• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Features
More
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

ആദ്യം രണ്ടാം സ്ഥാനത്ത്, ഇപ്പോള്‍ 16-ാമത്; കോവിഡ് പോരാട്ടത്തിലെ ഡല്‍ഹി മാതൃക

Sep 3, 2020, 11:06 PM IST
A A A

‘കോവിഡിന്റെ തലസ്ഥാനം’ എന്നു വിളിക്കപ്പെട്ട ഡൽഹി ഇന്ന് രോഗപ്രതിരോധത്തിന്റെ മാതൃകയാണ്.

# സിസി ജേക്കബ്
Arvind kejriwal
X

അരവിന്ദ് കെജ്‌രിവാള്‍
ഫൊട്ടൊ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

‘കോവിഡിന്റെ തലസ്ഥാനം’ എന്നു വിളിക്കപ്പെട്ട ഡൽഹി ഇന്ന് രോഗപ്രതിരോധത്തിന്റെ മാതൃകയാണ്. ഈ പശ്ചാത്തലത്തിൽ കോവിഡ് പോരാട്ടത്തിലെ ഡൽഹി മാതൃകയെയും എ.എ.പിയുടെ ഭാവിപദ്ധതികളെയും കേരളവുമായുള്ള ബന്ധത്തെയും വിവിധ രാഷ്ട്രീയ വിഷയങ്ങളെയും കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാതൃഭൂമി പ്രതിനിധി സിസി ജേക്കബിന് അനുവദിച്ച ഇ-മെയിൽ അഭിമുഖത്തിൽനിന്ന്.

‘ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും മ്ലേച്ഛവും ധ്രുവീകൃതവുമായ പ്രചാരണ’ത്തിനും തുടർന്നുള്ള തിരഞ്ഞെടുപ്പിനും ശേഷം വോട്ടർമാർ ഫെബ്രുവരിയിൽ താങ്കളെ വീണ്ടും അധികാരത്തിലെത്തിച്ചു. മാസങ്ങൾക്കുള്ളിൽ മറ്റൊരു പോരാട്ടത്തിന്, കൊറോണ വൈറസിനെ നേരിടുന്നതിന് താങ്കൾക്കിറങ്ങേണ്ടിവന്നു. അതും ഏതാണ്ട് ജയിച്ചിരിക്കുകയാണ്. ഡൽഹി മാതൃക നടപ്പാക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റു സംസ്ഥാനങ്ങളോട്‌ പറയുന്നു. എന്താണ് കോവിഡ് പോരാട്ടത്തിലെ ഡൽഹി മാതൃക?

 മേയ് അവസാനംവരെ ഡൽഹിയിലെ സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. ഡൽഹിയിലെ അടച്ചിടൽ അവസാനിക്കുന്നതോടെ കൊറോണക്കേസുകൾ കൂടുമെന്ന് ഞങ്ങൾ ആശങ്കപ്പെട്ടിരുന്നു. എന്നാൽ, വിചാരിച്ചതിനെക്കാൾ വലിയ കുതിപ്പാണുണ്ടായത്. ഇപ്പോൾ, രണ്ടുമാസം കഴിഞ്ഞപ്പോൾ അതു നേരെ തിരിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനത്തായിരുന്ന ഞങ്ങൾ 16-ാം സ്ഥാനത്തായിരിക്കുന്നു. ഞങ്ങളുടെ രോഗമുക്തിനിരക്ക് 90 ശതമാനമാണ്. രാജ്യത്തെ ഏറ്റവുമുയർന്ന നിരക്ക്. ഞങ്ങളുടെ ആശുപത്രിക്കിടക്കകളിൽ 75 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്.

മൂന്നു പ്രധാന തത്ത്വങ്ങൾ നടപ്പാക്കിയതിനാലാണ് ഇതു സാധ്യമായത്. അവയെല്ലാം ചേർന്നതാണ് ഡൽഹിമാതൃക.

കൂട്ടായപ്രവർത്തനം അതാണ് ആദ്യത്തെ തത്ത്വവും അടിസ്ഥാനവും. വിവിധ മേഖലകളിലുള്ളവരുടെ പിന്തുണയില്ലാതെ സർക്കാരിന് ഈ മഹാമാരിയെ നേരിടാനാവില്ല. അതിനാൽ, എല്ലാവരെയും സമീപിച്ച് സഹകരണം തേടി. കേന്ദ്രസർക്കാരിന്റെയും വിവിധ സന്നദ്ധസംഘടനകളുടെയും റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെയും ആരോഗ്യപ്രവർത്തകരുടെയും, സർവോപരി ഡൽഹിയിലെ രണ്ടുകോടിയാളുകളുടെയും സഹകരണം തേടി. എല്ലാവരും ഒത്തുചേർന്ന് കോവിഡിനോട് വിജയകരമായി പോരാടി.

