ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെയാണ് ബാധിക്കുന്നത്?

= വ്യവസായമേഖലയിൽ മാത്രം 15,000 കോടിയുടെ നഷ്ടമാണുള്ളത്. ഹോട്ടൽ റെസ്റ്റോറന്റ് മേഖലയിൽ 17,000 കോടിയാണ് നഷ്ടം. 57.7 ലക്ഷം ഹോട്ടൽത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂടുതൽ പ്രശ്നം നേരിടുന്നത് ടൂറിസം മേഖലയാണ്. 20,000 കോടിയാണ് മൂന്നുമാസത്തെ നഷ്ടം കണക്കാക്കുന്നത്. പക്ഷേ, രണ്ടുവർഷമെങ്കിലും ടൂറിസം പ്രതിസന്ധി നേരിടും. എന്നാൽപോലും പഴയനിലയിലേക്ക് തിരിച്ചെത്തുമോയെന്ന് ഉറപ്പില്ല. ഐ.ടി.മേഖലയിൽ 26,200 പേർക്ക് തൊഴിൽ നഷ്ടമാകും. കടലോരമേഖലയിൽ 15,000 കോടിയാണ് നഷ്ടം. ഈ നഷ്ടങ്ങളെല്ലാമുണ്ടാക്കുന്ന സാമ്പത്തിക തിരിച്ചടി കേരളത്തിന് കനത്തതാണ്. ഇത് മുറിച്ചുകടന്ന് സമൂഹത്തെ മാറ്റിയെടുക്കാനാകണം. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉത്‌പാദനമേഖല വിപുലീകരിക്കാനാകണം. ഉത്‌പന്നങ്ങൾക്ക് വിപണിയുണ്ടാകണം. അതുണ്ടാക്കാൻ ജനങ്ങൾക്ക് വാങ്ങാൻ പണമുണ്ടാകണം. പണം കിട്ടാൻ തൊഴിലുണ്ടാകണം. ഇതിനനുസരിച്ച് ഉത്‌പാദനരീതിയും തൊഴിൽസാഹചര്യവും വളർത്തണം. അതാണ് സർക്കാർ ശ്രമിക്കുന്നത്.

കോവിഡ് വ്യവസായസംരംഭങ്ങളുടെ മുൻഗണന മാറ്റിയിട്ടുണ്ടോ?

= പ്രളവും കോവിഡുമെല്ലാം പുതിയ പാഠം നമുക്ക് നൽകുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണം കേരളത്തിൽ കാര്യമായില്ലെന്നതാണ് അതിലൊന്ന്. കെ.എസ്.ഡി.പി. ഉണ്ടെങ്കിലും, അതിനൊന്നും കാര്യക്ഷമമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ജനറിക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉണ്ടാക്കാനുള്ള സമഗ്രപദ്ധതിയാണ് ഇപ്പോൾ വ്യവസായവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. തെർമോമീറ്റർമുതൽ വെന്റിലേറ്റർവരെ ഇവിടെ നിർമിക്കും. ആരോഗ്യവ്യാപാരമാണ് ഇവിടെ നടക്കുന്നത്. മരുന്ന് കഴിക്കുന്നത് രണ്ടോ മൂന്നോ രോഗങ്ങളെ ഉത്‌പാദിപ്പിക്കുന്നതിനു വേണ്ടിയാണെന്നാണ് അവസ്ഥ. ഇത് മാറണം. അതിനാണ് അത്യാവശ്യമരുന്നുകൾ ഇവിടെ ഉത്‌പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നത്. കേരളത്തെ മെഡിക്കൽ ഉപകരണങ്ങളുടെ ഹബ്ബാക്കിമാറ്റും. ഇനിയും മാരകരോഗങ്ങളുണ്ടാകില്ലെന്ന് കണക്കാക്കാനാവില്ല. അതുണ്ടായാലും നേരിടാനുള്ള ഒരുക്കമാണ് കേരളം നടത്തുന്നത്.

എന്താണ് കേരളം പഠിക്കേണ്ടതും തിരുത്തേണ്ടതും?

