രിത്രം ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവർത്തിക്കുമെന്നാണ്‌ പഴമൊഴി. 1999-ൽ മൂന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ വിദേശജന്മപ്രശ്നം ഉയർത്തിയപ്പോൾ സോണിയാഗാന്ധി പാർട്ടിഅധ്യക്ഷസ്ഥാനം രാജിവെച്ചു. അവരുടെ വസതിക്കുമുന്നിൽ തടിച്ചുകൂടിയ ആൾക്കൂട്ടം, ‘‘നഹി ചാഹിയെ സോനാ ചാന്ദി ഹമീ ചാഹിയേ സോണിയാ ഗാന്ധി’’ എന്ന്‌ ആർപ്പുവിളിച്ചു. ഉടൻ പ്രവർത്തകസമിതിചേർന്ന്‌ രാജി പിൻവലിക്കാൻ ആവശ്യപ്പെട്ടു. മൂന്ന്‌ കുലംകുത്തികളെയും പ്രാഥമികാംഗത്വത്തിൽനിന്ന്‌ പുറത്താക്കി. മാഡം രാജി പിൻവലിച്ചു. പാർട്ടിയെ മുന്നിൽനിന്ന്‌ നയിച്ചു. വിമതർ വേറെ പാർട്ടിയുണ്ടാക്കി. പിന്നാലെനടന്ന പാർലമെൻറ്‌്‌ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സഖ്യകക്ഷികളും സാമാന്യം മാന്യമായി പരാജയപ്പെട്ടു. വാജ്പേയി നയിച്ച ദേശീയ ജനാധിപത്യസഖ്യം നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലേറി.

ആരാകണം എന്ന സംശയം

അന്നത്തെ കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ്‌. നെഹ്രുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും കാലമൊക്കെ ഇപ്പോൾ പഴങ്കഥകൾമാത്രം. നാലിൽ മൂന്നുഭൂരിപക്ഷവും മുന്നിൽ രണ്ടുഭൂരിപക്ഷവും കേവലഭൂരിപക്ഷവും പോയിട്ട്‌ സ്വന്തംനിലയ്ക്ക്‌ പ്രതിപക്ഷനേതൃത്വംപോലും അവകാശപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ്‌ പാർട്ടി. കർണാടകത്തിലും മധ്യപ്രദേശിലും കോൺഗ്രസിന്റെ മന്ത്രിസഭകളെ ബി.ജെ.പി. അട്ടിമറിച്ചിട്ട്‌ അധികനാളായില്ല. രാജസ്ഥാൻ മന്ത്രിസഭ വലിയൊരു അപകടത്തിൽനിന്ന്‌ തലനാരിഴയ്ക്കാണ്‌ രക്ഷപ്പെട്ടത്‌. അങ്ങനെ ദയനീയാവസ്ഥയിൽ കഴിയുമ്പോഴാണ്‌ 23 മുതിർന്ന നേതാക്കൾ നേതൃത്വത്തെ ശക്തിപ്പെടുത്താനും പാർട്ടിയെ രക്ഷപ്പെടുത്താനും കത്തെഴുതുന്നത്‌. 

കത്തുകിട്ടിയപ്പോൾ മാഡം വീണ്ടും കോപിച്ചു. അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന്‌ പ്രഖ്യാപിച്ചു. പ്രവർത്തകസമിതികൂടി ആ സാഹസത്തിൽനിന്ന്‌ പിന്തിരിപ്പിച്ചു. ആറുമാസത്തിനകം യോഗ്യനായ പ്രസിഡന്റിനെ കണ്ടെത്താൻ തീരുമാനിച്ചു. കത്തെഴുതിയവർ ബി.ജെ.പി.യെ ശക്തിപ്പെടുത്താനാണ്‌ ഉദ്യമിക്കുന്നതെന്ന്‌ ആരോപണമുണ്ടെങ്കിലും തത്കാലം അവർക്കെതിരേ നടപടിയില്ല.കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. പാർട്ടിക്ക്‌ ഒരു മുഴുവൻസമയ പ്രസിഡന്റ്‌ ഉണ്ടാകണമെന്ന കാര്യത്തിലുമില്ല സംശയം. സോണിയാഗാന്ധിയുടെ ആരോഗ്യം തീരേ മോശമാണ്‌, അവർക്ക്‌ മുഴുവൻസമയവും പാർട്ടിക്കുവേണ്ടി മാറ്റിവെക്കാൻ കഴിയില്ല എന്നകാര്യവും വ്യക്തമാണ്‌. ആരാകണം കോൺഗ്രസ്‌ അധ്യക്ഷൻ എന്നകാര്യത്തിലേയുള്ളൂ അഭിപ്രായവ്യത്യാസം.

