ഗുജറാത്ത് കത്ത്

‘വേണമെങ്കിൽ ഒരു ലോഡ് മദ്യം ഒരു തടസ്സവുമില്ലാതെ നിങ്ങളുടെ ഗാന്ധിനഗറിലെ സർക്കാർവക വീട്ടിലെത്തിച്ച് കാണിക്കാം. ഒരാളും തടയില്ല’ -ഗുജറാത്ത് നിയമസഭയിൽ മദ്യംകടത്തിനുള്ള ശിക്ഷ ഉയർത്തുന്നത് സംബന്ധിച്ച ചർച്ചയിൽ ഒരു പ്രതിപക്ഷാംഗം മുഖ്യമന്ത്രി വിജയ് രൂപാണിയെ ഇങ്ങനെയാണ് വെല്ലുവിളിച്ചത്. പക്ഷേ, ഈ പന്തയം ഇനി നടപ്പാകാനിടയില്ല. ഇവരിലൊരാളേ നിയമസഭയിലെത്തൂ. വെല്ലുവിളിച്ച ഇന്ദ്രനീൽ രാജ്യഗുരു സ്വന്തം മണ്ഡലംവിട്ട് അയൽമണ്ഡലത്തിൽ മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുകയാണ്. 1949 മുതൽ മദ്യം നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്. പക്ഷേ, തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലത്തിലും മത്സരിക്കുന്ന അദൃശ്യനാണ് കള്ള്. അതിന്  എതിരാളികളില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒക്ടോബർ 25 മുതൽ ഡിസംബർ മൂന്നുവരെ 22.19 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്-അളവുകണക്കിന് 9.61 ലക്ഷം ലിറ്റർ. അഞ്ച് അതിർത്തിജില്ലകളിലെ 87-ഉം സംസ്ഥാനത്തെ റോഡുകളിലെ 746-ഉം ചെക്പോസ്റ്റുകളിലൂടെവന്ന വാഹനങ്ങളിൽനിന്ന്‌ രഹസ്യ സൂക്ഷിപ്പുകേന്ദ്രങ്ങളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.

‘ആവശ്യമുള്ള ബ്രാൻഡ്, ആവശ്യപ്പെട്ട സമയത്ത്, സ്ഥലത്ത് എത്തും. ഇവിടെ മദ്യനിരോധനം കടലാസിൽ മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യിക്കാൻ, പ്രവർത്തകർക്ക് വീര്യംകൂട്ടാൻ അത് എത്തിയേ കഴിയൂ’ -അഡ്വ. രാഹുൽ ശർമ പറഞ്ഞു. ഗുജറാത്തിൽ ഐ.ജി.യായിരുന്ന ശർമ വി.ആർ.എസ്. എടുത്ത് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കുന്നു. സമർഥനും സത്യസന്ധനുമായ ഐ.പി.എസുകാരനായി അറിയപ്പെട്ടിരുന്ന ഇദ്ദേഹമാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പല നിർണായക തെളിവുകളും സമാഹരിച്ചത്. ഇപ്പോൾ പോലീസ് നിയമനങ്ങളിലെ സർക്കാരിന്റെ നിയമവിരുദ്ധമായ ഇടപെടലുകൾക്കെതിരേ കേസുകൾ നടത്തുന്നു.

‘‘ഞാൻ അതിർത്തിജില്ലയായ ബനസ്കന്ധയിൽ ചുമതലയുള്ള കാലത്ത് കിണഞ്ഞുപരിശ്രമിച്ചതാണ്. 200 കിലോമീറ്റർ വരുന്ന അതിർത്തിയിൽ വളരെക്കുറച്ചേ ചെയ്യാൻ കഴിയൂ. പലവഴികളിലൂടെ മദ്യം അകത്തുകടക്കും’’ -അദ്ദേഹം ഓർമിച്ചു. രാഹുൽ ശർമ സമാനചിന്താഗതിക്കാർക്കൊപ്പം ഈ വർഷമാദ്യം ‘സ്മാർട്ട്’ എന്നപേരിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്ക് രൂപംകൊടുത്തു.  ‘അപ്രിയമാണെങ്കിലും രാഷ്ട്രീയം സത്യസന്ധമാകണം’ എന്നതായിരുന്നു ഉദ്ദേശ്യം.  ‘മദ്യനിരോധനനിയമത്തിൽ ഇളവുവരുത്തുക’  എന്നതായിരുന്നു പ്രധാന ആവശ്യം.

 മദ്യത്തിന്റെ വഴികളിൽ...

