കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പരസ്യ വാക്പോര്‌ വലിയ ചർച്ചയിലേക്കും വിമർശനങ്ങളിലേക്കും വഴിവെച്ചിരിക്കുന്നു. ഈപശ്ചാത്തലത്തിൽ ഗവർണറുടെ നിലപാടിനെക്കുറിച്ചും പൗരത്വനിയമഭേദഗതിയെക്കുറിച്ചും സംസാരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും സുപ്രീംകോടതിയിലെ അഭിഭാഷകനുമായ കപിൽ സിബൽ. മാതൃഭൂമി പ്രതിനിധി കെ.പി. നിജീഷ് കുമാറിന് അനുവദിച്ച പ്രത്യേക അഭിമുഖം 

? പൗരത്വനിയമം രാജ്യത്തെ പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാരും ബി.ജെ.പി.യും പറഞ്ഞുകൊണ്ടിരിക്കുന്നത്

= അതിൽ സത്യത്തിന്റെ കണിക പോലുമില്ലെന്നാണ് എനിക്ക് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞത്. സർക്കാർ പടച്ചുവിടുന്ന വലിയൊരു കളവാണത്. അവർ പറയുന്നതുപോലെയാണെങ്കിൽ എങ്ങനെയാണ് അസമിലെ ഒട്ടേറെ ജനങ്ങളെ ഇത് ബാധിച്ചത്. പത്തൊമ്പത് ലക്ഷം ആളുകളാണ് അസമിൽ എൻ.ആർ.സി.ക്ക് പുറത്തായത്. അതിൽത്തന്നെ കൂടുതലും ഹിന്ദുക്കളും. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് സി.എ.എ., എൻ.ആർ.സി.ക്ക് ആധാരമാകില്ലെന്ന് അവർ പറയുന്നത്‌. എന്താണ് ആഭ്യന്തരമന്ത്രി പറയുന്നത് എന്ന് മനസ്സിലാവുന്നില്ല. എനിക്കുതോന്നുന്നത് അദ്ദേഹം പറയുന്നതിൽ അദ്ദേഹംതന്നെ വിശ്വസിക്കുന്നില്ല എന്നാണ്.

? ശക്തമായ പ്രതിഷേധം നടക്കുമ്പോഴും കേന്ദ്രം സി.എ.എ.യുമായി മുന്നോട്ടുപോവുകയാണ്. എന്താണ് സി.എ.എ.യുടെ ഭാവി

= വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിന്റെ ഭരണഘടനാ മൂല്യങ്ങളൊക്കെ സുപ്രീംകോടതിയാണ് ഇനി തീരുമാനിക്കേണ്ടത്. ഏകദേശം പതിനാറ് ഹർജികൾ ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. 2014-ൽ ബി.ജെ.പി. നേതൃത്വത്തിലുള്ള സർക്കാർ വന്നശേഷം നടത്തിയ ഓരോ കാര്യവും ശ്രദ്ധിക്കൂ. നമുക്ക് കൃത്യമായി മനസ്സിലാവും അവർ അജൻഡ നടപ്പാക്കുകയാണെന്ന്‌. മുത്തലാഖ് വിഷയം, ഘർവാപസി, ഏകീകൃത സിവിൽകോഡ് കൊണ്ടുവരാനുള്ള നീക്കം, ജമ്മുകശ്മീരിലെ പ്രത്യേക അധികാരം എടുത്തുമാറ്റിയത്‌, ഇതൊക്കെ എന്താണ് നമ്മളോട് പറയുന്നത്. ഇപ്പോൾ നടപ്പാക്കിവരുന്ന എൻ.ആർ.സി., സി.എ.എ. എന്നിവയെല്ലാം ഇത്തരത്തിൽ പ്രത്യേക അജൻഡയുടെ ഭാഗമായി ഉണ്ടാവുന്നതാണ്. അത് മറച്ചുവെക്കാൻ ശ്രമിച്ചിട്ടൊന്നും കാര്യമില്ല. ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് അവർ ഇനിയെങ്കിലും ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

? സമരമുഖത്തുള്ള വിദ്യാർഥികളുടെ  പങ്കാളിത്തത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്. ഇതിനെ സർക്കാർ നേരിട്ട രീതി എത്രത്തോളം ശരിയായിരുന്നു