കോവിഡ് പ്രതിരോധ ദൗത്യത്തിൽ പങ്കാളികളായവരെ അംഗീകരിക്കുക, അനുമോദിക്കുക, ക്രിയാത്മക വിമർശനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് രണ്ടാമത്തെ തത്ത്വം. അവർ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും.
മൂന്നാമത്തെ തത്ത്വമെന്താണെന്നുവെച്ചാൽ, സ്ഥിതിയെത്ര ഗുരുതരമായാലും സർക്കാരെന്ന നിലയിൽ നിങ്ങൾ പരിശ്രമം നിർത്തരുത് എന്നതാണ്. കാരണം, നിങ്ങളങ്ങനെ ചെയ്താൽ, വരാൻപോകുന്ന മരണങ്ങളെത്രയെന്ന് സങ്കല്പിക്കാൻ പോലുമാവില്ല.

രോഗത്തെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലും ഞങ്ങൾ ഒട്ടേറെ പുതിയ ഇടപെടലുകൾ നടത്തി. വീട്ടിലെ ഐസൊലേഷൻ, സ്വകാര്യ-സർക്കാർ ആശുപത്രികളിലെ കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യത അപ്പപ്പോൾ അറിയാൻകഴിയുന്ന കൊറോണ ആപ്പ്, പ്ലാസ്മ തെറാപ്പി തുടങ്ങിയവയെല്ലാം വൈറസ് ബാധിതരുടെ എണ്ണക്കൂടുതൽ കൈകാര്യം ചെയ്യുന്നതിൽ നിർണായകമായിരുന്നു. ഡൽഹിയുടെ ‘ഹോം ഐസൊലേഷൻ’ മാതൃകയെക്കുറിച്ച് ഇന്ന് ആഗോളപഠനം നടക്കുകയാണ്. നേരിയ രോഗലക്ഷണമുള്ളവരെ ചികിത്സിക്കുന്നതിൽ വളരെ വിജയകരമാണ് അതെന്നു തെളിഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി ആശുപത്രിക്കിടക്കകൾ നീക്കിവെക്കുന്നതിന് അതുവഴി കഴിഞ്ഞു.

മഹാമാരിമൂലം ഏറ്റവും പീഡയനുഭവിച്ചത് മറുനാടൻ തൊഴിലാളികളാണ്. ഇപ്പോൾ അവർ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. അവർക്ക് ജീവിതോപാധി തിരിച്ചുകിട്ടുമെന്നുറപ്പാക്കാൻ താങ്കളുടെ സർക്കാർ എന്തു നടപടിയാണ് സ്വീകരിക്കുന്നത്?

ഡൽഹിയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് മറുനാടൻ തൊഴിലാളികൾ. ഈ സമയത്ത് അവർക്ക് ഏറ്റവുമാവശ്യം തൊഴിലാണ്. അതേസമയം, ഇപ്പോൾ വീണ്ടും പ്രവർത്തനമാരംഭിച്ച സംരംഭങ്ങളാകട്ടെ തൊഴിലാളികളെ കിട്ടാൻ പ്രയാസമുണ്ടെന്നു പരാതിപ്പെടുകയാണ്. അടച്ചിടൽ ബാധിച്ച തൊഴിൽദാതാക്കളെയും തൊഴിലാളികളെയും സഹായിക്കാൻ  jobs.delhi.gov.in എന്ന വിലാസത്തിൽ ‘റോസ്ഗാർ ബസാർ’ തൊഴിൽ പോർട്ടൽ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്. തൊഴിൽദാതാക്കൾക്കും തൊഴിൽ തേടുന്നവർക്കും അതിൽ രജിസ്റ്റർചെയ്ത് പരസ്പരം കണ്ടെത്താം. വലിയ പ്രതികരണമാണ് ഈ പോർട്ടലിനു ലഭിക്കുന്നത്. തൊഴിൽവേണ്ട പത്തുലക്ഷത്തിലേറെപ്പേർ ഒരുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തു. 9200 കമ്പനികൾ ഒമ്പതുലക്ഷത്തിലേറെ തൊഴിലുകളും ഇക്കാലയളവിൽ രജിസ്റ്റർചെയ്തിട്ടുണ്ട്.

ലോകമൊട്ടാകെ മാന്ദ്യത്തിലും മൂകതയിലുമാണ്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യ എന്തു ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം?

