കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും ശ്രമം നടക്കുമ്പോള്‍ ഹൈക്കമാന്‍ഡ് ആശ്രയിക്കുന്ന ട്രബിള്‍ ഷൂട്ടറാണ് കര്‍ണാടകയിലെ ഡി.കെ. ശിവകുമാര്‍. കേന്ദ്രഏജന്‍സികള്‍ മുഴുവന്‍ നോട്ടമിട്ട ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് എടുത്ത കേസില്‍ അടുത്തിടെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഒരുമാസത്തോളം ജയിലില്‍ക്കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും പോരാട്ടത്തില്‍ അല്പംപോലും പിറകോട്ടുപോവാന്‍ ഇദ്ദേഹം തയ്യാറല്ല. കര്‍ണാടക പി.സി.സി.യുടെ അധ്യക്ഷനായ ഈ മുന്‍മന്ത്രി കോഴിക്കോട്ട് നടന്ന യു.ഡി.എഫ്. റാലിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച അഭിമുഖം.
 
ഐശ്വര്യകേരളയാത്രയുടെ ഭാഗമായാണല്ലോ കോഴിക്കോട്ടെത്തിയത്. വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു.
 
മലയാളിയുടെ മികവിനെ ലോകം ആകെ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് എവിടെച്ചെന്നാലും മലയാളി വാണിജ്യ, വ്യവസായമേഖലകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, സ്വന്തം നാട്ടിൽ ഈ ശേഷി പ്രകടിപ്പിക്കാൻ മലയാളിക്ക് കഴിയുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റംവരണം. കഴിഞ്ഞ അഞ്ചുവർഷത്തിൽ കേരളം ഏറെ പിറകോട്ടുപോയി.  പുതിയ തൊഴിലവസരം ഇല്ല, വികസനകാഴ്ചപ്പാടില്ല, പുരോഗമനപരമായ സമീപനമില്ല. കഴിവുറ്റ ചെറുപ്പക്കാർക്ക് നൽകേണ്ട സർക്കാർ തൊഴിലവസരങ്ങളിൽ സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകിക്കയറ്റാനാണ് സി.പി.എം. ശ്രമിക്കുന്നത്. കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷ നഷ്ടപ്പെട്ടു. ഇടതുസർക്കാർ കേരളത്തെ സ്തംഭനത്തിലാക്കി. നിക്ഷേപം വരണമെങ്കിൽ ഈ ശൈലിയും കാഴ്ചപ്പാടും മാറണം. ജനം ഇത് തിരിച്ചറിഞ്ഞുകഴിഞ്ഞു. കർണാടകയിലെ മലയാളി സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ ഇത് വ്യക്തമായിട്ടുണ്ട്. നിയമസഭാതിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കാതിരിക്കില്ല. കോൺഗ്രസ് ഭരിച്ചപ്പോൾ മാത്രമാണ് കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായത്. മാറ്റത്തിന്റെ സൂചനയാണ്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയ്ക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകരണം.
 
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറിയാണല്ലോ ഭരിച്ചത്. അപ്പോൾ വികസനസ്തംഭനം ഉണ്ടായിട്ടുണ്ടെങ്കിൽ എങ്ങനെ സി.പി.എം. മാത്രം കുറ്റക്കാരാവും.
 
കേരളത്തിന്റെ വളർച്ചയ്ക്ക് കാരണമായ സമീപനം എല്ലാ കാലത്തും കൈക്കൊണ്ടത് യു.ഡി.എഫ്. സർക്കാരാണ്. ഇന്നുള്ള പല പദ്ധതികൾക്കും തുടക്കമിട്ടത് കോൺഗ്രസ് ഭരണത്തിലാണ്. മാത്രമല്ല കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ച കാലത്ത് ഒട്ടേറെ വികസനപദ്ധതികൾ തുടങ്ങി. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യവസായങ്ങളും സംരംഭങ്ങളും കൊണ്ടുവന്നു. ഇപ്പോൾ കേന്ദ്രത്തിൽ ബി.ജെ.പി.സർക്കാർ വന്നതോടെ കേന്ദ്രത്തിൽനിന്നുള്ള ആനുകൂല്യം നിലച്ചു. സ്വന്തം നിലയിൽ ചെയ്യാവുന്ന കാര്യങ്ങൾപോലും ചെയ്യാതെ ഇടതുസർക്കാരും സമയം പാഴാക്കി.
 
നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയാണല്ലോ നേരിട്ടത്
 
തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ടുചെയ്യുമ്പോഴുള്ള വോട്ടറുടെ കാഴ്ചപ്പാടും നിയമസഭാ, ലോക്‌സഭാതിരഞ്ഞെടുപ്പിന് വോട്ടുചെയ്യുമ്പോഴുള്ള കാഴ്ചപ്പാടും രണ്ടും രണ്ടാണ്. പ്രാദേശികപ്രശ്നങ്ങൾക്കാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻഗണന. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റ് നൽകിയ സംസ്ഥാനമാണ് കേരളം. കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിലെ സാധ്യതകളെക്കുറിച്ച് സർവേ നടത്തിയിട്ടുണ്ട്. മികച്ച വിജയം കൈവരിക്കുമെന്നാണ് വിലയിരുത്തൽ. എൽ.ഡി.എഫ്. സർക്കാരിന്റെ മുഖത്ത് അഴിമതിയുടെ മുദ്രയാണുള്ളത്. ഇത് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.
 
കേന്ദ്രഏജൻസികൾ കേരളസർക്കാരിനെയും സി.പി.എമ്മിനെയും വേട്ടയാടുന്നു എന്നാണല്ലോ അവരുടെ ആക്ഷേപം. കേന്ദ്രഏജൻസികൾ താങ്കളെയും ഇതുപോലെ വേട്ടയാടുന്നുവെന്നല്ലേ താങ്കളുടെയും പരാതി
 
കേന്ദ്രഏജൻസി കേരളസർക്കാരിനെയും സി.പി.എമ്മിനെയും വേട്ടയാടുന്നില്ലെന്നതിന് തെളിവല്ലേ സ്വർണക്കടത്തുകേസ്, മയക്കുമരുന്നുകേസ് എന്നിവയുടെ അന്വേഷണം നിശ്ചലമായത്‌. കേന്ദ്രഏജൻസികൾ വേട്ടയാടുന്നു എന്ന് പറയുന്നവർ തന്നെയല്ലേ കേസുകൾ സി.ബി.ഐ.ക്ക് വിടുന്നത്. ഇടതുസർക്കാരിന് സ്വന്തം പോലീസിനെക്കാൾ വിശ്വാസം സി.ബി.ഐ.യിലാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്. സത്യത്തിൽ കേരളചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതി നടന്നിട്ടും കേന്ദ്രസർക്കാർ സി.പി.എമ്മിനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
 
കേന്ദ്രഏജൻസികൾ താങ്കളെ വേട്ടയാടുന്നു എന്ന് കരുതുന്നുണ്ടോ
 
അവർ എന്നെ വിടില്ല എന്നെനിക്കുറപ്പാണ്.  കാരണം ബി.ജെ.പി.യുടെ എല്ലാ പ്രലോഭനങ്ങളും ഭീഷണിയും വകവെക്കാതെ കോൺഗ്രസിന്റെ പ്രവർത്തനവുമായി മുന്നോട്ടുപോവുകയാണ് ഞാൻ. കോൺഗ്രസിനുവേണ്ടി നിലകൊള്ളുന്നതിന് എനിക്ക് അവരിൽനിന്ന് ഇനിയും പലതും നേരിടേണ്ടിവരും. പക്ഷേ, ജുഡീഷ്യറിയിൽ എനിക്ക് വിശ്വാസമുണ്ട്. കർണാടകയിലെ ജനം എനിക്കൊപ്പമാണെന്നതാണ് ശക്തി. ഇതെല്ലാം രാഷ്ട്രീയകാരണങ്ങളാൽ കുത്തിപ്പൊക്കിയ കേസുകളാണെന്ന് അവർക്ക് അറിയാം. ബി.ജെ.പി.യുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഈ ഭീഷണി ഞാൻ നേരിടുകതന്നെ ചെയ്യും.
 
