ഒന്നരപ്പതിറ്റാണ്ടിലധികം അഫ്ഗാൻ സർക്കാരിൽ വികസനകാര്യ ഉപദേശകയായിരുന്ന ജൊവിറ്റ തോമസ് അഫ്ഗാനിസ്താനിലെ ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് വിവരിക്കുന്നു. തൃശ്ശൂർ സ്വദേശിനിയായ ജൊവിറ്റ 21 വർഷമായി സംഘർഷമേഖലകളിൽ ക്ഷേമപ്രവർത്തനങ്ങളിൽ വ്യാപൃതയാണ്. നിലവിൽ വേൾഡ് ബാങ്കിനുകീഴിൽ തെക്കനേഷ്യൻ മേഖലയിലെ സാമൂഹിക വികസനകാര്യ കൺസൽട്ടന്റാണ്. അഫ്ഗാനിസ്താനാണ്  മുഖ്യപ്രവർത്തനമേഖല. മാതൃഭൂമി പ്രതിനിധി കെ.സി. രഹനയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന് 

? എന്താണ് അഫ്ഗാനിസ്താനിലെ ഇപ്പോഴത്തെ അവസ്ഥ

= കാബൂളിൽ കടകളും ചില ഓഫീസുകളും സർവകലാശാലകളുമൊക്കെ തുറന്നിട്ടുണ്ടെങ്കിലും ഭീതിനിറഞ്ഞ അവസ്ഥയാണെങ്ങും. സ്ത്രീകൾ പുറത്തിറങ്ങാൻ ഭയക്കുന്നു. വീണ്ടുമൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വന്നതിനാൽ വിമാനത്താവളത്തിൽനിന്ന് ആളുകൾ ഒഴിഞ്ഞുതുടങ്ങി. ഇരട്ടസ്ഫോടനത്തിനുമുമ്പേതന്നെ ആക്രമണഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആളുകൾ പിരിഞ്ഞുപോകാൻ തയ്യാറായിരുന്നില്ല. നിലവിൽ യു.എസും യു.കെ.യും മാത്രമാണ് ഒഴിപ്പിക്കൽ തുടരുന്നത്. ആളുകൾ ഒഴിഞ്ഞുപോകാൻ ഇതുമൊരു കാരണമാണ്.

സ്ഫോടനം നടക്കുമ്പോൾ രണ്ടുലക്ഷത്തോളം പേർ വിമാനത്താവളത്തിലുണ്ടായിരുന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടും ആളുകൾ തിരികെപ്പോകാൻ തയ്യാറായില്ലേ? 

= ഇപ്പോൾ ജോർജിയയിലുള്ള എനിക്കടക്കം മുന്നറിയിപ്പ് കിട്ടിയിരുന്നു. നാടുവിടാൻ തയ്യാറായി വിമാനത്താവളത്തിലെത്തിയവർക്കെല്ലാം അമേരിക്കൻസേനയും താലിബാനും മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. എന്നിട്ടും അവരാരും മാറാൻ കൂട്ടാക്കിയില്ല. ഓഗസ്റ്റ്‌ 31-നകം അമേരിക്കൻസേന പൂർണമായും പിന്മാറുമെന്നും അതോടെ തങ്ങൾക്ക് രക്ഷപ്പെടാനുള്ള അവസാന അവസരവും ഇല്ലാതാകുമെന്നുമുള്ള ഭീതിയിലാണ് ജനം വിമാനത്താവളത്തിലെത്തിയത്. താലിബാൻകാർ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയിട്ടാണ് ചിലരെങ്കിലും തിരികെപ്പോകാൻ തയ്യാറായത്. സ്വന്തം നാടിനെ അവർ എത്രത്തോളം ഭയക്കുന്നുവെന്നതിന് തെളിവാണിത്. ഇതിനകം ഒന്നേകാൽ ലക്ഷത്തോളം പേർ വിദേശത്ത്‌  അഭയംതേടിക്കഴിഞ്ഞു. ഇനിയും നാടുവിടാൻ കഴിയാത്ത അഫ്ഗാൻകാർ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. എങ്കിലും പ്രാണരക്ഷയ്ക്കായുള്ള ശ്രമങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നു. 
 
? ഓഗസ്റ്റ് 31 എന്ന തീയതി അഫ്ഗാനിൽ ഇത്രത്തോളം പ്രസക്തമാകുന്നതെങ്ങനെയാണ് 

= ഈയൊരു ദിവസത്തോടെ അമേരിക്കൻസേന പൂർണമായും പിന്മാറിക്കഴിഞ്ഞാൽ പിന്നെ, രാജ്യത്തിനുപുറത്തേക്കുള്ള വഴികൾ പൂർണമായും അടയുമെന്ന് അവർ ഭയക്കുന്നു. ‘ഡെഡ്‌ലൈൻ’ പാലിക്കേണ്ടത് അമേരിക്കയുടെകൂടി ആവശ്യമായതിനാൽ, ഓഗസ്റ്റ്‌ 31-നുതന്നെ സേന തീർച്ചയായും രാജ്യംവിടും. എങ്കിലും, തങ്ങളുടെ അവസാനപൗരനെയും കൊണ്ടുപോകുന്നതുവരെ ഒഴിപ്പിക്കൽ തുടരുമെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. രാജ്യം വിടാനൊരുങ്ങുന്നവർക്ക് നേരിയ പ്രതീക്ഷ നൽകുന്നതാണിത്.

? ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തിട്ടുണ്ടല്ലോ? താലിബാനും ഐ.എസും ഇസ്‌ലാമികഭരണമെന്ന ഒരൊറ്റ ലക്ഷ്യത്തിനായി നിലകൊള്ളുന്നവരാണ്. പിന്നെ ഇവർക്കിടയിൽ സംഭവിക്കുന്നതെന്താണ്

= ഐ.എസ്. ഖൊറൈസൻ ആണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. എന്നാൽ, ഇത്രവലിയ ആക്രമണം ഒറ്റയ്ക്ക് നടത്താൻമാത്രം ഇവർക്ക് രാജ്യത്ത് വേരോട്ടമില്ല. താലിബാന്റെ കൊടുംഭീകര ഉപവിഭാഗമായ ഹഖാനി ശൃംഖലയുടെ പിന്തുണ ഐ.എസിന് കിട്ടിയിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. സേനാപിന്മാറ്റത്തിന് മുന്നോടിയായി യു.എസ്., താലിബാനുമായിമാത്രമാണ് ചർച്ചകൾ നടത്തിയതും കരാറിലെത്തിയതും. ഇത് താലിബാന് മേൽക്കൈ നൽകി. കരാറിൽ യു.എസ്. മുന്നോട്ടുവെച്ച മുഖ്യനിബന്ധന മറ്റൊരു ഭീകരസംഘടനയെയും രാജ്യത്തേക്ക് അടുപ്പിക്കരുതെന്നും തങ്ങളുടെ ക്യാമ്പുകൾക്കുനേരെ ഒരുതരത്തിലുള്ള ആക്രമണത്തിനും അവസരമൊരുക്കരുതെന്നുമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം സംഘങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് താലിബാൻ ഭാവിക്കുമെങ്കിലും ഇവർക്കിടയിൽ ആശയവിനിമയവും പരസ്പരസഹകരണവുമുണ്ട്. യു.എസ്. സർക്കാരിന്റെ ഭീകരപട്ടികയിൽ ഐ.എസും ഹഖാനി വിഭാഗവുമൊക്കെയുണ്ടെങ്കിലും താലിബാൻ ഇതുവരെ പെട്ടിട്ടില്ലെന്നതാണ് രസകരമായ മറ്റൊരു കാര്യം. ഇപ്പോൾനടന്ന ആക്രമണങ്ങളിലും മുഖ്യധാരയിലുള്ള താലിബാന്റെ മൗനസമ്മതമുണ്ട്. ഭയപ്പെടുത്തി, വിലപേശൽശക്തിയാകാനുള്ള ശ്രമമാണ് അവരുടേത്. മാത്രമല്ല, ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയർന്ന ജോലിയിലുള്ളവരുമാണ് രാജ്യത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരിൽ ഏറെയും. ഇവരെല്ലാം രാജ്യംവിട്ടാൽ പിന്നെ കാര്യങ്ങൾ എങ്ങനെ നടക്കുമെന്ന ആശങ്കയും താലിബാനുണ്ടാകും. താലിബാന് ഇത്തരം ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിക്കാൻ യു.എസിനും വിമുഖതയുണ്ട്‌. കാരണം, അഫ്ഗാൻജനതയെ സുരക്ഷിതകരങ്ങളിൽ ഏൽപ്പിച്ച്‌ മടങ്ങുന്നുവെന്ന പ്രതിച്ഛായയുണ്ടാക്കാനാണ് അവരുടെ ശ്രമം. വിമാനത്താവളത്തിൽ സ്ഫോടനമുണ്ടായപ്പോഴും മരണസംഖ്യ കുറച്ചുകാണിക്കാനാണ് യു.എസ്. അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളും വൻകിട മാധ്യമങ്ങളും ശ്രമിച്ചിരുന്നത്. ഇത്രയും വർഷത്തെ അനുഭവത്തിൽ ഒരുകാര്യം പറയാം, അഫ്ഗാൻസ്വദേശികൾ കൊല്ലപ്പെടുമ്പോൾ മരണസംഖ്യ കുറച്ചുകാണിക്കാൻ ബോധപൂർവമായൊരു ശ്രമം നടക്കും. ഇപ്പോൾ ഇത്രയെങ്കിലും പുറത്തുപറയേണ്ടിവന്നത് അമേരിക്കൻ സേനാംഗങ്ങൾകൂടി കൊല്ലപ്പെട്ടതുകൊണ്ടുമാത്രമാണ്. 

