സര്‍വകലാശാലകളിലെ നിയമനങ്ങളെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിന്റെ ഉള്ളടക്കങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാതൃഭൂമി പ്രതിനിധി മനോജ് മേനോനുമായി സംസാരിക്കുന്നു

ത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഡല്‍ഹിയിലെ കേരള ഹൗസില്‍ വച്ച് കണ്ടത്.അപ്പോള്‍,മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു.വാദപ്രതിവാദങ്ങള്‍ അന്തരീക്ഷത്തില്‍ മുറുകുമ്പോഴും മുഖത്ത് പിരിമുറുക്കമില്ല.തന്റെ നിലപാട് വ്യക്തമാണെന്ന ഉറപ്പ് വാക്കുകളില്‍.ആ നിലപാടില്‍ മാറ്റമില്ലെന്ന ആവര്‍ത്തിച്ച് ഗവര്‍ണര്‍ മാതൃഭൂമിയുമായി സംസാരിക്കാനിരുന്നു.സര്‍വകലാശാലകളിലെ നിയമനങ്ങളെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിന്റെ ഉള്ളടക്കങ്ങളെക്കുറിച്ച്.

-ഗവര്‍ണറും സര്‍ക്കാരുമായി വീണ്ടും കടുത്ത ഏറ്റുമുട്ടലിനാണോ  കളമൊരുങ്ങിയിരിക്കുന്നത് ?

സര്‍ക്കാരുമായി ഒരു തര്‍ക്കത്തിനോ സംഘര്‍ഷത്തിനോ ഞാനില്ല. എന്റെ തീരുമാനം ഞാന്‍ അടിച്ചേല്‍പിച്ചാല്‍ മാത്രമേ തര്‍ക്കം ഉണ്ടാകുകയുള്ളു. ചാന്‍സിലര്‍ എന്ന നിലയിലുള്ള എന്റെ അധികാരം ഞാന്‍  ഉപേക്ഷിച്ചു കഴിഞ്ഞു.അപ്പോള്‍ യുദ്ധമില്ല.ഞാന്‍ ഒരു വൈസ് ചാന്‍സിലറെ പുനര്‍ നിയമിച്ചിരുന്നെങ്കില്‍, പ്രശ്നം ഉണ്ടാവുമായിരുന്നില്ല.പ്രശ്നങ്ങള്‍ ഒഴിവാക്കാനായിരുന്നു പുനര്‍ നിയമനത്തിന് ഞാന്‍ അനുമതി നല്‍കിയത്.എന്നാല്‍ ഇനി ഈ സമ്മര്‍ദ്ദം സഹിക്കാന്‍ ഞാന്‍ തയ്യാറല്ല.

-വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നതിനുള്ള സെര്‍ച് കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തില്‍ ചാന്‍സിലര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്യമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.എന്തു കൊണ്ടാണ് അപ്പോള്‍ ഈ വിയോജനം രേഖപ്പെടുത്താതിരുന്നത് ?


