flag
Photo: PTI

1954-ൽ ഇന്ത്യയും ചൈനയും ഒപ്പിട്ട പഞ്ചശീലക്കരാർ അയൽരാജ്യങ്ങൾ തമ്മിലുണ്ടാകേണ്ട ബന്ധത്തിന്റെ അടിസ്ഥാനശില ആയിരുന്നു. ഹ്രസ്വവും ലളിതവുമായ അഞ്ചുതത്ത്വങ്ങൾ. ‘ഈ തത്ത്വങ്ങൾ അംഗീകരിക്കപ്പെട്ടാൽ ലോകത്ത് സംഘട്ടനമോ യുദ്ധമോ ഉണ്ടാകുകയില്ല.’ എന്നാണ് ജവാഹർലാൽ നെഹ്രു അന്ന് പറഞ്ഞത്. ചൈന അത്‌ ചെയ്യാത്തതുകൊണ്ടാണ് അരനൂറ്റാണ്ടിനുശേഷം മറ്റൊരു പഞ്ചശീലം രണ്ടു രാജ്യങ്ങൾക്കും വീണ്ടും ഒപ്പിടേണ്ടിവന്നത്. ഇന്ത്യയും ചൈനയും മോസ്കോയിൽ സെപ്റ്റംബർ പത്താം തീയതി ഒപ്പിട്ട കരാറിലെ അഞ്ച്‌ തത്ത്വങ്ങൾ യുദ്ധം ഒഴിവാക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണ് അംഗീകരിച്ചത്. അവ പാലിക്കപ്പെടുമോ എന്ന് തീർച്ചയില്ലാത്തത് ആദ്യത്തെ പഞ്ചശീലം വിസ്മരിക്കപ്പെട്ടതുകൊണ്ടാണ്. 

ചൈനയുടെ അതിമോഹങ്ങൾ 

ഇന്ത്യാ-ചൈന ബന്ധത്തിന്റെ ചരിത്രം സംഘട്ടനത്തിന്റെയും യുദ്ധത്തിന്റെയും കഥയായി മാറിയത് ചൈനയുടെ സാംസ്കാരിക പൈതൃകത്തിന്റെയും രാഷ്ട്രീയ നയങ്ങളുടെയും അതിർത്തിവികസന വ്യഗ്രതയുടെയും പരിണതഫലമായാണ്. എത്ര സമാധാന ചർച്ചകൾ നടത്തിയാലും കരാറുകൾ ഒപ്പിട്ടാലും പ്രശ്നങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ചൈനയുടെ സാമ്പത്തികവും സൈനികവുമായ വലിയ വളർച്ച ഈ പ്രവണതകളെ ശക്തിപ്പെടുത്തുകയായിരുന്നു. ലോകനേതൃത്വം നേടിയെടുക്കാനുള്ള വ്യഗ്രതയിൽ തത്ത്വങ്ങൾ ത്യജിക്കാൻ ചൈനയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. അതിന്റെ ഭാഗമായാണ് ഇന്ത്യാ-ചൈന അതിർത്തി നിർണയിക്കാനോ അടയാളപ്പെടുത്താനോ ചൈന തയ്യാറാകാത്തത്. 

ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഒരു മഹാമാരിയെ ഒരവസരമായി കണ്ടുകൊണ്ട് അമേരിക്കയുടെ പതനത്തെ മുതലെടുത്തുകൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളിൽ ചൈന കാട്ടുന്ന അതിക്രമങ്ങളുടെ ഭാഗമായാണ് ഏപ്രിൽമുതൽ ഇന്ത്യൻ അതിർത്തിയിൽ ചൈന അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ. സംഭാഷണങ്ങളും സമവായങ്ങളും ഉണ്ടായെങ്കിലും ഇന്ത്യയുടെ ഭൂമി കൂടുതൽ കൈയിലാക്കിക്കഴിഞ്ഞിരിക്കുന്നു ചൈന. സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായത്, ചൈന പിൻവാങ്ങാമെന്ന് സമ്മതിച്ചതിനുശേഷമാണ്.

