‘ലോകം ഒരിക്കലും കണ്ടിട്ടില്ലാത്ത അഗ്നിയും രോഷവും’ ഉത്തര കൊറിയയ്ക്കുമേൽ വർഷിക്കും എന്നായിരുന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഇതിന് ഉത്തരകൊറിയ നൽകിയ മറുപടിയിലൂടെയാണ് ഗ്വാം എന്ന ചെറുദ്വീപ് അന്താരാഷ്ട്രശ്രദ്ധയാകർഷിച്ചത്. പസഫിക് സമുദ്രത്തിലെ യു.എസിന്റെ ഭൂപ്രദേശമായ ഗ്വാമിനെ ആക്രമിക്കാനുള്ള പദ്ധതി ‘ശ്രദ്ധാപൂർവം പരിശോധിച്ചുവരികയാണ്’ എന്നായിരുന്നു ഉത്തരകൊറിയയുടെ വാക്കുകൾ. ഈ മാസംതന്നെ ഗ്വാമിനെ ആക്രമിക്കുമെന്നും പറഞ്ഞു.

ഉത്തരകൊറിയയിൽനിന്ന് 3,380 കി.മീ. അകലെയാണ് 541 ചതുരശ്ര കി.മീ. മാത്രം വരുന്ന ഗ്വാം. 1898 മുതൽ യു.എസിന്റേതാണ് ഈ ഭൂമി. അതിനുമുമ്പ് സ്പെയിനിന്റെ കൈവശമായിരുന്നു. 1521-ൽ സ്പാനിഷ് രാജാവിനുവേണ്ടി വിശ്വസഞ്ചാരി ഫെർഡിനൻഡ് മഗല്ലെൻ ഗ്വാം കണ്ടെത്തിയതോടെ സ്പെയിൻ ഇവിടെ ആധിപത്യമുറപ്പിച്ചു. സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിന്റെ ഫലമായി ദ്വീപ് യു.എസിന്റേതായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ യു.എസിൽ നിന്ന് ജപ്പാൻ ഗ്വാം പിടിച്ചെടുത്തു.

യുദ്ധത്തിന്റെ അവസാനകാലത്ത് ഗ്വാം തിരിച്ചുപിടിച്ച സഖ്യകക്ഷിപ്പട ഇവിടം താവളമാക്കിയാണ് ജപ്പാനെ അടിയറവു പറയിച്ചത്. അന്നുമുതൽ യു.എസിന്റെ സേനാതാവളമാണിത്. പസഫിക്കിലെ യു.എസ്. സേനാതന്ത്രങ്ങൾ ഗ്വാം കേന്ദ്രീകരിച്ചാണ്. പ്രസിദ്ധമായ ആൻഡേഴ്‌സൺ വ്യോമതാവളം ഇവിടെയാണ്. നാവികത്താവളവുമുണ്ട്. 13,000 യു.എസ്. സേനാംഗങ്ങളും അവരുടെ കുടുംബങ്ങളും പാർക്കുന്നു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള പോർവിമാനങ്ങളുടെ താവളമാണ് ആൻഡേഴ്‌സൺ. ദ്വീപിന്റെ മൂന്നിൽ ഒരു ഭാഗവും യു.എസ്. പട്ടാളത്തിന്റേതാണ്. ഗ്വാമിലെ സൈനികശക്തി കൂട്ടാനാണ് യു.എസ്. ശ്രമം. ആഗോളതലത്തിൽ സേനാപുനർവിന്യാസത്തിനുള്ള ശ്രമത്തിലാണ് യു.എസ്. ഇതിന്റെ ഭാഗമായി ജപ്പാനിലെ ഒക്കിനാവ ദ്വീപിലുള്ള സൈന്യത്തെ ഗ്വാമിലെത്തിക്കാനാണ് നീക്കം. ഇത്തരത്തിൽ ഗ്വാമിന്റെ രാഷ്ട്രീയ, സൈനിക പ്രാധാന്യം വർധിച്ചുവരികയാണ്. പസഫിക്കിനുപുറമേ തെക്കൻ ചൈനക്കടലിലും യു.എസിന് താത്പര്യങ്ങളുണ്ട്. 