ഓരോ സൊസൈറ്റിക്കും പാൽക്കാരൻ, പത്രക്കാരൻ എന്നപോലെ ഒരു രഹസ്യ മദ്യക്കാരനുമുണ്ടാകും. വിസിറ്റേഴ്‌സ് പെർമിറ്റ്, ഹെൽത്ത് പെർമിറ്റ് എന്ന രണ്ടുമാർഗങ്ങളിലൂടെ ഗുജറാത്തിൽ നിയമപരമായി മദ്യം ലഭിക്കും. വിസിറ്റേഴ്‌സ് പെർമിറ്റ് സംസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് യാത്രാരേഖകളുടെ അടിസ്ഥാനത്തിൽ നൽകുന്നതാണ്. ഒരാൾക്ക് ആഴ്ചയിൽ പരമാവധി ഒരു  ‘ഫുൾ’ബോട്ടിൽ മദ്യം കിട്ടും. മദ്യം നിർബന്ധമാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയാൽ നാട്ടുകാർക്കും ഹെൽത്ത് പെർമിറ്റ് കിട്ടും. 40,000-ത്തോളം  ‘ആരോഗ്യമദ്യപർ’  സംസ്ഥാനത്തുണ്ട്. എക്സൈസ് വകുപ്പിന്റെ സ്റ്റോറുകളിൽ നിന്നാണ് പാസ് നൽകുന്നതും മദ്യം വിതരണംചെയ്യുന്നതും. തനിക്കും ഒരു ‘ഹെൽത്ത് പെർമിറ്റ്’ ഉണ്ടെന്ന് ഇന്ദ്രനീൽ രാജ്യഗുരു നിയമസഭയിൽ അഭിമാനത്തോടെ വെളിപ്പെടുത്തിയിരുന്നു. ഒരു പ്രമുഖമന്ത്രിയുടെ മകനെ  ‘കാലുറയ്ക്കാത്ത’ നിലയിൽ വിമാനത്താവളത്തിൽനിന്ന് പൊക്കിയിട്ടുണ്ട്. പക്ഷേ, ആരോഗ്യപ്രശ്നങ്ങൾ എന്നുപറഞ്ഞ് ഊരിപ്പോയി.

ഔദ്യോഗികമായി കിട്ടുന്നതിനേക്കാൾ എളുപ്പമാണ് അനൗദ്യോഗികമായി കിട്ടുന്നത്. അഹമ്മദാബാദ് കോർപ്പറേഷനിലെ കോളനികളിൽ പലയിടത്തും പ്ളാസ്റ്റിക്‌കവറിൽ വ്യാജമദ്യം കിട്ടും. പോലീസ് ഇവരിൽനിന്ന് പടിപറ്റുന്നു. ഇടത്തരം സൊസൈറ്റികളിൽ മദ്യം എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരുണ്ട്. ആഡംബരക്കാറുകളിൽ എത്തിയാണ് ഇവർ ആവശ്യക്കാർക്ക് കൈമാറുന്നത്. സർക്കാർ വാങ്ങുന്നതിനെക്കാൾ നൂറുരൂപവരെ അധികം നൽകേണ്ടിവരും. ഓരോ സൊസൈറ്റിക്കും പാൽക്കാരൻ, പത്രക്കാരൻ എന്നപോലെ ഒരു രഹസ്യ മദ്യക്കാരനുമുണ്ടാകും. ഗ്രാമങ്ങളിൽ മദ്യകേന്ദ്രങ്ങളുണ്ട്. അഡലജിലെ ഖോരാജ് ഗ്രാമത്തിൽനിന്ന് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എത്തിച്ച 2.2 കോടി രൂപയുടെ ഇന്ത്യൻ നിർമിതവിദേശമദ്യമാണ് രണ്ടാഴ്ചമുമ്പ് പിടിച്ചത്. 2009-ൽ മോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അഹമ്മദാബാദിൽ 148 പേർ വ്യാജമദ്യം കഴിച്ച് മരിച്ചത്. ജസ്റ്റിസ് കെ.എം.മേത്ത അന്വേഷണക്കമ്മിഷൻ, പോലീസും മദ്യമാഫിയയുമായുള്ള ബന്ധം അറക്കണമെന്ന് നിർദേശിച്ചു. രണ്ട് പോലീസുകാർക്കെതിരേ മാത്രമാണ് നടപടിയുണ്ടായത്.