ഇന്ത്യയുടെ വശത്തു തുടർന്നാൽ കുറെക്കഴിയുമ്പോൾ സംഘർഷം അവസാനിക്കുമെന്നും പിടിച്ചെടുത്ത ഭൂമി കൈയിലാക്കാൻ കഴിയുമെന്നുമാണ് ചൈനയുടെ വിശ്വാസം. അതിർത്തി ചർച്ചകളിൽ അവരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് ചൈന ഇങ്ങനെയുള്ള അവസരങ്ങൾ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ഇത്തവണ ചൈന ഏപ്രിലിലുണ്ടായിരുന്ന പ്രദേശങ്ങളിലേക്ക് പിൻവാങ്ങണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെടുകയും അതിനായി മൂന്നുതരത്തിലുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. 

ഇന്ത്യയുടെ തിരിച്ചടികൾ 

ഒന്നാമത്തേത് സംഭാഷണങ്ങൾ തുടങ്ങുക എന്നതും രണ്ടാമത്തേത് സൈനിക ശക്തി വർധിപ്പിക്കുക എന്നതും മൂന്നാമത്തേത് സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ ചൈനയുടെ സ്വാധീനം കുറയ്ക്കുക എന്നതും ആയിരുന്നു. ഈ മൂന്നുകാര്യത്തിലും ഇന്ത്യ ഉറച്ചുനിന്നു. അതുകൂടാതെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഓഗസ്റ്റ് അവസാനം  ചൈന സൈന്യത്തെ വിന്യസിച്ചതിനടുത്തുള്ള ഉയരങ്ങൾ ശക്തി ഉപയോഗിച്ചു കൈവശമാക്കുകയും ചൈനയുടെ മുന്നോട്ടുള്ള നീക്കത്തെ തടയുകയും ചെയ്തു. യുദ്ധസാധ്യത വളരെ വർധിച്ച ഒരു സമയമായിരുന്നു അത്. 

ഈ പശ്ചാത്തലത്തിലാണ് മന്ത്രിതല ചർച്ചകൾ വേണമെന്ന് ചൈനതന്നെ ആവശ്യപ്പെട്ടത്. മോസ്കോയിൽവെച്ചു നടന്ന പ്രതിരോധമന്ത്രിമാരുടെയും വിദേശമന്ത്രിമാരുടെയും വിശദമായ ചർച്ചകൾക്കുശേഷം സെപ്റ്റംബർ പത്താംതീയതിയാണ് സമാധാനം സ്ഥാപിക്കാനുള്ള ആധുനിക പഞ്ചശീലം രൂപവത്കരിക്കപ്പെട്ടത്. യുദ്ധത്തിന്റെ വക്കിൽനിന്ന് രണ്ടു രാജ്യങ്ങളും പിന്നോട്ടുമാറാനുള്ള അവസരമൊരുക്കിയെങ്കിലും ചൈന പിന്മാറുമോ എന്ന സംശയം നിലനിൽക്കുന്നു. യുദ്ധഭീഷണി അവസാനിച്ചിട്ടുമില്ല. 

കരാർ ലംഘിക്കൽ ഒരു നിലപാട് 

ഒന്നാമതായി അംഗീകരിച്ച തത്ത്വം ഇരു രാജ്യങ്ങളും അവരുടെ നേതാക്കന്മാർ എത്തിയ സമവായത്തെ മാർഗനിർദേശമായി സ്വീകരിക്കണമെന്നതാണ്. ഈ സമവായം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വുഹാനിലും മാമല്ലപുരത്തുംനടന്ന ചർച്ചകൾ, അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളിലേക്കോ സംഘട്ടനങ്ങളിലേക്കോ നയിക്കരുത് എന്ന തീരുമാനത്തിലാണ് എത്തിയിരുന്നത് എന്ന് വ്യക്തമാക്കുന്നു. ആ തീരുമാനം രണ്ടുകൂട്ടരും സ്വീകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഈ സ്ഥിതിയിലാവുകയില്ലായിരുന്നു എന്നതാണല്ലോ സത്യം.