ദേശീയതലത്തിൽ കോൺഗ്രസിന്റെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു
 
രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസർക്കാരും ബി.ജെ.പി.യും ശ്രമിക്കുന്നത്. മാസങ്ങളായി രാജ്യത്തെ കർഷകർ സമരം ചെയ്തിട്ടും അവരുമായി അഞ്ചുമിനിറ്റ്‌ സംസാരിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് ചെറുപ്പക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. എന്നിട്ടും കേന്ദ്രസർക്കാർ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല.  കോടികളുടെ സാമ്പത്തികപാക്കേജുകൾ പ്രഖ്യാപിച്ചതല്ലാതെ ഇതിന്റെ നേട്ടം രാജ്യത്ത് ആർക്കും ലഭിച്ചിട്ടില്ല. കോൺഗ്രസിനെ വലിയ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നത്. കോൺഗ്രസ് അതിന്റെ ഉത്തരവാദിത്വം നിർവഹിക്കുകതന്നെ ചെയ്യും.
 
കോൺഗ്രസ് നേതാവ് എന്നതിനപ്പുറം വൻവ്യവസായി കൂടിയാണല്ലോ താങ്കൾ. വ്യവസായപ്രമുഖൻ എന്ന നിലയിലാണോ താങ്കൾ കോൺഗ്രസിലെത്തിയത്.
 
വ്യവസായപ്രമുഖൻ എന്നനിലയിൽ കോൺഗ്രസിലെത്തിയ ആളല്ല ഞാൻ. വിദ്യാർഥിയായിരിക്കുന്നകാലം മുതൽ കോൺഗ്രസിലും വിദ്യാർഥിസംഘടനയിലും പ്രവർത്തിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല എൻ.എസ്.യു. പ്രസിഡന്റായ കാലത്ത് 1981-ൽ തിരുവനന്തപുരത്ത് നടന്ന ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. 40 വർഷത്തിലധികമായി കോൺഗ്രസ് 
പ്രവർത്തകനാണ്.
 
അഴിമതിയുടെ പേരിൽ ആരോപണം ഉന്നയിക്കുന്നതല്ലാതെ ഒന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണല്ലോ എൽ.ഡി.എഫ്. പറയുന്നത്
 
സി.പി.എമ്മും ബി.ജെ.പി.യും കേന്ദ്രസർക്കാരും കേരളസർക്കാരും തമ്മിലുള്ള ഒത്തുകളി കാരണമാണ് അഴിമതി തെളിയാത്തത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഏറ്റവും ചർച്ചചെയ്യപ്പെട്ടതല്ലേ സ്വർണക്കടത്തും മയക്കുമരുന്ന് കേസും. ഇതുപോലൊരു സാഹചര്യം മുമ്പ്‌ കേരളത്തിലുണ്ടായിട്ടില്ല. നടന്ന സംഭവങ്ങളൊക്കെ അങ്ങാടിക്കഥയായി പുറത്തുവന്നിട്ടും കേസുകൾ മുന്നോട്ടുപോവാത്തതിന് കാരണം ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയാണ്. കമ്യൂണിസ്റ്റുകാരുടെ സഹായത്തോടെ കേരളത്തിൽ വേരുറപ്പിക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി ബി.ജെ.പി.ക്ക് വഴിയൊരുക്കുകയാണ് സി.പി.എം. ചെയ്യുന്നത്. ബി.ജെ.പി.യുമായി സന്ധിചെയ്ത് അധികാരം നിലനിർത്താനാവുമോ എന്നാണ് കേരളത്തിലെ എൽ.ഡി.എഫിന്റെ ശ്രമം.
 
Content Highlights: Interview with D. K. Shivakumar