ഒരൊറ്റ ചോദ്യം.കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറുടെ നിയമനക്കാര്യത്തില്‍ ഏ.ജിയുടെ അഭിപ്രായം തേടിയത് ആരാണ് ? ഞാന്‍ ഏ.ജി.യുടെ അഭിപ്രായം ചോദിച്ചില്ല. സര്‍ക്കാരല്ലേ ചോദിച്ചത് ? അപ്പോള്‍  ഒരു കാര്യം വ്യക്തമാണ്,ഈ അഭിപ്രായം തേടലിലൂടെ സര്‍ക്കാര്‍ അവരുടെ താല്‍പര്യത്തിന് വേണ്ടി എന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ശ്രമിച്ചത്.അവരുടെ പ്രതിനിധിയെ നിയമിക്കാനായിരുന്നു ഈ സമ്മര്‍ദ്ദം.നിയമനങ്ങള്‍ക്ക് എന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി.ഞാന്‍ മറ്റൊരു ഉദാഹരണം പറയാം. .ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നെ കാണാന്‍ വന്നു.ഞങ്ങള്‍ സര്‍ച്ച്  കമ്മിറ്റിയെ  നിയമിക്കാന്‍ പോകുന്നുവെന്ന് എന്നോട് പറഞ്ഞു.സര്‍ച്ച് കമ്മിറ്റിയില്‍ ഒരു പ്രതിനിധി സിണ്ടിക്കേറ്റിന്റെത്.ഒരാള്‍ യു.ജി.സിയുടേത്.ഒരു പ്രതിനിധി ഗവര്‍ണറുടേതാകണം എന്നാണ് വ്യവസ്ഥ.ഗവര്‍ണറുടെ പ്രതിനിധി വിദ്യാഭ്യാസമന്ത്രി നിയമിക്കുന്ന ഒരാളായിരിക്കുമെന്നും ഇതാണ് നടപ്പ് രീതിയെന്നും എന്നോട് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.ഇത്തരത്തില്‍ ഒരു സര്‍ച്ച് കമ്മിറ്റി പറ്റില്ലെന്ന് ഞാന്‍ അപ്പോള്‍ തന്നെ മറുപടി നല്‍കി.അങ്ങനെ ഒരു സര്‍ച്ച് കമ്മിറ്റി സംവിധാനം ഉണ്ടെങ്കില്‍ ഞാന്‍ അത് ബ്രേക്ക് ചെയ്യാന്‍ പോവുകയാണ്,കാരണം ഞാന്‍ ചാന്‍സിലറാണ്,ഞാന്‍ സമ്മതിക്കില്ല എന്ന് മന്ത്രിയോട് വ്യക്തമാക്കി.നോക്കു,ഇത്തരം നിര്‍ദേശങ്ങളുമായാണ് സര്‍ക്കാര്‍ വരുന്നത്.അവര്‍ സമ്മര്‍ദ്ദം വളര്‍ത്തുകയാണ്.എന്നാല്‍,ഇത്തരത്തില്‍ സംഘര്‍ഷം വളര്‍ത്തുക എന്റെ ലക്ഷ്യമല്ല. അവര്‍ വളരെ ആസൂത്രിതമായ രീതിയില്‍ എനിക്കെതിരെ പ്രചരണം നടത്തുകയാണ്.റെസിഡണ്ടായി പ്രവര്‍ത്തിക്കുകയാണെന്നാണ് അവര്‍ ആരോപിക്കുന്നത്.എനിക്കെതിരെ ഇത്തരത്തിലുള്ള വിശേഷണങ്ങളില്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു.അത്തരം കാര്യങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല.എന്റെ സമീപനം സര്‍ക്കാരുമായി സംഘര്‍ഷം ഒഴിവാക്കലാണ്.

സര്‍ക്കാരുമായി ഒരു യുദ്ധത്തിനും താല്‍പര്യമില്ല.എന്നാല്‍ ഇത്തരത്തില്‍ കടുത്ത സമ്മര്‍ദ്ദത്തില്‍,അടിച്ചമര്‍ത്തുന്ന അന്തരീക്ഷത്തില്‍ ചാന്‍സിലറായി തുടരാന്‍ എനിക്ക് താല്‍പര്യമില്ല.ഇക്കാര്യമാണ് ഞാന്‍ വ്യക്തമായി പറഞ്ഞത്.ചാന്‍സിലര്‍ എന്നത് ഭരണഘടനാ പരമായ ചുമതലയല്ല.കേരള നിയമ സഭ പാസ്സാക്കിയ നിയമ പ്രകാരം ഏര്‍പ്പെടുത്തിയ ചുമതലയാണ്.സര്‍ക്കാരിന് ഈ നിയമം ഭേദഗതി ചെയ്യാം.എന്നിട്ട് ചാന്‍സിലറായി ചുമതലേയല്‍ക്കാം.എത്രവേണമെങ്കിലും ആളുകളെ നിങ്ങള്‍ക്ക് താല്‍പര്യമുള്ള പദവികളില്‍ നിയമിക്കാം.നിങ്ങള്‍ക്ക് താല്‍പര്യമുള്ള രാഷ്ട്രീയ പ്രതിനിധികളെ നിയമിക്കാന്‍ എന്നെ ഉപകരണമാക്കിയാല്‍,അത് സമ്മതിക്കാനാകില്ല.

Arif muhammed khan-manoj menon
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ലേഖകന്‍ ഡല്‍ഹിയിലെ കേരളാ ഹൗസില്‍ അഭിമുഖം നടത്തുന്നു

-യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ഗവര്‍ണറുടെ മേല്‍ ചെലുത്തിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.എന്താണ് പ്രതികരണം ?