= റിയാക്‌ഷൻ തിരിച്ചറിഞ്ഞ് ആക്‌ഷൻ തയ്യാറാക്കുകയാണ് നമുക്ക് ചെയ്യാനാവുന്നത്. ഭക്ഷ്യോത്‌പാദനം കൂട്ടി സ്വന്തം കാലിൽ നിന്ന് വളരാൻ കേരളം ഒരുങ്ങേണ്ടതുണ്ട്. ഈ പ്രാപ്തിയിലേക്ക് കേരളത്തെ നയിക്കുന്നതിൽ മുൻകാലങ്ങളിൽ പല വീഴ്ചകളും സംഭവിച്ചിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ചില തെറ്റായ പ്രവണതകൾ കടന്നുവന്നിട്ടുണ്ട്. മണ്ണിലധ്വാനിക്കുന്നവന് ജീവിക്കാനുള്ള വരുമാനം കിട്ടാത്ത സ്ഥിതിയാണുള്ളത്. ചിലർക്ക് വലിയ ശമ്പളവും കർഷകത്തൊഴിലാളിക്ക് ജീവിക്കാൻ കൂലിയുമില്ലാത്ത അവസ്ഥ. ഇത് തിരുത്താൻ ആധുനികസമൂഹം തയ്യാറാവണം. കർഷകർക്ക് ജീവിക്കാനുള്ള വരുമാനം നിശ്ചയിച്ച് നൽകണം. ജനങ്ങളോട് പ്രതിബന്ധതയില്ലാത്ത ഉദ്യോഗസ്ഥർ ഇപ്പോഴുമുണ്ട്. അത് കേരളത്തിന്റെ ശാപമാണ്. തൊഴിൽമേഖലയിലും പ്രശ്നമുണ്ട്. നോക്കുകൂലി പൂർണമായി ഇല്ലാതായിട്ടില്ല. ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധം തൊഴിലാളികൾക്കും ഉണ്ടാകേണ്ടതുണ്ട്. മനോഭാവം മാറിയാലേ ഇതൊക്കെ നടപ്പാക്കാനാകൂ.

കോട്ടൺ കോർപ്പറേഷനും  കോടി പാക്കേജും

സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകൾക്കും കൈത്തറിസംഘങ്ങൾക്കുമായി പ്രത്യേകം കോട്ടൺ കോർപ്പറേഷൻ രൂപവത്കരിക്കും. 50 കോടി രൂപ ഇതിനായി സമാഹരിക്കും. 454 ടെക്‌സ്‌റ്റൈൽ സൊസൈറ്റികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 17 സ്പിന്നിങ് മില്ലുകളുമുണ്ട്. ഓരോ മില്ലുകളും സ്വന്തംനിലയിലാണ് കോട്ടൺ വാങ്ങുന്നത്. ഇത് ഉയർന്നവില നൽകേണ്ടിവരുന്നതിന് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കാൻ എല്ലാ സ്പിന്നിങ് മില്ലുകൾക്കുമായി കോട്ടൺ വാങ്ങാനാണ് തീരുമാനം. ഇതിനായാണ് കോട്ടൺ കോർപ്പറേഷൻ രൂപവത്കരിക്കുന്നത്. 
പരുത്തിക്ക് വിലകുറയുന്ന ഘട്ടത്തിൽ കോർപ്പറേഷൻ കോട്ടൺ വാങ്ങി സൂക്ഷിക്കുകയും അത് സ്പിന്നിങ് മില്ലുകൾക്ക് നൽകുകയും ചെയ്യും. ഇതിലൂടെ നിർമിക്കുന്ന നൂൽ ടെക്‌സ്‌റ്റൈൽ സംഘങ്ങൾക്ക് നൽകും. ഇതുവഴി തുണി ഉത്‌പാദനം കൂട്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിൽപ്പനയ്ക്ക് ഓൺലൈൻ പ്ലാറ്റ് ഫോം വാണിജ്യമിഷൻ തയ്യാറാക്കിയിട്ടുണ്ട്. 

