‘ആരാണീ അരവിന്ദ് കെജ്‌രിവാൾ’ എന്നാണ് ആറുവർഷംമുമ്പ് ഷീലാ ദീക്ഷിത് ചോദിച്ചത്. 2013-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുദിവസം നടത്തിയ ഈ പരിഹാസത്തിന് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മറുപടിയും കിട്ടി. 15 വർഷം ഡൽഹി ഭരിച്ച ഷീലാ ദീക്ഷിതിന്റെ കസേര തെറിച്ചു. കോൺഗ്രസിന്റെ കരുത്തയായ മുഖ്യമന്ത്രിയെ അവരുടെ മണ്ഡലത്തിൽ തറപറ്റിച്ചുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെയും എ.എ.പി.യുടെയും തിരഞ്ഞെടുപ്പ്‌ അരങ്ങേറ്റം. അന്ന് 28 സീറ്റുമായി കെജ്‌രിവാളുണ്ടാക്കിയ ന്യൂനപക്ഷസർക്കാർ 49 ദിവസത്തിനുശേഷം രാജിവെച്ചു. എന്നാൽ, തുടർന്നുവന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 70 സീറ്റിൽ 67-ഉം തൂത്തുവാരിയ ആം ആദ്മി പാർട്ടി (ആപ്പ്) ഇന്ത്യൻ രാഷ്ട്രീയത്തിലെ അദ്‌ഭുതപാർട്ടിയായി. 
സ്വന്തം തട്ടകമായ ഡൽഹിയിലെ ലോക്‌സഭാ സീറ്റുകളിൽ ഒന്നുപോലും നേടാനാവാത്തത് എ.എ.പി.ക്ക് പുത്തരിയല്ല. 2014-ലും ബി.ജെ.പി.യാണ് ഡൽഹിയിലെ ഏഴുസീറ്റും തൂത്തുവാരിയത്. പക്ഷേ, പിന്നാലെവന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏവരെയും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് 67 സീറ്റുകൾ ആപ്പ് നേടി. അതുകൊണ്ടുതന്നെ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലംതൊട്ടില്ല എന്നതിനെക്കാൾ എ.എ.പി.യെ വലയ്ക്കുന്നത് മറ്റുപലതുമാണ്. 

2013-നുശേഷം ഡൽഹിയിൽ നിലംതൊടാനാവാതെനിന്ന കോൺഗ്രസുപോലും സംസ്ഥാനം ഭരിക്കുന്ന എ.എ.പി.യേക്കാൾ ഇപ്പോൾ മുന്നിലാണെന്ന്‌ പറയാം. ഏഴ് ലോക്‌സഭാസീറ്റിൽ അഞ്ചിലും കോൺഗ്രസാണ് രണ്ടാമത്. ആപ്പിന് രണ്ടിടത്തുമാത്രമേ രണ്ടാംസ്ഥാനമെങ്കിലും കിട്ടിയുള്ളൂ. മരുന്നിനെങ്കിലും പാർട്ടിക്ക് ആശ്വസിക്കാൻ ഇക്കുറിയും പഞ്ചാബ്മാത്രം. 2014-ൽ പഞ്ചാബിൽനിന്ന് നാലുസീറ്റ് കിട്ടിയെങ്കിൽ ഇത്തവണ അത് ഒന്നായി ചുരുങ്ങി. രാജ്യസഭയിൽ മൂന്ന് അംഗങ്ങളാണ് ആപ്പിനുള്ളത്.

വിഫലമായ സഖ്യനീക്കം വിനയാകുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെക്കാൾ എ.എ.പി.യെ അലട്ടുന്നത് വിഫലമായ സഖ്യനീക്കമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനാണ് പാർട്ടി ശ്രമിച്ചിരുന്നത്. സഖ്യമെങ്കിൽ അത് ഹരിയാണയിലും പഞ്ചാബിലുംകൂടി വേണമെന്ന് എ.എ.പി. പറഞ്ഞതോടെ ചർച്ചകൾ അവസാനനിമിഷം പാളി. പിന്നീടുണ്ടായ ത്രികോണമത്സരത്തിൽ ബി.ജെ.പി.ക്ക് കിട്ടിയ വോട്ടിന്റെ അടുത്തുപോലും കോൺഗ്രസിനും എ.എ.പി.ക്കുംകൂടി ലഭിച്ചിട്ടില്ല. സഖ്യമുണ്ടായിരുന്നെങ്കിലും നേട്ടമുണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം. 
കോൺഗ്രസിന്റെ അഴിമതിക്കെതിരേ ശബ്ദമുയർത്തി അധികാരത്തിൽവന്ന എ.എ.പി. അവരുമായിത്തന്നെ സഖ്യത്തിന് പോയത് ശരിയായോ എന്ന ചോദ്യം പാർട്ടിക്കുള്ളിൽത്തന്നെ ഉയർന്നുതുടങ്ങി. ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആപ്പിന് ഉത്തരംനൽകേണ്ട മുഖ്യചോദ്യവും അതാകും. 

