നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച  അവിശ്വാസപ്രമേയ ചർച്ചയിൽ സർക്കാരിനുനേരെ ഉയർന്നുവന്ന പല പ്രധാന ആരോപണങ്ങൾക്കും  മുഖ്യമന്ത്രി തന്റെ റെക്കോഡ്‌  ദൈർഘ്യത്തോടെ നടത്തിയ  പ്രസംഗത്തിൽ മറുപടിപറഞ്ഞിട്ടില്ല. അവിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് വി.ഡി. സതീശൻ നടത്തിയ പ്രസംഗത്തിലും ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എം.കെ. മുനീർ, കെ.എം. ഷാജി, എം. ഉമ്മർ, പി.സി. ജോർജ് എന്നിവരും മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് ചർച്ചയിൽ ഇടപെട്ടുകൊണ്ട്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പി.ടി. തോമസും മന്ത്രി ജലീലിനെതിരേ വിശുദ്ധ ഖുർആൻ അടങ്ങിയ പാഴ്‌സലുകൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് അതിഗുരുതരമായ പരാമർശങ്ങളാണ് നടത്തിയത്.

സംശയനിഴലിൽ ജലീൽ

ചുരുക്കിപ്പറഞ്ഞാൽ മന്ത്രി ജലീൽ വിശുദ്ധമതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണക്കള്ളക്കടത്തിന് വഴിയൊരുക്കി എന്ന സംശയകരമായ സാഹചര്യമാണ് ഉയർന്നുവന്നിട്ടുള്ളത്. മാധ്യമങ്ങളിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ എന്നനിലയിൽ മാത്രമല്ല, നിയമസഭാവേദിയിൽത്തന്നെ മന്ത്രി ജലീലിനെക്കുറിച്ച് അതിഗൗരവത്തോടെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും അതിനൊന്നും മറുപടിപറയാനോ യഥാർഥവിവരം പുറത്തുകൊണ്ടുവരുന്നതിന് അന്വേഷണം നടത്തേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കാനോ മുഖ്യമന്ത്രി തയ്യാറാകാത്തത് വളരെ വിചിത്രമായിരിക്കുന്നു.

 കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ മറ്റുരാജ്യങ്ങളുടെ കോൺസുലേറ്റിൽനിന്ന്‌ പണമോ പാരിതോഷികങ്ങളോ കൈപ്പറ്റരുത് എന്നാണല്ലോ നിയമം. മന്ത്രി ജലീലിന്റെ കാര്യത്തിൽ പ്രഥമദൃഷ്ട്യാ ഇത് ലംഘിക്കപ്പെട്ടു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന്റെ പാതയിലാണ്‌. യു.എ.ഇ. കോൺസുലേറ്റ് വഴി അയച്ച വിശുദ്ധ ഖുർആൻ  അടങ്ങുന്ന പാക്കറ്റുകൾ എടപ്പാളിലും മറ്റുള്ളിടത്തും എത്തിയതിൽ മന്ത്രി ജലീലിന്റെ പങ്കിനെക്കുറിച്ചും കേന്ദ്ര അന്വേഷണം സ്വാഭാവികമായും ഉണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയംതന്നെ, മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണംചെയ്യുക എന്നത് യു.എ.ഇ.സർക്കാരിന്റെ നയമല്ലെന്നും കേരളത്തിലെ  കോൺസുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ല എന്നും ഉന്നത യു.എ.ഇ. ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ‘മാതൃഭൂമി’ റിപ്പോർട്ടുചെയ്തിരുന്നു.

ഉയരുന്ന ചോദ്യങ്ങൾ

യു.എ.ഇ. സർക്കാർ മതഗ്രന്ഥങ്ങൾ അയച്ചില്ലെങ്കിൽപ്പിന്നെ കോൺസുലേറ്റിൽനിന്ന്‌ സി ആപ്റ്റിൽ എത്തിച്ച് സർക്കാർ വാഹനത്തിൽ കൊണ്ടുപോയി മലപ്പുറം ജില്ലയിലെ രണ്ടിടങ്ങളിൽ ലഭ്യമാക്കിയ പാക്കറ്റുകളിൽ എന്താണെന്ന പ്രസക്തമായ ചോദ്യമാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ളത്.മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയെന്ന സംശയമാണ് വ്യാപകമായി ഉയർന്നുവന്നിട്ടുള്ളതും നിയമസഭയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ളതും.
ഇതേക്കുറിച്ച് അന്വേഷിച്ച് യഥാർഥസ്ഥിതി പുറത്തുകൊണ്ടുവരാൻ ചുമതലപ്പെട്ട മുഖ്യമന്ത്രി അതിലേക്കൊന്നുംകടക്കാതെ തീർത്തും അന്ധമായി മന്ത്രി ജലീലിനെ ന്യായീകരിക്കാനാണ് തയ്യാറായത്. ഇതെല്ലാം ഈ സംഭവത്തിലെ ദുരൂഹതകൾ പതിന്മടങ്ങ്  വർധിപ്പിച്ചിരിക്കുകയാണ്.

സർവത്ര ലംഘനങ്ങൾ

കേന്ദ്രാനുമതികൂടാതെ വിദേശസഹായം സ്വീകരിക്കുകവഴി ‘ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്’   ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിന്  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയതായിട്ടാണ് അറിയുന്നത്. യു.എ.ഇ.യിൽനിന്ന്‌ വിശുദ്ധ മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന് വിതരണംചെയ്തുവെന്ന പരാതി എൻ.ഐ.എ. അന്വേഷിക്കുമെന്നുമാണ് റിപ്പോർട്ട് വന്നിട്ടുള്ളത്. ഈ അന്വേഷണങ്ങളെല്ലാം കുറ്റമറ്റരീതിയിൽ നടക്കണമെങ്കിൽ സി.ബി.ഐ. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ സംയുക്ത അന്വേഷണം അനിവാര്യമാണ്. സി.ബി.ഐ. പങ്കാളിത്തംകൂടി ഈ അന്വേഷണങ്ങളിൽ ഉണ്ടായേ മതിയാവൂ.

ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു എന്നാണ് മന്ത്രി ജലീൽ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ  കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്വേഷണനടപടികൾ ആരംഭിക്കുന്നതിനുമുന്നോടിയായി മന്ത്രിസ്ഥാനം ഒഴിഞ്ഞ് ഈ അന്വേഷണങ്ങളിൽ സഹകരിക്കുന്നതാണ് കെ.ടി. ജലീലിന് അഭികാമ്യമായിട്ടുള്ളത്. അതാണ് രാഷ്ട്രീയധാർമികതയും മര്യാദയും.