സാമൂഹികാകലം പാലിക്കുന്നെന്നും കൈകൾ ശുചിയാക്കുന്നെന്നും മാസ്‌ക്‌ അണിയുന്നെന്നും ഉറപ്പുവരുത്തുന്നതോടൊപ്പം ജനങ്ങളുടെ മനസ്സിൽനിന്ന് കൊറോണ ഭീതി നീക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഓരോ സംസ്ഥാനത്തും കൊറോണ വ്യാപനം നിയന്ത്രിക്കാൻകഴിയുമ്പോൾ ഇതു സംഭവിച്ചുതുടങ്ങും. അപ്പോൾമാത്രമേ ബിസിനസുകൾ വീണ്ടും തുടങ്ങാൻ കഴിയൂ, ഉപഭോക്താക്കൾ സ്വതന്ത്രമായി പണം ചെലവിടാൻ തുടങ്ങൂ.

രണ്ടാമതായി നിർബന്ധിത അടച്ചിടൽ അടിച്ചേൽപ്പിക്കുന്നത് സർക്കാർ ഒഴിവാക്കണം. പല സംസ്ഥാനങ്ങളും രണ്ടുദിവസത്തെ അല്ലെങ്കിൽ അഞ്ചുദിവസത്തെ അടച്ചിടൽ അടിച്ചേൽപ്പിക്കുന്നത് കാണുന്നുണ്ട്. അത് സഹായിക്കുകയല്ല, മറിച്ച് സാമ്പത്തികരംഗത്തെ കൂടുതൽ കഷ്ടത്തിലാക്കുകയേയുള്ളൂ. അടച്ചിടലുകളെ ആശ്രയിക്കാതെ കൃത്യമായ മാനേജ്‌മെന്റിലൂടെ കോവിഡ് വ്യാപനം നിയന്ത്രിച്ചതിന് മികച്ച ഉദാഹരണമാണ് ഡൽഹി. സംസ്ഥാനങ്ങൾക്ക് അവരുടെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന് കുറച്ചുസമയം കൊടുക്കുന്നതിൽ ചെറിയൊരു പങ്കേ അടച്ചിടലുകൾക്കുള്ളൂ. വാക്സിൻ കണ്ടുപിടിക്കുംവരെ കൊറോണയ്‌ക്കൊപ്പം ജീവിക്കാൻ നമ്മളെല്ലാം പഠിക്കുകതന്നെ വേണം.

ഇതിനെല്ലാമുപരി, സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ ഓരോ സംസ്ഥാനവും പ്രത്യേകമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാൻ നമുക്കൊരു പദ്ധതി വേണ്ടതുപോലെ, സാമ്പത്തികമാന്ദ്യം നേരിടാനും കേന്ദ്ര-സംസ്ഥാന തലത്തിൽ നമുക്കൊരു പദ്ധതി വേണം.

എ.എ.പി. പുതിയ പ്രത്യയശാസ്ത്രത്തിനു ജന്മം കൊടുത്തിരിക്കുകയാണെന്ന് ഒരഭിമുഖത്തിൽ താങ്കൾ പറഞ്ഞിരുന്നു. എന്താണ് ആ പ്രത്യയശാസ്ത്രം? ഇന്ത്യയുടെ ഭാവിയിൽ അതിന്റെ പ്രസക്തിയെന്താണ്?

കാം കി രാജ്‌നീതി (സേവനത്തിലൂടെ രാഷ്ട്രീയം) അതാണ് എ.എ.പിയുടെ പ്രത്യയശാസ്ത്രം. ഡൽഹി മാതൃകയിലുള്ള ഭരണവും അതാണ്. ഇന്ന് രാജ്യത്തെ രാഷ്ട്രീയമെന്നാൽ ജാതി, മത വിഷയങ്ങളെച്ചൊല്ലിയുള്ള തർക്കവും പതിവായി എം.എൽ.എ.മാരെ വാങ്ങലും വിൽക്കലുമായി മാറിയിരിക്കുന്നു. രാജ്യത്തിനും അതിലെ ജനങ്ങൾക്കും സംഭവിക്കുന്നതെന്താണെന്ന് ആരും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. കൂട്ടായ ശ്രമത്തിലും ഓരോ സാധാരണക്കാരനും അന്തസ്സോടെയുള്ള ജീവിതം ഉറപ്പുവരുത്തുന്നതിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഓരോ വ്യക്തിക്കും പാവപ്പെട്ടവനോ ധനികനോ ആവട്ടെ, മികച്ച വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും അവകാശമുണ്ടാകണം. നാം ആദ്യം നമ്മുടെ ജനങ്ങളിൽ നിക്ഷേപിച്ചാൽ ഇന്ത്യ ലോകത്തെ ഒന്നാംനമ്പർ രാജ്യമാകുമെന്ന് വിശ്വസിക്കുന്നവനാണു ഞാൻ.

