ർ.എസ്.എസ്.-സി.പി.എം. സമാധാനചർച്ചകൾക്ക് മുൻകൈയെടുത്ത സത്‌സംഗ് ഫൗണ്ടേഷൻ സാരഥി  ശ്രീ എം ഇപ്പോൾ  വാർത്തകളിൽ നിറയുന്നു. ഇരുകക്ഷികൾക്കുമിടയിലെ സൗഹൃദത്തിന്റെ ഇടനിലക്കാരൻ എന്ന് വിശേഷിപ്പിച്ച് ഇന്നത്തെ രാഷ്ട്രീയവുമായാണ് ആ ശ്രമങ്ങളെ പലരും വ്യാഖ്യാനിക്കുന്നത്‌. എന്നാൽ, അതിലൊന്നും ഒരു കഴമ്പുമില്ലെന്ന് ശ്രീ എം പറയുന്നു. കൊൽക്കത്തയിലെ ബേലൂർ മഠത്തിലേക്കുള്ള കാർയാത്രയ്ക്കിടയിൽ മാതൃഭൂമി പ്രതിനിധി പി.പി. ശശീന്ദ്രന് നൽകിയ  ടെലിഫോൺ അഭിമുഖത്തിൽ  ആ ചർച്ചകളെക്കുറിച്ച് ശ്രീ എം സംസാരിക്കുന്നു...

താങ്കളുടെപേരിൽ ഇപ്പോൾ കേരളരാഷ്ട്രീയത്തിൽ വലിയ വിവാദം നടക്കുന്നത് അറിയാമോ

അറിയാം. എന്റെ ചില സുഹൃത്തുക്കൾ  പറഞ്ഞാണ് അതറിഞ്ഞത്. വർഷങ്ങൾക്കുമുമ്പ് കണ്ണൂരിലെ സി.പി.എം.-ആർ. എസ്.എസ്. സംഘർഷം ഒഴിവാക്കാൻ ഞാൻ മുൻകൈയെടുത്ത് ചർച്ചകൾ സംഘടിപ്പിച്ചു എന്നത് ശരിയാണ്. നല്ല കാര്യമല്ലേ അത്. പക്ഷേ, എന്തിനാണ് അതിപ്പോൾ വിവാദമാക്കുന്നതെന്ന് മനസ്സിലാവുന്നില്ല. എനിക്ക് രാഷ്ട്രീയമില്ല. മനുഷ്യനന്മയ്ക്കായുള്ള എല്ലാ പ്രവർത്തനത്തിനും കൂടെ ഞാൻ എന്നുമുണ്ടാകും.

ആർ.എസ്.എസിനും സി.പി.എമ്മിനും ഇടയിലുള്ള പാലമാണെന്നാണ് ആക്ഷേപം

വർഷങ്ങൾക്കുമുമ്പ് കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഞാനൊരു പദയാത്ര നടത്തിയിരുന്നു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ യാത്ര.  മാസങ്ങൾനീണ്ട ആ യാത്രയിൽ പലതും കണ്ടറിഞ്ഞു. ബനാറസിലൂടെ നടക്കുമ്പോൾ അവിടെവെച്ചും ചിലർ കേരളത്തിലെ രാഷ്ട്രീയസംഘർഷത്തെക്കുറിച്ച് ചോദിച്ചു. അപ്പോഴാണ് അതിന്റെ തീവ്രത എനിക്ക് ബോധ്യപ്പെട്ടത്.  യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ‘മാതൃഭൂമി’യുടെ ഒരു ലേഖകനാണ്, കണ്ണൂരിലെ സംഘർഷം തീർക്കാൻ ഇടപെടുമോ എന്ന് ആരാഞ്ഞത്. ലേഖകന്റെ പേര് ഓർക്കുന്നില്ല. അതായിരുന്നു തുടക്കം. 
സാധാരണക്കാരായ കുറെ മനുഷ്യരാണ് മരിച്ചത്. അവരുടെ കുടുംബങ്ങളാണ് വേദനിച്ചത്. അതിലപ്പുറമുള്ള രാഷ്ട്രീയത്തെക്കുറിച്ച് ഞാൻ അന്വേഷിക്കുന്നില്ല. ഇരുപക്ഷത്തെയും ഒരുമിച്ചിരിക്കാൻ ഞാൻ മുൻകൈയെടുത്തു എന്നുമാത്രം. അവരാണ് അത് യാഥാർഥ്യമാക്കിയത്. അല്ലാതെ അത് എന്റെ നേട്ടമാണെന്ന് കരുതുന്നില്ല.