? സ്ത്രീകളുടെ അവസ്ഥയെന്താണ്? അവർക്ക് സാധാരണവേഷത്തിൽ, ബുർഖയിലല്ലാതെ പുറത്തുപോകാൻ സാധിക്കുന്നുണ്ടോ 

= സ്ത്രീകൾ ബുർഖയിടേണ്ടിവരുമോ എന്നല്ല ചോദിക്കേണ്ടത്;  സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരമുണ്ടാകുമോ, വിവാഹം സംബന്ധിച്ച് സ്വയം തീരുമാനമെടുക്കാൻ സാധിക്കുമോ, 2004-ൽ ഭരണഘടന സ്ത്രീകൾക്ക് അനുവദിച്ച അവകാശങ്ങൾ ലഭിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് അഫ്ഗാൻ സാഹചര്യത്തിൽ പ്രസക്തം. ബുർഖ അവർക്കൊരു സാധാരണവേഷംമാത്രമാണ്.  താലിബാനുമുമ്പേതന്നെ ലോകത്ത്‌ സ്ത്രീകൾക്ക്‌ ഏറ്റവും മോശം ജീവിതസാഹചര്യമുള്ളവരാണ് അഫ്ഗാനികൾ. താലിബാൻ പ്രത്യക്ഷത്തിൽ മാറ്റം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പഴയ നിലപാടിൽത്തന്നെയാണ് അവരിപ്പോഴും. പഴയപോലെ കർക്കശമായ രീതിയിൽ ശരീഅത്ത്‌ നിയമങ്ങൾ നടപ്പാക്കലാണോ അതോ ഇറാനെപ്പോലെ ലിബറൽ രീതിയിലേക്ക് മാറുമോ തുടങ്ങിയ കാര്യങ്ങൾ കണ്ടറിയണം. 

? സർക്കാർ ഒരിക്കലും പ്രതിരോധിക്കാൻ ശ്രമിച്ചില്ലേ? എളുപ്പത്തിലുള്ള ഒരു വിജയമായിരുന്നു താലിബാന്റേത്

= ഇക്കാര്യം ചർച്ചചെയ്യുമ്പോൾ, എത്രത്തോളം ജനപിന്തുണയുള്ള സർക്കാരാണ് അവിടെ ഉണ്ടായിരുന്നതെന്നതുകൂടി പരിഗണിക്കണം. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും പരസ്പരം പോരടിച്ച രണ്ട് പ്രബലർക്കുമായി അമേരിക്കയുടെ നേതൃത്വത്തിൽ ഒരു ഒത്തുതീർപ്പ് കരാർ ഉണ്ടാക്കുകയാണ് ചെയ്തത്. അഷ്‌റഫ് ഗനിയെ പ്രസിഡന്റായി നിയോഗിക്കുകയും എതിരാളിയായ അബ്ദുള്ള അബ്ദുള്ളയ്ക്കായി ഭരണഘടനാവിരുദ്ധമായി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പദവി സൃഷ്ടിക്കുകയുംചെയ്തു. ജനപിന്തുണയില്ലാത്ത ഒരു ‘ലൂസ് യൂണിറ്റി’യായ അഫ്ഗാൻ സർക്കാർ കൃത്യമായ തീരുമാനമെടുത്ത് നടപ്പാക്കാൻ പ്രാപ്തരായിരുന്നില്ല. 
വിലപേശൽ ചർച്ചകളിൽനിന്ന് അഫ്ഗാൻ സർക്കാരിനെ മാറ്റിനിർത്തിയെന്നുമാത്രമല്ല, കരാറുകളുടെ ഭാഗമായി അമേരിക്ക അഫ്ഗാൻ, പാക്, അമേരിക്കൻ ജയിലുകളിലുള്ള താലിബാൻ നേതാക്കളെ നിർബന്ധപൂർവം ജയിൽ മോചിതരാക്കി. അവരെ ഖത്തറിൽ നടക്കുന്ന ചർച്ചകളിൽ  മുന്നിൽ നിർത്തുകയുംചെയ്തു. ഇതുംകൂടിയായതോടെ സർക്കാർ ജനങ്ങൾക്കുമുമ്പിൽ ഒന്നുമല്ലാതായി.

? പഞ്ച് ശീറിലെ പ്രതിരോധം എത്രത്തോളം പ്രതീക്ഷതരുന്നതാണ്

= വലിയ പ്രതീക്ഷയ്ക്ക് വകതരുന്ന പോരാട്ടമല്ല പഞ്ച്ശീറിലേത്. ചുറ്റുഭാഗവും താലിബാൻ നിയന്ത്രണത്തിലാണ്. നോർത്തേൺ അലയൻസിന്‌ നേരത്തേ കിട്ടിയിരുന്ന പിന്തുണയോ സഹായമോ ഇപ്പോഴിവർക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ മതിയായ ആയുധങ്ങളോ മറ്റ്‌ അവശ്യവസ്തുക്കളോ ലഭിക്കുന്നില്ല, രക്ഷപ്പെടാൻപോലുമുള്ള വഴികളുമില്ല. എങ്കിലും, പ്രതിരോധം കാരണം, താലിബാനുമായി സന്ധിയിലെത്തി, സർക്കാരിൽ പങ്കാളിത്തം നേടിയെടുക്കാനുള്ള ഒരു അവസരം ചിലപ്പോൾ ഉണ്ടായേക്കാം. കുറഞ്ഞപക്ഷം തങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയെങ്കിലും ചെയ്യാം.