ഹോങ്‌കോങ്ങിന് ഇപ്പോഴുള്ളതിലുമേറെ സ്വാതന്ത്ര്യം വേണം, ജനാധിപത്യവും. അതിനായാണ് ലക്ഷക്കണക്കിനു ചെറുപ്പക്കാർ സമരം ചെയ്യുന്നത്. അതിർത്തിക്കപ്പുറം ഷെൻസെനിൽ നിർത്തിയിട്ടിരിക്കുന്ന ചൈനീസ് പട്ടാളവണ്ടികൾ അവരെ പേടിപ്പിക്കുന്നില്ല. ഹോങ്‌കോങ്ങിൽ ‘ടിയാനൻമെൻ’ ആവർത്തിക്കുമോ എന്ന ആശങ്ക രാഷ്ട്രീയനിരീക്ഷകരിൽ പലരും പ്രകടിപ്പിക്കുമ്പോൾ പ്രക്ഷോഭകാരികൾ വ്യാഴാഴ്ച മറ്റൊരു കൂറ്റൻ റാലിക്ക് പദ്ധതിയിടുകയാണ്, ‘ഞങ്ങൾ ആഗ്രഹിക്കുന്നത് ഞങ്ങൾ നേടും’ എന്ന ശുഭാപ്തിവിശ്വാസത്തോടെ. 

തുടക്കം
കുറ്റവാളികളെ ചൈനയ്ക്കു കൈമാറാൻ വഴിതുറക്കുന്ന ഹോങ്‌കോങ് അധികാരികളുടെ പദ്ധതിയെ എതിർത്താണ് യുവാക്കൾ ആദ്യം തെരുവിലിറങ്ങിയത്. ഏതാനും രാജ്യങ്ങളും ഹോങ്‌കോങ്ങുമായി കുറ്റവാളികളെ കൈമാറാൻ കരാറുണ്ട്. ഫെബ്രുവരിയിൽ ഹോങ്‌കോങ് കൊണ്ടുവന്ന ബില്ലിൽ പുതുതായി ചില രാജ്യങ്ങളെയും കൂട്ടിച്ചേർത്തു. കൂടാതെ, ആരെയൊക്കെ കൈമാറണമെന്ന് ഓരോ കുറ്റവാളിയുടെയും കാര്യം പരിശോധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ചീഫ് എക്സിക്യുട്ടീവിനു നൽകി. ഹോങ്‌കോങ്ങിലെ വിമതരെ ചൈനയ്ക്കു കൈമാറാൻ വഴിയൊരുക്കുന്ന ബില്ലാണ് ഇതെന്നാരോപിച്ച് യുവാക്കൾ സമരത്തിനിറങ്ങി. 
ആ ലക്ഷ്യം അവർ നേടി. ‘കുറ്റവാളിക്കൈമാറ്റ ബിൽ’ ഹോങ്‌കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം മരവിപ്പിച്ചു. പക്ഷേ, അത് എന്നന്നേക്കുമായി ഉപേക്ഷിച്ചിട്ടില്ല. പ്രക്ഷോഭം തുടർന്നു. ചൈനീസ് ‘പാവ’യായ ലാമിന്റെ രാജി, സമരക്കാരോടു ക്രൂരതകാട്ടിയ പോലീസിനെതിരേ അന്വേഷണം ഇവയായിരുന്നു പ്രധാന ആവശ്യങ്ങൾ. അതിപ്പോൾ കൂടുതൽ ജനാധിപത്യമെന്ന ആവശ്യത്തിലേക്കും ചൈനയിൽനിന്നുള്ള സ്വാതന്ത്ര്യമെന്ന ആഗ്രഹത്തിലേക്കും എത്തിനിൽക്കുന്നു. 

 ‘ഏഷ്യൻ കടുവ’
ചൈനയിലെ മറ്റു നഗരങ്ങളെപ്പോലെയല്ല ഹോങ്‌കോങ്. അർധസ്വയംഭരണമുള്ള മേഖലയാണത്. ഈ അധികാരത്തിനുപക്ഷേ, 2047 വരെയേ ആയുസ്സുള്ളൂ. അതുകഴിഞ്ഞാലെന്തെന്ന് ഊഹമില്ല. കൊളോണിയൽ ചരിത്രത്തിന്റെ ബാക്കിപത്രമാണ് ഈ അനിശ്ചിതത്വം. 