ലോകത്തെ ഏറ്റവും ഉത്സാഹികളായ ജനങ്ങളാണു നാം. ലോകത്തെ ഒട്ടേറെ മുൻനിര കമ്പനികളുടെ സി.ഇ.ഒ.മാർ ഇന്ത്യക്കാരാണ്. എന്നിട്ടും നാം വികസ്വരരാജ്യമായി തുടരുന്നു. ജനങ്ങളുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും നിക്ഷേപിക്കാതെ ഒരു രാജ്യവും വികസിത രാജ്യമായിട്ടില്ല. എന്നിട്ടും കഴിഞ്ഞ 70 വർഷവും നാമതു ചെയ്തില്ല. ഡൽഹിയിൽ ഞങ്ങളതു ചെയ്തു. ഇന്ന്, മുഴുവൻ രാജ്യവും ഡൽഹിയിലെ സർക്കാർ സ്കൂളുകൾ നടത്തുന്ന വിപ്ലവത്തെക്കുറിച്ചു പറയുന്നു, ഞങ്ങളുടെ മൊഹല്ല ക്ലിനിക്കുകളെക്കുറിച്ചു പറയുന്നു, ഞങ്ങളെങ്ങനെയാണ് കോവിഡിനെ വിജയകരമായി നേരിട്ടതെന്നു പറയുന്നു. .

കേന്ദ്രവുമായുള്ള താങ്കളുടെ ബന്ധം ശ്രദ്ധിക്കുമ്പോൾ 2013 മുതൽ ’15വരെ കണ്ട കെജ്‌രിവാളല്ല ഇപ്പോഴത്തേത്. മുമ്പ് ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള ബന്ധം ഏറ്റുമുട്ടലിന്റേതായിരുന്നു. ഇപ്പോൾ അതു കുറഞ്ഞു. പകരം പൊരുത്തപ്പെടലാണ് കൂടുതൽ. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?

മുഖ്യമന്ത്രിയെന്ന നിലയിൽ എന്റെ കൂറ് ഡൽഹിയിലെ ജനങ്ങളോടാണ്. അവരുടെ ക്ഷേമമുറപ്പുവരുത്താൻ ഏതുപരിധിവരെ പോകാനും ഞാൻ തയ്യാറാണ്. ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെയടുത്തുപോയി സഹായത്തിനായി യാചിക്കേണ്ടിവന്നാൽ ഞാൻ അതും ചെയ്യുമെന്നർഥം.

കോവിഡ് കേസുകളുടെ എണ്ണം കൂടിയ സമയത്തെ കാര്യങ്ങൾതന്നെ ഒരുദാഹരണം. അതു നേരിടാൻ, ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രമുൾപ്പെടെ എല്ലാവരുടെയും പിന്തുണ വേണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആ സമയത്ത് ഞാൻ എന്റെ ഈഗോ കാണിച്ച് ബി.ജെ.പി. നേതൃത്വം നൽകുന്ന കേന്ദ്രവുമായി പോരിനിറങ്ങിയാൽ ആർക്കാണു നഷ്ടം? അതേസമയംതന്നെ, കേന്ദ്രസർക്കാരിന് റിപ്പോർട്ട് ചെയ്യുന്ന ഡൽഹി പോലീസ് ഡൽഹി കലാപക്കേസുകൾ അന്വേഷിക്കുന്നതിലുള്ള ആശങ്കകൾ ഞങ്ങൾ തുടർച്ചയായി ഉയർത്തിയിരുന്നു. ഡൽഹി വിജയകരമായി നടപ്പാക്കിയ ‘ഹോം ഐസൊലേഷൻ’ പരിപാടി കേന്ദ്രസർക്കാർ റദ്ദാക്കിയപ്പോൾ, ഞങ്ങൾ പടവെട്ടി അതു പുനഃസ്ഥാപിച്ചെടുത്തു.

ചൈനയോട് ഇന്ത്യ കർക്കശനിലപാടെടുക്കണം എന്നാണ് താങ്കളുടെ അഭിപ്രായം. ചൈനയെ പാഠംപഠിപ്പിക്കാൻ താങ്കളുടെ മനസ്സിലുള്ള തന്ത്രങ്ങളെന്താണ്? ഉത്പന്ന ബഹിഷ്കരണം ഇന്ത്യയോടുള്ള ചൈനയുടെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റംവരുത്തുമോ?