1978-നുശേഷം കുടുംബസ്വത്ത്‌

കോൺഗ്രസ്‌ അധ്യക്ഷ/അധ്യക്ഷൻ നെഹ്രു- ഗാന്ധി കുടുംബത്തിൽനിന്നേ പാടുള്ളൂവെന്ന്‌ പാർട്ടിഭരണഘടനയിൽ വ്യവസ്ഥയില്ല. 1947-ൽ ഇന്ത്യക്ക്‌ സ്വാതന്ത്ര്യംകിട്ടുമ്പോൾ ആചാര്യ കൃപലാനിയായിരുന്നു കോൺഗ്രസ്‌ അധ്യക്ഷൻ. പിന്നീട്‌ പട്ടാഭി സീതാരാമയ്യ, പുരുഷോത്തം ദാസ്‌ ഠണ്ഡൻ, യു.എൻ. ധേബാർ, ഇന്ദിരാഗാന്ധി, സഞ്ജീവറെഡ്ഡി, കാമരാജ്‌, നിജലിംഗപ്പ, എന്നിവർ പ്രസിഡന്റുമാരായി. 1969-ലെ പിളർപ്പിനുശേഷവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജഗ്‌ജീവൻ റാം, ശങ്കർ ദയാൽ ശർമ, ദേവകാന്ത്‌ ബറുവ, ബ്രഹ്മാനന്ദ റെഡ്ഡി എന്നിവർ കോൺഗ്രസ്‌ അധ്യക്ഷരായി.1978-ലെ പിളർപ്പിനുശേഷം പാർട്ടി ഭരണഘടന ഭേദഗതിചെയ്തില്ലെങ്കിലും കോൺഗ്രസ്‌ അധ്യക്ഷസ്ഥാനം മറ്റാർക്കെങ്കിലും വിട്ടുകൊടുക്കാൻ ഇന്ദിരാഗാന്ധി തയ്യാറായാറില്ല. 1980-ൽ വീണ്ടും പ്രധാനമന്ത്രിയായ ശേഷവും അവർ പാർട്ടിപ്രസിഡന്റായി തുടർന്നു. 1984-ൽ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തോടൊപ്പം കോൺഗ്രസ്‌ അധ്യക്ഷപദവിയും ഏറ്റെടുത്തു. കുറച്ചുകാലം അർജുൻ സിങ്ങിനെ വർക്കിങ്‌ പ്രസിഡന്റായിവെച്ചിരുന്നു എന്നുമാത്രം.

