പുതിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ആദ്യബജറ്റ് അവതരിപ്പിച്ച്, കോവിഡ് കവർന്ന സമ്പദ് വ്യവസ്ഥയുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ‘ആരോഗ്യം ആദ്യം’ എന്നത് പ്രമാണമായി സ്വീകരിച്ച് പന്ത്രണ്ടു  ദിവസംകൊണ്ടാണ് കോവിഡ്കാല പുതുക്കിയ ബജറ്റ് അദ്ദേഹം തയ്യാറാക്കിയത്. ആ ബജറ്റ് ഉയർത്തിയ ചർച്ചകളെക്കുറിച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ മാതൃഭൂമി ചീഫ് റിപ്പോർട്ടർ എസ്.എൻ. ജയപ്രകാശിനോട് പ്രതികരിക്കുന്നു. 

 

താങ്കളുടെ ആദ്യബജറ്റ് ചില നയമാറ്റങ്ങളുടെ തുടക്കമാണെന്ന തരത്തിലുള്ള ചർച്ചകളാണ് ഉയരുന്നത്. ഭൂപരിഷ്കരണനയം ഭേദഗതി ചെയ്യാൻ പോകുന്നു, മരിച്ചീനിയിൽനിന്ന് സ്പിരിറ്റുണ്ടാക്കാൻ നിർദേശിക്കുന്നു എന്നൊക്കെ. ഇത്തരം നടപടികളൊക്കെ മുന്നിലുണ്ടോ?


മരിച്ചീനിയിൽനിന്ന് സ്പിരിറ്റ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. മരിച്ചീനിയെക്കുറിച്ച് മാത്രമല്ല ഞാൻ പറഞ്ഞത്. കേരളത്തിൽ പെട്ടെന്ന് ചീത്തയാവുന്ന ഫലവർഗങ്ങളുണ്ട്. അത്തരം സാധനങ്ങളിൽ മരിച്ചീനിയെ ഉദാഹരണമായി പത്രസമ്മേളനത്തിൽ പറഞ്ഞെന്നേയുള്ളൂ. നമ്മുടെ വാഴപ്പഴങ്ങൾ, പൈനാപ്പിൾ ഒക്കെ ഇങ്ങനെയാണ്. ഇവ നമുക്ക് കയറ്റിയയയ്ക്കാനായില്ലെങ്കിൽ തിന്നുതീർക്കണം എന്നതാണ് സ്ഥിതി. മൂന്നുദിവസത്തിനകം തിന്നുതീർത്തില്ലെങ്കിൽ നശിച്ചുപോവും. പൈനാപ്പിൾ കർഷകർ എത്രമാത്രം ദുരിതമാണ് അനുഭവിക്കുന്നത്!
ഇങ്ങനെവരുമ്പോൾ ഫലവർഗങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കാൻ കൃത്യമായ സംസ്കരണരീതികൾ വേണം. വ്യവസായിക അസംസ്കൃത സാധനങ്ങളായാൽ ഇവയ്ക്ക് സ്ഥിരമായും തുടർച്ചയായും അവശ്യകതയുണ്ടാവും. ഇന്നതുണ്ടാക്കണമെന്ന് ഞാൻ പറഞ്ഞില്ല. സാമ്പത്തികമായി സാധ്യതയുള്ളതാണെങ്കിൽ സ്പിരിറ്റ് ഉണ്ടാക്കാൻ പറ്റുമോയെന്ന് ചർച്ചചെയ്യട്ടെ. സ്പിരിറ്റ് എന്നാൽ മദ്യം എന്നല്ല ഉദ്ദേശിക്കുന്നത്. വ്യാവസായികാവശ്യത്തിന് ധാരാളം സ്പിരിറ്റ് വേണം. സ്ഥിരമായി വരുമാനമുണ്ടാകുന്ന രീതികൾ ഉണ്ടാകണമെന്ന് ഞങ്ങളുടെ കർഷകസംഘടനയൊക്കെ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്.