ചൈന നമ്മുടെ മണ്ണ് പിടിച്ചെടുത്തു. ആ മണ്ണ് നമുക്ക് തിരിച്ചുവേണം. അതിൽകുറഞ്ഞതൊന്നും സ്വീകാര്യമല്ല. നമ്മുടെ 20 പട്ടാളക്കാരാണ് രക്തസാക്ഷികളായത്. നമ്മുടെ ഭൂമി തിരിച്ചുപിടിക്കുന്നതിലുള്ള കഴിവില്ലായ്മ രാജ്യം സഹിക്കില്ല. നമ്മുടെ പട്ടാളക്കാരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കലാണത്. ഒട്ടേറെ വർഷങ്ങളായി ചൈനയോടു സൗഹൃദമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു നാം. ജാഗ്രതയോടെ വേണം ഇന്ത്യ സൗഹൃദത്തിന്റെ കരംനീട്ടാൻ. ചൈനയുടെ ഓരോ നീക്കവും നാം കരുതിയിരിക്കണം. തയ്യാറെടുപ്പില്ലായ്മകൊണ്ട് നമ്മൾ വീണുപോകരുത്.

രണ്ടാമതായി, ഈ സംഘർഷം വലിയ സാമ്പത്തിക അവസരമാണ്. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിലുള്ള ഇന്ത്യയുടെ ആശ്രിതത്വം ആരോഗ്യകരമല്ല. പുത്തൻ സാങ്കേതികവിദ്യ നാം അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നതു മനസ്സിലാക്കാം. പകരം, അനുദിനാവശ്യത്തിനുള്ള ചരക്കുകൾവരെ ഇറക്കുമതിചെയ്യുകയാണ്. അത് പ്രാദേശിക ഉത്പാദനത്തെയും തൊഴിലാളികളെയുമാണ് ബാധിക്കുന്നത്. വലിയ ഉത്പാദന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലുണ്ടാക്കാൻ കേന്ദ്രസർക്കാർ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് ഞാൻ കരുതുന്നത്. എന്തൊക്കെ ഉത്പന്നങ്ങൾക്കാണ് ചൈനയെ ആശ്രയിക്കുന്നത് എന്നതിന്റെ മേഖലതിരിച്ചുള്ള പട്ടികയുണ്ടാക്കണം. എന്നിട്ട് വ്യവസായികളെ ഇങ്ങോട്ടു ക്ഷണിക്കണം. അവർക്ക് എല്ലാ സൗകര്യവും നൽകണം. അത് ചൈനയോടുള്ള നമ്മുടെ ആശ്രിതത്വം കുറയ്ക്കും. നമ്മുടെ സമ്പദ്ഘടനയ്ക്ക് ഉത്തേജനമേകും.  

പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരുകൾ പലസംസ്ഥാനങ്ങളിലും പ്രതിസന്ധി നേരിടുന്നത് നാം കണ്ടതാണ്. 2024-ൽ ആരായിരിക്കും ബി.ജെ.പി.യെ നേരിടുന്നത്? തിരഞ്ഞെടുപ്പു രംഗം എങ്ങനെയായിരിക്കും? എ.എ.പി. ദേശീയ ബദലാവുമോ?

രാജസ്ഥാനിലും മധ്യപ്രദേശിലും വളരെ ദുഃഖകരമായ കാര്യങ്ങളാണു നടന്നത്. അതിർത്തിയിൽ ചൈന പ്രശ്നമുണ്ടാക്കുകയും രാജ്യമെമ്പാടും കൊറോണ വൈറസ് പടരുകയും ചെയ്ത സമയത്താണ് രണ്ടു പ്രധാന ദേശീയകക്ഷികൾ രാജസ്ഥാനിൽ ഏറ്റുമുട്ടിയത്. ചൈനയിൽനിന്നും കൊറോണ വൈറസിൽനിന്നും ആര് രാജ്യത്തെ സംരക്ഷിക്കും? ഞാൻ രാജ്യത്തെക്കുറിച്ചാണ് ആകുലപ്പെടുന്നത്. കൊറോണ വൈറസിനെയും ചൈനയെയും നേരിടുന്നതിന് കേന്ദ്രസർക്കാരും ബി.ജെ.പി.യും രാജ്യത്തെ മുഴുവൻ ഒരുമിപ്പിക്കേണ്ട സമയമാണിത്. അതിനുപകരം വൃത്തികെട്ട രാഷ്ട്രീയവും എം.എൽ.എ.മാരുടെ കുതിരക്കച്ചവടവും നടത്തുകയായിരുന്നു. വോട്ടർമാർ പൂർണമായും വഞ്ചിക്കപ്പെട്ടു.

