കെ-റെയിൽ സംബന്ധിച്ച് ഒട്ടേറെ ആശയക്കുഴപ്പം ജനങ്ങൾക്കുണ്ട്. എന്താണ് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ ? 

ഒരാശയക്കുഴപ്പത്തിന്റെയും ആവശ്യമില്ല. സർക്കാർ നിലപാട്  വളരെ വ്യക്തമാണ്. ഇത് സംസ്ഥാനത്തിന്റെമാത്രം പദ്ധതിയല്ല. കേന്ദ്രസർക്കാരാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. മറ്റു പല സംസ്ഥാനങ്ങളിലും ഇപ്പോൾ ഇത്തരം പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടക്കുന്നുണ്ട്. അതിവേഗ പാതയ്ക്കായി യു.ഡി.എഫ്. സർക്കാരും ശ്രമിച്ചിട്ടുണ്ട്. അതിനെക്കാൾ മെച്ചപ്പെട്ടതാണ് കെ-റെയിൽ പദ്ധതി. ഇതു നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായവും വേണ്ടതുണ്ട്. നിലവിൽ നമ്മുടെ ഗതാഗതക്കുരുക്കിന് മറ്റു പരിഹാരമില്ല. ഒരുപാട് സർക്കാർജീവനക്കാരുള്ള സംസ്ഥാനമാണ് നമ്മുടേത്. സിൽവർലൈൻ പദ്ധതി നടപ്പായാൽ കൊച്ചിയിൽനിന്ന് ഒരുദ്യോഗസ്ഥന് തിരുവനന്തപുരത്തെത്താൻ ഒന്നരമണിക്കൂർ മതിയാവും.  സമയം, വാടകയ്ക്ക് താമസിക്കാനുള്ള ചെലവ് തുടങ്ങി എത്രയോ കാര്യങ്ങളിൽ  പണം ലാഭിക്കാം.

പ്രതിപക്ഷം ഒന്നടങ്കം പദ്ധതിയെ എതിർക്കുകയാണല്ലോ  ?

പ്രതിപക്ഷം കേന്ദ്രവുമായി ചേർന്ന് പദ്ധതിയെ തുരങ്കംവെക്കാൻ ശ്രമിക്കുന്നു എന്നു പറയുന്നില്ല. എന്നാൽ, ചില കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷത്തിന്റെയും സംസാരം കൂട്ടിവായിച്ചുനോക്കണം. പ്രതിപക്ഷവും നേരത്തേ അതിവേഗ റെയിൽ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചതാണല്ലോ. അപ്പോൾ ഇപ്പോഴത്തെ എതിർപ്പിന് പിന്നിൽ രാഷ്ട്രീയം കാണേണ്ടിവരില്ലേ.

പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര നിലപാട് എന്താണ്  ?

കേന്ദ്രം ചില വിവരങ്ങൾകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണെങ്കിൽ ലാഭം മാത്രമല്ല, വായ്പയുടെ കാര്യത്തിലും സംയുക്ത ഉത്തരവാദിത്വം വേണം. നിരത്തിലെ തിരക്ക് കുറയേണ്ടതുണ്ട് എന്ന കാര്യത്തിൽ കേന്ദ്രത്തിനും സമാനചിന്താഗതിയാണുള്ളത്. റെയിൽവേയുടെ ഭൂമി കേന്ദ്രത്തിന്റെ ഓഹരിയായി പരിഗണിക്കാമെന്നാണു പറഞ്ഞിരുന്നത്. എന്നാലിപ്പോൾ അന്താരാഷ്ട്ര ഏജൻസികളിൽ നിന്നെടുക്കുന്ന വായ്പയ്ക്ക് കേന്ദ്രം ഗാരന്റി നിൽക്കില്ലെന്നു പറയുന്നുണ്ട്. അതു സ്വീകരിക്കാൻ നിർവാഹമില്ല. സംയുക്ത പദ്ധതിയാണെങ്കിൽ ഉത്തരവാദിത്വത്തിന്റെ കാര്യത്തിലും ഇതു ബാധകമാവണം. 

പദ്ധതി എത്രകാലംകൊണ്ട് ലാഭകരമാവുമെന്നാണ് കരുതുന്നത് ?

