പന്ത്രണ്ടു വർഷത്തിനുശേഷം ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് തിരശ്ശീല വീണിരിക്കയാണ്. തീവ്രവലതുപക്ഷ ജൂതദേശീയവാദിയും യമിന പാർട്ടി അധ്യക്ഷനുമായ നഫ്ത്താലി ബെന്നറ്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾ ഒന്നിച്ച് രൂപവത്കരിച്ച ഐക്യസർക്കാർ ഞായറാഴ്ചയാണ് പാർലമെന്റിൽ വിശ്വാസവോട്ട് നേടിയത്. 59-നെതിരേ 60 വോട്ടുകളോടെ പ്രതിപക്ഷ നേതാവ് യായിർ ലാപിഡിനൊപ്പം ബെന്നറ്റ് ഇസ്രയേലി പാർലമെന്റായ നെസറ്റിൽ ഭൂരിപക്ഷം തെളിയിച്ചു.

 കക്ഷികൾ തമ്മിലെത്തിയ ധാരണപ്രകാരം ബെന്നറ്റിനാണ് പ്രധാനമന്ത്രിപദത്തിനുള്ള ആദ്യ ഊഴം. 2023 സെപ്റ്റംബർവരെ ബെന്നറ്റ് ഭരിക്കും. അതിനുശേഷം ലാപിഡും. രണ്ടുവർഷത്തിനിടെ ഇസ്രയേലിൽനടന്ന നാലാമത്തെ തിരഞ്ഞെടുപ്പിൽ 30 സീറ്റുനേടി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുകക്ഷികൾ ഒന്നിച്ച് ഐക്യസർക്കാർ രൂപവത്കരിച്ചതോടെയാണ് രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം മാറുന്നത്.

പലസ്തീനുമായുള്ള സംഘർഷം കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇസ്രയേലിൽ ഭരണമാറ്റമുണ്ടാകുന്നത്. ജൂതകുടിയേറ്റത്തെ പിന്തുണയ്ക്കുന്ന സർക്കാരിനെ ഒട്ടും പ്രതീക്ഷയോടെയല്ല നോക്കിക്കാണുന്നതെന്ന് പലസ്തീൻ വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പലസ്തീൻ വിഷയത്തിലും ലോകരാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും ഇസ്രയേലിലെ പുതിയ ഭരണകൂടത്തിന്റെ നയങ്ങൾക്ക് പ്രാധാന്യമേറെയാണ്.

കിരീടമില്ലാത്ത കിങ് ബീബി

ജീവിതത്തിന്റെ ഭൂരിഭാഗവും നെതന്യാഹുവിനൊപ്പം ജീവിച്ചവരാണ് ഇസ്രയേലികളും പലസ്തീനികളും. കിങ് ബീബി, മിസ്റ്റർ സെക്യൂരിറ്റി എന്നെല്ലാം ആരാധകരും ക്രൈം മിനിസ്റ്റർ എന്ന് വിമർശകരും വിളിക്കുന്ന നെതന്യാഹു കളികളേറെ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു വോട്ട് വ്യത്യാസത്തിൽ പ്രതിപക്ഷത്തിരിക്കുന്ന നെതന്യാഹുവിനെ അങ്ങനെ എഴുതിത്തള്ളാറായിട്ടുമില്ല. അധികാരത്തിലുള്ള ബഹുവർണസഖ്യത്തിന്റെ നിറം നെതന്യാഹുവിന്റെ തന്ത്രങ്ങൾക്കുമുന്നിൽ മങ്ങുമോ എന്നതാശ്രയിച്ചായിരിക്കും ഇസ്രയേലിന്റെ ഭാവിരാഷ്ട്രീയം.