2012-നും 2014-നും ഇടയിൽ 177 മരണങ്ങൾ ഉണ്ടായതായി ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ സൂറത്തിലെ കപോദര, ലിംബായത്ത് മേഖലകളിൽ വ്യാജമദ്യം 23 പേരുടെ ജീവനെടുത്തു. ഈ ഫെബ്രുവരിയിൽ സൂറത്തിൽ കതാർഗാമിൽ ആറുപേർ മരിച്ചു. സൂറത്തിലെ ഗ്രാമങ്ങളിൽ സഖി എന്ന വനിതാസംഘം കൂട്ടത്തോടെ റെയ്ഡുകൾ നടത്തി. പക്ഷേ, ഭീഷണികൾമൂലം ഇപ്പോൾ നിശ്ശബ്ദരാണ്. പട്ടേൽ പ്രശ്നവും ചരക്ക്-സേവന നികുതിയും ചൂടൻ വിഷയമാണെങ്കിലും മദ്യമരണങ്ങൾ ഈ തിരഞ്ഞെടുപ്പിൽ സൂറത്തിൽ ആർക്കും ചർച്ചയല്ല. മദ്യദുരന്തമുണ്ടായ ലിംബായത്തിൽ ഇത്തവണ മത്സരിക്കുന്ന എൻ.സി.പി. സ്ഥാനാർഥി അക്രം അൻസാരിയാകട്ടെ, ഷക്കീന അൻസാരിയുടെ മകനാണ്. ഷക്കീനയെ ‘ദാരുവാലി’ എന്നുപറഞ്ഞാലേ അറിയൂ. മുമ്പ് ഇവിടത്തെ മദ്യവ്യാപാരം നിയന്ത്രിച്ചിരുന്നത് ഇവരാണ്.

‘‘സമൂഹം സദാചാരപരമെന്ന് കരുതുന്ന പല തീരുമാനങ്ങളും വലിയ അഴിമതിക്കും കാപട്യത്തിനും വഴിയൊരുക്കും. മദ്യത്തിലൂടെ സർക്കാരിലേക്കെത്തേണ്ട പണം മുഴുവൻ മാഫിയ-പോലീസ്-ഉദ്യോഗസ്ഥർ-രാഷ്ട്രീയക്കാർ എന്ന കൂട്ടുകെട്ടിന് പോകുന്നു. എന്റെ ഊഹമനുസരിച്ച് ഇവിടെ പ്ളസ്ടു കഴിയുന്ന ഓരോ കുട്ടിക്കും അഞ്ചുവർഷത്തേക്ക് പ്രതിമാസം 5000 രൂപവീതം നൽകാനാവുന്നത്ര പണം ഈ അഴിമതിയിലൂടെ ചോർന്നുപോകുന്നു. മദ്യപാനം കുറ്റമല്ല, ആസക്തിയാണ്. അതിനെ അങ്ങനെ ചികിത്സിക്കണം’’ -രാഹുൽ ശർമയുടെ പാർട്ടിയുടെ കണ്ടെത്തൽ അങ്ങനെയായിരുന്നു.

മദ്യനിരോധനം കർശനമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒ.ബി.സി. നേതാവ് അൽപേഷ് ഠാക്കോറിനെപ്പോലുള്ളവർ ശർമയോട് യോജിക്കുന്നില്ല. ഗ്രാമങ്ങളിലെ നാടൻവാറ്റ് കുടിച്ച് നശിക്കുന്നവരിലേറെയും പാവപ്പെട്ട ഠാക്കോർ സമുദായക്കാരാണ്. അവരുടെ പ്രശ്നം ഉയർത്തിയാണ് അൽപേഷ് സ്ത്രീകളുടെ ഹീറോ ആയത്. ഠാക്കോർസേന വാറ്റുകേന്ദ്രങ്ങൾ റെയ്ഡ് ചെയ്തു. കുടിയൻമാരുടെ വീടുകളിലേക്ക് പെൺകുട്ടികളെ കെട്ടിച്ചയക്കില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചു.  പതിനായിരങ്ങളെ അണിനിരത്തി ‘വ്യസനമുക്തി’ (ലഹരിവിമോചനം) സമ്മേളനങ്ങൾ നടത്തി. സർക്കാർ വിരണ്ടു. അതുവരെയുള്ള മദ്യനിരോധനനിയമത്തിന്  വീര്യം കൂട്ടി. ഇപ്പോൾ കള്ളുമായി യാത്രചെയ്യുന്നതും വിൽക്കുന്നതും പത്തുവർഷംവരെ തടവിലിടാവുന്ന കുറ്റമാണ്. മദ്യപിച്ച് അലമ്പുണ്ടാക്കിയാൽ മൂന്നുവർഷം തടവ്. എന്നിട്ടും ഇപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന അൽപേഷ് പോലും തിരഞ്ഞെടുപ്പിൽ ഒഴുകുന്ന കള്ളിനെപ്പറ്റി വേവലാതിപ്പെടുന്നില്ല. അദ്ദേഹത്തിന്റെ രാധൻപുർ മണ്ഡലമാണ് രാജസ്ഥാനിൽനിന്നുള്ള അനധികൃത മദ്യത്തിന്റെ ഒരു വഴി.