ഏതൊരു പദ്ധതിയും തുടക്കത്തിൽ ലാഭകരമാവില്ല. മെട്രോ റെയിലിന്റെ അവസ്ഥയും ഇങ്ങനെയായിരുന്നില്ലേ. ഘട്ടംഘട്ടമായി മാത്രമേ ലാഭം പ്രതീക്ഷിക്കേണ്ടതുള്ളൂ. 10, 15 തീവണ്ടികളെങ്കിലും പാതയിലൂടെ ഓടിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഒരു തീവണ്ടിയും നഷ്ടത്തിൽ ഓടുന്നില്ല. ഒരുവർഷംകൊണ്ട് പാത ലാഭത്തിലാവുമെന്നാണ് പ്രതീക്ഷ.

പദ്ധതി പൂർത്തിയാകുമ്പോൾ എത്ര തുക ചെലവാകുമെന്നാണ് കരുതുന്നത് ?

64,000-ത്തോളം കോടിയെന്നു പറയുന്നത് പദ്ധതി പൂർത്തിയാക്കാനുള്ള തുകയാണ്. 6085 കോടി നികുതിയിനത്തിൽ ഒഴിവാക്കും. 975 കോടിയാണ് റെയിൽവേ ഭൂമിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2180 കോടി കേന്ദ്ര വിഹിതവും. 3225 കോടി സംസ്ഥാനം വഹിക്കും. 4252 കോടി ഓഹരിപങ്കാളിത്തത്തോടെ സമാഹരിക്കും. 33,700 കോടി രൂപയാണ് അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പയെടുക്കുക. കിഫ്ബി, ഹഡ്‌കോ, റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ എന്നിവിടങ്ങളിൽനിന്നു വായ്പ ലഭ്യമാക്കും. ഹഡ്‌കോ ഇപ്പോൾത്തന്നെ 3000 കോടി അനുവദിച്ചുകഴിഞ്ഞു. 13,362 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിവരും. 9000-ത്തോളം കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടിവരും. പക്ഷേ, ഇതിനെല്ലാമുള്ള മൊത്തം ഗാരന്റി സംസ്ഥാനം തനിച്ചു വഹിക്കണമെന്നു പറയുന്നതിൽ ഒരു ശരിയില്ലായ്മയുണ്ട്.

കെ-റെയിലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇനിയും വ്യക്തമായ ധാരണയില്ലെന്ന്‌ ആരോപണമുണ്ടല്ലോ ?

ഒട്ടും ശരിയല്ല. സംസ്ഥാനത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തികച്ചും പരിസ്ഥിതിസൗഹാർദമായ പദ്ധതിയാണിത്. എവിടെയും സ്വാഭാവിക നീരൊഴുക്കിന് തടസ്സംവരാതെയാണ് പദ്ധതി നടപ്പാക്കുക. വലിയ മല വരുന്ന സ്ഥലങ്ങളിൽ മലയിടിക്കാതെ തുരങ്കപാതയാണ് ഉദ്ദേശിക്കുന്നത്. കെ-റെയിൽ യാഥാർഥ്യമായാൽ തീവണ്ടിയിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം കൂടും. 90,000-ത്തോളം യാത്രക്കാരെയാണ് ദിനംപ്രതി പ്രതീക്ഷിക്കുന്നത്. ഇവർ റോഡു യാത്രയ്ക്കുപകരം ഇവർ തീവണ്ടിമാർഗം സഞ്ചരിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ്‌ അത്രയും കുറയും. കാലാവസ്ഥാ വ്യതിയാനത്തിന് അന്തരീക്ഷത്തിലെത്തുന്ന കാർബൺ ഡയോക്സൈഡിനുള്ള പങ്ക് നമുക്കെല്ലാം അറിയാവുന്നതാണല്ലോ. സിൽവർലൈൻ പദ്ധതി അന്തരീക്ഷ മലിനീകരണവും  ശബ്ദമലിനീകരണവും ഒട്ടുമുണ്ടാക്കില്ല. കൂടുതൽ പാടങ്ങളുള്ള സ്ഥലത്തുകൂടി പാത കടന്നുപോകുമ്പോൾ അവിടെ ആകാശപാതയാണ് ലക്ഷ്യമിടുന്നത്.  

കേന്ദ്രം പിൻവാങ്ങുന്നപക്ഷം സംസ്ഥാനത്തിന് ഒറ്റയ്ക്ക് പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയുമോ ?

മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.  കേന്ദ്രം പിൻവാങ്ങുന്ന പക്ഷം എന്തു ചെയ്യാനാവുമെന്ന് സംസ്ഥാനത്തിന് ആലോചിക്കേണ്ടിവരുമെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്തായാലും സംസ്ഥാനം ഇക്കാര്യത്തിൽ പിന്നോട്ടില്ല. മുന്നോട്ടുപോകാൻതന്നെയാണ് തീരുമാനം. കേന്ദ്രം പിന്തുണയ്ക്കുമെന്നു തന്നെയാണ് കരുതുന്നത്. നേരത്തേ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും സംസ്ഥാനങ്ങളിൽ ഇത്തരം റെയിൽപ്പാതകളുടെ അനിവാര്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാത യാഥാർഥ്യമായാൽ നാലുമണിക്കൂറുകൊണ്ടാണ് ഒരാൾക്ക് കാസർകോടുനിന്ന്‌ തിരുവനന്തപുരത്തെത്താൻ കഴിയുക. ഗുരുവായൂരമ്പലത്തിൽനിന്നു ഏഴുകിലോമീറ്റർ അകലെയായാണ് തൃശ്ശൂരിലെ സ്റ്റോപ്പ് വരുന്നത്. കാസർകോടുനിന്ന് ഒരാൾക്ക് രണ്ടു മണിക്കൂർകൊണ്ട് ഗുരുവായൂരെത്താം.

നഷ്ടപരിഹാരം സംബന്ധിച്ച്... 

ദേശീയപാത സ്ഥലമെടുപ്പിനു സ്വീകരിച്ച അതേ മാനദണ്ഡമായിരിക്കും ഇവിടെയും നടപ്പാവുക. ഗ്രാമങ്ങളിൽ വിപണിവിലയുടെ നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടിയും. ദേശീയപാതയ്ക്ക്‌ സ്ഥലമെടുത്തപ്പോൾ തീരെ വിലകുറഞ്ഞ വയൽപ്രദേശത്തിനും മറ്റും കിട്ടിയ വിലകണ്ട് സ്ഥലമുടമസ്ഥർതന്നെ അന്തംവിട്ട ഉദാഹരണങ്ങളുണ്ട്.  സിൽവർലൈൻ പദ്ധതിയുടെ പേരിൽ ആരും വഴിയാധാരമാവില്ല. എല്ലാവർക്കും തൃപ്തികരമായ നഷ്ടപരിഹാരം ലഭിച്ചിരിക്കും. ലാൻഡ് അക്വിസിഷൻ വിഭാഗം ഓരോ ജില്ലയിലും ഇതിനായി ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. അവർ വൈകാതെ സ്ഥലം സന്ദർശിക്കും. 

കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ ഭൂമി വേണ്ടവർക്ക് അത് ലഭ്യമാക്കാനുള്ള ശ്രമവും ഉണ്ടാവും. 1730 കോടി പുനരധിവാസത്തിനു വേണ്ടിവരും. 4660 കോടി കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനും വേണം. 20, 25 മീറ്ററാണ് പാതയ്ക്കായി വേണ്ടിവരുക. സ്റ്റേഷൻ വേണ്ടിടത്ത് കുറച്ചു കൂടുതൽസ്ഥലം ആവശ്യമാണ്. 11 സ്റ്റേഷനുകളാണുണ്ടാവുക. ഇവിടെ വേണമെങ്കിൽ ഉടമകൾക്കുതന്നെ കെട്ടിടം നിർമിക്കാം. അവിടെയുള്ള കടകളെല്ലാം അവർക്ക് ആവശ്യക്കാർക്ക് വാടകയ്ക്കു നൽകാം. യു.ഡി.എഫ്. നിർദേശിച്ച അതിവേഗ റെയിലിനെക്കാൾ പാതിയിലും കുറഞ്ഞചെലവാണ് സിൽവർ ലൈൻ പദ്ധതിക്കു വരുന്നത്. വിനോദസഞ്ചാരമടക്കം സംസ്ഥാനത്തിന്റെ വികസനത്തിൽ കെ- റെയിൽ പദ്ധതിക്ക് വലിയസംഭാവന നൽകാനാവും.

Content Highlights: Interview with V.Abdurahiman on Semi High-Speed Rail (SilverLine) Project