ഹ്വാസോങ്-12ൽ വിശ്വാസം
അടുത്തിടെ വിജയകരമായി പരീക്ഷിച്ച ഹ്വാസോങ്-12 വിഭാഗത്തിൽപ്പെട്ട നാലു മിസൈലുകൾ ഈ മാസം തന്നെ ഗ്വാമിലേക്ക് അയക്കും എന്നാണ് ഉത്തര കൊറിയ പറഞ്ഞത്. സോവിയറ്റ് കാലത്തെ എൻജിൻ പിടിപ്പിച്ച ഈ മധ്യദൂര ബാലിസ്റ്റിക് മിസൈൽ മൂന്നുതവണ പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. മേയ് 15-നു നടന്ന വിജയിച്ച പരീക്ഷണത്തിലാകട്ടെ 2,111 കി.മീ. ദൂരത്തിലാണ് ഇതുപതിച്ചത്. മിസൈലിന്റെ പരമാവധി ദൂരപരിധി 3,700 കിലോമീറ്ററാണ്. 650 കിലോ ഭാരമുള്ള അണ്വായുധം വഹിക്കാൻ ശേഷിയുമുണ്ട്. മിസൈലിൽ പിടിപ്പിക്കാൻ കഴിയുന്ന ചെറിയ അണ്വായുധം ഉത്തരകൊറിയ ഉണ്ടാക്കിയതായി അമേരിക്ക അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. മിസൈലിന്റെ പരമാവധി ദൂരപരിധിയിൽപ്പെട്ട പ്രദേശമാണ് ഗ്വാം. 

ചുറ്റും പട്ടാളം
ഗ്വാമിനെ ആക്രമിക്കുന്നത് ഉത്തര കൊറിയയ്ക്ക് ആത്മഹത്യാപരമായിരിക്കും എന്നാണ് ഗവർണർ എഡ്ഡി ബസ കാൽവോ പറഞ്ഞത്. അല്പംപോലും ഭയമില്ല ഗ്വാമിന്. അതിനുകാരണവുമുണ്ട്. ‘താഡ്’(തെർമൽ ഹൈ ഓൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്) മിസൈൽ പ്രതിരോധസംവിധാനം സ്ഥാപിച്ചിട്ടുണ്ട് ഇവിടെ. അയൽ രാജ്യങ്ങളിലെല്ലാം യു.എസിന് സേനാതാവളങ്ങളുണ്ട്. ദക്ഷിണ കൊറിയയിൽ 83 ഇടങ്ങളിലായി 23,468 യു.എസ്. സൈനികരുണ്ട്. കരസേനയ്ക്കും വ്യോമസേനയ്ക്കും രണ്ടുവീതം താവളങ്ങളുമുണ്ട്. ജപ്പാനിലെ 112 സേനാതാവളങ്ങളിലായി 39,345 യു.എസ്. പട്ടാളക്കാരാണുള്ളത്. ഫിലിപ്പീൻസിലുമുണ്ട് യു.എസിന് അഞ്ചു താവളങ്ങൾ. 

ഇക്കാരണങ്ങളാൽത്തന്നെ ഗ്വാമിനെ ‘അഗ്നിയാൽ പൊതിയാൻ’ ഉത്തര കൊറിയ ശ്രമിച്ചാൽ വലിയവിലകൊടുക്കേണ്ടിവരും. വാക്‌പോരല്ലാതെ നേർപോരുണ്ടാവില്ലെന്നാണ്‌ യു.എസ്. നയതന്ത്രജ്ഞർ പറയുന്നത്. യു.എസ്. പടക്കപ്പലുകളൊന്നും ഉത്തര കൊറിയയെ ലക്ഷ്യമാക്കി നീങ്ങുന്നില്ല. ദക്ഷിണകൊറിയയിലുള്ള രണ്ടുലക്ഷത്തോളംവരുന്ന അമേരിക്കക്കാരോട് ഒഴിഞ്ഞുപോകാനും പറഞ്ഞിട്ടില്ല എന്നതൊക്കെ യുദ്ധമുണ്ടാവില്ല എന്നതിന്റെ തെളിവുകളായി ‘ന്യൂയോർക്ക് ടൈംസ്' നിരത്തുന്നു. ഉത്തരകൊറിയ എന്തെങ്കിലും ‘അവിവേകം’ കാട്ടിയാൽത്തന്നെ ഒരൊറ്റ തിരിച്ചടിയിലൂടെത്തന്നെ അവരുടെ ആയുധശേഖരത്തിന്റെ ‘കരുത്ത്’ എത്രയെന്ന് കാണിച്ചുകൊടുക്കാൻ യു.എസിന് ആകുമെന്നും അതോടെ ഭീഷണി നിലയ്ക്കുമെന്നും പത്രം വിലയിരുത്തുന്നു. ഇതിലുള്ള രോഷം തീർക്കാൻ അയൽരാജ്യങ്ങളും യു.എസിന്റെ സുഹൃത്തുക്കളുമായ ജപ്പാനെയോ ദക്ഷിണകൊറിയയെയോ പരമ്പരാഗത ആയുധങ്ങളുപയോഗിച്ച്‌ ഉത്തരകൊറിയ ആക്രമിക്കുമോ എന്നതാണ് ആശങ്ക. മിസൈൽ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ ഇരുരാജ്യങ്ങളും സംവിധാനങ്ങളുമായി സജ്ജമായിരിക്കുകയാണ്. 