സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള ഭാവന 1940-കളിൽ സമഗ്രമായത് നാലുപേരുടെ  ദർശനങ്ങളിലൂടെയാണ്; മഹാത്മാഗാന്ധി, ജവാഹർ ലാൽ നെഹ്രു, സർദാർ വല്ലഭ്ഭായ് പട്ടേൽ, ഡോ. ബി.ആർ. അംബേദ്കർ. ഗാന്ധിജിയുടെ ധർമനിഷ്ഠയും നെഹ്രുവിന്റെ രാഷ്ട്രീയവീക്ഷണവും സമന്വയിച്ചാണ് ബ്രിട്ടീഷ് ഭരണത്തിനെതിരായ നിലപാടുകൾ പരുവപ്പെട്ടത്. സർദാർ പട്ടേലിന്റെ ഭരണനൈപുണ്യം സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഏകോപിപ്പിക്കുകയും സമാധാനവും സ്ഥിരതയും സാധ്യമാക്കുകയും ചെയ്തു. അംബേദ്കറിന്റെ പാണ്ഡിത്യവും നിയമവൈദഗ്ധ്യവുമാണ് ഒരുതലമുറയുടെ സ്വപ്നങ്ങളെ ശാശ്വത ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണമാക്കി പരിവർത്തനം ചെയ്തത്. ഫാസിസവും ഹിംസാത്മകതയും നിരന്തരയുദ്ധങ്ങളും ലോകത്തെ ശിഥിലമാക്കിയിരുന്ന കാലത്താണ് ഗാന്ധിജി സത്യവും അഹിംസയും സമാധാനവും പ്രചരിപ്പിച്ചത്. വർഗീയസംഘർഷങ്ങളും രക്തച്ചൊരിച്ചിലുകളുംകൊണ്ട് രാജ്യം ഉഴലുന്ന സമയത്ത് ഭരണഘടനയുടെയും നിയമവാഴ്ചയുടെയും മൂല്യങ്ങളെക്കുറിച്ച് അംബേദ്കർ ഓർമിപ്പിച്ചു. ചിലരുടെ സ്വാർഥത ദേശീയതാത്പര്യങ്ങൾക്ക് വിഘാതമാകുമെന്നു വന്നപ്പോൾ രാജ്യത്തെ ഐക്യത്തിലേക്കും പൊതുലക്ഷ്യത്തിലേക്കും നയിക്കാൻ പട്ടേലുണ്ടായിരുന്നു. പ്രതികാരദാഹികളായി തെരുവുകൾതോറും അലഞ്ഞ ആൾക്കൂട്ടത്തെ മാതൃരാജ്യത്തിന്റെ മഹത്ത്വം വീണ്ടെടുക്കാൻ പ്രേരിപ്പിച്ചത് നെഹ്രുവിന്റെ മാനവികതയും സാഹോദര്യവുമാണ്. 
വീക്ഷണത്തിലും സമീപനത്തിലും വിയോജിപ്പുകൾ ഉള്ളപ്പോൾത്തന്നെയാണ് സവിശേഷസഖ്യമായി നിലകൊള്ളാൻ ഗാന്ധിജിക്കും നെഹ്രുവിനും സാധിച്ചത്. സ്വാതന്ത്ര്യത്തിനുവേണ്ടി കാത്തുനിൽക്കാൻ ഒരുനിമിഷംപോലും നെഹ്രുവിന് ക്ഷമയില്ലായിരുന്നു. അതേസമയം, ഗാന്ധിജിയാകട്ടെ സ്വാതന്ത്ര്യത്തിനുമുമ്പ്‌  ഇന്ത്യക്കാർ കുറച്ചുകൂടെ പക്വമതികളാകാനുണ്ടെന്ന് വിശ്വസിച്ചു. തികച്ചും ആത്മീയതയിലധിഷ്ഠിതമായ മാർഗമായിരുന്നു ഗാന്ധിജിയുടെത്. എന്നാൽ, നെഹ്രു സന്ദേഹവാദിയായിരുന്നു. വൈരുധ്യങ്ങൾ നിലനിൽക്കെത്തന്നെ ഗാന്ധിജി നെഹ്രുവിനെ രാഷ്ട്രീയ ഔന്നത്യത്തിലേക്ക് നയിച്ചു.  

