ജവാഹർലാൽ നെഹ്രുവിന്റെ 57-ാം ചരമവാർഷിക ദിനം ഇന്ന്‌

ആധുനിക ഇന്ത്യയുടെ ശില്പി എന്ന വാക്ക് ജവാഹർലാൽ നെഹ്രുവിന്റെ പേരിനോടുചേർത്ത്‌ സാധാരണയായി പറയുന്നത് അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായതുകൊണ്ടുമാത്രമല്ല. മറിച്ച്‌, നമ്മൾ ഇന്നുകാണുന്ന ആധുനിക മതേതര-ജനാധിപത്യ  ദേശരാഷ്ട്രത്തിന് അദ്ദേഹം ശക്തവും മാനവികവുമായ അടിത്തറയിട്ടതുകൊണ്ടാണ്. ചരിത്രവുമായുള്ള ഏറ്റവും അപകടകരമായ ഒരു കൂടിക്കാഴ്ചയിലാണ് 1947-ൽ നെഹ്രു ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തത്. വർഗീയകലാപങ്ങളും ഭക്ഷ്യക്ഷാമവും അഭയാർഥിപ്രവാഹവും കോളനിവാഴ്ച തകർത്തെറിഞ്ഞ സാമ്പത്തികഘടനയും പലഭാഗത്തായി ചിതറിക്കിടക്കുന്ന അറുനൂറിലേറെ നാട്ടുരാജ്യങ്ങളും എല്ലാംകൂടി സങ്കീർണമാക്കിയ ആ ചരിത്രസന്ധി ഒരുപക്ഷേ, അരാജകത്വത്തിലേക്കോ ആഭ്യന്തരയുദ്ധത്തിലേക്കോ നയിക്കുമായിരുന്നു. പക്ഷേ, ആ വെല്ലുവിളികളെ അനിതരസാധാരണമായ പക്വതയോടെ മറികടന്ന്, ഇന്ത്യ എന്ന രാഷ്ട്രത്തിന് ബഹുസ്വരവും മതേതരവുമായ അടിത്തറ ഉറപ്പിക്കാൻ ജവാഹർലാൽ നെഹ്രുവിന് കഴിഞ്ഞു. അന്ന് ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യംകിട്ടിയ പല രാജ്യങ്ങളിലും ഇന്ന് ജനാധിപത്യം ഒരു ആശയമായിപ്പോലും തുടരുന്നില്ല എന്നിടത്താണ് നെഹ്രു സമകാലിക ഇന്ത്യയിൽ മറ്റെല്ലാവരെക്കാളും പ്രസക്തനാകുന്നത്.

ഇന്ത്യ കെട്ടിപ്പടുത്തതെങ്ങനെ

നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തത് ശൂന്യതയിൽനിന്നായിരുന്നില്ല. ശാസ്ത്രബോധം, യുക്തിബോധം, ഉന്നതമായ ജനാധിപത്യമര്യാദകൾ,  സ്വതന്ത്രമായ ഭരണഘടനാസ്ഥാപനങ്ങൾ, ശക്തമായ പൊതുമേഖലാസ്ഥാപനങ്ങൾ, സ്വതന്ത്രവും അനന്യവുമായ വിദേശ നയം തുടങ്ങിയ  ആധാരശിലകളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം ഇന്ത്യയെ ഒരു ശില്പിയുടെ ചാരുതയോടെ കെട്ടിയുയർത്തിയത്. അതുകൊണ്ടുതന്നെ നെഹ്രൂവിയൻ കാലഘട്ടം അക്ഷരാർഥത്തിൽ ഇന്ത്യൻജനതയുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പുഷ്കലകാലമായിരുന്നു. ഭാവിയെക്കുറിച്ചുള്ള സ്വതന്ത്രഇന്ത്യയുടെ സ്വപ്നങ്ങൾക്ക് അദ്ദേഹം ആധുനികതയുടെയും യുക്തിബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും നിറം പകർന്നുകൊടുത്തു.