ഒരൊറ്റ ചോദ്യമാണ് ചോദിക്കാനുള്ളത്.ഏ.ജിയുടെ അഭിപ്രായം തേടിയത് ആരാണ്.പറയു.ഞാനല്ല.ഏ.ജി.കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത് വിദ്യാഭ്യാസ സെക്രട്ടറിയെയാണ്.ഏ.ജി.യുടെ അഭിപ്രായം തേടാന്‍ ആര് നിര്‍ദേശിച്ചു എന്ന് ഞാന്‍ വിദ്യാഭ്യാസ സെക്രട്ടറിയോട് ചോദിച്ചു.അദ്ദേഹം പരിപൂര്‍ണ മൗനം പാലിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇതെല്ലാം സംഭവിച്ചത്.ഞാന്‍ ഇതെല്ലാം കത്തില്‍ പറയുന്നുണ്ട് .ഞാന്‍ എന്റെ വ്യക്തമായ ജഡ്ജ്മെന്റിന് വിരുദ്ധമായാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറുടെ നിയമനകാര്യത്തില്‍ പ്രവര്‍ത്തിച്ചത്.കാലാവധി നീട്ടലും രണ്ടാമത് നിയമിക്കലും വ്യത്യസ്ത കാര്യങ്ങളാണ്.രണ്ടും രണ്ടാണ്.കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് എനിക്ക് അങ്ങനെ പ്രവര്‍ത്തിക്കേണ്ടി വന്നു. അത് ശരിയല്ലെന്ന് എന്റെ ബോധം എന്നോട് പറയുന്നു.സര്‍ക്കാര്‍ എന്നോട് ഇത്തരം ഒത്തിരികാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു.എനിക്ക് അത് തുടരാന്‍ കഴിയില്ല.അതിനാല്‍ സര്‍ക്കാര്‍ സ്വയം ചെയ്യട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്.

-പൗരത്വ നിയമത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ പ്രമേയത്തിലുള്ള ഗവര്‍ണറുടെ വിയോജിപ്പ് ഈ നിലപാടുകളുമായി ചേര്‍ത്ത് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും ചര്‍ച്ചയിലുണ്ട്.എന്ത് തോന്നുന്നു ?


നിങ്ങള്‍ക്ക് വിരുദ്ധ അഭിപ്രായമുണ്ടെങ്കില്‍,അത് പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ പ്രധാനമാണ്.റെസിഡണ്ട് എന്ന് വിളിക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്താണെന്നാണ്  ഓര്‍മിപ്പിക്കുന്നത്.അഭിപ്രായ വ്യത്യാസം വ്യത്യസ്തമാണ്.അത് പ്രകടിപ്പിക്കാന്‍ ആദരവുള്ള വാചകങ്ങളും ഭാഷയും ഉപയോഗിക്കണം.റെസിഡണ്ട് എന്ന പദ പ്രയോഗം ബ്രിട്ടീഷ് ഭരണകാലത്തെയാണ് ഓര്‍മിപ്പിക്കുന്നത്.അതൊന്നും കേള്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല.


-വിവാദങ്ങളുണ്ടാകുമ്പോള്‍ ഗവര്‍ണര്‍ തന്റെ മുന്‍ തീരുമാനങ്ങളില്‍ നിന്ന് പിന്‍മാറുന്നത് ശരിയല്ലെന്ന വാദവും ചര്‍ച്ചയില്‍ ഉയര്‍ത്തുന്നുണ്ട്.വിവാദങ്ങളാണോ ഇപ്പോഴത്തെ നിലപാടിന് കാരണം ?

