ഴിമതിക്കെതിരേയും ജനാധിപത്യ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ 1989-ൽ ചൈനീസ് വിദ്യാർഥികൾ നടത്തിയ സമരത്തെ പീപ്പിൾസ് ലിബറേഷൻ ആർമി ടാങ്കുകൾ ചതച്ചരച്ചുതകർത്ത കരിദിനത്തിന്റെ മുപ്പതാം വാർഷികം കടന്നുപോയി. ടാങ്കുകൾക്കടിയിൽപ്പെട്ടു മരിച്ച നൂറുകണക്കിനു വിദ്യാർഥികളിൽ ചിലരുടെ അമ്മമാർ മക്കളുടെ ശവകുടീരങ്ങൾ വൃത്തിയാക്കി അവർക്കിഷ്ടപ്പെട്ട ഭക്ഷ്യവസ്തുക്കളും പുഷ്പങ്ങളും അർപ്പിച്ചപ്പോൾ ഇനിയും കൊല്ലപ്പെട്ടതായി സർക്കാർ അംഗീകരിക്കാത്ത മറ്റനേകം കുട്ടികളുടെ മാതാപിതാക്കൾ പതിവുപോലെ വീടിനകത്തുതന്നെ ദുഃഖം കടിച്ചമർത്തിക്കഴിയുകയായിരുന്നു. ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികളും മാധ്യമങ്ങളും തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ചൈനയിലെ ജനങ്ങൾക്ക് ജൂൺ നാല് മറ്റൊരു സാധാരണ പ്രവൃത്തിദിനം മാത്രമായിരുന്നു.

എന്നാൽ ഒന്നരനൂറ്റാണ്ടു കാലത്തെ ബ്രിട്ടീഷ് അധിനിവേശത്തിനുശേഷം 1997 -ൽ ചൈനയിൽ തിരിച്ചുചേർക്കപ്പെട്ട ഹോങ്‌കോങ്ങിലെ സ്ഥിതി മറിച്ചായിരുന്നു. എല്ലാ ജൂൺ നാലുകളിലെയും പോലെ, പതിനായിരങ്ങൾ ഒത്തുചേർന്ന് കേന്ദ്ര ഗവൺമെന്റിന്റെ ഹോങ്‌കോങ്ങിലെ പ്രതിനിധി കാര്യാലയത്തിലേക്ക് നടത്തിയ ജാഗ്രതാമാർച്ചടക്കം വിവിധ പ്രതിഷേധ പരിപാടികളോടെയാണ് ഹോങ്‌കോങ്ങുകാർ ആ കരിദിനത്തിന്റെ ഓർമ പുതുക്കിയത്.

ഹോങ്‌കോങ് മോഡൽ
1997-ൽ ഹോങ്‌കോങ് ചൈനയിൽ തിരിച്ചുചേരുമ്പോൾ അനുചരിക്കേണ്ട നയങ്ങളും നിയമങ്ങളും ചൈനയും ബ്രിട്ടനുമായി നടത്തിയ സുദീർഘമായ ചർച്ചകളിലൂടെയാണ് ഉരുത്തിരിഞ്ഞത്. 'അടിസ്ഥാന നിയമങ്ങൾ' എന്ന പേരിൽ അറിയപ്പെടുന്ന ഈ മാർഗരേഖകൾ രാജ്യത്തിന്റെ ഭരണഘടനയ്ക്കു തുല്യമാണെന്നു പറയാം. 1997 മുതൽ അമ്പതു വർഷത്തേക്ക് ഒരു രാജ്യത്തിനകത്തുതന്നെ, അതായത് ചൈനയിലും ഹോങ്‌കോങ്ങിലും രണ്ട് വ്യവസ്ഥിതികൾ തുടരാനായിരുന്നു തീരുമാനം. എന്നാൽ, വാഗ്ദാനങ്ങൾക്ക് കടകവിരുദ്ധമായി പെരുമാറാൻ ചൈന അധികം കാത്തുനിന്നില്ല. വാഗ്ദാനം ചെയ്യപ്പെട്ട പരിമിതമായ സ്വാതന്ത്ര്യങ്ങൾ പോലും അനുവദിക്കാതെ നിയമനിർമാണത്തിലും പ്രാദേശിക തിരഞ്ഞെടുപ്പുകളിലും  സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽപ്പോലും ചൈന അദൃശ്യമായി