രാജ്യത്തെ അറിഞ്ഞ മനീഷി

ഇന്ത്യയെ അറിയുക എന്നാൽ ഇന്ത്യയുടെ അനിതരസാധാരണമായ വൈവിധ്യം മനസ്സിലാക്കലാണെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.  ഈ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി എന്നും അറിയാമായിരുന്നു. അതുകൊണ്ടാണ് അയ്യായിരം വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യയുടെ ചരിത്രത്തിലും സംസ്കാരത്തിലും കലയിലുമെല്ലാം ലയിച്ചുചേർന്നിരിക്കുന്ന വൈവിധ്യങ്ങളെയും അതിനെ അതിലംഘിച്ചുനിൽക്കുന്ന ഒരു ഏകത്വത്തെയും അദ്ദേഹം തിരിച്ചറിഞ്ഞത്. ഇന്ത്യയുടെ ഏറ്റവും പ്രധാനമായ സവിശേഷതയായി നെഹ്രു കണ്ടെത്തുന്നത് ഈ ബഹുസ്വരതയും ഏകത്വവുംതന്നെയാണ്. ആര്യന്മാർമുതൽ ഇന്ത്യയിൽ അധിനിവേശം നടത്തിയ ഇറാനികളും ഗ്രീക്കുകാരും പാർഥിയന്മാരും തുർക്കികളും അഫ്‌ഗാനികളും ക്രിസ്ത്യാനികളും ജൂതന്മാരും പാർസികളും എല്ലാംതന്നെ ഇന്ത്യൻസംസ്കാരത്തിൽ ഒരു പരിധിവരെ ലയിച്ചുചേരുന്നുണ്ട് എന്നാണ്‌ നെഹ്രു അവകാശപ്പെട്ടിരുന്നത്. അതുകൊണ്ട് മതനിരപേക്ഷത അദ്ദേഹത്തിന്‌ വളരെ സ്വാഭാവികമായ ഒരു നയമായി ഉൾക്കൊള്ളാൻ കഴിഞ്ഞു.    

നെഹ്രുവിന്റെ മറ്റൊരു സവിശേഷത ജനാധിപത്യത്തിലും സംവാദത്തിലും സമന്വയത്തിലും രാഷ്ട്രീയത്തിനതീതമായ മനുഷ്യപ്രതിഭയിലുമുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു. അതുകൊണ്ട് സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കാബിനറ്റ് കടുത്ത വലതുപക്ഷവാദിയായ ശ്യാമപ്രസാദ് മുഖർജിയും ഷണ്മുഖം ചെട്ടിയുംമുതൽ നെഹ്രുവിന്റെ വിമർശകനായ അംബേദ്കർവരെ ഉൾക്കൊള്ളുന്ന ഒന്നായി മാറി.  ബ്രിട്ടീഷ് ബ്യൂറോക്രസിയുടെ അധികാരഘടനയുടെ ഭാഗമായിരുന്ന വി.പി. മേനോനെ നാട്ടുരാജ്യങ്ങളെ ലയിപ്പിക്കുന്ന ഏറ്റവും പ്രയാസംനിറഞ്ഞ ഉത്തരവാദിത്വമേൽപ്പിച്ചു. മറ്റൊരു അതുല്യ പ്രതിഭാശാലിയായ സുകുമാർ സെന്നിനെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടത്താൻ നിയുക്തനാക്കി. സാർവത്രിക വോട്ടവകാശത്തിലൂടെ 173 ദശലക്ഷം വോട്ടർമാരെ പോളിങ്‌ ബൂത്തിലേക്ക് അയച്ചുകൊണ്ട് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടത്താൻ അങ്ങനെ നെഹ്രുവിനുകഴിഞ്ഞു.   പാകിസ്താനിൽനിന്നുള്ള അഭയാർഥിപ്രവാഹത്തെ ഒരു വൻദുരന്തമാകാതെ തർലോക് സിങ്‌ നിയന്ത്രിച്ചു.

രാജശില്പി

സ്വതന്ത്രമായ ഭരണഘടനാസ്ഥാപനങ്ങളില്ലാതെ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് നെഹ്രു വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഏറ്റവും ശക്തവും നീതിയുക്തവും സ്വതന്ത്രവുമായ നീതിന്യായസ്ഥാപനങ്ങളും തിരഞ്ഞെടുപ്പുകമ്മിഷനുമൊക്കെ ഇവിടെയുണ്ടായത്. ജവാഹർലാൽ നെഹ്രുവിന്റെ ‘മഹാക്ഷേത്രങ്ങൾ’, കോടിക്കണക്കിന്‌ മനുഷ്യർക്ക് തൊഴിൽസുരക്ഷയും രാജ്യത്തിന് വ്യാവസായികപുരോഗതിയും നൽകിയ പൊതുമേഖലാസ്ഥാപനങ്ങളായിരുന്നു.

നെഹ്രൂവിയൻ ഇന്ത്യയുടെ അടിസ്ഥാനംതന്നെ ശാസ്ത്രബോധവും യുക്തിചിന്തയുമായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയിലുടനീളം ശാസ്ത്രസാങ്കേതികസ്ഥാപനങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടത്. നഗരവികസനം ലേ കർബൂസിയറെയും പഞ്ചവത്സരപദ്ധതി മഹലനോബിസിനെയും ശാസ്ത്രം ഹോമിബാബയെയും ഭരണനിർവഹണസ്ഥാപനങ്ങളെ ഇന്ത്യൻ സിവിൽ സർവീസിനെയും ഏൽപ്പിക്കുമ്പോൾ ഈ ഓരോ പരീക്ഷണങ്ങളിലും ഓരോ തിരഞ്ഞെടുപ്പിലും നെഹ്രുവിന്റെ സുന്ദരമായ കൈയൊപ്പ് പതിഞ്ഞിരുന്നു. ആധുനികതയിലേക്കുള്ള ഇന്ത്യയുടെ  ഓരോ ചുവടുവെപ്പും നെഹ്രു ഒരു കവിതപോലെ മനോഹരമാക്കി. സോഷ്യലിസത്തെ അദ്ദേഹം നീതിയുടെ സൗന്ദര്യശാസ്ത്രമായിട്ടാണ് കണ്ടത്.