എങ്ങനെയായിരുന്നു ചർച്ചകളുടെ തുടക്കം

വളരെ സെൻസിറ്റീവായ വിഷയമായതിനാൽ ഞാൻതന്നെയാണ് അതിനായി മുൻകൈയെടുത്തത്. ഇരുപക്ഷത്തെയും കുറച്ചുനേതാക്കളെ എനിക്ക് നേരത്തേതന്നെ പരിചയമുണ്ട്. ചിലരുമായി സംസാരിച്ചപ്പോൾ അങ്ങനെ ഒന്നിച്ചിരിക്കാൻ കഴിയുമോ എന്നതായിരുന്നു ഇരുപക്ഷത്തെയും സംശയം. നേരത്തേ  ഡൽഹിയിൽ പ്രവർത്തിക്കുന്ന സമയത്ത് ഒട്ടേറെ സംഘപരിവാർ നേതാക്കളെ പരിചയമുണ്ടായിരുന്നു. വൈകാതെ  ഡൽഹിയിൽവെച്ച് അന്നത്തെ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിനോട് ഈ വിഷയം സംസാരിച്ചു. സി.പി.എം. അതിന് തയ്യാറാവുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യചോദ്യം. അവർക്കുമാത്രമല്ല എല്ലാവർക്കും അതിൽ  താത്‌പര്യമുണ്ടെന്ന് അറിയിച്ചതോടെ കേരളത്തിലെ നേതാക്കളുമായി സംസാരിക്കാൻ  ആർ.എസ്.എസ്. തലവൻ നിർദേശിച്ചു. ഗോപാലൻകുട്ടി മാസ്റ്ററെ കാണാനായിരുന്നു പറഞ്ഞത്. കേരളത്തിൽ വന്നശേഷം  കോടിയേരി ബാലകൃഷ്ണനുമായും ഗോപാലൻകുട്ടി മാസ്റ്ററുമായും ഈ വിഷയം  പ്രത്യേകമായി ചർച്ചചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചു.  എന്നെ വിശ്വസിച്ച് ഇരുവരും അതിനോട് യോജിച്ചതോടെ കാര്യങ്ങൾക്ക് വേഗം കൈവന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് ഒരു ഹോട്ടലിൽവെച്ച് ഇരുവിഭാഗത്തെയും ഒന്നിച്ചിരുത്താനായത്. പിണറായി വിജയനും  കോടിയേരിയും അതിൽ സംബന്ധിച്ചു. ഗോപാലൻകുട്ടി മാസ്റ്ററും രണ്ട് മുതിർന്ന ആർ.എസ്.എസ്. നേതാക്കളുമായിരുന്നു മറുപക്ഷത്ത്. തുടക്കത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും  പഴയകാര്യങ്ങളുടെ പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്ന എന്റെ അപേക്ഷ അവർ സ്വീകരിച്ചു. അതോടെ കാര്യങ്ങൾക്ക് പുരോഗതി കൈവന്നു. അതിന്റെ തുടർച്ചയായാണ് കണ്ണൂരിൽ രണ്ടാമത്തെ യോഗം നടന്നത്.