നൂറ്റമ്പതിലേറെ വർഷം ബ്രിട്ടന്റെ കോളനിയായിരുന്നു ഹോങ്‌കോങ് ദ്വീപ്. ഇതിന്റെ ഒരുഭാഗം ചൈനയുടെ പക്കലുണ്ടായിരുന്നു. പിന്നീട് ചൈന അത് 99 കൊല്ലത്തേക്ക് ബ്രിട്ടനു പാട്ടത്തിനുകൊടുത്തു. ഹോങ്‌കോങ് ‘ഏഷ്യൻ കടുവ’യായി വളർന്നു. ഏഷ്യയിലെ മുഖ്യ ഉത്പാദനകേന്ദ്രം. കരുത്തുറ്റ സമ്പദ്‌വ്യവസ്ഥ. അതിനൊപ്പം ചൈനയിൽനിന്നുള്ള കുടിയേറ്റക്കാരുടെയും വിമതരുടെയും പീഡിതരുടെയും വരവുമുണ്ടായി. 

99 കൊല്ലത്തെ പാട്ടം തീരാറായപ്പോൾ ഹോങ്‌കോങ്ങിന്റെ ഭാവിയെക്കുറിച്ച് ബ്രിട്ടനും ചൈനയും ചർച്ചചെയ്തു. അവിടം മുഴുവൻ തങ്ങൾക്കുവേണമെന്ന് ചൈന വാദിച്ചു. 1984-ൽ രണ്ടുകൂട്ടരും കരാറിലായി. ചൈനീസ് പ്രസിഡന്റ് ഡെങ് സിയാവോപിങ് മുന്നോട്ടുവെച്ച ‘ഒരു രാജ്യം രണ്ടു ഭരണസംവിധാനം’ എന്ന തത്ത്വപ്രകാരം 1997-ൽ ഹോങ്‌കോങ്ങിനെ ബ്രിട്ടൻ ചൈനയ്ക്കു തിരികെ നൽകി. 

 വ്യത്യസ്തം ഈ നാട്
പിങ്ങിന്റെ തത്ത്വമനുസരിച്ച് ഹോങ്‌കോങ്ങും കൂടിച്ചേർന്നതാണ് ചൈനയെന്ന രാജ്യം. എങ്കിലും വിദേശകാര്യം, പ്രതിരോധം എന്നീ കാര്യങ്ങളിലൊഴികെ ബാക്കിയെല്ലാത്തിലും 50 വർഷത്തേക്ക് സ്വയംഭരണാധികാരമുണ്ടാകും. അതിന്റെ ഫലമായി ഹോങ്‌കോങ്ങിന് സ്വന്തം അതിർത്തികളും നിയമസംവിധാനവുമുണ്ടായി. ഹോങ്‌കോങ് ഡോളർ കറൻസിയായി. ചൈനയിലേതിനെക്കാളേറെ മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമുണ്ടായി. ടിയാനൻമെൻ കൂട്ടക്കുരുതിയുടെ ഓർമ എല്ലാവർഷവും പുതുക്കുന്ന ചൈനീസ് പ്രദേശം എന്നുപറഞ്ഞാൽ ഹോങ്‌കോങ്ങിന്റെ വ്യത്യസ്തത വ്യക്തമാകും. 

ഈ വ്യത്യസ്തതയ്ക്കുമേൽ ചൈന പിടിമുറുക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഹോങ്‌കോങ്ങിന്റെ സ്വന്തം വിമാനക്കമ്പനിയായ കാത്തേയ് പസഫിക്കിനെപ്പോലും ബാധിച്ചു അത്. ചൈനയിൽനിന്ന് നേരിട്ടുള്ള അന്താരാഷ്ട്രവിമാനങ്ങളുടെ എണ്ണം കൂടിയത് ഇതിനൊരു കാരണമായി. ഇപ്പോഴത്തെ പ്രക്ഷോഭങ്ങളിൽ അവിടത്തെ ജീവനക്കാരും പങ്കാളികളായി. സമരംചെയ്ത ജീവനക്കാരുടെ പട്ടികയാവശ്യപ്പെട്ട ചൈനയ്ക്ക് സ്വന്തം പേരു മാത്രമെഴുതിയ കടലാസ് കൈമാറി കമ്പനി സി.ഇ. ഒ. റൂപർട്ട് ഹോഗ് രാജിവെച്ചു.