ഇന്ത്യയെ കണ്ടെത്തിയ കവി

നെഹ്രു എഴുതിയ പുസ്തകങ്ങളിലെല്ലാം അദ്ദേഹം ആഗ്രഹിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള ഭാവനയും സ്വപ്നവും ദർശനവും കടന്നുവരുന്നുണ്ട്.  ഇന്ത്യയെ കണ്ടെത്തൽ എന്ന നെഹ്രുവിന്റെ പുസ്തകം ആധുനിക ഇന്ത്യയെപ്പറ്റിയുള്ള ഏറ്റവും നല്ല ക്ലാസിക് ആണ്. ഡിസ്കവറി ഓഫ് ഇന്ത്യയുടെ ആമുഖത്തിൽ സുനിൽ ഖിൽനാനി പറയുന്നുണ്ട്, ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ അടിസ്ഥാന വ്യാകരണമാണ് ഇന്ത്യയെ കണ്ടെത്തലിൽ നെഹ്രു എഴുതിപ്പിടിപ്പിക്കാൻ ശ്രമിച്ചത് എന്ന്.  നെഹ്രു സംസ്ഥാനമുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തുകൾ മാധവഖോസ്‌ലെ പുസ്തകമാക്കിയിട്ടുണ്ട്. ആ കത്തുകൾ വാസ്തവത്തിൽ ഇന്ത്യൻ ജനാധിപത്യവും ഫെഡറലിസവും എങ്ങനെയാണ് സങ്കീർണമായ പ്രശ്നങ്ങളിലൂടെ വളർന്നുവന്നത് എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ്.       

നെഹ്രു ആഗ്രഹിച്ചത് രാജ്യാതിർത്തികൾകടന്നുനിൽക്കുന്ന ഒരു സാർവലൗകികതയായിരുന്നു. അതുകൊണ്ടാണ് ഒരു ചേരിയിലും ചേരാതെ സമാധാനത്തിലും സഹവർത്തിത്വത്തിലും ഊന്നിനിൽക്കുന്ന ഒരു വിദേശനയം അദ്ദേഹം നടപ്പാക്കിയത്. അതുകൊണ്ടാണ് ഇന്ത്യക്ക് അന്നത്തെ ആഗോളരാഷ്ട്രീയത്തിൽ തനതായ സ്ഥാനംനേടാൻ കഴിഞ്ഞത്. ടാഗോറിന്റെ ബൗദ്ധികതയും ഗാന്ധിയുടെ പ്രായോഗികതയുമാണ് നെഹ്രുവിനെ എല്ലായ്‌പ്പോഴും നയിച്ചത്.
നെഹ്രു ഒരുപാട് പരിമിതികളുണ്ടായിരുന്ന പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ വിദേശനയം പലപ്പോഴും നിശിതമായി വിമർശിക്കപ്പെട്ടു. ഭൂപരിഷ്കരണത്തിനും പ്രാഥമികവിദ്യാഭ്യാസത്തിനും നെഹ്രു വേണ്ടത്ര പ്രാധാന്യംകൊടുത്തില്ല എന്നുള്ളത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. അദ്ദേഹത്തിന്റെ സാമ്പത്തികനയങ്ങൾക്കും സോഷ്യലിസ്റ്റ് ആശയങ്ങൾക്കും പ്രതീക്ഷിച്ച ഫലം ഒരിക്കലും ഉണ്ടായില്ല.

എങ്കിലും, അതൊന്നും നെഹ്രുവിന്റെ ആശയങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല. കാരണം, നെഹ്രു മുന്നോട്ടുവെച്ചത് അടഞ്ഞ ആശയങ്ങളായിരുന്നില്ല. വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുകയും  വീണ്ടെടുക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്യേണ്ട ഒരു വിശാലമായ കാൻവാസായിരുന്നു .

( പ്രൊഫൗണ്ട്  എന്ന അന്താരാഷ്ട്ര ഗവേഷണസ്ഥാപനത്തിന്റെ സീനിയർ റിസർച്ച് ആൻഡ്‌ ഇവാല്വേഷൻ കൺസൾട്ടന്റാണ് ലേഖിക )