ദേശീയതലത്തിൽ ഒരു ശൂന്യതയുണ്ട്. പ്രധാന പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് മരിച്ചുപോയി. ബി.ജെ.പി.ക്ക് ബദലില്ലെന്ന മട്ടുവന്നിരിക്കുന്നു. ബി.ജെ.പി.യിലും കോൺഗ്രസിലും ജനം സന്തുഷ്ടരല്ല. അത്തരമൊരു സാഹചര്യത്തിൽ രാജ്യത്ത് ഒരു ബദൽ ഉയർന്നുവരണം. ദേശീയതലത്തിലെ വിടവടയ്ക്കാൻ എ.എ.പി.ക്കാകും എന്നു ഞാൻ പറഞ്ഞാൽ അത് അഹങ്കാരമാകും.

ഞങ്ങളുടെ സംഘടന വളരെ ചെറുതാണ്. പക്ഷേ, രാജ്യമെമ്പാടുമുള്ള ജനങ്ങൾ എ.എ.പി.യെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. സത്യസന്ധമായ ഫണ്ടുകൊണ്ട് ജയിക്കാമെന്ന് ഞങ്ങൾ കാണിച്ചിട്ടുണ്ട്. ഭരണപരിചയവുമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, വെള്ളം, ഇപ്പോൾ കോവിഡ് മാനേജ്‌മെന്റ് എന്നീ രംഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾകാരണം ജനങ്ങൾക്ക് എ.എ.പി.യിൽ വിശ്വാസമുണ്ട്. ദേശീയ ബദലായി പാർട്ടി ഉയരണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. എ.എ.പി.ക്ക് അതിനു കഴിയുമോയെന്ന് കാലത്തിനുമാത്രമേ പറയാനാകൂ.

‘ഇന്ത്യയിലെ അതിവേഗം വളരുന്ന പാർട്ടി’യെന്നാണ് എ.എ.പി. വെബ്‌സൈറ്റിൽ അവകാശപ്പെടുന്നത്. പക്ഷേ, അതിപ്പോഴും ഏതാണ്ടു പൂർണമായും ഡൽഹിയിൽ ഒതുങ്ങിനിൽക്കുന്ന പാർട്ടിയാണ്. പഞ്ചാബിൽ നല്ല പ്രകടനം നടത്തിയെന്നതു മറക്കുന്നില്ല. ദേശീയ പാർട്ടിയായി വളരാനുള്ള പദ്ധതികൾ മുന്നിലുണ്ടോ?

ഞങ്ങളുടേത് പ്രായം കുറഞ്ഞ പാർട്ടിയാണ്. അത് ഇന്ത്യ മുഴുവൻ പടരാൻ സമയമെടുക്കും. ഡൽഹിയിൽ ഞങ്ങൾ മൂന്നുതവണ സർക്കാരുണ്ടാക്കി. പഞ്ചാബിൽ പ്രധാന പ്രതിപക്ഷമായി. ഇത്ര ചെറിയ കാലംകൊണ്ട് ഇത്ര നേട്ടമുണ്ടാക്കാൻ മറ്റൊരു പാർട്ടിക്കും കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ രീതിയിലുള്ള രാഷ്ട്രീയവും ഭരണവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെത്തിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതിനാൽ, സമയമാകുമ്പോൾ ഞങ്ങൾ നിശ്ചയമായും മറ്റു സംസ്ഥാനങ്ങളിലേക്കും വികസിക്കും. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ എ.എ.പി.യോട് ആദ്യകാലത്തു കാണിച്ചിരുന്ന ആവേശം ഏതാണ്ട് അടങ്ങിയതുപോലെയാണ്. കേരളത്തിനായി എന്താണ് താങ്കളുടെ മനസ്സിലുള്ളത്?

എ.എ.പി.യോട് കേരളത്തിലെ ജനങ്ങൾക്കുള്ള സ്നേഹത്തിനും വാത്സല്യത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്. ഡൽഹിയുടെ സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ വലിയ സംഭാവനകൾ നൽകിയവരാണ് മലയാളികൾ. എ.എ.പി.ക്ക് ചെറുപ്പമാണ്. സാധ്യമായ എല്ലാവിധത്തിലും രാജ്യത്തെ സേവിക്കണമെന്ന ആവേശമുള്ള പാർട്ടിയാണ്. ഇപ്പോൾ കൊറോണലക്ഷണങ്ങൾ കണ്ടെത്തുന്നതിന് ജനങ്ങളെ സഹായിക്കുകയാണ് കേരളത്തിലെ എ.എ. പി. വൊളന്റിയർമാർ. ശരീരത്തിലെ ഓക്സിജന്റെ അളവു താഴുന്നത് കൊറോണയുടെ ഏറ്റവും ഗുരുതരമായ ലക്ഷണമാണ്.