1991-ൽ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മുതിർന്നനേതാക്കൾ യോഗം ചേർന്ന്‌ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ സോണിയാഗാന്ധിയോട്‌ അഭ്യർഥിച്ചു. അവർ വിസമ്മതമറിയിച്ചതുകൊണ്ടുമാത്രം പി.വി. നരസിംഹറാവു ആ ചുമതല ഏറ്റെടുത്തു. പിന്നീട്‌ റാവുതന്നെ പ്രധാനമന്ത്രിസ്ഥാനവും വഹിക്കേണ്ടിവന്നു. 1996-ൽ അധികാരം നഷ്ടപ്പെടുകയും ഒട്ടേറെ ആരോപണങ്ങൾ നേരിടുകയുംചെയ്ത റാവു കോൺഗ്രസ്‌ അധ്യക്ഷസ്ഥാനം ഉപേക്ഷിക്കാൻ നിർബന്ധിതനായി. സീതാറാം കേസരി പാർട്ടിപ്രസിഡന്റിന്റെ ചുമതലയേറ്റു. തുടർന്ന്‌ െകാൽക്കത്തയിൽനടന്ന സമ്പൂർണ എ.ഐ.സി.സി. സമ്മേളനം കേസരിയെ അധ്യക്ഷനായി തിരഞ്ഞെടുത്തു. 
മാസങ്ങൾക്കകം, സോണിയാഗാന്ധി സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്ന്‌ പ്രഖ്യാപിച്ചു. ഉടനെ കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റി യോഗംചേർന്ന്‌ സീതാറാം കേസരിയെ നീക്കംചെയ്തു. സോണിയയെ അധ്യക്ഷയായി പ്രഖ്യാപിച്ചു. നെഹ്രു-ഗാന്ധി കുടുംബവാഴ്ച അരക്കിട്ടുറപ്പിച്ചു. 2004-ൽ പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ വിസമ്മതിച്ചെങ്കിലും സോണിയ പാർട്ടിപ്രസിഡന്റായി തുടർന്നു.

സോണിയയിൽ തുടങ്ങി സോണിയയിൽത്തന്നെ

സോണിയാഗാന്ധിക്കുശേഷം ആര്‌ എന്നൊരു ചോദ്യം ഒരിക്കലും ആരും ചോദിച്ചിട്ടില്ല. നെഹ്രുവിനുശേഷം ഇന്ദിര, ഇന്ദിരയ്ക്കുശേഷം രാജീവ്‌, സോണിയയ്ക്കുശേഷം രാഹുൽ. സോണിയാഗാന്ധിയുടെ ആരോഗ്യം ക്ഷയിക്കുകയും മൻമോഹൻസിങ്‌ പാർലമെന്ററി നേതാവാകാനില്ല എന്ന്‌ പ്രഖ്യാപിക്കുകയുംചെയ്ത സാഹചര്യത്തിൽ പാർട്ടിയെ മുന്നിൽനിന്ന്‌ നയിക്കാൻ രാഹുൽഗാന്ധിയല്ലാതെ ആരുമില്ലാതായി. 2014-ൽ പാർട്ടിക്ക്‌ വലിയ തിരിച്ചടിയുണ്ടായി. ഭരണം നഷ്ടപ്പെട്ടു. പ്രതിപക്ഷനേതൃസ്ഥാനംപോലും അവകാശപ്പെടാൻ കഴിയാത്ത സ്ഥിതിവന്നു. അപ്പോഴും ഒൗപചാരികമായ നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ കൂട്ടാക്കിയില്ല. സോണിയ പ്രസിഡന്റും മല്ലികാർജുൻ ഖാർഗെ ലോക്‌സഭയിലെ പാർട്ടി ലീഡറുമായി മുന്നോട്ടുപോയി.

സോണിയാഗാന്ധിയുടെ ആരോഗ്യസ്ഥിതി തീർത്തും വഷളായ സാഹചര്യത്തിൽ 2017-ലാണ്‌ രാഹുൽഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്‌. രാഹുൽ മുന്നിൽനിന്ന്‌ നയിച്ച 2019-ലെ തിരഞ്ഞെടുപ്പിൽ പാർട്ടി വീണ്ടും വലിയ തിരിച്ചടി ഏറ്റുവാങ്ങി. അമേഠിയിൽ രാഹുൽതന്നെ തോറ്റു. അതോടെ അദ്ദേഹം അധ്യക്ഷസ്ഥാനം രാജിവെച്ചു. പാർലമെന്ററിപാർട്ടി ലീഡറാകാനും വിസമ്മതിച്ചു. കോൺഗ്രസ്‌ നേതാക്കൾ പലകുറി ആവശ്യപ്പെട്ടിട്ടും തീരുമാനത്തിൽ മാറ്റംവരുത്തിയില്ല.അങ്ങനെ പുതിയൊരു അധ്യക്ഷനെ കണ്ടെത്താൻ പാർട്ടി നിർബന്ധിതമായി. മോത്തിലാൽവോറ മുതൽ സച്ചിൻ പൈലറ്റ്‌വരെ പല പേരുകളും പരിഗണിച്ചു. ഒടുവിൽ രോഗാതുരയായ സോണിയാഗാന്ധിയെത്തന്നെ ഇടക്കാല പ്രസിഡന്റാക്കി പ്രശ്നം തത്കാലം പരിഹരിച്ചു.