= ഒരു ജനാധിപത്യ പ്രക്ഷോഭത്തെ എങ്ങനെയാണ് ഈ സർക്കാർ നേരിട്ടത് എന്ന് നമ്മൾ ഓരോരുത്തരും കണ്ടതാണ്. കാമ്പസിനകത്ത് ക്രിമിനലുകളെപ്പോലെ പോലീസുകാർ പ്രവേശിക്കുന്നു, വിദ്യാർഥികൾക്കെതിരേ വലിയരീതിയിൽ അക്രമങ്ങൾ അഴിച്ചുവിടുന്നു. ഇതിനെല്ലാം മുൻകൂട്ടി തയ്യാറാക്കിയ അജൻഡയുണ്ട്. പലരും വിശ്വസിക്കുന്നത് ജാമിയ മിലിയയിൽ മുസ്‌ലിം വിദ്യാർഥികൾ മാത്രമാണ് പഠിക്കുന്നതെന്നാണ്. അത് തെറ്റാണ്. അമ്പത് ശതമാനത്തോളം മറ്റു മതവിഭാഗത്തിലുള്ള വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. അവരെല്ലാം പുറത്തുനിന്നുള്ളവരുമാണ്. ഈ വിദ്യാർഥികളെല്ലാം പ്രക്ഷോഭത്തിന്റെ മുൻനിരയിൽത്തന്നെ എത്തി എന്നതാണ് ഏറ്റവും വലിയ കാര്യം. ഇത് പുതിയൊരു സമരമുഖം കൂടിയാണ് രാജ്യത്തിന് കാണിച്ചുകൊടുത്തത്.? സി.എ.എ.യുമായി ബന്ധപ്പെട്ട് കേരളത്തിൽ സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ പരസ്യപോര് തന്നെയുണ്ടായിരിക്കുന്നു. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്.

= ഗവർണർ കേരളത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ഭരണഘടനാ സംവിധാനങ്ങളെയൊന്നും കണക്കാക്കാതെ അദ്ദേഹം രാഷ്ട്രീയപ്രസ്താവനകൾ നടത്തുന്നു. ഗവർണർ എന്ന പദവിക്കുപുറത്തുനിന്നുള്ള പ്രസ്താവനകളാണ് പലപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാരിനുള്ള വിമർശനവും അദ്ദേഹത്തിന്റെ അധികാരപരിധിക്ക് പുറത്തുനിന്നുകൊണ്ടാണ്. ബി.ജെ.പി.യുടെ അജൻഡ നടപ്പാക്കാൻ അവരുടെ ഉദ്ദേശ്യപ്രകാരം ഗവർണർ ഇവിടെ പ്രവർത്തിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ബി.ജെ.പി.ക്ക് ഒരു തരത്തിലും കേരളത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നില്ല. അതുകൊണ്ട് ഗവർണറെ ഉപയോഗിച്ച് അവർ ഇവിടെ ഇടം കണ്ടെത്താൻ ശ്രമിക്കുകയാണ്. കേരളത്തിൽ ഇതുമാത്രമാണ് വഴിയെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും. അതാണ് ഈ കാണുന്നതിന്റെയൊക്കെ കാതൽ.  

? സി.എ.എ.യുമായി കേരളസർക്കാർ മുന്നോട്ടുപോവില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇത് സാധിക്കുന്ന കാര്യമാണോ

= ഒരു സംസ്ഥാനത്തിന് എന്തുചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. ഒട്ടേറെ സംസ്ഥാനങ്ങൾ ഇതുപോലെ സി.എ.എ.യ്ക്കെതിരേ നിലപാടെടുത്തിട്ടുണ്ട്. ഏകദേശം പതിനാറ് സംസ്ഥാനങ്ങൾ സി.എ.എ.യെ എതിർക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് കേന്ദ്രസർക്കാരിനുള്ള ഒരു സന്ദേശം കൂടിയാണ്. എന്തുംചെയ്യാം എന്ന ധാർഷ്ട്യത്തിനുള്ള മറുപടിയാണ്. എന്താണ് ഭരണഘടനാപരം, ഭരണഘടനാ പരമല്ലാത്തത് എന്നൊക്കെ തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണ്. എനിക്ക് തോന്നുന്നത് ഇത് ഭരണഘടനാപരം അല്ലെന്ന് സുപ്രീംകോടതി പറയുമെന്നാണ്. അങ്ങനെയാവുമ്പോൾ കേന്ദ്രസർക്കാരിന് ഇതിൽനിന്ന് പിൻവാങ്ങേണ്ടി വരുമെന്നതിൽ സംശയമില്ല.

? പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി. വലിയരീതിയിലുള്ള കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത് അവർക്ക് എതെങ്കിലും തരത്തിലുള്ള ഗുണം ചെയ്യുമോ

= എന്തിനാണ് അവർ ഇതിനായി ഒരു കാമ്പയിനിന് തുടക്കംകുറിച്ചത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. രാജ്യത്തെ പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും ജനങ്ങളുടെ  സുരക്ഷയ്ക്കായുള്ള ഏറ്റവും നല്ല നിയമമാണ് ഞങ്ങൾ നടപ്പാക്കിയിരിക്കുന്നത് എന്നൊക്കെയാണ് അവർ പറയുന്നത്. പിന്നെ എന്തിനാണ് കാമ്പയിൻ. അവർ തങ്ങൾക്ക് ആവശ്യമുള്ള ഓരോ കാര്യവും നിയമമാക്കി അത് സഭയിൽ പാസാക്കുകയാണ്. എന്താണ് അതിന്റെ അനന്തരഫലം എന്നുപോലും ആലോചിക്കാതെ. ഇതേ രീതിയായിരുന്നു അവർ നോട്ട് നിരോധനവും ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുമ്പോഴുമൊക്കെ ചെയ്തത്. നാളെ എന്താണ് സംഭവിക്കുക എന്നത് സർക്കാർ ചിന്തിക്കുന്നതേയില്ല. അത് ഇന്ത്യയുടെ പാരമ്പര്യത്തെയോ ഭരണഘടനയെയോ ബാധിക്കുമോ എന്നൊന്നും അവരുടെ വിഷയമേയല്ല.

? കേന്ദ്രസർക്കാർ പറയുന്നത് മൂന്ന് അയൽ രാജ്യങ്ങളിൽനിന്ന് പീഡനം ഏറ്റുവാങ്ങി ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതാണ് സി.എ.എ. എന്നാണ്

= ആരാണ് പീഡിതർ, പീഡിതരല്ലാത്തവർ എന്നതിന് ഒളിച്ചുകളി പാടില്ല. മുസ്‌ലിങ്ങളെമാത്രം ഒഴിവാക്കിയുള്ള പീഡിത ലിസ്റ്റ് എങ്ങനെയാണ് ശരിയാവുക. ഒരു സുപ്രഭാതത്തിൽ അമിത്ഷായും പ്രധാനമന്ത്രിയും തീരുമാനിക്കുകയാണ് ആരാണ് പീഡിതരെന്ന്. ഇതിനൊക്കെ പിന്നിൽ കൃത്യമായ അജൻഡയുണ്ട്. മുസ്‌ലിങ്ങൾ ഇന്ത്യയിലേക്ക് അഭയം തേടി വരുമ്പോൾ അത് നിയമപരമല്ലാതാവുകയും മറ്റുള്ളവർ അഭയംതേടിവരുമ്പോൾ ഇത് നിയമപരമാവുകയും ചെയ്യുന്ന പ്രത്യേക പ്രതിഭാസമാണ് മോദിയും അമിത് ഷായും അവതരിപ്പിച്ചത്. ജനങ്ങൾ വെറുതേ സമരത്തിന് ഇറങ്ങിയെന്നാണോ അവർ കരുതുന്നത്. അവർക്ക് ഇതിൽനിന്നും പിൻവാങ്ങേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല. നമുക്ക് അധികം വൈകാതെ അത് കാണുകയും ചെയ്യാം.

? കുറ്റംചുമത്താതെ തടവിലാക്കാനുള്ള പ്രത്യേക അധികാരം ഡൽഹിപോലീസിന് നൽകിയിരിക്കുകയാണ്. എന്താണ് ഇത് നൽകുന്ന സന്ദേശം

= കേന്ദ്രസർക്കാർ എടുത്ത മറ്റൊരു ഫാസിസ്റ്റ് നടപടി എന്നുതന്നെ ഇതിനെ പറയേണ്ടിയിരിക്കുന്നു. തങ്ങൾക്ക് പറ്റാത്തവരെയെല്ലാം ഭീകരരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഞാനും നിങ്ങളുമൊക്കെ ഒരു പക്ഷേ, നാളെ ജയിലിലാവാം. ഇതിൽ കൂടുതലൊന്നും മോദി സർക്കാരിൽനിന്ന് പ്രതീക്ഷിക്കേണ്ടതുമില്ല. കാരണം ഒരു സർക്കാർ എങ്ങനെയായിരിക്കരുത് എന്നതിന് ഏറ്റവും നല്ല ഉദാഹരണം കൂടിയാണ് മോദിസർക്കാർ.

ബി.ജെ.പി.യുടെ അജൻഡ നടപ്പാക്കാൻ അവരുടെ ഉദ്ദേശ്യ പ്രകാരം ഗവർണർ ഇവിടെ പ്രവർത്തിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ബി.ജെ.പി.ക്ക് ഒരു തരത്തിലും കേരളത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നില്ല. അതുകൊണ്ട് ഗവർണറെ ഉപയോഗിച്ച് അവർ ഇവിടെ ഇടം കണ്ടെത്താൻ ശ്രമിക്കുകയാണ്

Content Highlights:  Governor Playing Politics says, Kapil Sipal