 1996-ൽ  46-ാം വയസ്സിലാണ് നെതന്യാഹു മൂന്നുവർഷത്തേക്ക് ആദ്യമായി പ്രധാനമന്ത്രിയാവുന്നത്.  2009 മുതൽ വീണ്ടും 12 വർഷം അധികാരത്തിൽ.  73 വർഷത്തെ ചരിത്രമുള്ള ഇസ്രയേലിൽ സ്ഥാപക പ്രധാനമന്ത്രി ഡേവിഡ് ബെന് ഗൂറിയനെയും മറികടന്ന് ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്ന നേതാവ് എന്ന ചരിത്രവും കുറിച്ചു.  അതുകൊണ്ടുതന്നെ  71-ാം വയസ്സിൽ തന്റെ രാഷ്ട്രീയജീവിതത്തിനേറ്റ തിരിച്ചടി നെതന്യാഹു യുഗത്തിന്റെ അവസാനമായി കണക്കാക്കാനാകില്ല എന്നു വിലിരുത്തുന്നവർ ഏറെയുണ്ട്.

പ്രതിപക്ഷത്തിരുന്നുകൊണ്ട് ഭരണകക്ഷികളിൽ എല്ലാവിധ സമ്മർദവും അദ്ദേഹം തുടരുമെന്നത് ഉറപ്പാണ്. മകൻ യായിറിനും സാമൂഹിക മാധ്യമ മാനേജർ ടോപാസ് ലുക്കിന്റെയും പിന്തുണയോടെ ബെന്നറ്റിനെയും കൂട്ടാളികളെയും  ഇടതുപക്ഷ ചതിയന്മാർ എന്ന് മുദ്രകുത്തി അക്രമം അഴിച്ചുവിടാനുള്ള സാധ്യതയും നിരീക്ഷകർ കാണുന്നു. സഖ്യം വിജയിച്ചാലും ഇല്ലെങ്കിലും ഇസ്രയേലിലെ ഏറ്റവും വലിയ പാർട്ടിയായ ലിക്കുഡ് പാർട്ടിയുടെ നേതാവായി നെതന്യാഹു തുടരും. അഴിമതി, തട്ടിപ്പ്, വിശ്വാസലംഘനം എന്നിവയ്ക്ക് നേരിട്ടുന്ന ക്രിമിനൽ വിചാരണ വർഷങ്ങളോളം നീളും. കേസു നടക്കുമ്പോഴും പ്രധാനമന്ത്രിസ്ഥാനത്തെത്താൻ ഇസ്രയേലി നിയമമനുസരിച്ച് തടസ്സങ്ങളില്ല എന്നതിനാൽ തിരിച്ചുവരവും എഴുതിത്തള്ളാനാവില്ല. 

മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നും ബിദുദാനന്തര ബിരുദം നേടിയശേഷം ഇസ്രയേലി കമാൻഡോ ആയാണ് നെതന്യാഹു ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന അദ്ദേഹം 1980-കളിൽ അമേരിക്കൻ ടെലിവിഷൻ ചാനലുകളിൽ ഇസ്രയേലിന്റെ പുതിയമുഖമായിമാറി. 90-കളിലാണ് രാഷ്ട്രീയ രംഗപ്രവേശം. 1995-ൽ പ്രധാനമന്ത്രി യിത്സാക് റബിൻ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിസ്ഥാനത്തുമെത്തി.  

ബെന്നറ്റ്, ദ കിങ്മേക്കർ 

നെതന്യാഹു ഭരണകൂടത്തിലെ മുൻ പങ്കാളിയാണ് ഇസ്രയേലി പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞചെയ്ത 49-കാരൻ നഫ്ത്താലി ബെന്നറ്റ്. ഹൈടെക് മേഖലയിൽ വിജയംവരിച്ച ശതകോടീശ്വരനായ അദ്ദേഹം മുൻ ചീഫ് ഓഫ് സ്റ്റാഫായിരുന്നു. പിന്നീട് നെതന്യാഹുവിന്റെ വിവിധ സർക്കാരുകളിൽ വിദ്യാഭ്യാസം, കുടിയേറ്റം, പ്രതിരോധം തുടങ്ങി സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായിരുന്നു.

