ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതും ഏഷ്യൻ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഗീർവനങ്ങൾ സഞ്ചാരികൾക്കായി തുറന്നതും ഒരേ കാലത്താണ്. അതോടെ കൂട്ടിൽക്കിടന്ന ഒരു സിംഹം പുറത്തുചാടി വിഹാരം തുടങ്ങിയിരിക്കുന്നു. ബി.ജെ.പി.ക്കാർ ജാതിവാദമെന്ന്  ഈ സിംഹത്തെ ആക്ഷേപിക്കുന്നത് ഉള്ളിലെ ആന്തൽ ഒളിപ്പിക്കാൻകൂടിയാണ്. ഏതായാലും, രണ്ടുദശകമായി പ്രതിപക്ഷമായ കോൺഗ്രസ് ആദ്യഘട്ടത്തിൽ നേട്ടമുണ്ടാക്കിയെന്ന് വ്യക്തം.

നാമനിർദേശപത്രികാസമർപ്പണം തുടങ്ങാൻ ഒരാഴ്ച ശേഷിക്കെ, മൂന്ന് യുവനേതാക്കൾ നയിക്കുന്ന സാമുദായിക സംഘടനകളുടെ പിന്തുണ കോൺഗ്രസിന് നേടാനായി. 40 ശതമാനംവരുന്ന ഒ.ബി.സി.ക്കാരുടെ ഏകതാമഞ്ചിന്റെ തലവൻ അൽപേഷ് ഠാക്കോർ പാർട്ടിയിൽചേർന്ന് പ്രചാരണത്തിൽ സക്രിയമായി. ഏഴുശതമാനമുള്ള ദളിതരുടെ പോരാട്ടത്തിന്റെ പ്രതീകമായ ജിഗ്നേഷ് മേവാനിയുടെ ആവശ്യങ്ങൾ രാഹുൽഗാന്ധി അംഗീകരിച്ചതോടെ ഐക്യപാത തെളിഞ്ഞു. 15 ശതമാനം വരുന്നവരും ഇതുവരെ ബി.ജെ.പി.യുടെ പടയണികളുമായ പട്ടേൽസമുദായത്തിന്റെ പോർമുനയായ ഹാർദിക് പട്ടേലും കോൺഗ്രസുമായുള്ള ധാരണയ്ക്ക് ഒരു തീരുമാനത്തിന്റെ അകലമേയുള്ളൂ. എന്തോ സംഭവിക്കും എന്നമട്ടിൽ ദേശീയ മാധ്യമങ്ങൾ മൂവർക്കും പിന്നാലെ പായുന്നു. ഈ ‘കുട്ടികൾ’ പറയുന്നതുകേട്ട് വോട്ടുചെയ്യുന്നവരല്ല, നൂറുകണക്കിന് ജാതികളുള്ള ഗുജറാത്തിലെ മുഴുവൻ ഹിന്ദുക്കളും. പക്ഷേ, കിട്ടുന്നതൊക്കെ കോൺഗ്രസിന് ലാഭമാണ്.

സിംഹത്തെ മെരുക്കാൻ

ജാതിസഖ്യത്തെ മെരുക്കിയില്ലെങ്കിൽ ബി.ജെ.പി.ക്ക് ക്ഷീണമാണ് എന്നത് ചരിത്രം. 1980-ൽ 51 ശതമാനവും 1985-ൽ 56 ശതമാനവും വോട്ടുകളോടെ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് ഇങ്ങനെയൊരു കൂട്ടുകെട്ടാണ്. എന്നാൽ, ഒ.ബി.സി.ക്കാർക്ക് സംവരണം കൂട്ടിനൽകി പ്രീണിപ്പിക്കുന്നതിനപ്പുറം ഉറച്ച രാഷ്ട്രീയസഖ്യമാക്കി അതിനെ മാറ്റാൻ അന്ന് കോൺഗ്രസിന് കഴിഞ്ഞില്ല. 1990-ൽ ജനതാദൾ-ബി.ജെ.പി. സഖ്യസർക്കാർ അധികാരത്തിൽ വന്നു. അതിലെ പങ്കാളിയായ ബി.ജെ.പി. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിത്തറ ശക്തമാക്കി. രഥയാത്രകളും രാമശിലാപൂജകളും വിവിധജാതികളെ മതരാഷ്ട്രീയത്തിൽ ഉരുക്കിച്ചേർത്തു. പാൽസൊസൈറ്റികൾ മുതൽ സഹകരണബാങ്കുകൾവരെ നീളുന്ന സംഘപരിവാറിന്റെ അധികാരശൃംഖല ഇന്നും ശക്തം.