ഇടപെടാൻ തുടങ്ങി.  ജനാധിപത്യം പ്രിയങ്കരം
1997 ജൂലായ്‌ ഒന്നിന് ഹോങ്‌കോങ് ഭരണം ചൈന തിരിച്ചുപിടിച്ചതിന്റെ വാർഷികം അവിടത്തെ ജനാധിപത്യവാദികളുടെ സംഘടനകൾ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സംരക്ഷണത്തിനും മറ്റ് ആനുകാലിക പ്രശ്നങ്ങൾ ഉന്നയിച്ചും വിവിധ പ്രതിഷേധ പരിപാടികൾ  സംഘടിപ്പിച്ചാണ് ആചരിക്കാറുള്ളത്.

'അടിസ്ഥാന നിയമങ്ങൾ' അനുശാസിക്കുന്നുണ്ടെങ്കിലും 2003-ൽ പുതിയ സുരക്ഷാസംബന്ധിയായ ദേശീയ സുരക്ഷാനിയമം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ഇക്കാര്യത്തിൽ ചൈനയുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയംപൂണ്ട് ജനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. അന്നത്തെ പ്രധാന പ്രതിഷേധറാലിയിൽ അഞ്ചുലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. ജനസംഖ്യയുടെ ഏഴര ശതമാനത്തോളം പേർ!  ജനവികാരത്തിന്റെ തീവ്രത മനസ്സിലാക്കിയ ചൈനീസ്-ഹോങ്‌കോങ് ഗവൺമെന്റുകൾ അന്ന് നിയമനിർമാണം നിർത്തിവെക്കാൻ നിർബന്ധിതരാവുകയായിരുന്നു.

 മഞ്ഞക്കുട വിപ്ലവ ഓർമകൾ
ഇതുപോലെ ബെയ്ജിങ് ഭരണകൂടത്തെയും ഹോങ്‌കോങ് സർക്കാരിനെയും കുലുക്കിയ മറ്റൊരു സമരമായിരുന്നു 2014-ൽ അരങ്ങേറിയ (മഞ്ഞ) കുട വിപ്ലവം. ഹോങ്‌കോങ്ങിലെ ജനങ്ങൾക്ക് സാർവലൗകിക വോട്ടവകാശം നൽകാമെന്ന ഉറപ്പ് ചൈന പലതവണ നല്കിയിരുന്നെങ്കിലും തങ്ങൾക്ക് അനഭിമതനായ ഒരു ഭരണാധികാരി തിരഞ്ഞെടുപ്പിലൂടെ ഹോങ്‌കോങ്ങിൽ ഭരണം കൈയാളിയേക്കാനുള്ള സാധ്യത കൂടിവരുകയാണെന്ന ധാരണ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ എന്നും നിലനിന്നിരുന്നു. ആ ഒരു ഭയം കൊണ്ടുതന്നെ ഇന്നത്തെ രീതിയിൽ ചില മിനുക്കുകൾ മാത്രം വരുത്തി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അനുവദിക്കുന്ന ഒരാൾക്കേ ഈ സ്ഥാനത്തെത്താൻ കഴിയൂ എന്ന മോഡൽ തുടരാൻ ബെയ്ജിങ്ങിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ (ദേശീയ പാർലമെന്റ്) സ്ഥിരം സമിതി തീരുമാനിച്ചത് ഹോങ്‌കോങ്ങുകാരെ  പ്രകോപിതരാക്കി. മഞ്ഞക്കുടകളേന്തിയ പതിനായിരക്കണക്കിനു പ്രക്ഷോഭകർ ഹോങ്‌കോങ്ങിലെ പ്രധാനവീഥികൾ കൈയേറി.

