താഷ്‌കെന്റിൽവെച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്‌കരിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യസമ്മേളനംനടന്ന് 80 വർഷമാകുന്നതേയുള്ളൂ. പാർട്ടിയുടെ നാലംഗ കേരളഘടകം ഔപചാരികമായി നിലവിൽവന്ന് 82 വർഷവും. എന്നാൽ, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭകാലംതൊട്ടുതന്നെ അതിനൊരു മലയാളി ബന്ധമുണ്ട്.
നമ്പ്യാരും സുഹാസിനിയും
തലശ്ശേരി സ്വദേശിയായ അറത്തിൽ കണ്ടോത്ത് നാരായണൻ നമ്പ്യാർ എന്ന എ.സി.എൻ. നമ്പ്യാരിലൂടെയാണ് ആ ബന്ധം. കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനായ എ.സി.എൻ. വിവാഹംചെയ്തത് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നായകനും വിപ്ലവകാരിയുമായ ഹരീന്ദ്രനാഥ ചതോപാധ്യായയുടെയും സരോജിനി നായിഡുവിന്റെയും സഹോദരിയായ സുഹാസിനിയെയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യ വനിതാ അംഗം.
ലണ്ടനിലും ബെർലിനിലുമെല്ലാം താമസിച്ച് സാമൂഹികപ്രവർത്തനത്തിലേർപ്പെട്ട എ.സി.എൻ. നമ്പ്യാർ കമ്യൂണിസ്റ്റ് സംഘടനകളുമായി അടുത്തുബന്ധപ്പെട്ടിരുന്നു. എ.സി.എൻ. നമ്പ്യാരുമായുള്ള വിവാഹബന്ധം ഒഴിവായശേഷവും സുഹാസിനി, സുഹാസിനി നമ്പ്യാരായി അറിയപ്പെട്ടു.
തൊള്ളായിരത്തി ഇരുപതുകളുടെ അവസാനം വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം മദിരാശിയിൽ ഡോ. ആനക്കര വടക്കത്ത് ലക്ഷ്മിയുടെ വീട്ടിൽ സുഹാസിനി ഒളിവിൽക്കഴിയുന്നു. മീററ്റ് ഗൂഢാലോചനക്കേസിൽ പോലീസ് തിരയുന്നുവെന്ന് വ്യക്തമായതിനാലായിരുന്നു ഒളിവ്. ബോൾഷെവിക് വിപ്ലവത്തെയും ലെനിനെപ്പറ്റിയും കമ്യൂണിസത്തെപ്പറ്റിയും റഷ്യൻ അനുഭവം വിവരിച്ച് ലക്ഷ്മിയുടെ മനംകവർന്ന സുഹാസിനി ലക്ഷ്മിയെ ഇടത്തോട്ടേക്ക് നയിക്കുകയായിരുന്നു-ഐ.എൻ.എ.യിൽ വനിതാ റെജിമെന്റിന്റെ നേതൃത്വത്തിലെത്തുന്നതിനും അങ്ങനെ ക്യാപ്റ്റൻ ലക്ഷ്മിയാകുന്നതിനും ആത്യന്തികമായി കമ്യൂണിസ്റ്റാവുന്നതിനുമുള്ള പ്രചോദനം.
എ.സി.എൻ. നമ്പ്യാരാകട്ടെ തിരുവിതാംകൂർകാരനായ ചെമ്പകരാമൻപിള്ളയോടൊപ്പം ജർമനിയിൽ ലീഗ് എഗെയിൻസ്റ്റ് ഇംപീരിയലിസത്തിന്റെ പ്രവർത്തകനായി കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് രഹസ്യമായി പ്രവർത്തിച്ചു. പിന്നീട് സുഭാഷ്ചന്ദ്ര ബോസിന്റെ വലംകൈയായിത്തീർന്ന അദ്ദേഹം ഐ.എൻ.എ.യുടെ പ്രധാന ചുമതലക്കാരനായിരുന്നു. സ്വാതന്ത്ര്യാനന്തരം ജവാഹർലാൽ നെഹ്രു ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തി ആദ്യം സ്വിറ്റ്സർലൻഡിലും പിന്നീട് ജർമനിയിലും അംബാസഡറാക്കി.