2015-ലെ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിൽ കോൺഗ്രസിന് വമ്പിച്ച ജയം ലഭിച്ചു. ഇത് 2000-ത്തിനുശേഷം ആദ്യമാണ്. 1985-ന് സമാനമായ ഒരു സമുദായസഖ്യം രൂപംകൊള്ളുന്നു. അതിനൊപ്പം പട്ടേലുമാരിലെ ഒരു വിഭാഗവും ചേരുന്നു. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പി. തേടുന്നത്. 2012-ൽ ‘പട്ടേൽഹൃദയസമ്രാട്ട്്’ കേശുഭായിപട്ടേൽ  ഗുജറാത്ത് പരിവർത്തൻ പാർട്ടിയുണ്ടാക്കി മത്സരിച്ചിരുന്നു. 3.69 ശതമാനം വോട്ടും രണ്ട് സീറ്റുമാണ് കിട്ടിയത്. ബി.ജെ.പി.വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കുകയാണ് യഥാർഥത്തിൽ കേശുഭായി ചെയ്തത്. 13 എം.എൽ.എ.മാരുമായി കോൺഗ്രസ്‌വിട്ട ശങ്കർസിങ് വഗേല ഇത്തവണ തങ്ങൾക്കെതിരായ വോട്ടുകളെ ഭിന്നിപ്പിക്കുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ. എല്ലാ സീറ്റിലും മത്സരിക്കാനാണ് അദ്ദേഹത്തിന്റെ ജനവികൽപ്പ് പാർട്ടിയുടെ നീക്കം.

അൽപേഷിനെ കൂടെക്കൂട്ടാനുള്ള നീക്കം പൊളിഞ്ഞപ്പോഴാണ് ബി.ജെ.പി.ക്ക് ജാതിവാദം ചതുർഥിയായത്. ഹർദിക്കിനെ തള്ളിപ്പറയുന്ന പട്ടേലുമാരുടെ എണ്ണം ബി.ജെ.പി. പെരുക്കികൊണ്ടുവരുന്നു. സ്വാമിനാരായൺ പ്രസ്ഥാനത്തിലെ ചില പുരോഹിതർ പരസ്യമായി ബി.ജെ.പി.സർക്കാരിന് പിന്തുണനൽകിയത് പരമ്പരാഗത പട്ടേൽവോട്ടുകൾ ലക്ഷ്യമിട്ടാണ്. കോൺഗ്രസിലെ എസ്.സി./ഒ.ബി.സി.ക്കാരെയും ഹാർദിക്‌സംഘത്തെയും ഭിന്നിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. പട്ടേലുമാർക്ക് ഒ.ബി.സി. സംവരണമെന്ന ആവശ്യത്തിൽനിന്ന് അനങ്ങാൻ ഹർദിക്കിന് കഴിയില്ല. ഉന്നതവിഭാഗക്കാരായ പട്ടേലുമാരെ എങ്ങനെ ഒ.ബി.സി.യുടെ പരിധിയിലാക്കുമെന്നതാണ് കോൺഗ്രസിന്റെ തലവേദന. ഇപ്പോഴുള്ള 49 ശതമാനം ഒ.ബി.സി. സംവരണത്തിൽ പട്ടേലുമാരെ പെടുത്തില്ലെന്ന പ്രതിപക്ഷനേതാവ് മോഹൻസിങ് രത്വയുടെ പ്രസ്താവനയെ ബി.ജെ.പി. നന്നായി പൊലിപ്പിച്ചു.