എന്റെ തീരുമാനത്തില്‍ നിന്ന് ഞാന്‍  പിന്‍മാറുന്നില്ല.ഞാന്‍ ഒരു നിര്‍ദേശം നല്‍കുകയാണ് ചെയ്തത്.സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തില്‍ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തിടത്തോളം കാലം സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.എന്നെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കി കൊണ്ട് ഒറ്റ വരിയുള്ള ഒരു ഓര്‍ഡിനന്‍സ് കൊണ്ടു വരൂ.ഗവര്‍ണര്‍ എന്ന നിലയില്‍ ഒറ്റ നിമിഷം കൊണ്ട് ഞാന്‍ അതില്‍ ഒപ്പു വയ്ക്കും.മുഖ്യമന്ത്രി ചാന്‍സിലര്‍ പദവി ഏറ്റെടുക്കട്ടെ.നിയമപരമായ, വ്യവസ്ഥാ പരമായ കാര്യങ്ങളെ മാത്രമേ എനിക്ക് പിന്തുണക്കാന്‍ കഴിയു. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ തകര്‍ച്ച ഞാന്‍  കണ്ടു കൊണ്ടിരിക്കുകയാണ്.പലതും ഞാന്‍ മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നത്.നിയമിതനായ വ്യക്തി ഏതെങ്കിലും മന്ത്രിയുടെയോ രാഷ്ട്രീയക്കാരന്റെയോ അടുത്ത ബന്ധുവോ അടുപ്പക്കാരനോ ആണെന്ന വിവരം ഞാന്‍  മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്.തെറ്റായ കാര്യങ്ങളുടെ പേരിലാണ് സര്‍വകലാശാലകളുടെ പേരുകള്‍ പത്രങ്ങളില്‍ വരുന്നത് എന്നത് എത്ര കഷ്ടമാണ്.സര്‍വകലാശാലകള്‍ മാത്രമേ പാര്‍ട്ടിയുടെ പിന്തുണക്കാരെ സന്തോഷിപ്പിക്കാനുള്ള വേദിയായി  ഉള്ളോ? സ്വാധീനമുള്ള ഒരാളുടെ ഭാര്യയെ അവിടെ നിയമിക്കുന്നു,ഇവിടെ നിയമിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ന്നു വരൂന്നു.സര്‍ക്കാരിന് വഴങ്ങുന്ന വൈസ് ചാന്‍സിലര്‍മാര്‍ വേണം.എനിക്ക് എതിര്‍പ്പില്ല.പക്ഷെ,ചാന്‍സിലര്‍ എന്ന ചുമതല മുഖ്യമന്ത്രി  ഏറ്റെടുക്കണം.

-സര്‍ക്കാര്‍ നിരവധി വിഷയങ്ങളില്‍ ഗവര്‍ണറുടെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടോ ? നിരന്തരം അത്തരം ശ്രമങ്ങളുണ്ടോ ?

നിരവധി പ്രാവശ്യമില്ല.എന്നാല്‍ മാധ്യമങ്ങളില്‍ മുഴുവന്‍ യൂണിവേഴ്സിറ്റികളെക്കുറിച്ച് മോശമായ വാര്‍ത്തകള്‍ വരുന്നു.അത് എന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നു.പത്രങ്ങളിലൂടെ ഞാന്‍ ഇതെല്ലാം എന്തിന് അറിയണം ?

-എന്തായിരിക്കും ഗവര്‍ണറുടെ അടുത്ത നടപടി ?

യുക്തമായ നടപടികളെല്ലാം ഞാന്‍ എടുക്കും.എന്തൊക്കെ നടപടികള്‍ എടുക്കാമോ അതെല്ലാം എടുത്തിട്ടുണ്ട്.എടുക്കുന്നുണ്ട്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു കടലാസും നമ്മള്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഞാന്‍ എന്റെ ആഫീസിന് നിര്‍ദേശം നല്‍കി കഴിഞ്ഞു.യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഒരു നടപടിയും എടുക്കേണ്ടതില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഈ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ആഫീസിലേക്ക് അയക്കുക.ചാന്‍സിലര്‍ എന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുകയില്ല.എന്നെ നീക്കി കൊണ്ടുള്ള ഓര്‍ഡിന്‍സിന് ഞാന്‍ കാത്തിരിക്കുകയാണ്.കിട്ടിയാല്‍  ഉടന്‍ ഒപ്പു വയ്ക്കും.

-തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഏത് തരത്തിലുള്ള ഉറപ്പാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കേണ്ടത് ?

നിയമങ്ങളെ ആദരിക്കുക.ഏത് ഉത്തരവാദിത്വമാണോ ഏല്‍പിച്ചിരിക്കുന്നത് അത് ചെയ്യുക.എനിക്ക് തന്നിരിക്കുന്ന അധികാരങ്ങള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.ഗവര്‍ണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാരിന് എന്നെ ഉപദേശിക്കാം.എന്നാല്‍ എനിക്ക് എന്റെ കടമകള്‍ നിര്‍വഹിക്കാന്‍ കഴിയണം. ചാന്‍സിലര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് എന്നെ ഉപദേശിക്കാന്‍ അധികാരമില്ല.