സമരം രണ്ടരമാസം നീണ്ടപ്പോൾ ഹോങ്‌കോങ്ങിന്റെ സമ്പദ്‌വ്യവസ്ഥതന്നെ ഉലയുമെന്നായി. മാസങ്ങൾ നീണ്ട സമരം കോടതിവിധിയിലൂടെയും പോലീസിന്റെ ശക്തിപ്രയോഗത്തിലൂടെയും വരുമാനമില്ലാതായ വ്യാപാരികളുടെയും ബെയ്ജിങ് അനുകൂല പാർട്ടികളുടെയും തൊഴിൽ നഷ്ടപ്പെട്ട ഡ്രൈവർമാരുടെയുംമറ്റും സമ്മിശ്ര ശ്രമത്താൽ അവസാനിച്ചപ്പോൾ സമരത്തിന്റെ ഫലം എന്തായിരുന്നുവെന്ന് വ്യക്തമായി പറയാനാവില്ലെങ്കിലും ഹോങ്‌കോങ്ങിലെ ജനങ്ങളിൽ ജനാധിപത്യത്തിനുള്ള അഭിവാഞ്ഛയ്ക്ക് ആക്കംകൂട്ടാൻ കഴിയുന്നുവെന്ന് നിസ്സംശയം പറയാം.

ഈ സമരം നയിച്ചത് അന്ന് കേവലം പതിനെട്ടുവയസ്സുമാത്രം പ്രായമുള്ള ജോഷ്വാ വോങ് എന്ന വിദ്യാർഥിയായിരുന്നു. ഇതേ സമരവീര്യവും എന്നാൽ കുറേക്കൂടി പക്വതയും അതോടൊപ്പം ഏവർക്കും സ്വീകാര്യനുമായ ഒരു നേതാവായിരുന്നു അന്ന് സമരം നയിച്ചിരുന്നെകിൽ ഒരുപക്ഷേ, കുറേക്കൂടി നല്ല വിജയം കൈവരിക്കാൻ കഴിഞ്ഞേനെയെന്ന് പല നിരീക്ഷകർക്കും തോന്നിയിട്ടുണ്ട്. പക്ഷേ, അത്തരമൊരു നേതാവിന്റെ അഭാവം എന്നും ഹോങ്‌കോങ്ങിനുണ്ടായിരുന്നുവെന്നതാണ് മറ്റൊരു സത്യം.

ബെയ്ജിങ്ങിൽ വിശ്വാസമില്ല
തങ്ങൾക്ക് അനഭിമതരായവരെ ചൈനീസ് സുരക്ഷാ അധികാരികൾ ഹോങ്‌കോങ്ങിൽനിന്ന്‌ കടത്തിക്കൊണ്ടുപോയ സംഭവങ്ങളെക്കുറിച്ച്‌ അവിടെ സേവനമനുഷ്ഠിച്ചിട്ടുള്ള ലേഖകൻ കേട്ടിട്ടുണ്ട്. ചൈനീസ് സർക്കാരിനുമുമ്പിൽ കുറ്റക്കാരായ ഇവർ വിദേശികളാണെങ്കിൽ ഇത്തരം സംഭവങ്ങൾ ഹോങ്‌കോങ്ങിലെത്തന്നെ മാധ്യമങ്ങളിൽ റിപ്പോർട്ടുചെയ്യപ്പെടുകയും ചൈനീസ്, ഹോങ്‌കോങ് സർക്കാരുകൾ അന്തർദേശീയതലത്തിൽത്തന്നെ നിശിതമായ വിമർശനങ്ങൾക്ക് വിധേയമാവാറുമുണ്ട്.