രണ്ടാമതായി ഇന്ന് അതിർത്തിയിലുണ്ടായിരിക്കുന്ന സ്ഥിതിവിശേഷം ഇരുകൂട്ടർക്കും സഹായകരമല്ലെന്നും അതിനാൽ രണ്ടുകൂട്ടരും ചർച്ചകളും പിൻവാങ്ങലുകളും നടത്തണമെന്നും സൈന്യങ്ങൾ തമ്മിൽ ആവശ്യത്തിനുള്ള ദൂരം പാലിക്കണമെന്നും വിദേശമന്ത്രിമാർ തീരുമാനിച്ചു. ഇവിടെയാണ് പ്രധാന പ്രശ്നം. ചൈനയുടെ അഭിപ്രായത്തിൽ അവർ പിൻവാങ്ങിക്കഴിഞ്ഞു എന്നും ഇന്ത്യയുടെ നീക്കങ്ങളാണ് സംഘർഷത്തിന് വഴിതെളിക്കുന്നതുമെന്ന വാദം നിലനിൽക്കുന്നു.

മൂന്നാമതായി ഇരുകൂട്ടരും ഇതുവരെയുണ്ടായിട്ടുള്ള എല്ലാ കരാറുകളും ബഹുമാനിക്കുമെന്നും അതിർത്തിയിൽ സമാധാനം പാലിക്കുമെന്നും സമാധാന ലംഘനം ഉണ്ടാകുന്നതരത്തിലുള്ള നടപടികൾ സ്വീകരിക്കില്ലെന്നും മന്ത്രിമാർ സമ്മതിച്ചു. ഇതിന്റെയർഥം ഈ കരാറുകൾ പലതവണ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും ഇനി അങ്ങനെ സംഭവിക്കരുതെന്നുമാണ്. എന്നാൽ ചൈനയുടെ പ്രവൃത്തികളും കരാർ ലംഘനമായിരുന്നു എന്നു വ്യക്തമാണ്. പക്ഷേ, അവർ അവരുടെ നയം തിരുത്തുമെന്നുള്ള പ്രത്യാശയാണ് ഇന്ത്യക്കുള്ളത്.

നാലാമതായി മന്ത്രിമാർ സമ്മതിച്ചത് അതിർത്തി ചർച്ചകൾ  അതിനായി നിയോഗിക്കപ്പെട്ടവർ തമ്മിൽ തുടരണമെന്നാണ്. എന്നാൽ, ഇതിനായി യാതൊരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. അതിർത്തി ചർച്ചകൾ വിജയകരമായി അവസാനിക്കാതെ സൗഹൃദം സാധ്യമല്ല എന്ന് രണ്ടുകൂട്ടരും പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ, വർഷങ്ങളായി തുടരുന്ന ചർച്ചകൾ അവസാനിക്കുന്നുമില്ല. അതുകൊണ്ട് ഇത്തവണ ചർച്ചകൾ തുടരുമെന്ന് ആഹ്വാനം ചെയ്തതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ചർച്ചകൾ വേഗത്തിലാക്കണമെന്നോ തീരുമാനമെടുക്കണമെന്നോ ഇപ്പോൾ പറഞ്ഞിട്ടുമില്ല.