-അപ്പോള്‍ ചാന്‍സിലര്‍ പദവിയില്‍ ഇല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു ?

ഒരു സംശയവുമില്ല. ഞാന്‍ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. അതില്‍ നിന്ന് പിന്‍മാറാന്‍ പോകുന്നില്ല.ഈ രീതിയില്‍ എനിക്ക് ഒരു കാരണവശാലും ചാന്‍സിലറായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

-അത് ഭരണപരമായ ഒരു പ്രശ്നമാകില്ലേ ?അങ്ങനെ ഒരവസ്ഥ ആദ്യമായാണല്ലോ ?

എന്ത് പ്രശ്നം ? എത്രയും വേഗം ഓര്‍ഡിനന്‍സ് കൊണ്ടു വരിക,ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് എന്നെ മാറ്റുക.മുഖ്യമന്ത്രി ചാന്‍സിലറാകട്ടെ.അല്ലെങ്കില്‍ വിദ്യാഭ്യാസമന്ത്രി ചാന്‍സിലറാകട്ടെ.

-അത് കീഴ് വഴക്കമില്ലാത്ത കാര്യമല്ലേ ?

അതെ, പുതിയ കാര്യമാണ്.എന്തിനാണ് ഗവര്‍ണറെ ചാന്‍സിലറാക്കുന്നത് ? സര്‍ക്കാര്‍ ഇടപെടില്ല എന്ന് ഉറപ്പിക്കാനല്ലേ ? രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടാകില്ല എന്ന് ഉറപ്പിക്കാനല്ലേ ? അത് നടക്കുന്നില്ലെങ്കില്‍ തുടരേണ്ട കാര്യമില്ല.പദവിയില്‍ ഇരുന്നാല്‍ ഞാന്‍ എന്റെ അധികാരം ഉപയോഗിക്കും.അധികാരത്തിലിരുന്നു കൊണ്ട് സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്ന ഒരാളല്ല ഞാന്‍.അതിനാല്‍ എനിക്ക് തുടരാന്‍ കഴിയില്ല.

-സമവായ ശ്രമങ്ങള്‍ എന്തെങ്കിലും സര്‍ക്കാര്‍ നടത്തിയോ ?

ഞാന്‍ ഡല്‍ഹിയില്‍ പത്താം തീയതിയാണ് എത്തിയത്.മുഖ്യമന്ത്രിയുടെ ആഫീസില്‍ നിന്ന് വിളിച്ച്  ധനമന്ത്രി എന്നെ കാണാന്‍ വരുന്നുണ്ട് എന്നറിയിച്ചു.അദ്ദേഹം വരുന്നുണ്ടെങ്കില്‍ ഒപ്പം ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും വേണമെന്ന് അപ്പാള്‍ ഞാന്‍ പറഞ്ഞു.കാരണം, രണ്ട് ദിവസം മുമ്പ് അവരാണ് മുഖ്യമന്ത്രിക്ക് വേണ്ടി എന്നെ കാണാന്‍ വന്നത്.കണ്ണൂരില്‍ എത്തിയ ശേഷം മുഖ്യമന്ത്രി എന്നെ വിളിച്ചു.അതിന് ശേഷം വിളിച്ചിട്ടില്ല.നമുക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം.എല്ലാവര്‍ക്കും അതിന് അവകാശമുണ്ട്.ആ പരിഗണന എനിക്കും വേണം.എനിക്ക് എന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയണം.നമ്മുടെ അഭിപ്രായം വിരുദ്ധമാണെങ്കില്‍ അത് വിയോജനമായി രേഖപ്പെടുത്തണം.

-പ്രശ്നം പുറത്തു വന്നതു കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അത് താങ്കള്‍ക്കുള്ള പരോക്ഷ വിമര്‍ശനം കൂടിയാണോ ?

