ഐ.എൻ.എൽ. പിളർപ്പും മുന്നണിരാഷ്ട്രീയവും

പേരിൽ മതചിഹ്നമില്ലാത്ത ഇന്ത്യൻ നാഷണൽ ലീഗിനെ മുന്നണിയിലെടുക്കുകയും ആദ്യ അവസരത്തിൽത്തന്നെ തളികയിൽവെച്ചെന്നപോലെ മന്ത്രിസ്ഥാനം നൽകുകയും ചെയ്തതിൽ സി.പി.എമ്മിലോ സി.പി.ഐ.യിലെ ഭിന്നാഭിപ്രായമുണ്ടായില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, പുത്തരിയിലെ കല്ലുകടിപോലെ പി.എസ്.സി. അംഗത്വത്തിന് സംഭാവന വാങ്ങിയതും ആ തർക്കം മൂത്ത് കൂട്ടത്തല്ലോടെ ഐ.എൻ.എൽ. പിളർന്നതും ചർച്ച മാറ്റിവെക്കാനാവാത്ത സാഹചര്യമുണ്ടാക്കുകയാണ്.

മുസ്‌ലിംലീഗ് വർഗീയപാർട്ടിയാണ്, അതിനാൽ ആ പാർട്ടിയുമായി ഒരു ബന്ധവും പാടില്ലെന്ന് തീരുമാനിച്ച സി.പി.എം. ലീഗ് പിളർന്നുണ്ടായ ഇന്ത്യൻ നാഷണൽ ലീഗ് വർഗീയപാർട്ടിയല്ലെന്ന നിലയിലാണ് അവരെ മുന്നണിയിലെടുത്തത്. മന്ത്രിസ്ഥാനം നൽകിയതും. പക്ഷേ, ഐ.എൻ.എലിന്റെ ദേശീയ പ്രസിഡന്റ്‌ ചൊവ്വാഴ്ച വ്യക്തമാക്കിയത് താൻ പോപ്പുലർ ഫ്രണ്ടിന്റെയും പ്രവർത്തകനാണെന്നാണ്. പോപ്പുലർ ഫ്രണ്ട് ഏതു ഗണത്തിൽ വരും എന്ന ചോദ്യമുയരാം.

 സൗകര്യപൂർവം നയംമാറ്റി സി.പി.എം.
മുസ്‌ലിംലീഗിന്റെ സ്വാധീനമേഖലകളിൽ കടന്നുകയറാനാവാത്തതാണ് ഭരണത്തുടർച്ചയ്ക്ക് തടസ്സമെന്ന വിഷാദവുമായി കഴിയുകയായിരുന്ന സി.പി.എമ്മിന് വലിയ പ്രതീക്ഷയാണ് ഐ.എൻ.എൽ. നൽകിയത്. അപ്പോഴും ഒരു പ്രശ്നം തുടർന്നു. മതാധിഷ്ഠിത പാർട്ടികളുമായി ഒരുതരത്തിലും ബന്ധമരുതെന്ന പാർട്ടി കോൺഗ്രസ് തീരുമാനം. ആ പ്രശ്നത്തിലെ തർക്കത്തിന്റെ പേരിൽ എം.വി. രാഘവനെയും കൂട്ടരെയും പുറത്താക്കിയിട്ട് ഒമ്പത് കൊല്ലമായതേയുള്ളൂ. രാഘവന്റെ നേതൃത്വത്തിലുള്ള സി.എം.പി. ലീഗുൾപ്പെട്ട മുന്നണിയിൽ അംഗം. അതിന്റെ ഗുണഭോക്താവായി എം.വി. രാഘവൻ മന്ത്രി. എന്നാൽ, തിരഞ്ഞെടുപ്പിൽ പ്രധാനം വിജയമാണ്, നയത്തിനല്ല അവിടെ പരമപ്രാധാന്യം. 1995-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് അതിന്റെ പരീക്ഷണവേദിയായി. ഐ.എൻ.എലിനാണെങ്കിൽ ഒരു പാർട്ടിയെന്ന നിലയിൽ അസ്തിത്വമുറപ്പിച്ചേ പറ്റൂ. 1986-ൽ എം.വി. രാഘവനെ പുറത്താക്കുന്നതിന്നാധാരമായി എടുത്ത നയം സൗകര്യപൂർവം മാറ്റിവെച്ച് ഐ.എൻ.എലുമായി ധാരണയുണ്ടാക്കി. കടന്നുചെല്ലാനാവില്ലെന്ന് കരുതപ്പെട്ട മലപ്പുറം ജില്ലയിലെ പല മേഖലകളിലും ജൈത്രയാത്ര നടത്താൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. ഐ.എൻ.എൽ. സഹായം എൽ.ഡി.എഫിന് പലേടത്തും വലിയ നേട്ടമുണ്ടാക്കി.