പുതിയ ജാതിസഖ്യങ്ങൾ

‘ജാതിപറഞ്ഞ് നടക്കാതെ വികസനം അജൻഡയാക്കി മത്സരിക്കൂ’ എന്നാണ് പേരിൽത്തന്നെ ജാതിയുള്ള അരുൺ െജയ്റ്റ്‌ലിയും അമിത് ഷായും കോൺഗ്രസിനെ വെല്ലുവിളിച്ചത്. ഇത്തരം പരസ്യങ്ങൾ ബി.ജെ.പി. വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷേ, ഗുജറാത്തിലെ പുതിയ ജാതിസഖ്യത്തെ 80-കളിൽനിന്ന് വ്യത്യസ്തമാക്കുന്നത് അത് ഗുജറാത്ത്മാതൃകാ വികസനത്തിന്റെ ഉത്‌പന്നമാണ് എന്നതത്രേ. അൽപേഷ് ഠാക്കോറിന്റെ ഠാക്കോർ സമുദായം (ഉത്തരേന്ത്യയിലെ ഠാക്കൂറല്ല) പിന്നാക്കക്കാരാണ്. മദ്യം നിരോധിച്ച ഗുജറാത്തിൽ ഭരണകക്ഷിനേതാക്കളുടെയും പോലീസിന്റെയും പിന്തുണയിൽ തെഴുത്ത മാഫിയക്കെതിരായ സമരമാണ് അൽപേഷിനെ ഠാക്കോർ സ്ത്രീകളുടെ നേതാവാക്കിയത്.

ദളിതർക്ക് അനുവദിച്ച ഭൂമി സർക്കാർ വൻകിട വ്യവസായികൾക്ക് മറിച്ചുനൽകുന്നതാണ് മുഖ്യപ്രശ്നമെന്ന് ജിഗ്നേഷ് മേവാനി കരുതുന്നു. സാധാരണക്കാരായ പട്ടേൽ വിദ്യാർഥികൾക്ക് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കഴുത്തറപ്പൻ ഫീസ് താങ്ങാനാവാതെ വന്നതാണ് ഹാർദിക് പട്ടേലിന്റെ സംവരണസമരത്തിന് തീകൂട്ടിയത്. മൂവരും കേൾവികേട്ട ഗുജറാത്ത്മാതൃകയുടെ കഠിനവിമർശകരാണ്. ഇവരെ കേൾക്കാൻ ധാരാളം ജനങ്ങളുമെത്തുന്നു.
ഈ ശബ്ദം ഏറ്റെടുക്കുകമാത്രമാണ് രാഹുൽഗാന്ധി ചെയ്തത്. ഉത്‌പന്നത്തിന് വിലയില്ലാത്ത കർഷകർ, പൊതുമേഖലാ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിന്നാക്കാവസ്ഥ(ഒറ്റ ദിവസം ഒമ്പതുകുഞ്ഞുങ്ങൾ മരിച്ചത് അഹമ്മദാബാദ് സിവിൽ ആസ്പത്രിയിലാണ്), കൂലിക്കുറവ്(കർഷകത്തൊഴിലാളികളുടെ കൂലിയിൽ രാജ്യത്ത് 14-ാ മത്), കൃഷിസ്ഥലം ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ എന്നിവയ്ക്കൊപ്പം ജി.എസ്.ടി.മൂലമുള്ള പങ്കപ്പാടുകളും അദ്ദേഹം അവതരിപ്പിക്കുന്നു.

നർമദ ഡാം പൂർത്തീകരിച്ചതും കോടികളുടെ നിക്ഷേപങ്ങളുടെ കണക്കുകളുമായി ബദൽ വാദങ്ങൾ ബി.ജെ.പി.യും നിരത്തുമ്പോൾ ഫലത്തിൽ ആരോഗ്യകരമായ ഒരു സംവാദമായി ഈ തിരഞ്ഞെടുപ്പ് മാറുന്നു. തിരഞ്ഞെടുപ്പുതീയതി വരുന്നതിനുമുമ്പ് ബി.ജെ.പി. കുറേ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. നിലക്കടലയുടെ താങ്ങുവില കൂട്ടൽ, കർഷകർക്ക് പലിശയില്ലാവായ്പ, ഫിക്സഡ് വേജ് ജീവനക്കാർക്ക് അധികവേതനം, സാമൂഹ്യക്ഷേമ പദ്ധതികൾക്കുള്ള വരുമാനപരിധി ഉയർത്തൽ തുടങ്ങിയവ ഇവയിൽ വരും. വികസനമാതൃകയിൽ പെടാതെപോയത് ആരൊക്കെയായിരുന്നെന്ന് സർക്കാരിനുതന്നെ ബോധ്യമുണ്ടെന്ന് വ്യക്തം.

