രാജ്യത്തുടനീളം ഇത്രയും ജനരോഷം ഉണ്ടായിട്ടും ഹാഥ്‌റസിലെ പെൺകുട്ടിയെക്കുറിച്ച് ഒരക്ഷരം ഉരിയാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ല. ആ കുടുംബത്തെ നേരിട്ട് ചെന്നൊന്നു കാണാൻ യു.പി. മുഖ്യമന്ത്രി ആദിത്യനാഥ് തയ്യാറായിട്ടില്ല. മരണത്തിൽപോലും നീതി നിഷേധിക്കപ്പെട്ട ആ പെൺകുട്ടിയുടെ എരിഞ്ഞടങ്ങിയ ചിതയിൽ ഭസ്മമായി കിടക്കുന്നതു ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും നീതിയുമാണ്. ആ കുടുംബത്തെപ്പോലും വേട്ടയാടുന്ന യോഗിയുടെ സർക്കാർ ഈ രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയാണ് വെല്ലുവിളിക്കുന്നത്.
രാഹുൽ ഗാന്ധി ഹാഥ്റസിലേക്കു പോവുന്നതിനെ പോലീസ് തടഞ്ഞപ്പോൾ, ഈ പോലീസ് രാജിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ഏതുവിധേനയും എത്തുമെന്നും പ്രതിജ്ഞ എടുത്താണ് അദ്ദേഹം മടങ്ങിയത്. തൊട്ടടുത്തദിവസം പഞ്ചാബിൽ തുടങ്ങേണ്ടിയിരുന്ന കർഷകറാലി ഒരു ദിവസത്തേക്ക് മാറ്റിവെച്ച് ഒക്ടോബർ മൂന്നിനു ഹാഥ്റസിൽ പോകാൻ വീണ്ടും രാഹുൽ ഗാന്ധി തീരുമാനമെടുത്തു. തീരുമാനം അറിയിച്ചതോടെ ഡൽഹിയിൽ ഉണ്ടായിരുന്ന ഗുലാം നബി ആസാദും മല്ലികാർജുൻ ഖാർഗെയും അധീർ രഞ്ജൻ ചൗധരിയും രൺദീപ് സുർജേവാലയും മുകുൾ വാസ്നികും അടക്കം മുപ്പതോളം എം.പി.മാരും നേതാക്കളും കോൺഗ്രസ് ആസ്ഥാനത്ത് ഒരുമിച്ചുകൂടി രാഹുൽ ഗാന്ധിയുടെകൂടെ ഹാഥ്‌റസിലേക്കു പുറപ്പെട്ടു. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും കൂടെച്ചേർന്നതോടെ നീതിക്കുവേണ്ടിയുള്ള ഒരു മഹാ ജനസഞ്ചയത്തിന്റെ ഒഴുക്കായിരുന്നു പിന്നീട് കണ്ടത്.
സത്യം മറച്ചുവെക്കാൻ ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കി വീണ്ടും അതിർത്തിയിൽ വൻ പോലീസ് സന്നാഹമൊരുക്കി തടയാനാണ് യോഗി സർക്കാർ പദ്ധതിയൊരുക്കിയത്. പോലീസ് രാജിന്റെ താണ്ഡവമായിരുന്നു പിന്നീട് കണ്ടത്. ഒടുവിൽ, അഞ്ചുപേരെ അനുവദിക്കാമെന്ന് പോലീസിന് സമ്മതിക്കേണ്ടി വന്നു.
യു.പി. അതിർത്തിയിൽ നിന്നും മൂന്നു മണിക്കൂറോളം യാത്ര ചെയ്‌ത് വൈകീട്ട് ഏഴേകാലോടെയാണ് ഞങ്ങൾ ഹാഥ്‌റസിൽ എത്തിയത്. ആ ചെറിയ വീടിനും ഗ്രാമത്തിനും ഉൾക്കൊള്ളാൻ കഴിയുന്നതിനുമപ്പുറം ആളുകൾ അവിടെ കൂടിനിൽക്കുന്നുണ്ടായിരുന്നു. പോലീസുകാരുടെ ഭീഷണിയിലും തടവിലും ഭീതിയോടെ കഴിഞ്ഞിരുന്ന ആ കുടുംബത്തിന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ പോലുമാവാത്തത്ര ദയനീയമായിരുന്നു.