പുറമേ സദാചാരം

കഴിഞ്ഞ ജനുവരിയിൽ വൈബ്രൻഡ്‌ ഗുജറാത്ത് നിക്ഷേപകസംഗമം നടന്നപ്പോൾ മദ്യനിരോധനത്തിന്റെ വലയുടെ ഒരറ്റം സർക്കാർ അയച്ചുകൊടുത്തു. സെമിനാറുകളും എക്സിബിഷനുകളും നടക്കുമ്പോഴൊക്കെ നിക്ഷേപസൗഹൃദ സംസ്ഥാനത്തിനുതകുന്ന രീതിയിൽ മദ്യനിരോധനത്തിൽ വെള്ളംചേർക്കും.

നിയമം കർശനമാണെന്ന് കാണിക്കാൻ ചിലപ്പോൾ പോലീസ് ചില കടുംക്രിയകൾ ചെയ്യും. കഴിഞ്ഞ ഡിസംബറിൽ വഡോദരയിൽ കൊച്ചുമകന്റെ വിവാഹത്തിന് വിരുന്നൊരുക്കിയ ഒരു വ്യവസായിയുടെ ഫാം ഹൗസിൽ റെയ്ഡ് നടത്തി. ഐ.പി.എൽ. മുൻ ചെയർമാർ ചിരായു അമീൻ അടക്കം 200-ഓളം പേരെ കസ്റ്റഡിയിലെടുത്തു. 134 പേരും സ്ത്രീകളായിരുന്നു. ഇവരിൽ മദ്യപിച്ചവർ വളരെ കുറവ്. പക്ഷേ, രക്തപരിശോധനയടക്കമുള്ള തെളിവെടുപ്പിലൂടെ ഏവർക്കും കടന്നുപോകേണ്ടിവന്നു. ഇപ്പോൾ ഇത്തരം പാർട്ടികൾക്കായി സമ്പന്നർ അന്യസംസ്ഥാനത്തേക്ക് പോകുന്നു. അല്ലെങ്കിൽ ഗുജറാത്തിൽത്തന്നെയുള്ള കേന്ദ്രഭരണപ്രദേശങ്ങളിൽ അഭയംതേടുന്നു.

പരസ്യമായുള്ള മദ്യപാനപ്രകടനങ്ങൾ നന്നേ കുറവാണ് ഗുജറാത്തിൽ എന്നതാണ് പ്രത്യക്ഷത്തിലുള്ള ഒരു മെച്ചം. പക്ഷേ, മദ്യം അനുവദിച്ച മറ്റേതൊരു സംസ്ഥാനത്തുമുള്ള പ്രത്യാഘാതങ്ങൾ-ഗാർഹിക പീഡനം, മരണങ്ങൾ മൂലമുള്ള അനാഥത്വം, അനാരോഗ്യം  എല്ലാം ഇവിടെയുമുണ്ട്. അതിലുപരി പണം വാറ്റിയെടുക്കുന്ന വലിയൊരു മാഫിയയും. നിയമവിരുദ്ധ മദ്യംകടത്തുമൂലം വർഷം 5200 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുന്നു. 52 പെർമിറ്റ് സ്റ്റോറുകൾവഴി വർഷം കിട്ടുന്നത് 123 കോടിരൂപ മാത്രമാണ്. ഒരു തിരഞ്ഞെടുപ്പിലും അതൊന്നും മുഖ്യവിഷയങ്ങളിൽ വരാറില്ല.

‘‘എല്ലാവരും പുരോഹിതർ ചമയുകയാണ്’’ -രാഹുൽ ശർമ പറഞ്ഞു. ‘‘മദ്യംമൂലമുണ്ടാകുന്ന കുറ്റങ്ങൾക്ക് ശിക്ഷ നൽകണം. പക്ഷേ, സമ്പൂർണമായി മദ്യം നിരോധിച്ചാൽ മാഫിയ വളരുകയേയുള്ളൂ. ഇപ്പോൾത്തന്നെ ലഭ്യമാണെന്നിരിക്കെ, നിയന്ത്രണം അയച്ചാൽ കള്ളൊഴുകുമെന്ന് പറയുന്നതിൽ എന്തുകാര്യം?’’ തന്നെ രഹസ്യമായി വിളിച്ച് പലരും പിന്തുണച്ചെന്ന് ഇദ്ദേഹം പറയുന്നു. സംഘടന ശക്തമല്ലാത്തതിനാൽ ഈ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ ‘സ്മാർട്ട്’  പാർട്ടി മത്സരിക്കുന്നില്ല.

സ്മാർട്ട് പാർട്ടിയോട് വിയോജിക്കുന്നവരാകും ഗുജറാത്തിലേറെയും. പക്ഷേ, ഇവിടെ മദ്യനിരോധനം ഒരു പരാജയമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല, തിരഞ്ഞെടുപ്പുകാലത്ത് പ്രത്യേകിച്ചും.