ഏറ്റുവാങ്ങിയ ദീപശിഖ
സ്വാതന്ത്ര്യലബ്ധിക്ക് വെറും അഞ്ചുമാസത്തിനുശേഷം, 1948-ൽ മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. അതോടെ ദേശീയബോധത്തിന്റെ ദീപശിഖ പ്രഥമ പ്രധാനമന്ത്രിയെന്നനിലയ്ക്ക് നെഹ്രുവിന് ഏറ്റെടുക്കേണ്ടിവന്നു. ഗാന്ധിജിയില്ലാത്ത ഇന്ത്യയിൽ, ചോദ്യംചെയ്യപ്പെടാത്തവിധം അധികാരം കൈക്കലാക്കാൻ നെഹ്രുവിന് നിഷ്‌പ്രയാസം സാധിക്കുമായിരുന്നു. എന്നാൽ, അദ്ദേഹം ഭരണഘടനാതത്ത്വങ്ങളിൽനിന്ന് ഒരിക്കൽപോലും വ്യതിചലിച്ചില്ല. മാത്രമല്ല, ഏകാധിപത്യവിരുദ്ധവും പാർലമെന്ററിസംവിധാനത്തെ ബഹുമാനിക്കുന്നതും ഭരണഘടനയിൽ വിശ്വസിക്കുന്നതുമായ ജനാധിപത്യശീലങ്ങൾ രാജ്യത്ത് വളർത്തുന്നതിനായി നിരന്തരം പരിശ്രമിക്കുകയുംചെയ്തു. അനിശ്ചിതത്വത്തിന്റെ നാളുകളിലുടനീളം നെഹ്രുവിന് വലംകൈയായി പ്രവർത്തിക്കാൻ പട്ടേലുണ്ടായിരുന്നു. അല്ലെങ്കിൽ, ഒരുപക്ഷേ ഇന്ത്യ പിന്നെയും പല കഷണങ്ങളായേനെ. വൈരുധ്യങ്ങളുടെ സംഗമമാണ് ജവാഹർലാൽ നെഹ്രുവിന്റെ വ്യക്തിത്വം. ഒരു യുക്തിക്കും വിശദീകരിക്കാനാകാത്തവിധം, അധ്വാനിക്കുന്ന കർഷകസമൂഹത്തോട് സഹാനുഭൂതി പുലർത്തിയ ആദർശവാദിയും ബുദ്ധിജീവിയുമായിരുന്നു അദ്ദേഹം. സമൃദ്ധികൾക്കുനടുവിൽ ജനിച്ചുവളർന്നിട്ടും സമഭാവനയോടായിരുന്നു ആത്മാർഥമായ കൂറ്. ഹാരോവിലും കേംബ്രിജിലും നേടിയ ഉന്നതവിദ്യാഭ്യാസത്തിന്റെ പാശ്ചാത്യസ്വാധീനങ്ങൾ ഉള്ളപ്പോൾത്തന്നെയാണ് ബ്രിട്ടീഷുകാരുടെ ജയിലിൽ തടവുകാരനായി അദ്ദേഹം കിടന്നത്. ആത്മീയതയിൽ അടിയുറച്ചുവിശ്വസിച്ച ഗാന്ധിജിയുടെ പ്രിയ ശിഷ്യനായി, സന്ദേഹവാദിയായ നെഹ്രു മാറിയതും വൈരുധ്യമെന്ന് തോന്നാം. 