സുഭിക്ഷകേരളം വന്നപ്പോൾ മരിച്ചീനി ധാരാളമായി ഉത്പാദിപ്പിച്ചു. ഇപ്പോൾ വിലകിട്ടാത്ത സ്ഥിതിയാണ്. അതുകൊണ്ടാണ് മരിച്ചീനിയുടെ ഉദാഹരണം പറഞ്ഞത്. അല്ലാതെ ഇതൊന്നും തീരുമാനിച്ചുറപ്പിച്ചതോ പാർട്ടിയുടെ നയമോ അല്ല. പറഞ്ഞത് നല്ല  ഉദ്ദേശ്യത്തിലാണ്. എനിക്ക് നിക്ഷിപ്തതാത്പര്യങ്ങളില്ല. കർഷകർക്ക് വരുമാനമുണ്ടാകുന്ന സാഹചര്യം സംസ്ഥാനത്തിന് നല്ലതാണ്.


തോട്ടങ്ങളിൽ ഫലവർഗക്കൃഷി എന്ന നിർദേശം ഭൂപരിഷ്കരണനയത്തിൽ മാറ്റമില്ലാതെ നടപ്പാക്കാനാവുമെന്നാണോ?


തോട്ടങ്ങളിൽ മറ്റുവിളകൾ കൃഷിചെയ്യുന്നതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. അതിനെ ഭൂപരിഷ്കരണത്തിലെ നയംമാറ്റമായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. വിളവൈവിധ്യമാണ് ഞാൻ ഉദ്ദേശിച്ചത്.തോട്ടവിളകളെന്നുപറഞ്ഞാൽ തോട്ടപരിധിക്ക്‌ പുറത്തുള്ളവയുമുണ്ട്. കൃഷിക്കാര്യത്തിൽ വൈവിധ്യംവേണമെന്നേ പറഞ്ഞുള്ളൂ. 
അതിന് നയംമാറ്റം വേണമെന്നില്ലല്ലോ. പതിനഞ്ചേക്കറിൽ കൂടുതലുള്ളിടത്തല്ലേ നയംമാറ്റത്തിന്റെ കാര്യമുള്ളൂ. തോട്ടങ്ങളെന്നുപറഞ്ഞാൽ എല്ലാം ഭൂപരിഷ്കരണനിയമത്തിൽ വരുന്നതല്ല. കേരളത്തിൽ ഭൂരിപക്ഷവും ചെറുകിടതോട്ടങ്ങളായിരിക്കും. ഇത്തരത്തിൽ വ്യാഖ്യാനങ്ങൾ വരുന്നതിലൊന്നും പ്രശ്നമില്ല. ചർച്ചകൾ നടക്കട്ടെ.


കോവിഡ് കാരണം ഉപജീവനം നഷ്ടപ്പെട്ടവർക്ക് നേരിട്ട് പണമെത്തിക്കുമെന്ന ബജറ്റിലെ പരാമർശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അത് തിരുത്തേണ്ടിവരുമോ?