രാഹുലിന്റെ മനസ്സുമാറുമോ

പാർട്ടിയുടെ കാര്യം വളരെ പരിതാപകരമാണ്‌. സോണിയാഗാന്ധി ആരോഗ്യപ്രശ്നങ്ങളാൽ വലയുന്നു. രാഹുൽഗാന്ധി നേതൃത്വം ഏറ്റെടുക്കാൻ തയ്യാറല്ല. പ്രിയങ്കാഗാന്ധിക്ക്‌ അഖിലേന്ത്യാരാഷ്ട്രീയത്തിൽ പരിചയക്കുറവുണ്ട്‌. അതേസമയം, പാർട്ടിയുടെ സംഘടനാസംവിധാനം ദുർബലമാണ്‌. ഗംഗാസമതലത്തിൽ പാർട്ടിതന്നെ ഇല്ലാതായിരിക്കുന്നു. പ്രാദേശികതലത്തിൽ ജനസമ്മതരായ നേതാക്കൾ കുറവാണ്‌. ഉള്ളവരിൽ പലരും ഇതിനകം ബി.ജെ.പി.യിൽ ചേർന്നു. ബാക്കിയുള്ളവർ മറുകണ്ടം ചാടാൻ സമയം കാത്തിരിക്കുന്നു. ബിഹാറിൽ ഈ വർഷവും ബംഗാൾ, കേരളം, അസം, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ അടുത്ത കൊല്ലവും തിരഞ്ഞെടുപ്പിനെ നേരിടണം. അങ്ങനെയൊരു നിർണായകഘട്ടത്തിലാണ്‌ 23 മുതിർന്ന നേതാക്കൾ പുതിയൊരു കത്തുമായി പാർട്ടിയെ ‘ശക്തിപ്പെടുത്താ൯’ മുന്നോട്ടുവന്നത്‌.കത്തിലൊപ്പിട്ട 23 പേരിൽ മിക്കവരും രാഹുൽ ഗാന്ധിയുടെ നല്ലപുസ്തകത്തിൽനിന്ന്‌ പുറത്തായവരാണ്‌. വലിയ ജനപിന്തുണയൊന്നും ഇല്ലാത്തവരുമാണ്‌. കോൺഗ്രസിൽനിന്ന്‌ ഇനിയൊന്നും പ്രതീക്ഷിക്കാനില്ല. അതുകൊണ്ട്‌ പാർട്ടിയെ ശക്തിപ്പെടുത്താനും പറ്റാതെവന്നാൽ ബി.ജെ.പി.യിൽ ചേർന്ന്‌ സ്വയം പുഷ്ടിപ്പെടാനും തീരുമാനിച്ചവരാണ്‌ കത്തിലൊപ്പിട്ടവർ.ആറുമാസത്തിനകം യോഗ്യനായ അധ്യക്ഷനെ കണ്ടെത്തിയില്ലെങ്കിൽ സമയം നീട്ടുകയല്ലാതെ പോംവഴിയില്ല. നെഹ്രു-ഗാന്ധി കുടുംബത്തിന്‌ പുറത്തുനിന്നൊരു പ്രസിഡന്റിനെ കണ്ടെത്തുക സാധ്യമല്ല. രാഹുൽഗാന്ധിയുള്ളപ്പോൾ മറ്റൊരാൾക്ക്‌ പ്രസക്തിയില്ല. അദ്ദേഹം മനസ്സുമാറ്റുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.