രാഷ്ട്രീയത്തെക്കാൾ വളർന്ന രാഷ്ട്രീയക്കാരൻ
അഴിമതിയുടെ കറപുരളാത്ത ദീർഘദർശിയായ നെഹ്രു, രാഷ്ട്രീയത്തെക്കാൾ വളർന്ന രാഷ്ട്രീയക്കാരനാണ്.  നെഹ്രു നേതൃത്വം നൽകിയ രാജ്യം, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ അസാധ്യമെന്ന് തോന്നിപ്പോകും. നെഹ്രു മരിക്കുന്നതിന് ഒരുവർഷംമുമ്പ് അമേരിക്കൻ ജേണലിസ്റ്റായ വെല്ലസ് ഹാങ്ങൻ ‘നെഹ്രുവിനുശേഷം ആര്?’ എന്നപേരിലൊരു പുസ്തകമെഴുതി. ആ ചോദ്യത്തെക്കാൾ ലോകത്തിന് അന്നറിയാൻ താത്പര്യം ‘നെഹ്രുവിനുശേഷം എന്ത് ’ എന്നായിരുന്നു. ആറുദശാബ്ദങ്ങൾക്കുശേഷം, നെഹ്രുവിന്റെ 132-ാം ജന്മദിനത്തിൽ പിറകോട്ടുനോക്കുമ്പോൾ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഏറക്കുറെ വ്യക്തമാണ്. 21-ാം നൂറ്റാണ്ടിലും നെഹ്രുവിയൻ പൈതൃകത്തിന്റെ സ്വാധീനം ഇന്ത്യയിൽ അവശേഷിക്കുന്നു; അവ നിഷേധിക്കാനുള്ള ശ്രമങ്ങൾ ശക്തമാണെങ്കിലും. ഇന്ത്യ, നെഹ്രുവിന്റെ വിശ്വാസപ്രമാണങ്ങളിൽനിന്ന് ഏറെ അകന്നുവെന്നത് യാഥാർഥ്യമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ എത്തിനിൽക്കുമ്പോൾ നെഹ്രുവിയൻ രാഷ്ട്രസങ്കല്പങ്ങൾ ഏറക്കുറെ  അട്ടിമറിക്കപ്പെട്ടുകഴിഞ്ഞു. അടിസ്ഥാനമൂല്യങ്ങളിൽ അടിയുറച്ചുവിശ്വസിക്കുമ്പോഴും തന്റെ പ്രായോഗികബുദ്ധിയെ സ്വയംവിമർശനത്തോടെ പരിഷ്കരിക്കാൻ നെഹ്രു മടികാണിച്ചിട്ടില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽനിന്നുകൊണ്ട്, ഇരുപതാം നൂറ്റാണ്ടിൽ ദേശീയതയുടെ പ്രതീകമായിരുന്ന മഹാ വ്യക്തിത്വത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് 2013-ൽ പുറത്തിറങ്ങിയ ‘Nehru: The Invention of India’ എന്ന പുസ്തകത്തിൽ ഞാൻ നടത്തിയത്. ജവാഹർ ലാൽ നെഹ്രുവിന്റെ ജീവിതം എല്ലാ അർഥത്തിലും വിസ്മയമാണ്. അത് സത്തചോരാതെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. 

ഇന്ത്യക്കു നൽകിയ സംഭാവനകൾ
ഇന്ത്യക്ക് നെഹ്രു നൽകിയ സംഭാവനകളിൽ ഏറ്റവുംപ്രധാനപ്പെട്ടത് ജനാധിപത്യമൂല്യങ്ങൾ തന്നെയാണ്. ആഭ്യന്തരമായ ഒട്ടേറെ വൈരുധ്യങ്ങളും വിഭജനത്തിന്റെ മുറിവും അവശേഷിച്ച ഒരുരാജ്യത്ത് ജനാധിപത്യം അതിജീവിച്ചത് ഒട്ടും സ്വാഭാവികമായല്ല. അതേസമയം, സ്വാതന്ത്ര്യം ലഭിച്ച മറ്റു വികസ്വരരാഷ്ട്രങ്ങൾ ഏകാധിപത്യം തിരഞ്ഞെടുത്തപ്പോഴാണ് ഇന്ത്യ എതിർദിശയിൽ സഞ്ചരിച്ചത്. ജവാഹർ ലാൽ നെഹ്രുവിന് സ്വേച്ഛാധിപത്യത്തിന്റെ അപകടങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു. തന്റെ രാഷ്ട്രീയ ഉയർച്ചയുടെ ഒരുഘട്ടത്തിൽ, ജവാഹർ ലാൽ നെഹ്രുവിലേക്ക് അധികാരം