ഞാനല്ല വിഷയം പുറത്തു പറഞ്ഞത്.ഞാന്‍ കത്തെഴുതുകയാണ് ചെയ്തത്.പത്രസമ്മേളനം വിളിച്ച് ഇക്കാര്യം ഞാന്‍ പറഞ്ഞിട്ടില്ല.കത്തെഴുതാന്‍ ഞാന്‍ തീരുമാനിച്ചതാണ്.കാരണം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക്  ഒന്നും അറിയില്ല.സര്‍വകലാശാലകള്‍ സഹിക്കേണ്ടി വരും.കത്തെഴുതാന്‍ തീരുമാനമെടുത്തത് ഈ മാസം 8 നാണ്.കാര്‍ഷിക സര്‍വകലാശാലയുടെ കോണ്‍വോക്കെഷന്‍ ചടങ്ങില്‍ ഞാന്‍ പങ്കെടുത്തില്ല.എന്തു കൊണ്ടാണ് ഞാന്‍ പങ്കെടുക്കാതിരുന്നതെന്ന് ജനങ്ങള്‍ അറിയണം.സര്‍വകലാശാലകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.അതിനാല്‍,ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന്  എന്നെ കാണാന്‍ പത്താം തീയതി വന്ന ധനമന്ത്രിയോടും ഉദ്യോഗസ്ഥരോടും ഞാന്‍ പറഞ്ഞിരുന്നു.വൈസ് ചാന്‍സിലര്‍മാരുടെ കാഷ്വല്‍ ലീവ് അനുവദിക്കാനല്ല ഞാന്‍ ഇരിക്കുന്നത്.മുഖ്യമന്ത്രി വൈസ് ചാന്‍സിലറെ നിയമിക്കുന്നു,ഞാന്‍ അവര്‍ക്ക് കാഷ്വല്‍ ലീവ് അനുവദിക്കുന്നു !ഇത് തുടരാനാകില്ല.

-മുഖ്യമന്ത്രി നേരിട്ട് വന്ന് ചര്‍ച്ച നടത്തിയാല്‍ താങ്കള്‍ വഴങ്ങുമോ ?

ഇതൊരു പ്രവചനസ്വഭാവമുള്ള ചോദ്യമാണ്.അദ്ദേഹം വരില്ല.അദ്ദേഹം മറ്റൊരാളെ അയക്കും. വിദ്യാഭ്യാസത്തെ വലിയ പ്രാധാന്യത്തില്‍ അദ്ദേഹം കണ്ടിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.സര്‍വകലാശാലകള്‍ അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതല്ല എന്നാണ് തോന്നുന്നത്.

-ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉദ്ധരിച്ചിരുന്നു. എന്ത് പറയുന്നു  

അതായിക്കോട്ടെ.ഗവര്‍ണറുടെ പ്രസംഗം എഴുതിയത് സര്‍ക്കാരാണ്.അത് ഗവര്‍ണറുടെ പ്രസംഗമാണ്.പക്ഷെ,ഇത് ചാന്‍സിലറുടെ അനുഭവമാണ് ! വലിയ വ്യത്യാസമുണ്ട് ഇത് രണ്ടും തമ്മില്‍.ശ്രീനാരായണ ഗുരു സര്‍വകലാശാലയുടെ കാര്യമെടുക്കു.സര്‍വകലാശാല രൂപികരിച്ചത് ഓര്‍ഡിനന്‍സിലൂടെയാണ്.നിയമനിര്‍മാണത്തിലൂടെയല്ല.ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത് അടിയന്തര ആവശ്യമുള്ള ഘട്ടങ്ങളിലാണ്.എന്നാല്‍ അതിന് ശേഷം സര്‍ക്കാര്‍ അത് മറന്നു.വൈസ് ചാന്‍സിലര്‍ എന്നെ കാണാന്‍ വന്നു.പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു.ഉടന്‍ ഞാന്‍ യു.ജി.സി ചെയര്‍മാനെ ഫോണില്‍ വിളി്ച്ചു.പുതിയ സര്‍വകലാശാലയാണ്.വലിയ ഒരു മഹാന്റെ പേരില്‍ തുടങ്ങിയിരിക്കുന്ന സര്‍വകലാശാലയാണ്.