 വി.എസ്. പക്ഷത്തിന്റെ എതിർപ്പ്
സി.പി.എമ്മിനകത്ത് അന്ന് ശക്തമായിരുന്ന വി.എസ്. വിഭാഗം ഐ.എൻ.എൽ. ബന്ധത്തെ ശക്തിയായി എതിർത്തു. ഐ.എൻ.എൽ. ബന്ധത്തിന് മുൻകൈയെടുത്തത് അന്നത്തെ മുന്നണി കൺവീനർ എം.എം. ലോറൻസാണെന്ന് വിമർശനമുയർത്തി. 1998-ൽ പാലക്കാട്ട് നടന്ന സംസ്ഥാന സമ്മേളനത്തിൽ എം.എം. ലോറൻസിനെയും കെ.എൻ. രവീന്ദ്രനാഥിനെയും സംസ്ഥാന കമ്മിറ്റിയിൽനിന്ന് വോട്ടെടുപ്പിൽ പരാജയപ്പെടുത്തുകയായിരുന്നു. മുന്നണിക്കൊപ്പം ആത്മാർഥമായി നിലകൊണ്ടിട്ടും മുന്നണിയിൽ ചേർക്കാതെ മാറ്റിനിർത്തിയത് സി.പി.എമ്മിനകത്തെ തർക്കം കാരണമായിരുന്നു. തർക്കമല്ലെങ്കിൽ നയം മാറ്റുന്നതിന് ഔദ്യോഗികമായുള്ള വൈമനസ്യം. മുന്നണിയിലെടുക്കുക സി.പി.എമ്മിന് സാധ്യമല്ലെന്ന തോന്നൽ ശക്തമായതോടെ ഐ.എൻ.എലിലെ പല നേതാക്കളും മുസ്‌ലിംലീഗിലേക്ക് തിരിച്ചുപോയി.

 മൂന്ന്‌ പാർട്ടിയായി മാറിയ കഥ
2006-ലാണ് ഇടതുമുന്നണിയുമായി ധാരണയുണ്ടാക്കി മത്സരിച്ച് ഐ.എൻ.എൽ. ആദ്യമായി ഒരു നിയമസഭാ സീറ്റ് നേടുന്നത്. കോഴിക്കോട് സൗത്തിൽ പി.എം.എ. സലാം. അതേ തിരഞ്ഞെടുപ്പിൽ ലീഗിൽനിന്ന് തെറ്റിപ്പിരിഞ്ഞ് വിമതനായി മത്സരിച്ച പി.ടി.എ. റഹീം കൊടുവള്ളിയിൽനിന്നു ജയിച്ചു. നാലുതവണയായി ജയം ആവർത്തിക്കുന്ന റഹീം നാഷണൽ സെക്കുലർ പാർട്ടി എന്ന ഒരു പാർട്ടി രൂപവത്‌കരിച്ച് പ്രവർത്തിക്കുകയും ഇപ്പോൾ ഐ.എൻ.എലിന്റെ ഭാഗമാവുകയും ചെയ്തു. അതേസമയം, ദീർഘകാലം മുന്നണിയിലെടുക്കാതെ പുറത്തുനിർത്തിയതിലെ പ്രതിഷേധംകൂടി കാരണം പി.എം. എ. സലാം ലീഗിലേക്ക്‌ തിരിച്ചുപോയി, സംഘടനാചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായി. ആദ്യഘട്ടത്തിൽ ശക്തികേന്ദ്രമായിരുന്ന കാസർകോട് മേഖലയിലെ നേതാവായ എൻ.എ. നെല്ലിക്കുന്ന് മുസ്‌ലിം ലീഗിലേക്ക് തിരിച്ചുപോവുകയും അവിടത്തെ പ്രധാന നേതാവായിമാറുകയും ചെയ്തു. മാത്രമല്ല കാസർകോട് മണ്ഡലത്തിലെ എം.എൽ.എ.യായി മൂന്നാമതും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇത്തരത്തിൽ വലിയ വെല്ലുവിളികളെല്ലാം നേരിട്ടപ്പോൾ പാർട്ടിയെ നയിച്ച പ്രൊഫ. എ.പി. അബ്ദുൾ വഹാബാണിപ്പോൾ വിഘടിത വിഭാഗത്തിന്റെ നേതാവായി മാറിയിരിക്കുന്നത്. അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം ലഭിച്ച അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ മറ്റൊരു പാർട്ടി. ഏതാനും വർഷംമുമ്പ് ഐ.എൻ.എലിനെ സേട്ട് സാഹിബ് ഉയർത്തിപ്പിടിച്ച നയങ്ങളോടെ നിലനിർത്താനെന്നപേരിൽ മറ്റൊരു ഐ.എൻ.എല്ലും രൂപവത്‌കൃതമായിട്ടുണ്ട്. അങ്ങനെ മൂന്ന് ഐ.എൻ.എൽ. ഉണ്ടെന്നതാണിപ്പോഴത്തെ അവസ്ഥ.