മകളനുഭവിച്ച യാതനയുടെ വിങ്ങൽ മാറുംമുമ്പേ, യോഗി സർക്കാർ കൈക്കൊണ്ട അങ്ങേയറ്റം അപലപനീയമായ നീതിനിഷേധമാണ് തങ്ങളെ കൂടുതൽ അപമാനിതരും നിസ്സഹായരും ആക്കിയതെന്നു കണ്ണീരോടെ ആ കുടുംബം ഞങ്ങളോടു പറയുമ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഞങ്ങൾ പതറിപ്പോയി. ബലാൽക്കാരമായി പിടിച്ചു കൊണ്ടുപോയി ഉപദ്രവിച്ചു, അവസാനം ആശുപത്രിയിൽ വെച്ച് മരണത്തിനുകീഴടങ്ങിയ അവളുടെ മൃതശരീരം എങ്ങോട്ടു കൊണ്ടുപോകുന്നെന്നുപോലും ആ കുടുംബത്തോട് പോലീസ് വ്യക്തമാക്കിയില്ല.
സ്വന്തം മകളുടെ ആത്മശാന്തിക്കുവേണ്ടി പ്രാർഥിക്കാനോ, മരണാനന്തര ചടങ്ങു നടത്താനോപോലും സമ്മതിക്കാതെ ഇരുളിന്റെ മറവിൽ ചുട്ടുകരിച്ചത് എന്തിനു വേണ്ടിയായിരുന്നെന്നു അവർ കണ്ണീരോടെ ചോദിച്ചപ്പോൾ ഞങ്ങൾക്ക് ഉത്തരമില്ലായിരുന്നു.
വേദനയിൽ കഴിഞ്ഞ കുടുംബത്തെ മൊഴി മാറ്റിപ്പറയാൻ കളക്ടർ ഭീഷണിപ്പെടുത്തുന്നതും തന്നെ ബലാത്സംഗം ചെയ്തെന്ന് മരണക്കിടക്കയിൽ കിടന്നു ആ പെൺകുട്ടി വെളിപ്പെടുത്തിയിട്ടും പീഡനം നടന്നില്ലെന്ന് സമർഥിക്കാൻ സംഭവം നടന്നു ദിവസങ്ങൾക്കുശേഷം നടന്ന ഫൊറൻസിക് റിപ്പോർട്ടു പോലും പരസ്യപ്പെടുത്തുന്ന കേട്ടുകേൾവിയില്ലാത്ത നടപടികൾക്കുവരെ ആ കുടുംബം സാക്ഷിയായി. ക്രൂരമായ നീതിനിഷേധത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന ഈ കുടുംബത്തെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന വിചിത്രമായ തീരുമാനംപോലും യോഗി സർക്കാർ കൈക്കൊണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം.
ഇപ്പോഴും ആ കുടുംബത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഈ മണ്ണിൽതന്നെ ജീവിക്കണമെന്നും നിങ്ങളുടെ സുരക്ഷയും കേസിന്റെ ഉത്തരവാദിത്വങ്ങളും കോൺഗ്രസ് ഏറ്റെടുക്കുമെന്നും ധൈര്യം പകർന്നുകൊടുത്താണ് രാഹുലും പ്രിയങ്കയും മടങ്ങിയത്.
നമ്മുടെ രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കടുത്ത നീതിനിഷേധങ്ങളുടെയും അടിച്ചമർത്തലുകളുടെയും നേരെയുള്ള ചൂണ്ടുപലകയാണ് ഹാഥ്‌റസ് സംഭവം. ഈ മൗനവും കാടത്തവും നിശ്ശബ്ദമായി നോക്കിയിരിക്കാൻ കോൺഗ്രസ് തയ്യാറല്ല. ഹാഥ്‌റസിലെ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതുവരെ പാർട്ടി സമരരംഗത്തുണ്ടാവും.
(എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാണ് ലേഖകൻ)