പിന്നീട് എന്തെങ്കിലും നടപടികളിൽ താങ്കൾ ഇടപെട്ടോ

മൂന്ന് യോഗങ്ങൾക്കുശേഷം ഞാൻ ചിത്രത്തിൽനിന്ന് പിന്മാറി. എങ്കിലും സൗഹൃദം പുതുക്കാൻ ഇരുപക്ഷത്തെയും ചില നേതാക്കളുമായി  ഇപ്പോഴും സംസാരിക്കാറുണ്ട്. എന്നാൽ, ആ സമയത്ത് കണ്ണൂരിലെ കളക്ടറായിരുന്ന മിർ മുഹമ്മദലി മിക്കവാറും എല്ലാ ഞായറാഴ്ചയും ഇരുവിഭാഗവുമായി സ്ഥിതി വിലയിരുത്തുമായിരുന്നു. 

വർഷങ്ങൾ കഴിഞ്ഞ് ഇപ്പോഴാണല്ലോ പക്ഷേ, ഈ ചർച്ചകൾ വിവാദമാവുന്നത്. അന്നിത് മാധ്യമങ്ങളുമായി പങ്കുവെച്ചില്ലല്ലോ

അതാണ് തമാശ. ഇപ്പോൾ ഞങ്ങളുടെ ഫൗണ്ടേഷന് യോഗാകേന്ദ്രം തുടങ്ങാൻ തിരുവനന്തപുരത്ത് നാലേക്കർ സ്ഥലം അനുവദിച്ചു എന്ന വാർത്ത പുറത്തുവന്നപ്പോഴാണ് ഈ ചർച്ചകളും വിവാദമായിരിക്കുന്നത്. അന്ന് ഇതിന് പരസ്യംകൊടുക്കേണ്ടതില്ലെന്ന് ഞങ്ങളെല്ലാം വ്യക്തിപരമായിത്തന്നെ തീരുമാനിച്ചതാണ്. ചർച്ചകൾ ലക്ഷ്യത്തിലെത്തുക എന്നതായിരുന്നു എന്റെ മോഹം.  

ഭൂമിവിവാദത്തെ എങ്ങനെ കാണുന്നു

ആന്ധ്രയിലുംമറ്റുമാണ് ഫൗണ്ടേഷന്റെ പ്രവർത്തനം പ്രധാനമായും നടക്കുന്നത്. ഞാൻ തിരുവനന്തപുരത്തുകാരനാണ്. എന്തുകൊണ്ട് കേരളത്തിലും ചില പരിപാടികൾ നടത്തിക്കൂടാ എന്നുചോദിച്ച് തിരുവനന്തപുരത്തുള്ള ഫൗണ്ടേഷന്റെ ആളുകളാണ് ഭൂമിക്കായി അപേക്ഷ നൽകിയത്.  ആശ്രമം വേണ്ടാ, യോഗാ കേന്ദ്രം ആവാമെന്നാണ് ഞങ്ങൾ ആലോചിച്ചത്. എന്നാൽ, അതിനെ ദുർവ്യാഖ്യാനംചെയ്യാനാണ് ചിലരുടെ ബോധപൂർവമായ ശ്രമം. അവർക്ക് അതിന്റേതായ ചില രാഷ്ട്രീയലക്ഷ്യങ്ങൾ കാണും. എനിക്ക് അതിനെക്കുറിച്ചും അറിയില്ല.  എങ്കിലും വിവാദം കാണുമ്പോൾ സ്ഥലത്തിന് അപേക്ഷിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു. എന്നാലും,  അത് കാര്യമാക്കേണ്ടതില്ലെന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞു.


എന്താണ് ആ സ്ഥലത്ത് ലക്ഷ്യമിടുന്നത്

പ്രധാനമായും യോഗാകേന്ദ്രമാണ് വിഭാവനംചെയ്യുന്നത്. ആന്ധ്രയിൽ ഞങ്ങൾ വിദ്യാലയങ്ങളും യോഗാ കേന്ദ്രങ്ങളും കളരിയും നടത്തുന്നുണ്ട്. കേരളത്തിൽ യോഗ, ധ്യാനം എന്നിവയ്ക്കായിരിക്കും പ്രാധാന്യം. ജൈവകൃഷിയെക്കുറിച്ചും ആലോചിക്കുന്നു.

