നാലുമാസമായി തുടരുന്ന ഇന്ത്യ-ചൈന സംഘർഷത്തിന്‌  അയവ്‌ വരുത്താൻ വിവേകപൂർണമായ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഇരുരാജ്യങ്ങളും സ്ഥായിയായ പരസ്പര വിദ്വേഷത്തിലേക്കാകും  എത്തിച്ചേരുക.

ഓഗസ്റ്റ് 31-ന് പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തെ കുന്നുകൾ പിടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ശ്രമവും സെപ്റ്റംബർ ഏഴിനുരാത്രി ഇന്ത്യ-ചൈന സൈനികർതമ്മിൽനടന്ന വെടിവെപ്പും ലഡാക്ക് അതിർത്തിയെ വീണ്ടും സംഘർഷഭൂമിയാക്കി. മോസ്‌കോയിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ അഞ്ചിന പ്രവർത്തന പദ്ധതി പ്രാവർത്തികമാക്കാൻ ഈയാഴ്‌ച ചേരുന്ന കോർകമാൻഡർതല ചർച്ചയാണ്‌ ഇനിയുള്ള പ്രതീക്ഷ.

എന്നാൽ, ആറാഴ്ചയ്ക്കുള്ളിൽനടന്ന, പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലാത്ത രണ്ടുസംഭവങ്ങൾ ഇന്ത്യ-ചൈന ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് അശുഭകരമായ സൂചന നൽകുന്നുണ്ട്‌. മണിപ്പുർ നാഗാ പീപ്പിൾസ് ഫ്രണ്ട്,  റവലൂഷണറി പീപ്പിൾസ് ഫ്രണ്ട്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം എന്നീ സംഘടനകൾചേർന്ന് ജൂലായ് 29-ന് അസം റൈഫിൾസ് സൈനികർക്കുനേരെ നടത്തിയ ആക്രമണമാണ് ഇതിൽ ആദ്യത്തേത്. 
ഇതിൽ ഇന്ത്യൻ സൈനികർക്ക് ജീവഹാനിയുണ്ടായിരുന്നു. ഓഗസ്റ്റ് 31-ന് സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സിനുനേരെ (എസ്.എഫ്.എഫ്.)നടന്ന ആക്രമണമാണ് രണ്ടാമത്തേത്. ഇതിൽ ടിബറ്റൻ പൗരനായ ഒരു സൈനികൻ വീരമൃത്യു വരിക്കുകയുംചെയ്തു. ഈ രണ്ടുസംഭവത്തിന്റെയും പ്രാധാന്യം മനസ്സിലാകണമെങ്കിൽ 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിലേക്കുനയിച്ച സംഭവങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയുംകുറിച്ച്‌ അറിയണം.

തർക്കവിഷയങ്ങൾ

അതിർത്തിവിഷയത്തിൽ ഇന്ത്യയുടെയും ചൈനയുടെയും അഭിപ്രായവ്യത്യാസങ്ങൾ വലിയ തർക്കമായി രൂപംമാറിയത് 1959-ൽ ദലൈലാമ ടിബറ്റിൽനിന്ന് രക്ഷപ്പെട്ടതോടെയാണ്. ദലൈലാമ ഇന്ത്യയിൽ നേടിയ സഹതാപതരംഗവും പിന്തുണയും കണ്ടതോടെ ടിബറ്റിലെ ഖാംഫയിൽ നടന്ന കലാപങ്ങളിൽ ഇന്ത്യൻ ഭരണകൂടത്തിന് പങ്കുണ്ടായിരുന്നോയെന്ന സംശയം ചൈനീസ് നേതൃത്വത്തിന്റെ മനസ്സിൽ വേരൂന്നി. ഈ തെറ്റിദ്ധാരണകൾക്കൊപ്പം ചൈന അവകാശവാദമുന്നയിക്കുന്ന അക്സായ് ചിന്നിനെക്കുറിച്ച് പുനഃപരിശോധനയ്‌ക്കില്ലെന്ന് ഇന്ത്യ നിലപാടെടുക്കുകകൂടി ചെയ്തതോടെ ചൈനയുടെ ആശങ്ക ആളിക്കത്തുകയും ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീഴുകയും ചെയ്തു. 