 ചൈനീസ് പാവ
1200 അംഗ തിരഞ്ഞെടുപ്പ് സമിതിയും 70 അംഗ ലെജിസ്ലേറ്റീവ് കൗൺസിലും ചേർന്ന് തിരഞ്ഞെടുത്ത നേതാവാണ് ഹോങ്‌കോങ്ങിന്റെ ചീഫ് എക്സിക്യുട്ടീവായ കാരി ലാം. തികഞ്ഞ ചൈനീസ് പക്ഷപാതി. ഇവരെ തിരഞ്ഞെടുത്ത സമിതികളിലെ അംഗങ്ങളിൽ നല്ലൊരു ശതമാനവും അങ്ങനെത്തന്നെ. ഹോങ്‌കോങ്ങിലെ നിയമനിർമാണസഭയാണെങ്കിലും ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗങ്ങളെയെല്ലാം തിരഞ്ഞെടുക്കുന്നത് അന്നാട്ടുകാരല്ല. അതിൽ ഭൂരിപക്ഷം സീറ്റുകളിലുമിരിക്കുന്നത് ചൈന നിശ്ചയിച്ചവരാണ്. ഇതിനെതിരേയാണ് അഞ്ചുകൊല്ലം മുമ്പ് ഹോങ് കോങ്ങിലെ യുവാക്കൾ 79 ദിവസം ‘കുടപ്രക്ഷോഭം’ നടത്തിയത്.  

 ചൈനക്കാരല്ല
ചൈനീസ് വംശജരാണെങ്കിലും ആ രാജ്യത്തിന്റെ ഭാഗമാണെങ്കിലും അത് അംഗീകരിക്കാൻ ഭൂരിഭാഗം ഹോങ്‌കോങ്ങുകാരും തയ്യാറല്ലെന്നാണ് ഹോങ്‌കോങ് സർവകലാശാല അടുത്തിടെ നടത്തിയ സർവേയിലെ കണ്ടെത്തൽ. 11 ശതമാനംപേരേ തങ്ങളെ ചൈനക്കാരായി കാണുന്നുള്ളൂ. തങ്ങൾ ചൈനീസ് പൗരരല്ല എന്നു പറയുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. അവരാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ നെടുംതൂണും.  പ്രക്ഷോഭത്തിന് നേതാക്കളില്ല. വിദ്യാർഥിനേതാക്കളും സന്നദ്ധസംഘടനകളും മനുഷ്യാവകാശപ്രസ്ഥാനങ്ങളും അധ്യാപകരുമെല്ലാം മുൻനിരയിലുണ്ട്.

 വിദേശ ഇടപെടൽ
സമരത്തിനു പ്രോത്സാഹനമേകുന്നത് പാശ്ചാത്യശക്തികളാണെന്ന് ആരോപിക്കുന്നുണ്ട് ചൈന. തെളിവൊന്നും നൽകിയിട്ടുമില്ല. അപലപിക്കലും വാക്കാലുള്ള മുന്നറിയിപ്പുമല്ലാതെ പ്രക്ഷോഭത്തിൽ മറ്റുരാജ്യങ്ങൾ ഇടപെട്ടിട്ടില്ല. ചൈനയുമായി വ്യാപാരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോങ്‌കോങ്ങിനോട് ‘മനുഷ്യത്വത്തോടെ ഇടപെടാനാ’ണ് ചൈനയോടു പറഞ്ഞത്. ‘ഹോങ്‌കോങ്ങിന്റേത് ചൈനയുടെ ആഭ്യന്തരകാര്യമാണ്’ എന്ന നിലപാട് ആവർത്തിക്കുന്ന ചൈനയാകട്ടെ ഒന്നിനും ചെവികൊടുത്തിട്ടുമില്ല. ‘എല്ലാം ശാന്തമായാൽ മാത്രം പൊതുജനങ്ങളുമായി ആത്മാർഥമായ ചർച്ചയാകാം’ എന്നതാണ് ഹോങ്‌കോങ് അധികാരികളുടെ വാക്ക്.

