ർഷകരുടെ ചങ്കുറപ്പിന് മുന്നിൽ ഒടുവിൽ മോദി സർക്കാരിന്റെ സമ്പൂർണ കീഴടങ്ങൽ. കാർഷിക നിയമങ്ങൾ പിൻവലിക്കില്ല എന്ന ഒറ്റവാശിയിൽ നിന്ന കേന്ദ്രം ഒടുവിൽ ഭേദഗതിയുടെ ഭാഷ മാറ്റി പിൻവലിച്ച് തടിയൂരി. അങ്ങനെ ഇന്ത്യ കണ്ട ദൈർഘ്യമേറിയ സമരങ്ങളിൽ (363 ദിവസം നീണ്ട) ഒന്ന് സമ്പൂർണ വിജയത്തിലേക്ക്. 

ഇക്കാലയളവിൽ പല വാഗ്ദാനങ്ങളും നൽകി കർഷകരെ വശത്താക്കാൻ പലവട്ടം ശ്രമിച്ചു. ലഖിംപൂരിൽ കർഷകരുടെ മേൽ വണ്ടി ഓടിച്ചുകയറ്റി. പക്ഷേ, സമരം ചെയ്തവർ ഭയന്നില്ല പിന്മാറിയില്ല. കർഷകരെ ആക്ഷേപിച്ച് നോക്കി, ഭീഷണി പ്രയോഗിച്ചു. പക്ഷേ, ഭരണകൂടം പ്രയോഗിച്ച ആയുധങ്ങളെല്ലാം പിഴച്ചു. മുഖംരക്ഷിക്കലിനായി നിയമങ്ങളിൽ ഭേദഗതി എന്ന ഫോർമുലയും പയറ്റി. അതും ഫലിച്ചില്ല.

സമവായ ചർച്ചകളേയും സർക്കാർ നിർദേശങ്ങളേയും മൗനത്തിലൂടെയാണ് കർഷകർ പ്രതിരോധിച്ചത്. ചർച്ച പലപ്പോഴും പ്രഹസനമായപ്പോൾ, നിയമം പിൻവലിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ 'യേസ് അല്ലെങ്കിൽ നോ' എന്ന ഒറ്റവാക്കിലുള്ള ഉത്തരം മാത്രം മതിയെന്ന് കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. ചർച്ചയ്ക്ക് വന്നവർക്ക് ഭക്ഷണം വിളമ്പിയപ്പോൾ അത് കഴിക്കാതെ സ്വന്തമായി പാചകം ചെയ്തുകൊണ്ടുവന്ന റൊട്ടിയും ദാലും കഴിച്ച് അവർ സന്ദേശം വ്യക്തമാക്കി. 

ഒരു വർഷം പറയാതിരുന്ന ആ യേസ് -നിയമങ്ങളെല്ലാം പിൻവലിക്കുന്നു എന്ന തീരുമാനം- നടപ്പാക്കാൻ അടുത്ത ശൈത്യകാല സമ്മേളനത്തിൽ പാർലമെന്റിൽ നിയമംകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നു. പാർലമെന്റിൽ ഒരു ചർച്ചയും കൂടാതെ പാസാക്കിയ നിയമത്തിന്റെ പേരിൽ കർഷകരെ ബുദ്ധിമുട്ടിച്ചതിന് ക്ഷമ ചോദിക്കാനും മോദി തയ്യാറായി.

അനിവാര്യമായേക്കാവുന്ന തിരിച്ചടിയാണ് രാഷ്ട്രീയനേതാക്കൾക്ക് ചിലപ്പോൾ യാഥാർഥ്യത്തിലേക്ക് വെളിച്ചം വീശുക. വരാനിരിക്കുന്നത് യുപിയിലേയും പഞ്ചാബിലേയും തിരഞ്ഞെടുപ്പാണ്. കാർഷിക നിയമമുണ്ടാക്കിയ അന്ന് പഞ്ചാബ് ബിജെപിയുടെ വാർട്ടർലൂ ആയി. പ്രതിപക്ഷ കക്ഷികൾ തോറ്റിടത്ത്, കർഷകർ യഥാർഥ പ്രതിപക്ഷമായി രാഷ്ട്രീയഭേദമെന്യ അണിനിരന്നാലുണ്ടാകാവുന്ന അപകടം തിരിച്ചറിഞ്ഞതോടെയാണ്, എല്ലാ ന്യായീകരണവും ഗുണവശവും വിശദീകരിച്ച് തളർന്ന് ഒടുവിൽ സമ്പൂർണ പിന്മാറ്റം. 

ജാതി-മതഭേദമെന്യേ കർഷകർ ഐക്യത്തോടെ അണിനിരന്നു. അവിടെ കുത്തിത്തിരിപ്പും ഭയപ്പെടുത്തലും ഒന്നും ഏശിയില്ല. മുസ്ലിംവിരോധമോ ക്രിസ്ത്യൻ വിരോധമോ ജാതിസ്പർധയോ വിളയാത്ത വിളനിലമായി നിന്ന കർഷകമനസ്സിന് മുന്നിൽ ഏത് രാഷ്ട്രീയക്കാരനും തോൽക്കാതെ തരമില്ല. വെയിലേറ്റ് വാടാതെ മണ്ണിൽ അധ്വാനിക്കുന്ന കർഷകനെ എന്ത് കാട്ടി ഭയപ്പെടുത്തും? അങ്ങനെയുള്ള കർഷകനാണ് മഞ്ഞും വെയിലും കൂസാതെ ഡൽഹി അതിർത്തിയിൽ 363 നിവസം പോരാടിയത്. മിക്കവാറും സഹനസമരത്തിന്റെ പാതയിലൂടെ, കൊടുങ്കാറ്റിലും കോവിഡിലും കുലുങ്ങാതിരുന്ന സർക്കാരിനെ മുട്ടുകുത്തിച്ചത്.