കമ്യൂണിസത്തിന്റെ പിച്ചവെപ്പ്
1912-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാൾ മാർക്സിന്റെ ലഘുജീവചരിത്രം മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുന്നതോടെയാണ് കമ്യൂണിസം എന്ന് ഇവിടെ കുറച്ചുപേരെങ്കിലും കേൾക്കുന്നത്. അതിനടുത്തവർഷങ്ങളിൽ കമ്യൂണിസവുമായും സോഷ്യലിസവുമായും ബന്ധപ്പെട്ട ലേഖനങ്ങൾ രാമകൃഷ്ണപിള്ള പ്രസിദ്ധപ്പെടുത്തി. സഹോദരൻ അയ്യപ്പനാകട്ടെ സോവിയറ്റ് വിപ്ലവത്തെക്കുറിച്ച് ലേഖനം എഴുതുകയും ചെയ്തു. കെ. രാമകൃഷ്ണപിള്ളയുടെ മകൾ കെ. ഗോമതിയുടെ ഭർത്താവായ ബാരിസ്റ്റർ എ.കെ. പിള്ളയുടെ സോഷ്യലിസ്റ്റ് ലേഖനങ്ങളും ശ്രദ്ധിക്കപ്പെട്ടു.എങ്കിലും കമ്യൂണിസ്റ്റുകാരനെന്ന് പരസ്യമായി അവകാശപ്പെടാൻ ആരെങ്കിലും രംഗത്തുവരുകയോ കമ്യൂണിസ്റ്റ് സംഘടനയുണ്ടാവുകയോ ചെയ്യുന്നതിന് പിന്നെയും സമയമെടുത്തു. കേരളത്തിൽ സ്വാതന്ത്ര്യസമരം ശക്തിപ്രാപിക്കുന്നത് 1930-ലെ ഉപ്പുസത്യാഗ്രഹത്തോടെയാണ്. അതിന് നേതൃത്വം നൽകിയവരിൽ പി. കൃഷ്ണപിള്ള, കെ.പി. ഗോപാലൻ, മൊയാരത്ത് ശങ്കരൻ, കെ. മാധവൻ, എൻ.സി. ശേഖർ തുടങ്ങിയവർ പിന്നീട് കമ്യൂണിസ്റ്റ് നേതാക്കളായി.
ശേഖറും വേദാന്തവും
കേരളത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സംഘടന ഉണ്ടാകുന്നത് തിരുവനന്തപുരത്ത് എൻ.സി. ശേഖറിന്റെ നേതൃത്വത്തിലാണ് -1931ൽ. അതിന് പ്രചോദനമായതാകട്ടെ കണ്ണൂർ ജയിലും. 1930 ഏപ്രിലിലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട കാൽനടജാഥയിലെ അംഗങ്ങളായിരുന്നു പൊന്നറ ശ്രീധറും എൻ.പി. കുരിക്കളും എൻ.സി. ശേഖറും. ജാഥ എറണാകുളത്തെത്തിയതോടെ പെട്ടെന്ന് കോഴിക്കോട്ടെത്തണമെന്ന നിർദേശം കിട്ടിയതിനാൽ തീവണ്ടിയിൽ ആദ്യം കോഴിക്കോട്ടേക്കെത്തുകയായിരുന്നു. പിന്നീട് പയ്യന്നൂരിലെത്തി ഉപ്പുകുറുക്കി. 1929-ൽ കേസരി എ. ബാലകൃഷ്ണപിള്ളയുടെ അനുഗ്രഹാശിസ്സുകളോടെ തിരുവനന്തപുരത്ത് രൂപവത്‌കരിച്ച യൂത്ത് ലീഗിന്റെ നേതാക്കളായിരുന്നു മൂവരും.
കോഴിക്കോട്ടുനടന്ന ഒന്നാം നിയമലംഘന സമരവുമായി ബന്ധപ്പെട്ട് 1930 മധ്യത്തിൽ എൻ.സി. കണ്ണൂർ സെൻട്രൽ ജയിലിലടയ്ക്കപ്പെട്ടു. 1930-ലെ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്തതിന് കണ്ണൂർ ജയിലിലടയ്ക്കപ്പെട്ട തമിഴ്‌നാട് സ്വദേശി വേദാന്തമാണ് എൻ.സി.യോട് കമ്യൂണിസത്തെക്കുറിച്ച് പറയുന്നത്. മുംബൈയിൽ ടെക്‌സ്‌റ്റൈൽ തൊഴിലാളിയായിരുന്ന വേദാന്തം കോൺഗ്രസ് നേതാവായിരിക്കെത്തന്നെ അവിടത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ ആളുമായിരുന്നു. വേദാന്തത്തിൽനിന്നും മീററ്റ് ഗൂഢാലോചനക്കേസിൽപ്പെട്ട് തടവിലായവരിൽനിന്നും കിട്ടിയ വിവരങ്ങളും രേഖകളുമാണ് കേരളത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് വിജ്ഞാപനം അച്ചടിച്ച് പ്രസിദ്ധപ്പെടുത്താനും കമ്യൂണിസ്റ്റ് ലീഗ് രൂപവത്‌കരിക്കാനും എൻ.സി. ശേഖറിനും കൂട്ടർക്കും സഹായകമായത്. കമ്യൂണിസ്റ്റ് വിജ്ഞാപനവും കർമപരിപാടിയും കേസരി ബാലകൃഷ്ണപിള്ളയുടെ മേൽനോട്ടത്തിൽ തർജമചെയ്ത് പുളിമൂട്ടിലെ ശാരദ പ്രസ്സിൽ അച്ചടിക്കുകയായിരുന്നു. യൂത്ത് ലീഗിലെ പൊന്നറ വിഭാഗം കമ്യൂണിസ്റ്റ് ലീഗിൽ ചേർന്നില്ല. തിരുവനന്തപുരത്തെ കമ്യൂണിസ്റ്റ് ലീഗ് ഒരു പാർട്ടിയായി വികസിച്ചതുമില്ല.