സഭയിലുന്നയിക്കുന്ന സാങ്കേതിക പ്രശ്നങ്ങളൊക്കെ അവിടെ വിശദീകരിക്കാവുന്നതേയുള്ളൂ. എന്റെ ഉദ്ദേശശുദ്ധി പ്രതിപക്ഷത്തിനും ബോധ്യപ്പെടുമെന്ന് കരുതുന്നു. ആളുകൾക്ക് മൂന്നുതരത്തിൽ സഹായം എത്തിക്കുന്നതാണ് ഈ പാക്കേജ്.  ഒന്ന്:  കോവിഡിനെ പ്രതിരോധിക്കാൻ ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. രണ്ട്: വ്യവസായങ്ങൾക്കും വ്യക്തികൾക്കും സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാനായി പരമാവധി പണം നാലോ അഞ്ചോ ശതമാനം പലിശയ്ക്ക് കിട്ടുക. അതിനുള്ള പലിശ സബ്‌സിഡി സർക്കാർ നൽകും. അങ്ങനെ വരുമ്പോൾ ടൂറിസം ഉൾപ്പെടെയുള്ള മേഖലയിലേക്ക്‌ പതിനായിരം കോടി കിട്ടും. പലിശ കുറവായതിനാൽ ഇന്നത്തെ സാഹചര്യത്തിൽ അവർക്ക് വലിയ സഹായമായിരിക്കും. മൂന്നാമത്തേത് ജനങ്ങൾക്ക് അവരുടെ ജീവിതത്തിലേക്ക്‌ നേരിട്ട് കിട്ടുന്നതാണ്. അതിലെ പദാവലിയുടെ പ്രശ്നമാണ് ചർച്ചയായത്. ഇക്കാര്യത്തിൽ വളരെ പോസിറ്റീവായ സമീപനമാണ് ഞങ്ങളെടുത്തത്.


ബജറ്റിൽ പ്രഖ്യാപിച്ച പാക്കേജ് എന്ന് നടപ്പാക്കും? എത്രകാലം ഈ ആനുകൂല്യങ്ങൾ തുടരും?


ഉടൻതന്നെ നടപ്പാക്കിത്തുടങ്ങും. ചില കാര്യങ്ങളെല്ലാം ഇതിനകംതന്നെ ചെയ്തിട്ടുണ്ട്. വാക്സിൻ വാങ്ങാനുള്ള തുകയെല്ലാം മുൻകൂറായി നൽകും. ക്ഷേമനിധി ബോർഡുകളിലെ തൊഴിലാളികൾക്കും ഒരു പെൻഷനും കിട്ടാത്തവർക്കും ആയിരം രൂപവീതം നൽകണം. 110 കോടിയാണ് വേണ്ടത്. അത് ഉടൻ കൊടുത്തുതുടങ്ങും. എത്രകാലം ആനുകൂല്യങ്ങൾ തുടരേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാവില്ല. കോവിഡിന്റെ തുടർ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കും.


പാറഖനനവും മണൽവാരലും നികുതിയിതര വരുമാനമാർഗങ്ങളായി ഇടക്കാല സാമ്പത്തികനയരേഖയിൽ പറയുന്നുണ്ട്. അതൊരു നയപ്രഖ്യാപനമാണോ? പാറഖനനം സർക്കാർ മേഖലയിലാക്കുമെന്ന് എൽ.ഡി.എഫിന്റെ മുൻ പ്രകടനപത്രികയിൽ പറഞ്ഞിരുന്നല്ലോ?


അതെല്ലാം നേരത്തേ പറയുന്ന കാര്യങ്ങളാണ്. അതിന്റെ തുടർച്ചയായി ഇപ്പോഴും വന്നുവെന്നേയുള്ളൂ. പരിസ്ഥിതിക്ക് ദോഷകരമായതൊന്നും ചെയ്യില്ല. മനുഷ്യന് ജീവിക്കാനുള്ളതുകൂടിയാണ് പരിസ്ഥിതിയെന്നതും കാണണം. ഞങ്ങൾ പരിസ്ഥിതിസംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകിയാണ് പ്രവർത്തിക്കുന്നത്. പാറഖനനം സർക്കാർ മേഖലയിലാക്കുന്നതിനെക്കുറിച്ച് കുറെ ചർച്ചകൾ നടന്നിട്ടുണ്ട്. അത് അന്തിമമായിട്ടില്ല. ഈ സമയത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ആരോഗ്യം, ഭക്ഷണം, സാമ്പത്തികരംഗത്തെ ഉന്നമനം എന്നിവയ്ക്കാണ് ബജറ്റിൽ മുഖ്യപരിഗണന നൽകിയിട്ടുള്ളത്. മറ്റൊന്നും ഇപ്പോൾ തൊട്ടിട്ടില്ല.