കെജ്‌രിവാൾ കേന്ദ്രീകൃതം

പാർട്ടിയിൽ ജനാധിപത്യം കുറയുന്നെന്നും ‘കെജ്‌രിവാൾ കേന്ദ്രീകൃത’മാകുന്നുവെന്നുമാണ് എ.എ.പി. നേരിടുന്ന ആരോപണങ്ങളിലൊന്ന്. മുൻനിര നേതാക്കളായിരുന്ന യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, ശാന്തിഭൂഷൺ, മായങ്ക് ഗാന്ധി, മേധാ പട്കർ, അശുതോഷ്, കുമാർ വിശ്വാസ്, എച്ച്.എസ്. ഫൂൽക തുടങ്ങിയവരൊന്നും ഇപ്പോൾ പാർട്ടിയിലില്ല.  
മുൻനിര പോരാളിയായി ആപ്പിനെ ഡൽഹിയിൽ രണ്ടുതവണ അധികാരത്തിലെത്തിച്ച ഹീറോ കെജ്‌രിവാളാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. അതേസമയം, രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങളിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായത്തിന് കെജ്‌രിവാൾ വിലകൽപ്പിക്കുന്നില്ലെന്നാണ് ആക്ഷേപം. പാർട്ടി വിട്ടുപോയ മായങ്ക് ഗാന്ധി എഴുതിയ ‘എ.എ.പി. ആൻഡ് ഡൗൺ’ എന്ന പുസ്തകത്തിലും കെജ്‌രിവാളിനെ നിശിതമായി വിമർശിക്കുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാൽ റായ്, സഞ്ജയ് സിങ്, ദിലീപ് പാണ്ഡെ, അതിഷി തുടങ്ങിയവരാണ് ഇപ്പോൾ കെജ്‌രിവാളിനൊപ്പമുള്ളത്. പാർട്ടി കൂടുതൽ കെജ്‌രിവാൾ കേന്ദ്രീകൃതമാകുന്നതോടെ പഞ്ചാബ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കൽ വെല്ലുവിളിയാകും.  

ശൈലി മാറ്റുമോ?

ഷീലാ ദീക്ഷിത് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ജയിലിലടയ്ക്കുമെന്ന് പറഞ്ഞാണ് ആപ്പ് സർക്കാർ അധികാരത്തിലെത്തുന്നത്. കോമൺവെൽത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് ഷീലാ ദീക്ഷിതിനെതിരേയും പ്രകൃതിവാതക വിലവർധനയിൽ റിലയൻസ് മേധാവി മുകേഷ് അംബാനിക്കെതിരേയും ആപ്പ് സർക്കാർ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. എന്നാൽ, ഡൽഹി സർക്കാർ ഉണ്ടാക്കിയ അഴിമതിവിരുദ്ധ ബ്യൂറോ(എ.സി.ബി.)യുടെ തലപ്പത്ത് കേന്ദ്രസർക്കാർ അവർക്കിഷ്ടമുള്ള ഉദ്യോഗസ്ഥനെ നിയമിച്ചതോടെ ലെഫ്. ഗവർണറുമായി കെജ്‌രിവാൾ അങ്കംതുടങ്ങി. പിന്നീടങ്ങോട്ട് സംസ്ഥാനസർക്കാർ നീക്കുന്ന ഫയലുകളിലെല്ലാം കേന്ദ്രം പിടിമുറുക്കിയതോടെ കലഹം രൂക്ഷമായി. 

