ഭരണഘടന വെല്ലുവിളിയായപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിവരവും വിവേകവും ഒരുപോലെയുണ്ടായിരുന്ന പി എന്‍ ഹക്സറെപ്പോലുള്ള പരിണതപ്രജ്ഞരായ ഉദ്യോഗസ്ഥരെ കൈവിട്ട് സഞ്ജയ്ഗാന്ധിയുടെയും സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയുടെയുമൊക്കെ വാക്കുകള്‍ കേട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ തന്റെ ജിവിതത്തിലെ ഏറ്റവും വലിയ കുരിശാണ് താന്‍ സ്വയമെടുത്തു തോളില്‍ വെയ്ക്കുന്നതെന്ന് ഇന്ദിരാഗാന്ധി കരുതിക്കാണില്ല. അല്ലെങ്കിലും വിനാശകാലേ വിപരീതബുദ്ധി എന്നത് സാധാരണക്കാര്‍ക്കു മാത്രമല്ല ഏകാധിപതികള്‍ക്കും ബാധകമാണ്.
1971 ല്‍ പാക്കിസ്താനുമായുള്ള യുദ്ധമാണ് ഇന്ദിരയെ മാറ്റിമറിച്ചത്. പാക്കിസ്താനെ രണ്ടാക്കി ബംഗ്ളാദേശിന് ജന്മം കൊടുത്ത ആ യുദ്ധത്തിലെ വിജയം ശരിക്കും ഇന്ദിരയുടെ തലയ്ക്കു പിടിച്ചു. യുദ്ധത്തിന്റെ മുഖം ഇന്ദിരയായിരുന്നെങ്കിലും അതിനു പിന്നിലെ തലച്ചോര്‍ ഹക്സറിന്റേതായിരുന്നു. ബാങ്ക് ദേശസാല്‍ക്കരണവും പ്രിവി പഴ്സ് നിര്‍ത്തലാക്കലുമുള്‍പ്പെടെ ഇന്ദിരയെ ഇന്ദിരയാക്കിയ നയങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രവും പരമേശ്വര്‍ നാരായന്‍ ഹക്സര്‍ എന്ന കാശ്മീരി ബ്രാഹ്മണനായിരുന്നു. പക്ഷേ, ഇന്ദിരയുടെ മകന്‍ സഞ്ജയിന് ഹക്സറിനെ ഇഷ്ടമായിരുന്നില്ല. സഞ്ജയിന്റെ സ്വപ്നമായിരുന്ന മാരുതി പദ്ധതിയോട് ഹക്സര്‍ തുടക്കം മുതലേ അനിഷ്ടം പ്രകടപിപ്പിച്ചിരുന്നു.

കാറുകളല്ല പൊതു ഗതാഗതത്തിന്റെ വ്യാപനമാണ് ഇന്ത്യയ്ക്കു വേണ്ടതെന്നായിരുന്നു ഹക്സറിന്റെ നിലപാട്. സഞ്ജയ് പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിച്ചുകൊണ്ട് സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതും ഹക്സര്‍ ഇഷ്ടപ്പെട്ടില്ല. ഈ അനിഷ്ടങ്ങള്‍ക്ക് പക്ഷേ, അടിയന്തരാവസ്ഥയില്‍ ഹക്സര്‍ വിലകൊടുക്കേണ്ടി വന്നു. ഹക്സറിന്റെ അമ്മാവന്‍ 85 കാരന്‍ പണ്ഡിറ്റ് ഹക്സറിനെ അദ്ദേഹം നടത്തിയിരുന്ന ടെക്സ്റ്റയില്‍സ് ഷോപ്പിലെ ചില തുണിത്തരങ്ങള്‍ക്ക് മേല്‍ വില കാണിക്കുന്ന സ്റ്റിക്കര്‍ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ ഹക്സറിനു കഴിഞ്ഞുള്ളൂ. ഒടുവില്‍ ഹക്സറിന്റെ ചില അടുത്ത അടുത്ത സുഹൃത്തുക്കളാണ് ഇന്ദിരയോട് കാര്യങ്ങള്‍ പറഞ്ഞ് പണ്ഡിറ്റ് ഹക്സറെ പുറത്തിറക്കിയത്. 1968 നും 73നും ഇടയില്‍ ഇന്ത്യയിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായിരുന്ന ഒരു മനുഷ്യനാണ് ഈ അനുഭവമുണ്ടായത്. ഭരണകൂടം ഫാസിസത്തിന്റെ വഴികളിലേക്ക് നീങ്ങുമ്പോള്‍ ആരും അതിന്റെ ഇരകളാവാം എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും എഴുതിയത്.
ഇന്ദിരയെ വിമര്‍ശിക്കുമ്പോഴും ഉള്ളിന്റെയുള്ളിലെവിടെയോ ഇന്ദിര പണ്ടു നടന്ന വഴികളിലൂടെ നടക്കണമെന്ന മോഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടെന്ന നിരിക്ഷണം തള്ളിക്കളയാനാവില്ല. നിങ്ങള്‍ ഏറ്റവും ശക്തമായി എതിര്‍ക്കുന്നവരാവാം ഒരപക്ഷേ, നിങ്ങളെ ഏറ്റവും ആഴത്തില്‍ സ്വാധീനിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടാണ് ഇന്ദിര അടിയന്തരവാസ്ഥയിലേക്ക് നീങ്ങിയത്. സുപ്രീംകോടതി പോലും ആ ദിനങ്ങളില്‍ ദുര്‍ബ്ബലവും ക്ഷീണിതവുമായി.