കേന്ദ്രീകരിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹംതന്നെ വ്യാജപേരിൽ ലേഖനമെഴുതിയിട്ടുണ്ട്. ‘അയാൾ തീർച്ചയായും ചോദ്യംചെയ്യപ്പെടണം’. നെഹ്രു എഴുതി, ‘നമുക്ക് സീസർമാരെ ആവശ്യമില്ല’. പ്രധാനമന്ത്രി എന്നനിലയ്ക്ക്, ശൈശവദശയിലായിരുന്ന ജനാധിപത്യസംവിധാനങ്ങളെ നെഹ്രു പരിലാളിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി പദങ്ങൾക്കുതാഴെയാണ് പ്രധാനമന്ത്രിയെന്ന് അണികളെ അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാനമുഖ്യമന്ത്രിമാരോട് കത്തുകളിലൂടെ സംവദിച്ചു. തീരുമാനങ്ങൾ അറിയിക്കുകയും അഭിപ്രായങ്ങൾ ആരായുകയുംചെയ്തു. എണ്ണംകൊണ്ട് കുറവായിരുന്നെങ്കിലും ശേഷികൊണ്ട് ശക്തമായിരുന്ന പ്രതിപക്ഷത്തിനുമുന്നിൽ തന്റെ സർക്കാരിനെ നെഹ്രു വിചാരണയ്ക്കുവെച്ചു. കരുത്തുറ്റ പ്രതിപക്ഷം ജനാധിപത്യത്തിനാവശ്യമാണെന്ന് നെഹ്രുവിന് അറിയാമായിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഒരുരീതിയിലും ഹനിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. എന്നാൽ, ഒരിക്കൽ നെഹ്രു ഒരു ജഡ്ജിയെ വിമർശിക്കുകയുണ്ടായി. പിറ്റേദിവസംതന്നെ തന്റെ തെറ്റ് ഏറ്റുപറഞ്ഞുകൊണ്ട് അദ്ദേഹം ചീഫ് ജസ്റ്റിസിന് കത്തയച്ചു. 

ജനങ്ങളാണ് അധികാരം ഏൽപ്പിച്ചതെന്ന കാര്യം ഒരിക്കൽപ്പോലും നെഹ്രുവിനെ ഓർമിപ്പിക്കേണ്ടിവന്നില്ല. മുൻകൂട്ടിനിശ്ചയിക്കാതെപോലും ആർക്കും തന്നെ വന്നുകാണാൻ ദിവസവും ഒരുമണിക്കൂർ അദ്ദേഹം മാറ്റിവെച്ചിരുന്നു. ജനാധിപത്യത്തെ അതിന്റെ രൂപത്തിലും മൂല്യത്തിലും ഇന്ത്യയിലെ ജനങ്ങൾക്ക് പരിചിതമാക്കിയത് നെഹ്രുവാണ്. നെഹ്രുവിന് പാർലമെന്റിനോടുള്ള ബഹുമാനം, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധ്യം, വിവിധ രാഷ്ട്രീയാഭിപ്രായങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുത, നിർബാധമായ തിരഞ്ഞെടുപ്പിനോടുള്ള പ്രതിബദ്ധത എന്നിവയെല്ലാം നമ്മിൽ സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചു.എന്തായിരിക്കും ഏറ്റവുംവലിയ നേട്ടമായി താങ്കൾ കരുതുന്നതെന്ന് അമേരിക്കൻ പത്രാധിപരായിരുന്ന നോർമൻ കസിൻസ് ഒരിക്കൽ നെഹ്രുവിനോട് ചോദിച്ചു. നെഹ്രു പറഞ്ഞു, ‘‘നാനൂറ് ദശലക്ഷം ആളുകളെ സ്വയംഭരണത്തിന് പ്രാപ്തരാക്കുക എന്നത്’’. ജനസംഖ്യ പിന്നെയുംകൂടി. ഒരു ബഹുസ്വര ജനാധിപത്യരാജ്യത്ത് ഓരോ ദിവസവും നൂറുകോടിയിലധികം ആളുകൾ സ്വയംഭരണത്തിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അത് ആ മനുഷ്യന്റെ വാക്കുകളുടെയും പ്രവൃത്തികളുടെയും സാക്ഷ്യമാണ്.