താങ്കളെ ഒരു സംഘപരിവാറുകാരനായി മുദ്രകുത്തുന്നു എന്ന് തോന്നുന്നുണ്ടോ

ചിലരുടെ ശ്രമങ്ങൾ കാണുമ്പോൾ അങ്ങനെ തോന്നുന്നു. എന്നാൽ, ഞാൻ ഒരു പാർട്ടിയിലുമില്ല എന്നതാണ് യാഥാർഥ്യം.  എന്നാൽ, സംഘപരിവാറിന്റെ ചില ആശയങ്ങളോട് എനിക്ക് യോജിപ്പാണ്. നമ്മൾ ഏത് ആശയക്കാരനായാലും നാം ജീവിക്കുന്ന രാജ്യത്തോടുള്ള സ്നേഹവും ആദരവും പ്രധാനമാണ്. ഇന്ത്യയിൽ ജീവിക്കുന്നവർ ഇന്ത്യക്കാരനായിത്തന്നെ നിൽക്കണമെന്നും അതിൽ അഭിമാനിക്കണമെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.  അതുപോലെ  ഇടതുപക്ഷപ്രസ്ഥാനങ്ങൾ  സമത്വത്തെക്കുറിച്ച് പറയുന്നതിനോടും എനിക്ക് മതിപ്പാണ്.  
നല്ല കാര്യങ്ങൾ ആരുപറഞ്ഞാലും ഞാൻ അതിനെ സ്വാഗതംചെയ്യും.  തെറ്റാണെന്ന് തോന്നുന്നവ തിരുത്തിക്കാൻ ശ്രമിക്കുകയുംചെയ്യും. എല്ലാ രാഷ്ട്രീയപ്പാർട്ടിയിലുള്ളവരോടും  എനിക്ക് സൗഹൃദമുണ്ട്. എന്നാൽ, അത് എന്റെ രാഷ്ട്രീയമല്ല. രണ്ടും രണ്ടായിട്ടുതന്നെ കാണണം, കാണും.

സി.പി.എം. നേതാക്കളുമായി താങ്കൾക്ക് നല്ല ബന്ധമുണ്ടെന്ന് തോന്നുന്നു

കണ്ണൂരിൽ അവർ ഒരു യോഗാക്യാമ്പ് നടത്തിയപ്പോൾ എന്നെ ക്ഷണിച്ചിരുന്നു. ഞാനൊരു യോഗാഗുരു ആയതിനാലാവാം ആ ക്ഷണം.  വളരെ ചിട്ടയോടെയാണ് സി.പി.എം. പ്രവർത്തകർ ആ ക്യാമ്പ് സംഘടിപ്പിച്ചത്. യോഗയും ധ്യാനവുമൊക്കെ നന്നായി അവർ പരിശീലിച്ചിരുന്നു. പിണറായി വിജയനെ ചില ചടങ്ങുകളിലും പിന്നീട് കണ്ടു. വിഷയങ്ങളോട് വൈകാരികമായി ഇടപെടുന്ന ശീലക്കാരനല്ല അദ്ദേഹം. എല്ലാം കേട്ട് വളരെ അവധാനതയോടെ തീരുമാനമെടുക്കുന്ന നേതാവായാണ് എനിക്ക് പിണറായി വിജയനെ ബോധ്യപ്പെട്ടത്. പദയാത്ര കേരളത്തിലൂടെ പോയപ്പോൾ ഉമ്മൻചാണ്ടിയായിരുന്നു മുഖ്യമന്ത്രി. വലിയ സഹായങ്ങളാണ് അദ്ദേഹം നൽകിയത്. യാത്ര മലപ്പുറംജില്ലവഴി പോകുമ്പോൾ പ്രശ്നമുണ്ടാവുമെന്ന് ചില സംശയങ്ങളുണ്ടായി. പാണക്കാട് കുടുംബത്തെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. വിവരം പറഞ്ഞപ്പോൾ ആ കുടുംബത്തിലെ ഒരു പ്രമുഖൻ എന്നെ കാണാൻ വന്നു. പദയാത്രയ്ക്ക് എല്ലാ സഹായവും വാഗ്ദാനംചെയ്തു. കുറെദൂരം ഞങ്ങൾക്കൊപ്പം അദ്ദേഹവും കൂട്ടുകാരും നടന്നു. എന്റെ യാത്രയിലോ ചിന്തകളിലോ മറ്റൊന്നുമില്ലെന്ന് അവർക്ക് ബോധ്യമായിരുന്നു. എന്റെ സന്ദേശവും അതുതന്നെയാണ്. എല്ലാവർക്കും നന്മവരട്ടെ, എല്ലാവരും നന്നായി ജീവിക്കട്ടെ എന്നതുമാത്രം.