ചൈനയിലെ ഷിയാൻജിങ് മേഖലയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന പാത കടന്നുപോകുന്നത് അക്സായ് ചിന്നിലൂടെയാണെന്നത് ചൈനയെ ആശങ്കാകുലരാക്കി. നെഹ്രു ഫോർവേഡ് പോളിസികൂടി മുന്നോട്ടുവെച്ചതോടെ 1962 ഒക്ടോബറിൽ ഇന്ത്യക്കെതിരേ ചൈന ശക്തമായി തിരിച്ചടിക്കുകയും ഇരുരാജ്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരുമാസത്തോളം നീണ്ടുനിൽക്കുകയുംചെയ്തു. ചൈന ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് യുദ്ധത്തിന് വിരാമമായത്. 

1950-കളുടെ അവസാനംമുതൽ അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ.) ടിബറ്റൻ വിമതരെ സാമ്പത്തികസഹായവും ആയുധങ്ങളും നൽകി പിന്തുണച്ചിരുന്നു. എന്നാൽ, അമേരിക്കയിൽ റിച്ചാർഡ് നിക്സൺ പ്രസിഡന്റാകുകയും ചൈനയുമായി അടുത്തബന്ധം സ്ഥാപിക്കുന്നതരത്തിൽ അവരുടെ വിദേശനയം പൊളിച്ചെഴുതുകയും ചെയ്തതോടെ ടിബറ്റൻ വിമതർക്ക്‌ പുറത്തുനിന്നുലഭിച്ചിരുന്ന സഹായങ്ങളുടെ ഒഴുക്ക് നിലച്ചു. എന്നാൽ, ചൈനയോടുള്ള അമർഷം ടിബറ്റിനുള്ളിൽ പുകഞ്ഞുകൊണ്ടേയിരിക്കുകയും 1988-'89-ൽ ഇത് പുതിയ പ്രക്ഷോഭങ്ങളായി ആളിപ്പടരുകയുംചെയ്തു. ടിബറ്റിൽ പുതിയ സൈനികനിയമം കൊണ്ടുവരുന്നതിന് ഈ പ്രക്ഷോഭങ്ങൾ കാരണമായി. 

ചൈനയെ സംബന്ധിച്ചിടത്തോളം, ആയുധങ്ങൾ വിതരണംചെയ്തും നേതാക്കൾക്ക് സുരക്ഷിതതാവളമൊരുക്കിയും വടക്കുകിഴക്കൻ ഇന്ത്യയിൽ കലാപത്തിന്‌ കോപ്പുകൂട്ടുന്ന നിരോധിത സംഘടനകൾക്ക് അവർ കൈയയച്ച് പിന്തുണ നൽകി.  വടക്കുകിഴക്കൻ മേഖലയിൽ കലാപാന്തരീക്ഷം സജീവമാക്കി നിലനിർത്തിക്കൊണ്ട് ഇത്തരം സംഘടനകളെ ഉപയോഗിച്ച് ഇന്ത്യക്കുമേൽ സമ്മർദമുണ്ടാക്കുകയെന്നത് ചൈനയുടെ എക്കാലത്തെയും താത്പര്യമാണ്. എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ഈ സംഘടനകൾ ഏറ്റവും സജീവമാകുകയും ഇന്ത്യൻ സൈന്യത്തിന് വലിയ തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു. 

അശാന്തമായ ശാന്തത

1988-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ ചൈനാസന്ദർശനത്തിനുശേഷം ഹിമവാന് അപ്പുറവും ഇപ്പുറവുമുള്ള ഇരുരാജ്യങ്ങൾക്കിടയിലെ വിദ്വേഷത്തിന്റെ മഞ്ഞുരുകാൻ തുടങ്ങി. തൊണ്ണൂറുകൾമുതൽ കലാപകാരികളോട് സ്വീകരിക്കുന്ന സൗഹാർദസമീപനത്തിൽനിന്ന് ചൈന പിന്നോട്ടുനടന്നു. ഇന്ത്യയിലെ ടിബറ്റൻ പൗരന്മാരുടെ പ്രവർത്തനങ്ങൾ ചൈനീസ് നേതൃത്വത്തെ ആശങ്കപ്പെടുത്താതിരിക്കാനുള്ള കരുതലെടുക്കാൻ ഇന്ത്യയും ശ്രദ്ധിച്ചു. നിയന്ത്രണരേഖയിലെ പ്രശ്നങ്ങളില്ലാതാക്കാൻ, ആയുധം കൈയിലെടുക്കില്ലെന്നതുൾപ്പെടെയുള്ള പ്രോട്ടോകോൾ കൊണ്ടുവന്നത് ഇരുവിഭാഗവും സമാധാനം കാംക്ഷിക്കുന്നുവെന്ന സൂചന നൽകി. ഏറ്റുമുട്ടലുകൾ ഒഴിവാക്കി ഇരുരാജ്യവും ഉഭയകക്ഷി വ്യാപാരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും വാണിജ്യം, വിദ്യാഭ്യാസം എന്നിവയിലടക്കം സഹകരണത്തിന്റെ പുതുതലങ്ങൾ തേടുകയും ചെയ്തു. വടക്കുകിഴക്കൻ മേഖലകളിൽ കലാപങ്ങൾ കുറഞ്ഞതും ചൈനയ്ക്ക് ടിബറ്റ്‌ മുൻപുണ്ടായിരുന്നത്ര  പ്രശ്നങ്ങളുണ്ടാക്കിയില്ല എന്നതുമാണ് ഈ മാറ്റം കൊണ്ടുവന്ന ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങൾ. 