സഹായം നല്‍കണമെന്ന് ഞാന്‍ യു.ജി.സി ചെയര്‍മാനോട് പറഞ്ഞു.ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചെയര്‍മാന്‍ എന്നെ തിരികെ വിളിച്ചു.ഒരു സാങ്കേതിക പ്രശ്നമുണ്ട്. ഓര്‍ഡിനന്‍സ് നിയമാക്കി മാറ്റിയില്ലെങ്കില്‍ യു.ജി.സിക്ക് ഇടപെടാന്‍ കഴിയില്ല.ഓര്‍ഡിനന്‍സിന്റെ  അടിസ്ഥാനത്തില്‍ യു.ജി.സിക്ക് ഇടപെടാന്‍ കഴിയില്ല എന്ന് യു.ജി.സി.ചെയര്‍മാന്‍ എന്നോട് പറഞ്ഞു.ഞാന്‍ മുഖ്യമന്ത്രിയെ വിളിച്ചു.ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്,നിയമമാക്കിയില്ലെങ്കില്‍ യു.ജി.സി.ഒന്നും ചെയ്യില്ല എന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി എന്നെ അറിയിച്ചു.എന്നിട്ടും അവര്‍ മറന്നു.

ഒരു വര്‍ഷം കഴിഞ്ഞു.കഴിഞ്ഞ ആഴ്ചയാണ് അവിടെ ഫാക്കല്‍ട്ടിയെ നിയമിച്ചത് . ഫാക്കല്‍ട്ടിയെ നിയമിക്കാന്‍ വൈകിയതിനാല്‍ യു.ജി.സിയുടെ പോര്‍ട്ടലില്‍ പ്രവേശിക്കാന്‍ കഴിയില്ല.ഇത് മൂലം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല.ഒരു സര്‍വകലാശാല  രണ്ട് വര്‍ഷം ഒരു  കോഴ്സ് പോലും ആരംഭിക്കാനാകാതെ പ്രവര്‍ത്തിക്കുന്നു !വൈസ് ചാന്‍സിലര്‍ക്ക് ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല.അദ്ദേഹത്തിന്റെ ശമ്പളം ഫിക്സ് ചെയ്യാന്‍ സര്‍ക്കാരിന് സമയം കിട്ടിയിട്ടില്ല.ഇതാണ് അവര്‍ ഉന്നത വിദ്യാഭ്യാസത്തിന് കൊടുക്കുന്ന പ്രധാന്യം.ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി താഴേക്ക് പോകുകയാണ്.അത് പിടിച്ചു നിര്‍ത്താന്‍ കഴിയണം.രാജ്യത്ത് ഏറ്റവും മികച്ച സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം.എന്നാല്‍,ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോവുകയാണ്.ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികള്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട നിലയാണ്.ഇക്കാര്യം പ്രൊഫ.സി.എന്‍.ആര്‍.റാവുവിനെ പോലെയുള്ള ഉന്നതരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇക്കാര്യം റാവു ചൂണ്ടിക്കാട്ടിയപ്പോള്‍,അദ്ദേഹം കേരളത്തിനെതിരെ പ്രചരണം നടത്തുന്നുവെന്നായി ആരോപണം.അദ്ദേഹത്തെപ്പോലെ ഒരു മഹദ് വ്യക്തിക്ക് കേരളത്തെക്കുറിച്ച്  തെറ്റായ പ്രചരണം നടത്തിയിട്ട് എന്ത് കിട്ടാനാണ് ? ആരോപണമുന്നയിക്കുന്നവര്‍ അതെങ്കിലും ആലോചിക്കണ്ടേ ?


-ബി.ജെ.പിയുടെ ഇടപെടല്‍ ഗവര്‍ണറുടെ നിലപാടുകളില്‍ ആരോപിക്കപ്പെടുന്നുണ്ട്.എന്താണ് പ്രതികരണം ?

പ്രാദേശിക ബി.ജെ.പിക്കാര്‍ കോഴിക്കോട് വൈസ് ചാന്‍സിലറുടെ കാര്യത്തില്‍ എന്റെ മേല്‍ ഒത്തിരി സമ്മര്‍ദ്ദമിടാന്‍ ശ്രമിച്ചു. എന്നാല്‍ ഞാന്‍ നിരസിച്ചു.അവരെ കേള്‍ക്കാന്‍ ഞാന്‍ തയ്യാറായില്ല.മൂന്ന് മാസങ്ങള്‍ മാധ്യമങ്ങളില്‍ മുഴുവന്‍ ഇത് നിറഞ്ഞു നിന്നു.ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല. കേരളത്തിന്റെ ഗവര്‍ണറായി ഞാന്‍  അപ്രതീക്ഷിതമായാണ് നിയോഗിതനായത്. മുത്തലാഖിനെതിരെ നിരന്തരം ഞാന്‍ പോരാടിയിരുന്നുവല്ലോ,സര്‍ക്കാര്‍ ഏല്‍പിക്കുന്ന ചുമതല ഏതെങ്കിലും ഏറ്റെടുക്കാന്‍ സന്നദ്ധനാണോ എന്ന് 2014 ല്‍ പ്രധാനമന്ത്രി എന്നോട് ചോദിച്ചിരുന്നു,  അന്ന് ഞാന്‍ തയ്യാറായില്ല.