ബെന്നറ്റിന്റെ പാർട്ടിയായ തീവ്ര വലതുപക്ഷ യമിന പാർട്ടിക്ക് 120 അംഗ പാർലമെന്റിൽ കേവലം ഏഴ് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാൽ, സർക്കാർ രൂപവത്കരണത്തിൽ കിങ് മേക്കറായി ഉയർന്ന ബെന്നറ്റ് സർക്കാരുണ്ടാക്കാൻ നെതന്യാഹു മുന്നോട്ടുവെച്ച അവസരങ്ങൾ നിരസിച്ചതിലൂടെയാണ് പുതിയ ഐക്യസർക്കാർ പിറക്കുന്നത്. വലതുപക്ഷ ദേശീയവാദി എന്നനിലയിൽ നെതന്യാഹുവിനെക്കാൾ ഒരുപടി മുന്നിലുള്ള ബെന്നറ്റ് ആധുനിക ഒാർത്തഡോക്‌സ് ജൂതവിഭാഗത്തിൽനിന്നുള്ള ആദ്യ പ്രധാനമന്ത്രികൂടിയാണ്.

 പലസ്തീൻ സ്വാതന്ത്ര്യത്തെ എതിർക്കുകയും സമാധാനശ്രമങ്ങൾക്ക് തടസ്സമായിനിൽക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും ജൂതകുടിയേറ്റങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്ന കാര്യത്തിൽ നെതന്യാഹുവിന്റെ അതേ നിലപാടാണ് ബെന്നറ്റ് പുലർത്തുന്നത്. അമേരിക്കൻ വംശജരായ മാതാപിതാക്കൾക്കൊപ്പം ഇസ്രയേലിലെ ഹൈഫയിലെ വളർന്ന അദ്ദേഹം സൈന്യത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.

ഇനിയെന്ത് ?

അറബ് പാർട്ടിയുടെ പിന്തുണയോടെ ഭരണത്തിലെത്തുന്ന ആദ്യ സർക്കാരെന്നത് പുതിയ സർക്കാരിന്റെ ചരിത്രപരമായ പ്രത്യേകതയാണ്. സഖ്യത്തിലുള്ള അറബ് പാർട്ടിയായ റാമിനെയും ഇടതുപക്ഷ ഇസ്രയേലി പാർട്ടികളെയും പലസ്തീൻ വിഷയത്തിലും മറ്റ് സാമൂഹിക വിഷയങ്ങളിലും ഒരുമിച്ച് കൊണ്ടുപോകുന്നത് സർക്കാരിന് ഭാവിയിൽ വെല്ലുവിളിയായേക്കാം. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ, സ്വവർഗവിവാഹം തുടങ്ങി വിഷയങ്ങളിൽ റാം പാർട്ടിയും ഇടതുപക്ഷാനുകൂലികളും സ്വീകരിക്കുന്ന നിലപാടുകളും സർക്കാരിന് തലവേദനയാകും. 

സഖ്യത്തിലെത്തിയ പ്രതിപക്ഷ പാർട്ടികൾ

യായിർ ലാപിഡ് യെഷ് ആറ്റിഡ് (വിദേശകാര്യമന്ത്രി)  17
ബെന്നി ഗാന്റ്‌സ് ബ്ലൂ ആൻഡ്‌ വൈറ്റ് (പ്രതിരോധ മന്ത്രി) 08
ലിബർമാൻ ഇസ്രയേൽ ബെയ്റ്റിനു (ധനകാര്യം)  07
മെറവ് മൈക്കിലി ലേബർ പാർട്ടി (ഗതാഗതം) 07
നഫ്താലി ബെന്നറ്റ് യമിന (പ്രധാനമന്ത്രി)  06
ഗിദിയോൻ സാആർ ന്യൂ ഹോപ്പ്  (നിയമകാര്യം)  06
ഹൊറോവിറ്റ്‌സ് മെറെറ്റ്‌സ് (ആരോഗ്യം)  06
മൻസൂർ അബ്ബാസ് അറബ് ഇസ്‌ലാമിസ്റ്റ് ലിസ്റ്റ്‌ (ഉപ പ്രധാനമന്ത്രി) 03

ലിക്കുഡ്‌ പാർട്ടി 30
മറ്റുള്ളവർ         29

നെസ്സറ്റ്‌ (ഇസ്രയേൽ പാർലമെന്റ്‌) ആകെ സീറ്റ്‌  120

# അറബ്‌ സഖ്യത്തിൽ നിന്ന്‌ ഒരാൾ വിട്ടുനിന്നു‚ 
# യമിന പാർട്ടിയിലെ ഒരംഗം സഖ്യത്തിൽ ചേരാൻ വിസമ്മതിച്ചു