ഗുജറാത്തിന്റെ അധികാരകേന്ദ്രങ്ങൾ രാഷ്ട്രീയമായി അഹമ്മദാബാദും സാമ്പത്തികമായി സൂറത്തും സാംസ്കാരികമായി വഡോദരയുമാണെങ്കിലും ഹൃദയം സൗരാഷ്ട്രയാണ്.
രാജ്‌കോട്ട് മുഖ്യനഗരമായി 11 ജില്ലകൾ ഉൾപ്പെടുന്ന കഠിയവാഡ് എന്ന ഈ മേഖലയിൽനിന്നാണ് ഗാന്ധിജി വരുന്നത്. കശ്മീരി​െനക്കാൾ പ്രധാനമായി സർദാർ പട്ടേൽ കണക്കാക്കിയ ജുനഗഢും ഇവിടെയാണ്. എന്നാൽ, ഈ ഹൃദയഭൂമിയിൽ ആധിപത്യം നിലനിർത്താൻ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടില്ല. 
അതിവേഗം വികസിക്കുന്ന ഭാവ്‌നഗർ-സോമനാഥ് ഹൈവേയിൽ മൗവയിൽനിന്ന് 30 കിലോമീറ്റർ ഉള്ളിലുള്ള കോടഡ എന്ന ഗ്രാമത്തിലേക്ക്‌ സഞ്ചരിച്ചപ്പോൾ ഗുജറാത്തിന്റെ മറുപുറം തെളിഞ്ഞു. തകർന്ന റോഡുകൾ. പത്തുവർഷമായി പൊതുഗതാഗതസംവിധാനമില്ല. 25 രൂപ മുടക്കിയാണ് ഗ്രാമീണർ ചക്കഡ എന്ന ബൈക്ക്-റിക്ഷകളിൽ മൗവയിലെത്തുന്നത്. എല്ലാ ഗ്രാമത്തിലും ബസ് സർവീസുള്ള കേരളീയർക്ക് അത് അദ്ഭുതകരമായി തോന്നും. പക്ഷേ, കൃഷിയിൽ അവർ നമ്മെ നാണം കെടുത്തും. ‘‘ഇവിടെ എല്ലാമുണ്ട്. നിലക്കടലയും കടുകും വെളുത്തുള്ളിയും നിങ്ങളുടെ നാളികേരംവരെ’’ -കോളേജ് വിദ്യാർഥിയും കർഷകകുടുംബത്തിലെ അംഗവുമായ ഭരത് ഭീൽ പറഞ്ഞു.

കർഷകരോഷം

എന്നാൽ, ഈ കൃഷിയിടങ്ങൾ നിലനിർത്താനുള്ള വലിയ സമരങ്ങളിലുമാണ് ഇവർ. കോടഡയിലെ കൃഷിഭൂമികളിൽനിന്ന് ചുണ്ണാമ്പുകല്ല് ഖനനം തുടങ്ങിയിരിക്കുകയാണ് സിമന്റ് കമ്പനികൾ. തലാജ, മൗവ താലൂക്കുകളിലായി 13 വില്ലേജുകളിലെ 1714 ഹെക്ടറാണ് സർക്കാർ ഇതിനായി നൽകിയത്.  1640-ഉം
സ്വകാര്യ കൃഷിഭൂമികളാണ്. ‘‘എല്ലാം ചെറുകിട കർഷകർ. ഞങ്ങൾക്ക് നഷ്ടപരിഹാരം വേണ്ട. ഇത്‌ ഞങ്ങളുടെ മണ്ണാണ്. സമുദ്രത്തോടുചേർന്ന പ്രദേശമാണ്. ചുണ്ണാമ്പുകല്ലിന്റെ അടരുകളാണ് ഉപ്പുവെള്ളം കയറാതെ തടയുന്നത്. ഖനനം തുടങ്ങിയാൽ കൃഷിയേ അസാധ്യമാകും...’’ -ഭരത് ഭീൽ വിശദീകരിച്ചു.
മൂന്നുവർഷംമുമ്പ് പൊതുതെളിവെടുപ്പ് നടത്തിയപ്പോൾ 100 ശതമാനം ആളുകളും ഖനനത്തെ എതിർത്തു. എന്നിട്ടും അനുമതി നൽകി. കഴിഞ്ഞ വർഷം ആറുവട്ടം കർഷകർ ഖനനം തടഞ്ഞു.  ലാത്തിച്ചാർജും മർദനവുമുണ്ടായി. നൂറുകണക്കിന് കർഷകരാണ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം പോലീസിന്റെ പേരിൽ കേസെടുക്കേണ്ടിവന്നു. സമരം തുടരുകയാണ്.