അവസാനത്തേത് ഇന്നത്തെ സ്ഥിതിഗതികൾ ശാന്തമായി തുടരണമെങ്കിൽ ഇരു രാജ്യങ്ങളും അന്യോന്യം വിശ്വാസം സൃഷ്ടിക്കാവുന്ന തരത്തിലുള്ള നടപടികൾ രൂപവത്‌കരിക്കണമെന്നും അതിർത്തിയിൽ സമാധാനം പാലിക്കണമെന്നുമാണ്. ഇതിനുമുമ്പുള്ള 'വിശ്വാസസൃഷ്ടി നടപടികൾ' മതിയാകുന്നില്ല എന്ന അഭിപ്രായം കൂടുതൽ സങ്കീർണമായ ചർച്ചകൾക്കും ഇരു രാജ്യങ്ങളും ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്വങ്ങളെ മാറ്റാനുള്ള ശ്രമങ്ങൾക്കും വഴിയൊരുക്കുമോ എന്ന ആശങ്ക ഉളവാക്കുന്നു.

പുതിയ പഞ്ചശീലത്തിൽ എന്തുകാര്യം?

ഈ പുതിയ പഞ്ചശീലം പഴയ പഞ്ചശീലത്തേക്കാൾ സമാധാനം സ്ഥാപിക്കാൻ സഹായകരമാണെന്ന് വിശ്വസിക്കാൻ കഴിയില്ല. 
അന്യോന്യം ബഹുമാനിക്കുകയും അവരവരുടെ പൂർണത്വം സംരക്ഷിക്കുകയും സമാധാനപരമായ സഹവർത്തിത്വം പുലർത്തുകയും അന്യരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുമെന്നുള്ള പഴയ പഞ്ചശീലം ഉള്ളപ്പോൾ ഈ പുതിയ തീരുമാനങ്ങൾക്ക് എന്തുവിലയാണുള്ളത്? അതിനാലാണ് മോസ്കോയിലെ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുത്താൻ സാധ്യതകൾ കുറയുന്നത്. തത്‌കാലം സംഘർഷം ഒഴിവാക്കി സമവായത്തിലെത്താനുള്ള അവസരം മാത്രമാണ് നമുക്ക് കൈവന്നിരിക്കുന്നത്. ഏപ്രിലിലെ സ്ഥിതിയിലേക്ക് തിരിച്ചുപോകാമെന്ന് ചൈന സമ്മതിച്ചിട്ടില്ല. അതിൽ കുറഞ്ഞ ഒരു സ്ഥിതിയും അംഗീകരിക്കാൻ ഇന്ത്യ തയ്യാറുമല്ല. ചർച്ച ചെയ്യപ്പെടാത്ത ഒരു കാര്യം ചൈന ഈ ആക്രമണം അഴിച്ചുവിട്ടതിന്റെ യഥാർഥ കാരണമാണ്. അത് ജമ്മുകശ്മീരിലും ലഡാക്കിലും ഇന്ത്യ വരുത്തിയ മാറ്റങ്ങളാണെന്നും പാകിസ്താനോട് ചേർന്നുകൊണ്ടാണ് ഈ ആക്രമണം നടത്തിയതെന്നുമുള്ള അഭ്യൂഹം സ്ഥിതിഗതികളെ കൂടുതൽ ഗൗരവതരമാക്കുന്നു. അതിനാൽ മോസ്കോയിൽ അംഗീകരിക്കപ്പെട്ട തത്ത്വങ്ങൾ അതിർത്തിയിൽ സമാധാനം കൈവരുത്താൻ സഹായകരമാകുമെന്ന് കരുതാനാവില്ല. അടുത്ത ഒരുമാസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കുറെ മാസങ്ങൾ രണ്ടു സൈന്യത്തിനും അവിടെ കടുത്തമഞ്ഞിൽ കഴിയേണ്ടിവരും. അങ്ങനെ വന്നാൽ ഇന്ത്യക്കായിരിക്കും കൂടുതൽ പ്രശ്നങ്ങളുണ്ടാകുക. പോരെങ്കിൽ ചൈനയുടെ സാന്നിധ്യം ഇന്ത്യയുടെ വശത്ത് തുടരുകവഴി ചൈന നിയന്ത്രണരേഖയിൽ മാറ്റം വരുത്തുകയും ചെയ്യും. 

വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ.

content highlights: india-china border dispute