2008 മുതൽ ലഡാക്ക് അതിർത്തിയിൽ ചൈനീസ് പട്ടാളം ഇടയ്ക്കിടെ ആക്രമണം നടത്തുന്നുവെന്ന റിപ്പോർട്ടുകളുണ്ടായെങ്കിലും 2014 മുതൽ ഇരുരാജ്യത്തെയും സൈന്യം പാലിച്ചുപോരുന്ന അകലം മാനിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ, 2020 ജൂൺ 15-ന് ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുഭാഗങ്ങളിലെയും സൈനികർ കൊല്ലപ്പെട്ടതോടെ 1967 മുതൽ അതിർത്തിയിൽ നിലനിന്നിരുന്ന സമാധാനത്തിന്റെയും ശാന്തിയുടെയും അന്തരീക്ഷത്തിന് തിരശ്ശീലവീണു. സൈനികർക്ക് തോക്കും അനുബന്ധ ആയുധങ്ങളും നൽകാനും ആവശ്യമെങ്കിൽ അവ ഉപയോഗിക്കാനുള്ള അനുമതി നൽകാനുമുള്ള തീരുമാനവും ഇതേത്തുടർന്നുണ്ടായി. അതിർത്തിയിൽ കലാപാന്തരീക്ഷം തിരികെവന്നതും എസ്.എഫ്.എഫിനെ വിന്യസിച്ചതും അതിർത്തിയുടെ ചിലഭാഗങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഇരുരാജ്യവും ആഗ്രഹിക്കുന്നില്ലെന്നും വേണ്ടിവന്നാൽ മറ്റുഭാഗങ്ങളിലേക്കും ഏറ്റുമുട്ടൽ വ്യാപിപ്പിക്കാൻ തയ്യാറാണ് എന്നുമുള്ള സൂചനകളാണ് നൽകുന്നത്. ഈ നിലപാട് എരിതീയിൽ എണ്ണപകരുന്നതാണെന്നുമാത്രമല്ല, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നത് വൈകിക്കുകയും ചെയ്യും.

വിശാലമായതും ഇതുവരെ കൃത്യമായി നിർണയിക്കപ്പെടാത്തതുമായ അതിർത്തിക്കിരുപുറത്തും രണ്ടുരാഷ്ട്രങ്ങളുടെ സായുധസേനകൾ കടന്നുകയറുന്നതും ഏറ്റുമുട്ടുന്നതും പൂർണമായി അസ്വാഭാവികമാണെന്ന് പറയുകവയ്യ. അവ ഒഴിവാക്കപ്പെടാവുന്നതാണെങ്കിൽക്കൂടിയും. എന്നാൽ, അസ്ഥിരമായയിടങ്ങളിൽ ഇത്തരം തർക്കങ്ങൾ ബോധപൂർവം സൃഷ്ടിക്കുന്നത് കാര്യങ്ങൾ തിരിച്ചുപിടിക്കാൻ കഴിയാത്തവിധം വഷളാക്കുകയേയുള്ളൂ. വിവേകപൂർണമായ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഇരുരാജ്യങ്ങളും സ്ഥായിയായ പരസ്പര വിദ്വേഷത്തിലേക്കാകും എത്തിച്ചേരുക. ഭാവിയിൽ ഇരുവശത്തുള്ളവർക്കും വലിയ നഷ്ടങ്ങളുണ്ടാക്കുമത്. ആ നഷ്ടങ്ങൾ താങ്ങാൻ ഒരുപക്ഷേ നമുക്കായേക്കില്ല.

(വിദേശകാര്യ വിദഗ്‌ധനായ ലേഖകൻ റബ്ബർബോർഡ്‌ എക്‌സിക്യുട്ടീവ്‌ ഡയറക്ടറും ചെയർമാനുമാണ്‌)