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ചെറുകിട-ഇടത്തരം സംരംഭങ്ങളെ സഹായിക്കാൻ ഭദ്രത എന്നപേരിൽ 3425 കോടി രൂപയുടെ സഹായപ്പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്.  സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും വിപണനപ്രശ്നങ്ങൾ മറികടക്കാനും പാക്കേജിന്റെ ഭാഗമായി സഹായം നൽകും. 
1.56 ലക്ഷം എം.എസ്.എം.ഇ. യൂണിറ്റുകളാണ് കേരളത്തിലുള്ളത്. വ്യവസായസംരംഭങ്ങളിൽ 70 ശതമാനം എം.എസ്.എം.ഇ.യാണ്. ഇത്തരം സംരംഭങ്ങളാണ് നാളത്തെ കേരളത്തിന്റെ ഭാവി. ഇവയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൂലധന ടേം വായ്പകൾ പുനഃക്രമീകരിക്കണമെന്ന് റിസർവ് ബാങ്കിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇതിനുപുറമേ,  ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ നൽകുന്ന ക്രെഡിറ്റ് ഗാരന്റി ഒരു ലക്ഷത്തിൽനിന്ന് അഞ്ചുലക്ഷം കോടിയായി ഉയർത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന വായ്പകളുടെ പകുതിയെങ്കിലും സർക്കാർ ഗാരന്റിയിലാക്കണമെന്നാണ് മറ്റൊരു നിർദേശമുള്ളത്. മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കുന്നവിധത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള കേന്ദ്രപദ്ധതിയുണ്ടാകുമെന്നാണ് മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചിട്ടുള്ളത്. ഇതിനുപുറമേ, എം.എസ്.എം.ഇ. പുനഃക്രമീകരണത്തിന് 500 കോടി രൂപയുടെ കേന്ദ്രസഹായം സംസ്ഥാനം തേടിയിട്ടുണ്ട്. ഭദ്രതാപാക്കേജ് സംസ്ഥാനം മാത്രം നടപ്പാക്കുന്നതാണ്.

പഴങ്ങളിൽനിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല

ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് അനുമതി നൽകും. കശുമാങ്ങയിൽനിന്ന് വൈൻ ഉണ്ടാക്കാനുള്ള ഒരു പദ്ധതിക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഉത്‌പാദനച്ചെലവ് കൂടിയതിനാൽ നിർമാണം തുടങ്ങാനായിട്ടില്ല. വാഴപ്പഴം, പൈനാപ്പിൾ എന്നിവയിൽനിന്നൊക്കെ ഒട്ടേറെ മൂല്യവർധിത ഉത്‌പന്നങ്ങളുണ്ടാക്കാനാകും. പൈനാപ്പിളിൽനിന്ന് നല്ല വൈൻ ഉത്‌പാദിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.

മൂന്നുവർഷത്തേക്ക് ലൈസൻസില്ലാതെ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നിയമഭേദഗതി കൊണ്ടുവന്നതാണ് കേരളം ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ ഏറ്റവും നിർണായകമാകുന്നത്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അപേക്ഷിക്കുന്ന സംരംഭങ്ങൾക്ക് ഒരാഴ്ചകൊണ്ട് അനുമതി നൽകാനും തീരുമാനിച്ചു. തിരിച്ചെത്തുന്ന പ്രവാസികളെ പങ്കാളിയാക്കി പുതിയ സംരംഭങ്ങൾ തുടങ്ങും. 

ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ച് ‘സുഭിക്ഷകേരളം’ പദ്ധതിയിലൂടെ കാർഷികമേഖലയിൽ ഉത്‌പാദനം കൂട്ടാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ, കാർഷികോത്‌പന്നങ്ങളിൽനിന്ന് മൂല്യവർധിത ഉത്‌പന്നങ്ങളുണ്ടാക്കുന്ന സംരംഭങ്ങൾ ഒരുക്കുകയാണ് വ്യവസായ വകുപ്പിന്റെ ചുമതല. അതിനായി സാമ്പത്തിക സഹായവും ഭൂമിയും നൽകിയുള്ള സമഗ്രപദ്ധതിയാണ് വ്യവസായ വകുപ്പ് ആസൂത്രണം ചെയ്യുന്നത്. അതിലൊന്ന് മാത്രമാണ് വൈൻ നിർമാണം. 

Content Highlights: Interview with Minister E P Jayarajan