മോദി വരുമ്പോൾ

അടുത്തയാഴ്ചമുതൽ നരേന്ദ്രമോദി പര്യടനങ്ങൾ ആരംഭിക്കും. ചുരുങ്ങിയത് 50 റാലികളിലെങ്കിലും സംസാരിക്കും. വികസനത്തിൽ അദ്ദേഹം ഒതുങ്ങിനിൽക്കുമോ, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചേരുവകൾകൂടി വിതറുമോ എന്നത് പ്രധാനമാണ്. എതിരാളികൾ അജൻഡകളെ നിർണയിച്ച ഒരു തിരഞ്ഞെടുപ്പിനെ ഗുജറാത്തിൽ മോദി ആദ്യമായി നേരിടുകയാണ്. അതിനെ മാറ്റിമറിക്കാൻ കഴിയുന്നതും അദ്ദേഹത്തിനുമാത്രമാണ്. സ്ഥാനാർഥി നിർണയത്തിന്റെ അവസാനഘട്ടത്തിലാണ് ഇരുപാർട്ടിയും. നിലവിലെ 43 എം.എൽ.എ.മാർക്കും കോൺഗ്രസ് സീറ്റുനൽകും. സ്ഥാനാർഥിത്വം സംബന്ധിച്ച് ജാതിസഖ്യക്കാരുടെ താത്‌പര്യങ്ങൾ പരിഗണിക്കണം. ജെ.ഡി.യു., എൻ.സി.പി. തുടങ്ങിയവരുമായി ചർച്ചകൾ പൂർത്തിയാക്കി സഖ്യം വിശാലമാക്കണം.

ബി.ജെ.പി.ക്ക് സ്ഥാനാർഥിനിർണയം കുറേക്കൂടി എളുപ്പമാണ്. കോൺഗ്രസ് വിട്ടുവന്ന എം.എൽ.എ.മാർക്ക് സീറ്റുകൾ കൊടുക്കുന്നതാണ് കീറാമുട്ടി. വോട്ടിങ്ങിൽ നഗര-ഗ്രാമ വ്യത്യാസമാകും രണ്ടുകൂട്ടർക്കും തടശിലയാവുക. 2012-ൽ ഗ്രാമങ്ങളിൽ കോൺഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമായിരുന്നെങ്കിൽ പട്ടണങ്ങളിൽ 60 ശതമാനം വോട്ടും ബി.ജെ.പിക്കായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗ്രാമീണർ വോട്ടുചെയ്യുന്ന ജില്ലാപഞ്ചായത്തുകളിൽ നാലുശതമാനം വോട്ടാണ് കോൺഗ്രസ് ബി.ജെ.പി.യേക്കാൾ നേടിയത്. എന്നാൽ, മുനിസിപ്പാലിറ്റികളിൽ അഞ്ചുശതമാനത്തിന്റെയും കോർപ്പറേഷനുകളിൽ എട്ടുശതമാനത്തിന്റെയും മേൽക്കൈയാണ് ബി.ജെ.പി.ക്കുള്ളത്. 45 ശതമാനം ജനങ്ങൾ പാർക്കുന്ന പട്ടണങ്ങളിലെ മധ്യവർഗം ബഹുഭൂരിപക്ഷവും  ബി.ജെ.പി.നയങ്ങളുടെ പിന്തുണക്കാരും മോദിയുടെ ആരാധകരുമായി തുടർന്നാൽ വിജയം കോൺഗ്രസിനെ തൊടില്ല. അല്ലെങ്കിൽ ഗ്രാമീണവോട്ടുകൾ തൂത്തുവാരണം.

നോട്ട് അസാധുവാക്കലിന്റെ വാർഷികമായ നവംബർ എട്ടിന് രാഹുൽഗാന്ധി സൂറത്ത് നഗരത്തിൽ കേന്ദ്രീകരിച്ചതിന് പ്രാധാന്യമുണ്ട്. ജി.എസ്.ടി.െക്കതിരേ വലിയ പ്രക്ഷോഭമുയർന്ന സ്ഥലമാണത്; ബി.ജെ.പി.യുടെ കോട്ടയുമാണ്. അതേ ആഴ്ചതന്നെ ഗുവാഹാട്ടിയിൽ നടക്കുന്ന ജി.എസ്.ടി. കൗൺസിലിലേക്കാണ് സംസ്ഥാനത്തെ ബി.ജെ.പി.ക്കാർ നോക്കുന്നത്. വ്യാപാരികൾക്ക് സ്വീകാര്യമായ ഇളവുകൾ അവർ പ്രതീക്ഷിക്കുന്നു.