രോഗി വളരെ ഗുരുതരാവസ്ഥയിലാകുംവരെ ശ്രദ്ധിക്കപ്പെടാതെപോകുന്ന കാര്യം. കേരളത്തിലെ എ.എ.പി. വൊളന്റിയർമാർ വിവിധ പഞ്ചായത്തുകളിൽ കഴിയുന്നത്ര ‘ഓക്സിജൻ കേന്ദ്രങ്ങൾ’ തുറന്നിട്ടുണ്ട്. വീടുതോറും കയറിയിറങ്ങി ഓക്സിമീറ്ററുപയോഗിച്ച് ജനങ്ങളുടെ ഓക്സിജൻ അളവു നോക്കുന്നുണ്ട്. ഈ പ്രചാരണത്തിൽ പങ്കാളികളാകാൻ കേരളത്തിലെ എല്ലാവരും മുന്നോട്ടുവരണമെന്നാണ് എന്റെ അഭ്യർഥന.

കേരള സർക്കാരുമായി സൗഹാർദപരമായ ബന്ധമാണ് താങ്കൾക്കുള്ളത്. തുടക്കത്തിൽ വൈറസ് ബാധ നിയന്ത്രിച്ചുനിർത്തുന്നതിൽ കേരളം വിജയിച്ചിരുന്നു. ഇപ്പോൾ, രോഗം പടരുകയാണ്‌. കേരളത്തിന്റെ അനുഭവം താങ്കളുടെ കോവിഡ് പോരാട്ടത്തെ എങ്ങനെയാണു സഹായിച്ചത്. ഡൽഹിയിൽനിന്ന് കേരളത്തിന് എന്തു പാഠമാണ് സ്വീകരിക്കാനുള്ളത്?

കൊറോണ വൈറസിനെതിരായ ഞങ്ങളുടെ പോരാട്ടത്തിൽ എല്ലാവരുടെയും അനുഭവങ്ങളിൽനിന്ന് ഞങ്ങൾ പഠിച്ചിട്ടുണ്ട്. പകർച്ചവ്യാധികളെ വിജയകരമായി നേരിട്ട മുന്നനുഭവത്തിന്റെ ആനുകൂല്യം കേരളത്തിനുണ്ട്. അണുബാധിതരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനും രോഗികളെ ഒറ്റയ്ക്കു പാർപ്പിക്കാനും കഴിയുന്ന വളരെ കാര്യക്ഷമമായ വികേന്ദ്രീകൃത സംവിധാനവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും വളരെ നല്ല പ്രവർത്തനമാണു നടത്തിക്കൊണ്ടിരിക്കുന്നത്. ധാരാവിയും ലോകത്തെ വിവിധ രാജ്യങ്ങളും വൈറസ് പകർച്ച നിയന്ത്രിച്ച രീതിയിൽനിന്ന്‌ ഞങ്ങൾ പലതും പഠിച്ചു.

കേരളമുൾപ്പെടെ രാജ്യത്തെ ഓരോ സംസ്ഥാനത്തിനും തനതായ വെല്ലുവിളികളാണുള്ളത്. അതുകൊണ്ട് സ്വന്തം ജനങ്ങൾക്കു പറ്റിയ ഏറ്റവും നല്ല പ്രതിരോധമാർഗം ഏതെന്നു നിശ്ചയിക്കേണ്ടത് സർക്കാരുകളാണ്. സഹപൗരരുടെ ജീവൻ രക്ഷിക്കാൻ ഏതനുഭവവും പങ്കിടാൻ ഞങ്ങൾ തയ്യാറാണ്. ഉദാഹരണത്തിന്, കോവിഡ് പോസിറ്റീവായ ഓരോ ആളെയും രോഗലക്ഷണം നോക്കാതെ സർക്കാർ സംവിധാനത്തിൽ നിർബന്ധിത ക്വാറന്റീനിൽ പാർപ്പിക്കുക എന്ന നയമാണ് ഒട്ടേറെ സംസ്ഥാനങ്ങൾ ആദ്യം ചെയ്തിരുന്നത്. എന്നാൽ, ഇന്ന് നേരിയ ലക്ഷണമുള്ളവരെ ‘ഹോം ഐസൊലേഷനി’ലാക്കുക എന്ന ഡൽഹി മാതൃക പല സംസ്ഥാനങ്ങളും സ്വീകരിച്ചുകഴിഞ്ഞു. പല സംസ്ഥാനങ്ങളും പ്ലാസ്മാ ബാങ്കുകൾ തുറന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പ്ലാസ്മ തെറാപ്പിയും നൽകുന്നു.