ബി.ജെ.പി. ഇവിടെ ഖനനത്തിനും വ്യവസായത്തിനും ഒപ്പമാണ്; കോൺഗ്രസ് മറുവശത്തും. പ്രതിപക്ഷനേതാവ് പരേശ് ധാനാണിയും തലാജയിലെ കോൺഗ്രസ് എം. എൽ.എ.യും പിന്തുണയുമായി എത്തിയിരുന്നു.
സമീപത്തെ ഘോഘാ താലൂക്കിൽ പൊതുമേഖലാസ്ഥാപനമായ ജി.പി.സി.എൽ. കർഷകരിൽനിന്ന് 3000 ഏക്കർ ഖനനത്തിനായി ഏറ്റെടുത്തതും പ്രക്ഷോഭത്തിനിടയാക്കി. താപവൈദ്യുതി നിലയത്തിനായിരുന്നു ഇവർക്ക് ചുണ്ണാമ്പുകല്ല് വേണ്ടിയിരുന്നത്. 

തിരഞ്ഞെടുപ്പിലേക്ക്...
ഈ വിഷയങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർഷകരെ ബി.ജെ.പി.ക്കെതിരേ തിരിക്കേണ്ടതാണ്. ‘‘നഗരങ്ങളിലൊഴികെ സൗരാഷ്ട്രയിലെ ഗ്രാമങ്ങളിൽ ബി.ജെ.പി.ക്ക് തിരിച്ചടി കിട്ടാനിടയുണ്ട്...’’ -മൗവയിലെ മുൻ എം.എൽ.എ.കൂടിയായ കനു കൽസരിയാ കണക്കുകൂട്ടുന്നു. മൂന്നുതവണ ബി.ജെ.പി. യുടെ എം.എൽ.എ.യായിരുന്ന ഇദ്ദേഹം മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ സ്വീകരിച്ച വികസനനയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടതാണ്. 
വേറിട്ടുകിടക്കുന്ന കച്ച് ഉൾപ്പെടെ സൗരാഷ്ട്രയിലെ എട്ട് ലോക്‌സഭാമണ്ഡലങ്ങളും 2014-ലെ തിരഞ്ഞെടുപ്പിൽ മോദിതരംഗത്തിൽ ബി.ജെ.പി. തൂത്തുവാരിയെങ്കിലും 2015-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻവിജയം നേടി. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 നിയമസഭാമണ്ഡലങ്ങൾ കോൺഗ്രസ് നേടിയപ്പോൾ 23 എണ്ണമാണ്  ബി.ജെ.പി.ക്ക് ഇവിടെ ലഭിച്ചത്.  കോൺഗ്രസിന് നിയമസഭാതിരഞ്ഞെടുപ്പിന്റെ കണക്കനുസരിച്ചും നാലിടത്ത് മേൽക്കൈ ഉണ്ട്.

വരൾച്ചമൂലമുള്ള വിളനഷ്ടം കാരണം 2018 സെപ്റ്റംബർ മുതൽ 2019 ജനുവരി 25 വരെയുള്ള കാലയളവിൽ 23 കർഷകർ ആത്മഹത്യചെയ്തു. റാബി വിളകൾക്കുള്ള നർമദാജലം ഇത്തവണ 30 ശതമാനം കുറച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നഗരങ്ങളിലെ കുടിവെള്ളം മുട്ടാതിരിക്കാനുള്ള കരുതലിലാണ് സർക്കാരെന്നത് പരസ്യമായ രഹസ്യം. പട്ടണങ്ങൾ ബി.ജെ.പി.യുടെ വോട്ടുകോട്ടകളുമാണ്. മുഖ്യവിളയായ നിലക്കടലയുടെ 25 ശതമാനംമാത്രമേ താങ്ങുവിലയ്ക്ക് ശേഖരിക്കാനായിട്ടുള്ളൂ. 
51 താലൂക്കുകളെ വരൾച്ചബാധിതമായി പ്രഖ്യാപിച്ച് സഹായമൊഴുക്കുകയാണ് സർക്കാർ. കിസാൻ സമ്മാൻ യോജനകൊണ്ട് എതിർപ്പുകളെ മറികടക്കാമെന്നും കണക്കാക്കുന്നു. സംസ്ഥാനത്ത് ഗുണഭോക്താക്കളായ 42.47 ലക്ഷം പേരിൽ 10 ലക്ഷം സൗരാഷ്ട്രയിൽ നിന്നാണ്. വിള ഇൻഷുറൻസ് പദ്ധതിയാണ് മറ്റൊന്ന്. പക്ഷേ, അത് സ്വകാര്യ ഇൻഷുറൻസ് കമ്പനികളെയാണ് സഹായിച്ചതെന്ന കണക്കുകൾ പുറത്തായി. 2017, 2018 വർഷങ്ങളിൽ 7201 കോടിയാണ് സർക്കാർ പ്രീമിയമായി ഒമ്പത്‌ കമ്പനികൾക്ക് നൽകിയത്. കൃഷിക്കാർക്ക് കിട്ടിയതാകട്ടെ 2371 കോടി  മാത്രമാണെന്ന് നിയമസഭയിൽവെച്ച കണക്കുകൾ വെളിപ്പെടുത്തി. 