 ഈ പ്രക്രിയയ്ക്ക് നിയമസാധുത നൽകാനായി പുതിയൊരു നിയമം കൊണ്ടുവരുന്നതിനെതിരേയാണ് ഇപ്പോൾ ഹോങ്‌കോങ്ങിൽ നടക്കുന്ന വൻസമരങ്ങൾ. നിയമലംഘനംനടത്തി മറ്റുരാജ്യത്തേക്ക്‌ പലായനംചെയ്യുന്ന കുറ്റവാളികളെ തിരിച്ചുകൊണ്ടുവരേണ്ടത് (എക്സഡിക്‌ഷൻ) നിയമവാഴ്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.  ഇത്തരമൊരുനിയമം നിലവിൽവരുമ്പോൾ ചൈനയ്ക്ക് അനഭിമതരായ ഹോങ്‌കോങ്ങുകാരെ രാഷ്ട്രീയമോ സാമ്പത്തികമോ ആയ  കാരണങ്ങൾക്കുപോലും എളുപ്പത്തിൽ കൈമാറാനും ചൈനയിലെ നിർദയവും ഏകപക്ഷീയവുമായ നിയമനടപടികൾക്ക് വിധേയരാക്കാനും കഴിയും.

ഹോങ്‌കോങ്ങിലെ സമരക്കാർ ഈ നിയമത്തെയല്ല, മറിച്ച് അതിലെ ചില വ്യവസ്ഥകളെയാണ് എതിർക്കുന്നത്.  ചൈനയുടെ സുരക്ഷാ സംബന്ധികളായ പല നിയമങ്ങളുടെയും അംശങ്ങൾ ഇതിൽ ചേർക്കപ്പെട്ടിരിക്കുന്നു. അതിനുപുറമേ  ചീഫ് എക്സിക്യുട്ടീവിന്റേതായിരിക്കും കുറ്റവാളികളെ മറ്റുരാജ്യങ്ങളിലേക്ക്‌ കൈമാറ്റംചെയ്യാനുള്ള തീരുമാനത്തിൽ അവസാനവാക്ക്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശീർവാദത്തോടെ അധികാരത്തിലെത്തിയ  ചീഫ് എക്സിക്യുട്ടീവിന്റെ സഹായത്തോടെ ചൈനയിൽ കുറ്റമാരോപിക്കപ്പെട്ട ആരെയും ഹോങ്‌കോങ്ങിൽനിന്ന്‌ നിയമവിധേയമായിത്തന്നെ എളുപ്പത്തിൽ ആ നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകാൻ കഴിയും.

എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇരുപതുലക്ഷം ഹോങ്‌കോങ്ങുകാർവരെ ഒരേസമയത്ത് സമരംചെയ്യാൻ എത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. അതായത് ജനസംഖ്യയുടെ മൂന്നിലൊന്നുപേർ ഒരേസമയം സമരത്തിനെത്തി! ജനവികാരവും സമരത്തിന്റെ തീവ്രതയും മനസ്സിലാക്കിയ ചൈനീസ് സർക്കാർ നിയമനിർമാണം മരവിപ്പിക്കാൻ ചീഫ് എക്സിക്യുട്ടീവിന് അനുവാദം നൽകി. പോലീസ് അതിക്രമത്തിലുംമറ്റും ചീഫ് എക്സിക്യുട്ടീവ് മാപ്പുപറയുകയും ചെയ്തു. എന്നാൽ, അവർ രാജിെവച്ചേ മതിയാകൂ എന്നായി സമരക്കാർ. ഇവിടെയാണ് നേരത്തേ സൂചിപ്പിച്ച നല്ലൊരു നേതാവിന്റെ അഭാവത്തെ നാം അറിയുന്നത്. 2014-ലെ സമരനായകൻ ജോഷ്വാവോങ് ഈ സമരത്തിന്റെ അവസാനമാണ് ജയിൽ മുക്തനായത്. സമരം തുടങ്ങാനുള്ളതുപോലെ അവസാനിപ്പിക്കാനും നല്ലൊരു സമയം തിരഞ്ഞെടുക്കണമെന്ന കാര്യം ഒരു നേതാവിന്റെയോ പാർട്ടിയുടെയോ കീഴിലല്ലാതെ നടക്കുന്ന സമരത്തിലെ പ്രവർത്തകർക്ക് അറിയി
ല്ലല്ലോ.

(ഹോങ്‌കോങ്ങിലും ചൈനയിലെ വിവിധ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ലേഖകൻ കൊച്ചി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിൽ സീനിയർ ഫെലോയാണ്)