farmers protest
കര്‍ഷക സമരരംഗം

കർഷകസമരത്തിന്റെ ഉറവിടമായ പഞ്ചാബിനും സിഖുക്കാർക്കും ഏറെ പ്രധാനമായ ഗുരുനാനാക് ജയന്തി ദിനം തന്നെയാണ് പ്രഖ്യാപനം നടത്താൻ പ്രധാനമന്ത്രി മോദി തിരഞ്ഞെടുത്തത്. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഒരു സമരം എല്ലാ അർഥത്തിലും വിജയിച്ചിരിക്കുന്നു. ചരിത്രം ഈ ദിനത്തെയും ഈ സമരത്തെയും ഏതർഥത്തിലും സവിശേഷമായി രേഖപ്പെടുത്തും. 

2014-ൽ മോദി പ്രധാനമന്ത്രിയായ ശേഷം രാഷ്ട്രീയമായി ബിജെപി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. മേഘാലയ ഗവർണർ സത്യപാൽ മാലിക്കും ഹരിയാണയിലെ ഘടകകക്ഷിയായ ജെജെപിയും ബിജെപിക്ക് ആപത് സൂചനകൾ പലവട്ടം നൽകി. അപ്പോഴൊക്ക ദുരഭിമാനം മുറുകെപ്പിടിച്ച്, അചഞ്ചലരായി നിന്നവർ ഇന്ന് കർഷകരോട് ക്ഷമ ചോദിച്ച് തടിതപ്പുന്നു. 

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. അതുപോലെ, ഇന്ത്യയുടെ നട്ടെല്ല് അന്നം നൽകുന്ന കർഷകനാണ്. ആ തിരിച്ചറിവ് ഭരണകർത്താക്കൾക്ക് ഉണ്ടാകാൻ നീണ്ട ഒരു വർഷത്തെ സമരം വേണ്ടിവന്നു. 

സമരം താനേ തകർന്നോളും എന്ന ഭരണകൂടത്തിന്റെ ചിന്താഗതിയാണ് തകർന്നത്. ജനങ്ങളുടെ ഏറ്റവും വലിയ ആയുധം സമ്മതിദാന അവകാശമാണ്. ആ ആയുധത്തെ പേടിക്കാത്ത രാഷ്ട്രീക്കാരില്ലല്ലോ. ഒറ്റയടിക്ക് ഡീസലിന്റെയും പെട്രോളിന്റെയും നികുതി കുറയ്ക്കാൻ സദ്ബുദ്ധി തോന്നിച്ചത് ഉപതിരഞ്ഞെടുപ്പിലെ ചില തിരിച്ചടികളാണ്. അതുവരെ ആഗോളവിപണിയെ പഴിച്ചവർക്ക് ദീപാവലി തലേന്ന് നികുതി കുറയ്ക്കാൻ വിലനിയന്ത്രണ അധികാരമില്ല എന്നത് തടസ്സമായില്ല. 

കർഷകർ നമ്മുടെ മാംസവും മജ്ജയുമാണെന്ന് ഏറ്റവും ഒടുവിൽ ബിജെപിയെ ഓർമ്മിപ്പിച്ചത് വരുൺ ഗാന്ധിയായിരുന്നു. മണ്ഡികൾ കർഷകരെ ചൂഷണം ചെയ്യുകയാണെന്നും കർഷകർക്ക് അതിൽ നിന്നുള്ള മോചനമാണ് നിയമങ്ങളെന്നുമാണ് സർക്കാർ വാദിച്ചത്.

സമരത്തിനിടെ തിരികെ നാട്ടിലെത്തി പാടത്ത് വിത്തിറക്കി, പരിപാലിച്ച് വിളവെടുത്ത് തിരിച്ചെത്തിയാണ് കർഷകർ സമരം തുടർന്നത്. ആ ഇടവേളകളിൽ സമരം മുന്നോട്ടുകൊണ്ടുപോയത് സ്ത്രീകളും കുട്ടികളും അടങ്ങുന്ന അവരുടെ കുടുംബങ്ങളായിരുന്നു. അങ്ങനെ, കർഷക സമരം കുടുംബസമരമാക്കിയാണ് അവർ ഒരു വർഷം അത് വിജയത്തിലേക്കെത്തിച്ചത്. 

ഇതിനിടെ, കർഷകർ വിളയിച്ചെടുത്ത അന്നം സമരത്തെ ചോദ്യംചെയ്തവരും അതിനെ പുച്ഛിച്ചവരും കഴിച്ചു. ഈ ദിവസം കർഷകന്റേതാണ്, അവന്റെ ഇച്ഛാശക്തിയുടേതാണ്. തോൽക്കാൻ മനസ്സില്ലാത്തവർക്ക് മുന്നിൽ തോൽക്കുക ഭരണകര്‍ത്താക്കളാകും, അവരുടെ ദുരഭിമാനമാകും എന്ന് ഓർമിപ്പിക്കുകയാണ് ഈ ദിവസം.