ഡൽഹി പൊരുതിയത്‌ എങ്ങനെ? കുതിച്ചുയർന്നുകൊണ്ടിരുന്ന സ്ഥിതിവിവരക്കണക്കുകൾ കോവിഡ് പോരാട്ടസമയത്ത് താങ്കളെ വേവലാതിപ്പെടുത്തിയിരുന്നോ? പോരാട്ടം തുടരാൻ താങ്കളെ പ്രേരിപ്പിച്ച ഘടകമെന്താണ്?

ജൂണിൽ രോഗ ബാധിതരുടെ എ ണ്ണത്തിലും മരണത്തിലും കുതിപ്പുണ്ടായപ്പോൾ ചെറിയ ആധിയുണ്ടായിരുന്നു. അങ്ങനെയൊരു പെരുപ്പം ഞങ്ങൾ കരുതിയതല്ല. രാജ്യത്തിന്റെ കൊറോണ തലസ്ഥാനമെന്ന് ഡൽഹി വിളിക്കപ്പെട്ടു.

പക്ഷേ, ഞങ്ങളൊരിക്കലും പ്രതീക്ഷ കൈവെടിഞ്ഞില്ല. ഡൽഹിയിലെ രണ്ടുകോടിയാളുകളുടെ കൂട്ടായ കരുത്തിലുള്ള വിശ്വാസം എനിക്ക് ആത്മവിശ്വാസമേകി. കഴിഞ്ഞകാലങ്ങളിൽ ഞങ്ങൾ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മലിനീകരണം 25 ശതമാനം കുറയ്ക്കാൻ കഴിഞ്ഞവരാണ് ഡൽഹിക്കാർ. കഴിഞ്ഞവർഷം ഒരു ഡെങ്കിപ്പനി മരണംപോലും ഉണ്ടാവില്ലെന്ന് കൂട്ടായ പ്രചാരണത്തിലൂടെ ഉറപ്പാക്കിയവരാണ്. അതുകൊണ്ടാണ് ആ സമയത്ത് കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാൻ എല്ലാവരുടെയും സഹായം തേടിയത്. ഒത്തുചേർന്നുള്ള പ്രവർത്തനമാണ് ഡൽഹി മാതൃകയുടെ നെടുംതൂൺ എന്നുപറയുന്നത് അതുകൊണ്ടാണ്.

Content Highlight: Interview with Arvind Kejriwal

PRINT
EMAIL
COMMENT
Next Story

അമേരിക്കയിൽ ഇനി ബൈഡൻ

* സത്യപ്രതിജ്ഞ ഇന്ന് * ഇന്ത്യൻ സമയം രാത്രി 10:00-ന്‌ ട്രംപ് വരില്ല .. 

Read More
 

Related Articles

കേന്ദ്രം സമ്മതിച്ചില്ലെങ്കിലും ഡൽഹിയിൽ വാക്‌സിൻ സൗജന്യം - അരവിന്ദ് കെജ് രിവാൾ
NRI |
News |
ബ്രിട്ടണില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍
News |
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാന്‍ എഎപി
News |
ദീപാവലി, ലക്ഷ്മിപൂജ പരിപാടികൾക്ക് കെജ്‌രിവാൾ സര്‍ക്കാര്‍ 6 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ
 
  • Tags :
    • Arvind Kejriwal
More from this section
biden
അമേരിക്കയിൽ ഇനി ബൈഡൻ
trump modi
കാപ്പിറ്റോൾ ആക്രമണം ഇന്ത്യയോട് പറയുന്നത്
T P Peethambaran master
ഇനി വഴങ്ങിയാൽ പാർട്ടി ഉണ്ടാവില്ല-ടി.പി. പീതാംബരൻമാസ്റ്റർ
governor
20,000 പട്ടയങ്ങൾകൂടി വിതരണംചെയ്യും; ഗവർണറുടെ നയപ്രഖ്യാപനം
Joe Biden
കാപ്പിറ്റോളിലെ മിന്നലാക്രമണം അതിജീവിച്ച് അമേരിക്ക
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.