 അലട്ടിയ ബന്ധം
മുസ്‌ലിം ലീഗുമായുള്ള ബന്ധം ആദ്യകാലത്ത് കോൺഗ്രസിനെയും പിന്നീട് സി.പി.എമ്മിനെയും വല്ലാതെ അലട്ടി. വിമോചനസമരത്തിൽ ലീഗിന്റെ കൂടി സഹായമുണ്ടായതിനാൽ 1960-ലെ തിരഞ്ഞെടുപ്പിൽ ലീഗുമായി ധാരണയുണ്ടാക്കിയാണ് കോൺഗ്രസും പി.എസ്.പി.യും മത്സരിച്ചത്. എന്നാൽ, സി.കെ. ഗോവിന്ദൻനായരടക്കമുള്ളവരുടെ കടുത്ത എതിർപ്പോടെയായിരുന്നു ധാരണ. തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ ലീഗിന്റെ പ്രതിനിധിയെ മന്ത്രിയാക്കാൻ കോൺഗ്രസ് തയ്യാറായില്ല. പകരം സ്പീക്കർസ്ഥാനം കൊണ്ട് ലീഗിന് തൃപ്തിപ്പെടേണ്ടിവന്നു. പിന്നീട് ആ സ്ഥാനം രാജിവെച്ചൊഴിയുകയും ചെയ്തു. അന്നത്തെ അവഗണനയിലെ പ്രതിഷേധമാണ് 1965-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ധാരണയുണ്ടാക്കാൻ ലീഗിനെ പ്രേരിപ്പിച്ചത്.

സി.പി.ഐ.യിലെ പിളർപ്പിനുശേഷം മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴുള്ള ആ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐ.യും മുന്നണിയാകാതെ പോയത് സി.പി.ഐ.പക്ഷം ലീഗുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ഒരു ബന്ധവും സാധ്യമല്ലെന്ന നിലപാടെടുത്തതിനാലാണ്. എന്നാൽ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ മന്ത്രിസഭ രൂപവത്‌കരിക്കാനായില്ലെങ്കിലും സി.പി.എമ്മാണ് വലിയ പാർട്ടിയെന്ന് തിരഞ്ഞൈടുപ്പ് ഫലത്തിലൂടെത്തന്നെ തെളിയിക്കാനായത് ലീഗിന്റെ സഹായം കൊണ്ടുകൂടിയാണ്. രണ്ടുവർഷം കഴിഞ്ഞ് സി.പി.ഐ.യും സി.പി.എമ്മിന്റെ വഴിക്കുവന്ന് ലീഗുമായി മുന്നണിക്ക് സന്നദ്ധമാവുകയും സപ്തകക്ഷിമന്ത്രിസഭയുണ്ടാവുകയും ചെയ്തു. ലീഗിന് ഒന്നല്ല, രണ്ടുമന്ത്രിസ്ഥാനം കൈവന്നു. ചിരകാലാഭിലാഷമായ മലപ്പുറം ജില്ല യാഥാർഥ്യമാവുകയും ചെയ്തു. രണ്ടുവർഷത്തിനകം സി.പി.ഐ.യും ലീഗും നേതൃത്വം നൽകി സപ്തകക്ഷി മന്ത്രിസഭ തകർന്നു. കോൺഗ്രസ് പിന്തുണയോടെ സി. അച്യുതമേനോന്റെ നേതൃത്വത്തിൽ സർക്കാർ രൂപവത്‌കരിക്കപ്പെട്ടു.