കാരണം മുത്തലാഖിനെതിരെയുള്ള എന്റെ പോരാട്ടം തുടരുകയായിരുന്നു.എന്നാല്‍, മുത്തലാഖ് നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ നടപടി എടുത്ത ശേഷം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം വീണ്ടും അതേ ചോദ്യം ചോദിച്ചു.സര്‍ക്കാര്‍ ഏല്‍പിക്കുന്ന ചുമതല ഏറ്റെടുക്കാന്‍ തയ്യാറുണ്ടോയെന്നായിരുന്നു ചോദ്യം.അപ്പോള്‍ ഞാന്‍ സമ്മതിച്ചു.കാരണം ,മുത്തലാഖ് നിരോധിക്കപ്പെട്ടു കഴിഞ്ഞല്ലോ.അങ്ങനെയാണ് എന്റെ നിയമനം നടക്കുന്നത്.ഏത് പദവി,ഏത് സംസ്ഥാനം എന്നൊന്നും അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നില്ല.പിന്നീടാണ് കേരളത്തിലെ ഗവര്‍ണര്‍ പദവിയാണ് നല്‍കുന്നതെന്ന് അറിയുന്നത്.കേരളത്തെ എനിക്ക് ഇഷ്ടമാണ്.ഭൂപ്രകൃതി കൊണ്ടു മാത്രമല്ല.ഞാന്‍ മലയാളികളെ സ്‌നേഹിക്കുന്നു.

കേരളവും കേന്ദ്രവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു ഞാന്‍ ഒത്തിരി യത്‌നിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കേരളത്തിന് എത്ര മാത്രം സഹായമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതെന്ന് നിങ്ങള്‍ നോക്കു.കേന്ദ്രം സംസ്ഥാനവുമായി എത്രയോ സഹകരിച്ചിരിക്കുന്നു.ഇതില്‍ ഞാനും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ ഞാന്‍ കേരളത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് സംസാരിച്ചപ്പോള്‍,മറ്റൊരു ഗവര്‍ണര്‍ എന്നോട് പറഞ്ഞത്,നിങ്ങള്‍ സംസ്ഥാന ഗവര്‍ണറെ പോലെയല്ല,കേരള സര്‍ക്കാരിന്റെ പ്രതിനിധിയെ പോലെയാണ് സംസാരിക്കുന്നതെന്നാണ് .

അങ്ങനെയാണ് ഞാന്‍ കേരളത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുന്നത്.പതിവ് രീതികള്‍ മാറ്റി വച്ചും ഞാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ട്.കേരളവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ പ്രയത്‌നിച്ചിട്ടുണ്ട്.കൂടുതല്‍ ഉദാരമാകാന്‍ ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.കാരണം കേരളത്തിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണുള്ളത്.അതുപോലെ തന്നെ,കേവലം ഒരു പാര്‍ട്ടിക്കാരനെ പോലെ പെരുമാറരുതെന്ന് ഞാന്‍ മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ട്.നിങ്ങള്‍ ഇപ്പോള്‍ തന്നെ ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു.നിങ്ങള്‍ ഇനി കേരളത്തിന്റെ നിര്‍മാതാവായി ഉയരണം.നിങ്ങള്‍ കേരളത്തിന്റെ നിര്‍മാതാവായി ഉയരുകയാണെങ്കില്‍ എന്റെ 100 ശതമാനം പിന്തുണയും നല്‍കാമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് പാര്‍ട്ടി തലത്തില്‍ നിന്ന് ഉയരാന്‍ പ്രയാസമാണ്.എല്ലാം അവര്‍ക്ക് പാര്‍ട്ടിക്കാര്യങ്ങളാണ്.