കോലിയും പട്ടേലും

കോൺഗ്രസിനൊപ്പംനിന്ന ഒ.ബി.സി.ക്കാരായ കോലിസമുദായം ഇക്കുറി തങ്ങൾക്കൊപ്പമാകുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ. നാലിടങ്ങളിൽ ഇവർ നിർണായകമാണ്. കോലിസമാജത്തിന്റെ പ്രസിഡന്റായ കുംവർജി ബാവലിയ ഒരു നട്ടുച്ചയ്ക്ക്  ബി.ജെ.പി.യിൽചേർന്ന് മന്ത്രിയായത് കോൺഗ്രസിന് ഇരുട്ടടിയായി. തലേന്നുവരെ കോൺഗ്രസിന്റെ സംസ്ഥാന വർക്കിങ് പ്രസിഡന്റായിരുന്നു അഞ്ചുവട്ടം എം.എൽ.എ.യായ ഇദ്ദേഹം.

രാജിവെച്ച ജസഡൻ മണ്ഡലത്തിൽത്തന്നെ ബി.ജെ.പി. ചിഹ്നത്തിൽ അദ്ദേഹം ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. പരിവാറിന് സൗരാഷ്ട്രയെന്ന കടമ്പ കടക്കാൻ ഒരു ഊന്നുവടികിട്ടിയപോലെയായി. സുരേന്ദ്രനഗറിലെ ഛോട്ടിലയിൽ കോലികളുടെ വിജയസമ്മേളനത്തെ വീഡിയോയിലൂടെ പ്രധാനമന്ത്രി അഭിവാദ്യംചെയ്തു. ‘‘ഇക്കാലമത്രയും നിങ്ങൾ ഒരു വോട്ടുബാങ്കായിരുന്നു. ഇനിമുതൽ വികസനത്തിന്റെ പക്ഷത്താണ്’’ -അദ്ദേഹം പറഞ്ഞു. മൗവയിൽ ഖനനത്തിനെതിരേ പോരാടുന്ന കർഷകർ മുഴുവൻ കോലികളാണ് എന്നതാണ് വൈരുധ്യം. 
സൗരാഷ്ട്രയിലാകെ പ്രബലമായ മറ്റൊരു വിഭാഗം പട്ടേലുമാരാണ്. നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.വിരുദ്ധ തരംഗമുയർത്തിയ ഹാർദിക് പട്ടേൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുമോയെന്നതാണ് ശ്രദ്ധേയം.  കോൺഗ്രസിലെ ഗ്രൂപ്പുവഴക്കുകളിലാണ് ബി.ജെ.പി.യുടെ കണ്ണ്. 

സൗരാഷ്ട്രയിലെ വികസനത്തിന്റെ മുഖമാണ് ഘോഘാ ഫെറി. ഭാവ്‌നഗറിലെ ഘോഘയിൽനിന്ന് ഒന്നരമണിക്കൂർകൊണ്ട് കാംബെ ഉൾക്കടൽ താണ്ടിയാൽ ദാഹേജിലെത്താം. ഭാവ്‌നഗർ-സൂറത്ത് യാത്രാസമയം 10 മണിക്കൂറിൽനിന്ന് അഞ്ചായി കുറഞ്ഞു. സൗരാഷ്ട്രയിൽ ആദായകരമല്ലാതാകുന്ന കൃഷിയിൽനിന്ന്‌ പുറത്താക്കപ്പെടുന്ന യുവാക്കളുടെ തൊഴിലിടമാണ് സൂറത്ത്. അമ്രേലിയിലെ രാജുലയിൽനിന്ന്‌ സൂറത്തിലേക്ക് പോകുന്ന എൻജിനീയറായ ആദേശ്കുമാറിനെ ഫെറിയിൽവെച്ച് പരിചയപ്പെട്ടു. അയാൾ പറഞ്ഞു:  ‘‘വികസനമെല്ലാം തുറമുഖങ്ങളെയും വ്യവസായങ്ങളെയും കേന്ദ്രീകരിച്ചാണ്. ഞങ്ങളുടെ ഗ്രാമങ്ങളിൽ ഒന്നുമില്ല.’’
സൗരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഈ രണ്ടുലോകങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്.