ബഹുസ്വരത, ഗുജറാത്ത് തിരഞ്ഞെടുപ്പ്, ജി.എസ്.ടി., നോട്ട്‌ അസാധു   എന്നിൽനിന്നൊക്കെ വിഭിന്നമായി വായനക്കാരുമായി പങ്കിടാൻ  ആഗ്രഹിക്കുന്നത് വളരെ ദൂരവ്യാപകമായ ആഘാതങ്ങളുണ്ടാക്കാവുന്ന ഒരുകാര്യത്തെക്കുറിച്ചാണ്. ലോകത്ത് ഏറ്റവുംകൂടുതൽ വേഗത്തിൽ  സാമ്പത്തികമായി  വളർന്നുകൊണ്ടിരിക്കുന്ന പ്രധാനരാജ്യം  ഇന്ത്യയാണെന്നും അതേസമയം, സാമ്പത്തിക അസന്തുലിതാവസ്ഥയുടെ വളർച്ചയും ഇവിടെ  അതിവേഗത്തിലാണെന്നും ഉള്ള വസ്തുതയാണ്.

അതിവേഗം സാമ്പത്തിക വളർച്ചയുണ്ടെങ്കിലും ഇന്നും ഒരു  ദരിദ്രരാജ്യമായിത്തന്നെ ഇന്ത്യ തുടരുന്നതുകൊണ്ട് അക്കാര്യത്തെക്കുറിച്ച് കൂടുതൽ വാചകമടിക്കേണ്ടതിന്റെ  ആവശ്യമില്ല. ഒരൊറ്റ ഉദാഹരണം:  ചൈനയുടെ ആളോഹരി വരുമാനം 2016-ൽ 8120 ഡോളറാണെങ്കിൽ ഇന്ത്യയുടെ 1709 ഡോളർ അതിന്റെ നാലിലൊന്നുപോലും എത്തിയിട്ടില്ല. 

രണ്ടു പ്രധാനറിപ്പോർട്ടുകളാണ് 2017-ൽ ഇതിനെക്കുറിച്ച് നമ്മളെ   ബോധ്യപ്പെടുത്തിയത്. ഒന്നാമത്തേത് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്രെഡിറ്റ് സ്വിസ്’ എന്ന ബാങ്ക് പുറത്തിറക്കിയ ആഗോള സ്വത്തിനെക്കുറിച്ചുള്ള റിപ്പോർട്ട്. രണ്ടാമത്തേത് കുറച്ചുദിവസം മുൻപ് ഇറക്കിയ വരുമാനത്തെക്കുറിച്ചുള്ള ആഗോള അസന്തുലിതാവസ്ഥാ  റിപ്പോർട്ട്.

ഒന്നാമത്തെ റിപ്പോർട്ടിൽ സ്വത്തുവിതരണത്തെക്കുറിച്ച് പറയുമ്പോൾ രണ്ടായിരത്തിനുശേഷം ഇന്ത്യയിൽ ആണ്ടുതോറും സ്വത്തിന്റെ വർധന 10 ശതമാനത്തോളമാണ്; ലോകത്തിന്റെ ശരാശരി 6.8 ശതമാനവും. ഏറ്റവുംഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ രണ്ടരലക്ഷത്തോളം ഡോളർ ദശലക്ഷന്മാർ ഉണ്ടെന്നാണ്. എന്നാൽ, സ്വത്തുവിതരണത്തിന്റെ കാര്യത്തിൽ ഭയാനകമായ  ഒരു സ്ഥിതിവിശേഷമാണ് ഇന്ത്യയിലുള്ളത്. ആകെയുള്ള ഇന്ത്യക്കാരിൽ എട്ടുശതമാനം ആൾക്കാർക്ക് മൊത്തം സ്വത്തിന്റെ 80 ശതമാനവും  കൈയടക്കാനായെങ്കിൽ ബാക്കി 92 ശതമാനം ഇന്ത്യക്കാർക്ക് ആകെ നേടാനായത് 20 ശതമാനം മാത്രം.

ലോകത്തിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള  അസന്തുലിതാവസ്ഥ വരച്ചുകാട്ടുന്നതാണ് രണ്ടാമത്തെ റിപ്പോർട്ട്. ‘മൂലധനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ’ എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ തോമസ് പിക്കറ്റിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്നുപ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ ഇന്ത്യയെക്കുറിച്ച് ഒരു പ്രത്യേക അന്വേഷണംതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരം ഇന്ത്യ ഇന്ന് വരുമാന അസന്തുലിതാവസ്ഥയുടെ കാര്യത്തിൽ വളരെയധികം  മുൻപിൽനിൽക്കുന്നു എന്നുപറയാം.

കള്ളപ്പണം എന്ന കാണാക്കടൽ ഈ ഔദ്യോഗികകണക്കുമായി ചേർത്തുവെച്ചാൽ വളരെ ബീഭത്സമായ അസന്തുലിതാവസ്ഥയാണെന്ന് ചില വിദഗ്ധന്മാർ ഇതിനകംതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വിഷയത്തിലുള്ള കഴിഞ്ഞ പത്തുകൊല്ലത്തെ എന്റെ ഗവേഷണങ്ങൾ  വ്യക്തമാക്കുന്നത് സാമ്പത്തിക അസമത്വം സാമൂഹിക അസമത്വത്തെ ഊട്ടിയുറപ്പിക്കുക മാത്രമല്ല, സാമൂഹികവിഭാഗങ്ങൾ തമ്മിലുള്ള അന്തരം കൂട്ടുകയുംചെയ്തിട്ടുണ്ട് എന്നാണ്.

ഒരു ആധുനിക ജനാധിപത്യരാഷ്ട്രമെന്ന  നിലയ്ക്ക് നമ്മളെ അലോസരപ്പെടുത്തേണ്ട ഈ യാഥാർഥ്യം, സ്വത്തിലും  വരുമാനത്തിലും മാത്രമല്ല ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും പാർപ്പിടംപോലുള്ള മിക്ക വികസനസൂചികകളിലുമാണ്. എന്നാൽ,  വർധിച്ചുവരുന്ന ഈ സാമൂഹിക-സാമ്പത്തിക   അസന്തുലിതാവസ്ഥക്കെതിരേ കാര്യമായ ഒരു ഉത്‌കണ്ഠയും സർക്കാരിനില്ല എന്നുമാത്രമല്ല ജനസമൂഹത്തിൽനിന്ന് കാര്യമായ പ്രകമ്പനങ്ങളൊന്നും ഉണ്ടായില്ല എന്നതും 2017-ലെ പ്രധാന സംഭവങ്ങളായി കണക്കാക്കാം.