 ‘ലീഗിൽത്തട്ടി’ നിലപാടുകൾ
ആ സമയത്തും സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം സി.പി.ഐ.യെയും ആർ.എസ്.പി.യെയും തിരികെ കൊണ്ടുവന്ന്‌ ഇടതുമുന്നണി ശക്തിപ്പെടുത്തുകയാണ് കേരളത്തിലെ വളർച്ചാതന്ത്രം എന്ന നിലപാടെടുത്തു. എന്നാൽ, ചതിച്ചുപോയവരുടെ പിന്നാലെ പോകാതെ ലീഗിനെ മൊത്തമായോ പിളർത്തിയോ ആകർഷിക്കുന്നതാണ് ഫലപ്രദവും സ്ഥായിയായ നേട്ടത്തിന് ആവശ്യവുമെന്ന് സംസ്ഥാനത്തെ സി.പി.എം. നേതൃത്വത്തിലെ ഭൂരിഭാഗവും നിലപാടെടുത്തു.

സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് കേന്ദ്രകമ്മിറ്റി മനമില്ലാമനസ്സോടെ സമ്മതം മൂളുകയായിരുന്നുവെന്ന് പിൽക്കാലത്ത് ഇ.എം.എസ്. വിശദീകരിക്കുന്നുണ്ട്. അങ്ങനെ സമ്മതം നൽകിയതിന്റെ ഫലമായാണ് അടിയന്തരാവസ്ഥയുടെ തൊട്ടുമുമ്പ് ലീഗിൽ പിളർപ്പുണ്ടായതും അന്ന് സ്പീക്കറായ കെ. മൊയ്തീൻകുട്ടി ഹാജി എന്ന ബാവഹാജിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാ ലീഗ് രൂപവത്‌കരിച്ച് ഇടതുമുന്നണിയുടെ ഭാഗമായതും.
1980-ലെ ഇ.കെ. നായനാർ മന്ത്രിസഭ 20 മാസത്തിനുശേഷം തകർന്നപ്പോൾ ലീഗുമായി ബന്ധം അനിവാര്യമാണെന്ന ചർച്ച കേരള സി.പി.എം. നേതൃത്വത്തിൽ ഉയർന്നുവന്നു. എഴുപതുകളുടെ ആദ്യം സംസ്ഥാനനേതൃത്വത്തിലെ ഭൂരിപക്ഷ നിലപാടിനൊപ്പം നിൽക്കേണ്ടിവന്ന സി.പി.എം. കേന്ദ്രനേതൃത്വം ഈ ഘട്ടത്തിൽ നിലപാട് ശക്തിപ്പെടുത്തുകയും ലീഗുമായെന്നല്ല, മതാടിസ്ഥാനത്തിൽ സംഘടിക്കുന്ന ഒരു വിഭാഗവുമായും മുന്നണിയോ ധാരണയോ പാടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പിറവിയും പ്രയാണവും

ബാബറി മസ്ജിദ് സംഭവത്തിൽ മുസ്‌ലിംലീഗ് നേതൃത്വം സ്വീകരിച്ച ‘മൃദു’ നിലപാടിലുള്ള രോഷമാണ് ഇന്ത്യൻ നാഷണൽ ലീഗ് എന്ന പാർട്ടിയുടെ രൂപവത്‌കരണത്തിലേക്ക് നയിച്ചത്.
മസ്ജിദ് തകർക്കുന്നതിന് പരോക്ഷമായി സഹായകമായ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി നരസിംഹറാവുവിനെ വിമർശിച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വിടാൻ ലീഗ് തയ്യാറായില്ല. മതപരമായ വിഷയങ്ങളിൽ തീവ്രനിലപാടുകാരനായി അറിയപ്പെട്ട, ലീഗിന്റെ ദീർഘകാലത്തെ അധ്യക്ഷനായിരുന്ന, 35 വർഷം ലീഗിനെ പാർലമെന്റിൽ പ്രതിനിധാനംചെയ്ത ഇബ്രാഹിം സുലൈമാൻ സേട്ട് സ്വന്തം പാർട്ടിയുടെ ശക്തികേന്ദ്രമായ കേരളത്തിലെ നേതൃത്വത്തിന്റെ സമീപനത്തെ പരസ്യമായി തള്ളിപ്പറയുകയും സംസ്ഥാനത്താകെ സഞ്ചരിച്ച് ലീഗ്‌ അണികളിൽ നേതൃത്വത്തിനെതിരായ വികാരം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. പേരിൽ മതചിഹ്നമില്ലാത്തതും മതേതരത്വം നയമായി പറയുന്നതുമായ പാർട്ടികളെ മാത്രമേ ഇടതുമുന്നണിക്ക് സ്വീകരിക്കാൻ പറ്റുകയുള്ളൂവെന്നതിനാൽ അതിന് സഹായകമായ നിലയിലുള്ള പാർട്ടിയാണ് ഡൽഹിയിൽവെച്ച് സുലൈമാൻ സേട്ട് പ്രഖ്യാപിച്ചത്, 1994 ഏപ്രിലിൽ.