 ധർമസങ്കടം
ചൈനയെ അനുസരിക്കണോ സ്വാതന്ത്ര്യദാഹികൾക്കൊപ്പം നിൽക്കണോ എന്ന ധർമസങ്കടത്തിലാണ്‌ ഹോങ്‌കോങ്ങിലെ കമ്പനികൾ. റിയൽ എസ്റ്റേറ്റ് ബിസിനസുകാരും മറ്റുസമ്പന്നരും പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. കാത്തേയ് പസഫിക്കിന്റെ സി.ഇ.ഒ.യ്ക്ക് പണിപോയതോടെ കമ്പനികൾ പകച്ചുപോയി. അതിനുമുമ്പുവരെ ജീവനക്കാർക്ക് കാരണം ചോദിക്കാതെ സമരത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയ അവ ഇപ്പോൾ അവയിൽ പങ്കാളികളാകരുതെന്ന് നിർദേശമിറക്കിയിരിക്കുന്നു. സർക്കാരിനു പിന്തുണയറിയിച്ച് പത്രപരസ്യങ്ങൾ നൽകുന്നു. പ്രക്ഷോഭം കാരണം ഹോങ്‌കോങ്ങിന്റെ സാമ്പദ്ഘടന ഞെരുങ്ങിത്തുടങ്ങിയെന്നാണ് ‘വോൾ സ്ട്രീറ്റ് ജേണലി’ന്റെ റിപ്പോർട്ട്. ജൂൺ അവസാനം മുതൽ ഇതുവരെ ഹോങ്‌കോങ് ഓഹരിവിപണിക്കുണ്ടായത് 30,000 കോടി ഡോളറിന്റെ (21.5 ലക്ഷം കോടി രൂപ) ഇടിവാണ്. 

 കുടയടയാളം
കുടപിടിച്ച് ശാന്തമായി നീങ്ങുന്ന സമരങ്ങളാണ് ഏറെയും. അടുത്തിടെ ചിലയിടങ്ങളിൽ അത് അക്രമാസക്തമായി. കുട ഇവർക്ക് സമരചിഹ്നവും മഴമറയും മാത്രമല്ല, പോലീസിൽനിന്നും ക്യാമറകളിൽനിന്നുമുള്ള മറകൂടിയാണ്. കുരുമുളകു സ്‌പ്രേയിൽനിന്നും കണ്ണീർവാതകത്തിൽനിന്നുമുള്ള പരിചയും.

കുടയ്ക്കും പ്രതിരോധിക്കാനാവാത്ത മർദനമുറകളിലൂടെ സമരക്കാരെ അടിച്ചൊതുക്കുമെന്ന ഭീഷണി ചൈനയുടെ ഭാഗത്തുനിന്ന് പരോക്ഷമായി ഉയർന്നിട്ടുണ്ട്. ഷെൻസെനിലെ പട്ടാളവണ്ടികൾ ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. 2017 ജൂലായ് ഒന്നിന് കാരി ലാം ചീഫ് എക്സിക്യുട്ടീവായപ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നടത്തിയ പ്രസംഗത്തിന്റെ കാതൽ ഹോങ്‌കോങ്ങിലെ യുവാക്കളെ ദേശസ്നേഹം അഭ്യസിപ്പിക്കണമെന്നതായിരുന്നു. ചൈനയുടെ രാഷ്ട്രീയ ഉപദേശക വിഭാഗമായ പീപ്പിൾസ് പൊളിറ്റിക്കൽ കോൺസൾട്ടേറ്റിവ് കോൺഫറൻസിന്റെ അഭിപ്രായവും ഇതുതന്നെയാണ്; ‘ഹോങ്‌കോങ്ങിലെ യുവാക്കളുടെ രോഗം മാറ്റാൻ ദേശസ്നേഹം പഠിപ്പിക്കുക’. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതിൽ മാവോയെക്കാൾ മികവുകാട്ടുന്ന ഷി അതുപഠിപ്പിക്കാൻ ചൈനീസ് പട്ടാളത്തെത്തന്നെ രംഗത്തിറക്കുമോ എന്നാണ് അറിയേണ്ടത്.