നോട്ട് നിരോധനമന്നെ വിഭ്രാത്മകവും സംഹാരാത്മകവുമായ സാമ്പത്തിക ആശയം നടപ്പാക്കാന്‍ മോദിക്ക് കൂട്ടു നിന്ന ഊര്‍ജിത് പട്ടേല്‍ എന്ന റിസര്‍വ്വ് ബാങ്കിന്റെ അമരക്കാരന്‍ ഇപ്പോള്‍ മോദിയുടെ വഴിയില്‍ നിന്ന് മാറി നടക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ എന്ന ഇന്ത്യയുടെ പുകഴ്പെറ്റ കുറ്റാന്വേഷണ വിഭാഗം അനിതരസാധാരണമായ വിശ്വാസ തകര്‍ച്ചയാണ് ഇന്ന് നേരിടുന്നത്. പ്രധാനമന്ത്രിയുടെ റാലികള്‍ നോക്കി തിരഞ്ഞെടുപ്പ് തിയ്യതികള്‍ കുറിക്കുന്ന ഒരു സ്ഥാപനമെന്ന നിലയിലേക്ക് ടി എന്‍ ശേഷനും ജെ എം ലിങ്ദൊയുമൊക്കെ നയിച്ചിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധഃപതിച്ചിരിക്കുന്നു. സുപ്രീം കോടതി ഒന്നു മാത്രമാണ് ഈ പരീക്ഷണ ദിനങ്ങളില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആശാകേന്ദ്രമാവുന്നത്.
ഇന്ദിരയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ സുശക്തമായൊരു പ്രതിപക്ഷ നിര ഇന്ത്യയിലുണ്ടായിരുന്നു. ജയപ്രകാശ് നാരായന്‍ എന്ന പ്രകാശഗോപുരം ആ നിരയുടെ തലപ്പത്തുണ്ടായിരുന്നു. മൊറാര്‍ജിയെയും വാജ്പേയിയെയും ജോര്‍ജ്ഫെര്‍ണാണ്ടസിനെയും സുബ്രഹ്മണ്യന്‍സ്വാമിയെയും കരുണാനിധിയെയും ഇ എം എസിനെയും ഒന്നിച്ചണിനിരത്താന്‍ കഴിവുണ്ടായിരുന്ന ജെ പിയെ പോലൊരു നേതാവിന്റെ അഭാവം ഇന്ത്യ അറിയുന്ന ദിനങ്ങളാണിത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വഴികള്‍ പലപ്പോഴും വിചിത്രമാണ്. ഇന്ദിരയും മോദിയുമൊക്കെ ജനാധിപത്യത്തിന്റെ സന്തതികളാവുന്നത് അതുകൊണ്ടുതന്നെയാണ്. പക്ഷേ, വഴിവിട്ടു നടക്കുന്ന മക്കളെ നേര്‍വഴിക്ക് നടത്താന്‍ ജനാധിപത്യത്തിന് അതിന്റേതായ രീതികളുണ്ട്. 1977 ല്‍ ഇന്ദിര അനുഭവിച്ചറിഞ്ഞ പാഠമാണിത്. നരസിംഹറാവു അധികാരത്തിലേറിയ 1991 ല്‍ നെഹ്രു കുടുംബം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ സവിശേഷതകള്‍ ഒരിക്കല്‍ കൂടി അറിഞ്ഞു. ദേവഗൗഡയേയും ഗുജറാളിനേയും പ്രധാനമന്ത്രിയാക്കിയ ജനാധിപത്യമാണത്.

നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായിരുന്ന ഉത്തരേന്ത്യന്‍ ജനതയാണ് ഇന്ദിരയെ ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളെന്തെന്ന് പഠിപ്പിച്ചത്. ഒരേയൊരു നേതാവെന്ന സങ്കല്‍പം ഇന്ത്യന്‍ ജനാധിപത്യം ഒരിക്കലും അധികനാള്‍ അനുവദിച്ചുകൊടുത്തിട്ടില്ല. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഈ പരിസരത്തിലാണ് വിശകലനം ചെയ്യപ്പെടേണ്ടത്. 182 മീറ്റര്‍ ഉയരമുള്ള പ്രതിമയ്ക്കൊപ്പം തന്നെ തലപ്പൊക്കമുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആ ഒരു പോസുണ്ടല്ലോ അതാണ് നരേന്ദ്രമോദിയെ നിര്‍വ്വചിക്കുന്നതും നിര്‍ണ്ണയിക്കുന്നതും. ക്യാമറയ്ക്കു മുന്നില്‍ സദാ ജാഗരൂകനായ ഒരു പ്രധാനമന്ത്രിയാണ് മോദി. നര്‍മ്മദയുടെ തീരത്തു നിന്നുള്ള ഈ ഫോട്ടോ നമ്മോട് ഒരു പാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കര്‍ശനമായ വിലയിരുത്തലുകള്‍ മോദിയെ കാത്തിരിക്കുകയാണ്. ആ നിര്‍ണ്ണായക ദിനങ്ങളില്‍ താങ്ങും തണലുമാവാന്‍ ഒരു പ്രതിമ മതിയാവുമോ എന്നത് ഒരുപക്ഷേ, മോദി വൈകി മാത്രം തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യമായിരിക്കാം.
വഴിയില്‍ കേട്ടത് : സര്‍ദാര്‍ പട്ടേലും സുഭാഷ് ചന്ദ്രബോസും അംബദ്കറും കൈവിട്ടുപോവുന്നുണ്ടെങ്കില്‍ അതിനുള്ള ഉത്തരം കോണ്‍ഗ്രസ് തേടേണ്ടത് സ്വന്തം ചരിത്രത്തിലും ചെയ്തികളിലുമാണ്.
Now after watching earlier video watch this full clip. Modi himself invites others to join him and after photo click moves on. #StatueOfUnity pic.twitter.com/64DfC94q3y
— RK (@rkfacts) November 4, 2018