ഇതിനിടെ, മുഖ്യമന്ത്രി കെജ്‌രിവാൾതന്നെ കേന്ദ്രസർക്കാരിനെതിരേ ധർണനടത്തിയ സംഭവവുമുണ്ടായി. ഒന്നാം എ.എ.പി. സർക്കാരിന്റെ കാലത്ത് റെയിൽഭവനുമുന്നിലും പിന്നീട് ലെഫ്. ഗവർണറുടെ വീട്ടിലുമായിരുന്നു കെജ്‌രിവാളിന്റെ കുത്തിയിരിപ്പ് സമരം. കേന്ദ്രവുമായുള്ള ഡൽഹിയുടെ അധികാരത്തർക്കം സുപ്രീംകോടതിവരെയെത്തി. 
എന്നാൽ, കേന്ദ്രവുമായി ‘ഫൈറ്റ് മോഡ്’ തുടരില്ലെന്നാണ് പൊതുതിരഞ്ഞെടുപ്പിനുശേഷമുള്ള സൂചന. വികസനത്തിനായി കേന്ദ്രവുമായി യോജിച്ച് പ്രവർത്തിക്കുമെന്നാണ് കെജ്‌രിവാൾ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഫെബ്രുവരിയിലെ നിയമസഭാതിരഞ്ഞെടുപ്പുവരെ കേന്ദ്രവുമായി വലിയ കലഹത്തിന് കെജ്‌രിവാൾ മുതിർന്നേക്കില്ല. 

ഭരണനേട്ടങ്ങൾ വോട്ടാക്കാൻ ലക്ഷ്യം

ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോവുക എന്നതാകും എ.എ.പി.യുടെ ഇനിയുള്ള തന്ത്രം. കുതിച്ചുയരുന്ന വൈദ്യുതിനിരക്കും കുടിവെള്ളപ്രശ്നവും ഉയർത്തിക്കാട്ടിയാണ് എ.എ.പി. ഡൽഹിയിൽ അധികാരം പിടിച്ചെടുത്തത്. ഭരണത്തിലേറിയ ഉടൻതന്നെ വൈദ്യുതിനിരക്ക് നിയന്ത്രിക്കുകയും പ്രതിദിനം ഒരു കുടുംബത്തിന് 700 ലിറ്റർ വെള്ളം സൗജന്യമാക്കുകയും ചെയ്തു. കൂടാതെ, ടാങ്കർ മാഫിയയെമാത്രം കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന പല മേഖലകളിലും ഡൽഹി ജലബോർഡിന്റെ സൗജന്യവെള്ളമെത്തിക്കാനും സാധിച്ചു. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലേക്ക് കൂടുതൽ ബജറ്റ് വകയിരുത്തിക്കൊണ്ട് വലിയ വികസന പ്രവർത്തനങ്ങൾ തുടങ്ങിവെച്ചു. സർക്കാർ സ്കൂളുകളും ആശുപത്രികളും മെച്ചപ്പെടുത്തി. കൂടുതൽ സ്കൂളുകൾ തുടങ്ങി. മൊഹല്ല ക്ലിനിക്കുകൾ തുടങ്ങിവെച്ചതും സർക്കാരിന് നേട്ടമായി അവകാശപ്പെടാം. സ്ത്രീസുരക്ഷയ്ക്കായി കൂടുതൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയും പുരോഗമിക്കുന്നുണ്ട്. 

സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനായി സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്നതാണ് എ.എ.പി. സർക്കാരിന്റെ മറ്റൊരു അഭിമാനപദ്ധതി. ഡ്രൈവിങ് ലൈസൻസ്, വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, വാഹനരജിസ്‌ട്രേഷൻ, റേഷൻ കാർഡ്, ജലകണക്‌ഷനുകൾ, ജനന, മരണ, ജാതി സർട്ടിഫിക്കറ്റുകൾ തുടങ്ങി നാൽപ്പതോളം സേവനങ്ങളാണ് വീട്ടുപടിക്കലെത്തിക്കുന്നത്. വൈദ്യുതി, വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, സർക്കാർസേവനം തുടങ്ങി ഏറ്റവും അടിസ്ഥാനവിഷയങ്ങളിലൂന്നിയുള്ള പദ്ധതികൾ ഇനിയും വോട്ടായി മാറുമെന്നാണ് ആപ്പിന്റെ പ്രതീക്ഷ. കേന്ദ്രഭരണം കൈയിലുള്ള ബി.ജെ.പി.യും ഡൽഹിയിൽ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലുള്ള കോൺഗ്രസും അതിനെ എങ്ങനെയാണ് നേരിടുന്നത് എന്നതിനെ ആശ്രയിച്ചാകും കാര്യങ്ങൾ.

content highlights: is aap facing backlash