കൃഷ്ണപിള്ളയുടെ അടുപ്പം
ഒന്നാം നിയമലംഘനസമരത്തെത്തുടർന്നും രണ്ടാം നിയമലംഘനത്തെത്തുടർന്നും ജയിലിലായ പി. കൃഷ്ണപിള്ള ഉത്തരേന്ത്യൻ വിപ്ലവകാരികളിൽനിന്ന് കമ്യൂണിസത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിലേക്കാകർഷിക്കപ്പെടുകയും ചെയ്തെങ്കിലും പാർട്ടി രൂപവത്‌കരണത്തിന് ക്ഷമാപൂർവം കാത്തുനിന്നു. 1928 മുതൽ രണ്ടുവർഷത്തോളം ഉത്തരേന്ത്യയിൽ താമസിച്ച് ഹിന്ദി പഠിച്ച കൃഷ്ണപിള്ള സോഷ്യലിസത്തിലേക്ക് അവിടെവെച്ചുതന്നെ ആകൃഷ്ടനായിരുന്നു.
ഇ.എം.എസിനെ ആകർഷിച്ചതാര്
മീററ്റ് ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട കമലാനാഥ് തിവാരി, ജയ്‌ദേവ് കപൂർ എന്നിവരും ബംഗാളിലെ തീവ്രവാദിപ്രസ്ഥാനമായ അനുശീലൻ ഗ്രൂപ്പിലെ രവീന്ദ്രമോഹൻ സെൻ ഗുപ്ത, ടി.എൻ. ചക്രവർത്തി, രമേഷ് ചന്ദ്ര ആചാര്യ എന്നിവരും ഈ ഘട്ടത്തിൽ ജയിലിലുണ്ടായിരുന്നു. കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയും രൂപവത്‌കരിക്കുന്നതിന്റെ വിത്തുവിതച്ചവർ ഇവരത്രേ. പിൽക്കാലത്ത് ബിഹാറിൽനിന്നുള്ള കോൺഗ്രസ് എം.പി.യായ കമലാനാഥ് തിവാരിയാണ് ഇ.എം.എസിനെ കമ്യൂണിസ്റ്റ് ആശയത്തിലേക്ക് ആദ്യം ആകർഷിക്കുന്നത്.
കർഷകസംഘത്തിന്റെ തുടക്കം
ബംഗാളിലെ അനുശീലൻ സമിതിയുടെ നേതാക്കളായ സെൻഗുപ്ത, ചക്രവർത്തി, ആചാര്യ എന്നിവരുടെ പ്രേരണയിൽ കെ.പി. ഗോപാലൻ, കെ.പി.ആർ. ഗോപാലൻ, വിഷ്ണുഭാരതീയൻ, കെ.എ. കേരളീയൻ എന്നിവർ കേരളത്തിൽ അനുശീലൻ സമിതിയുടെ ഘടകമുണ്ടാക്കി തീവ്രവാദപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും വേഗത്തിൽത്തന്നെ അതിൽനിന്ന് പിന്മാറുകയായിരുന്നു. ഇവരാണ് 1935-ൽ കണ്ണൂർ കൊളച്ചേരിയിൽ കേരളത്തിലെ ആദ്യത്തെ കർഷകസംഘം രൂപവത്‌കരിച്ചത്. തുടർന്ന് മലബാറിൽ പലയിടത്തും കർഷകപ്രസ്ഥാനം രൂപപ്പെട്ടു.
സോഷ്യലിസംവഴി ചുവപ്പിലേക്ക്
1934 മേയിലാണ് കോൺഗ്രസിനകത്ത് സോഷ്യലിസ്റ്റ് ഗ്രൂപ്പ് പട്‌നയിൽവെച്ച് രൂപംകൊള്ളുന്നത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ജയപ്രകാശ് നാരായണനും ജോയന്റ് സെക്രട്ടറിമാരിലൊരാളായി ഇ.എം.എസും തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ കേരളഘടകം കോഴിക്കോട് ടൗൺഹാളിൽ സമ്മേളിച്ച് സി.കെ. ഗോവിന്ദൻനായർ പ്രസിഡന്റും കൃഷ്ണപിള്ള സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്‌കരിച്ചു. സാഹിത്യകാരൻ പി. കേശവദേവ് തയ്യാറാക്കിയ പ്രമേയമാണ് ആ സമ്മേളനം അംഗീകരിച്ചത്. ആലപ്പുഴയിലെ ട്രേഡ് യൂണിയൻ സംഘാടകനുമായിരുന്ന കേശവദേവ് താനാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് എന്ന് നിരന്തരം അവകാശപ്പെടാറുണ്ടായിരുന്നു, പിന്നീട് അതിന്റെ ശത്രുപക്ഷത്തായെങ്കിലും.