാണ്. ഈ ജനാധിപത്യത്തിന്റെ കാവലാളായിരുന്നു നെഹ്രു. അതുകൊണ്ടുതന്നെ നെഹ്രുവിനെതിരെയുള്ള നീക്കങ്ങളില്‍ ജനാധിപത്യ നിഷേധമുണ്ട്.  നെഹ്രുവിന്റെ പ്രതിമ എടുത്തുമാറ്റപ്പെടുമ്പോള്‍ ഉയരുന്നത് ജനാധിപത്യ വിരുദ്ധതയുടെ വൃത്തികെട്ട കൊടിയാണ്. ആ കൊടിയുമായി ബിജെപിക്ക് എത്രമാത്രം മുന്നോട്ടുപോവാനാവും എന്നത് ജനാധിപത്യ ഇന്ത്യ നേരിടുന്ന പരീക്ഷമണമാവുന്നു.

പിന്‍കുറിപ്പ് : കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുമ്പോഴാണ് ചാരക്കേസ് ഉടലെടുത്തത്. നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയായത് ഇന്ത്യന്‍ ജനാധിപത്യം നേരിട്ട അഗ്നിപരീക്ഷണങ്ങളില്‍ ഒന്നായിരുന്നു. ഭരണകൂടവും മാദ്ധ്യമങ്ങളില്‍ ഭൂരിപക്ഷവും കൈവിട്ടപ്പോള്‍ കോടതിയാണ് ഒടുവില്‍ നമ്പിനാരായണന്റെ രക്ഷയ്ക്കെത്തിയത്. നെഹ്രുവിന്റെ സാമ്പത്തിക നയങ്ങള്‍ വേരോടെ പറിച്ചെറിയാന്‍ ശ്രമിച്ച നരസിംഹറാവു സര്‍ക്കാരാണ് ചാരക്കേസിന് കുടപിടിച്ചതെന്നത് ചിലപ്പോള്‍ യാദൃശ്ചികതയാവാം. കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതിയായി 9 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്ന അബ്ദുള്‍നാസര്‍ മദനിയും മനുഷ്യാവകാശ നിഷേധത്തിന്റെ ഇരയാണെന്നത് മറക്കാനാവില്ല. മദനിയുടെ രാഷ്ട്രീയം നിശിതമായി വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. പക്ഷേ, കടുത്ത മനുഷ്യാവകാശ ലംഘനമാണ് മദനിക്കും നേരിടേണ്ടി വന്നത്. ഇന്നിപ്പോള്‍ നെഹ്രുവുണ്ടായിരുന്നെങ്കില്‍ നമ്പിനാരായണനും മദനിക്കും വേണ്ടി നിയമപോരാട്ടം നടത്തുന്നതിന് ആ പഴയ വക്കീല്‍കോട്ട് നെഹ്രു ഒരിക്കല്‍കൂടി അണിയുമായിരുന്നുവെന്നതില്‍ സംശയമില്ല.