കണ്ണൂരിലെ ചർച്ച  എങ്ങനെയായിരുന്നു

കണ്ണൂരിലെ ചർച്ചയിൽ എന്തായാലും സി.പി.എം. ജില്ലാസെക്രട്ടറിയായ  പി. ജയരാജൻ  വേണമെന്ന് ഞാൻ  സി.പി.എം. നേതാക്കളോട് അപേക്ഷിച്ചു.  പറ്റുമെങ്കിൽ ആദ്യമൊന്ന് കണ്ണൂരിൽപ്പോയി ജയരാജനെ കാണാനാവുമോ എന്ന് കോടിയേരി ചോദിച്ചു.  അങ്ങനെ ഒരു രാത്രി കണ്ണൂരിലെ ലൈറ്റ് ഹൗസിനടുത്ത ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ജയരാജനുമായുള്ള  കൂടിക്കാഴ്ച. 
ഞാൻ ഒറ്റയ്ക്കാണ് പോയത്.   അദ്ദേഹം അവരുടെ നിലപാട് പറഞ്ഞു, ന്യായീകരണങ്ങളും. നിങ്ങൾ കരുതുന്നതുപോലെ ഒരു ഭീകരനല്ല താനെന്നും സമാധാനത്തിന് എന്തുചെയ്യാനും ഒരുക്കമാണെന്നും അദ്ദേഹം  വ്യക്തമാക്കി. അങ്ങനെ കണ്ണൂരിലെ യോഗത്തിൽ  പിണറായിക്കും കോടിയേരിക്കുമൊപ്പം ജയരാജനുമെത്തി. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇരുപക്ഷവും പിന്തുണ നൽകി. വൈകാതെ ഞങ്ങൾ കണ്ണൂരിൽ ഒരു സമാധാനപദയാത്രയും നടത്തി. എന്റെ ഇരുവശത്തുമായി പി. ജയരാജനും ഗോപാലൻകുട്ടി മാസ്റ്ററുമായിരുന്നു. കണ്ണൂർ ബിഷപ്പായിരുന്നു യാത്ര ഉദ്ഘാടനംചെയ്തത്. വലിയ ജനശ്രദ്ധനേടി ആ പരിപാടി. ഒരു പരിധിവരെ എന്റെ ശ്രമവും ചർച്ചകളും വിജയിച്ചെന്നാണ് എന്റെ വിശ്വാസം. ഇപ്പോൾ സംഘർഷം വളരെ കുറഞ്ഞില്ലേ? ആ ഉദ്യമത്തിൽ ഞാൻ ഒരു നിമിത്തമായി എന്നുമാത്രം.

 ശ്രീ എം.

1949 നവംബർ ആറിന് തിരുവനന്തപുരത്ത് ജനിച്ചു.  പൂർവാശ്രമത്തിലെ പേര് മുംതാസ് അലി ഖാൻ.  പത്തൊമ്പതാം വയസ്സിൽ ഹിമാലയത്തിലേക്കു പുറപ്പെട്ടു. നാഥ് സമ്പ്രദായ രീതിയിൽ 
ഉപാസന നടത്തി ശ്രീ മഥുകർനാഥ് എന്ന പേര് സ്വീകരിച്ചു. ആന്ധ്രപ്രദേശിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ നടത്തുന്നു. ഭാര്യ സുനന്ദ സനാദി. 2019-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

Content Highlight: Interview with sri M