രാഷ്ട്രീയപ്പാർട്ടികളുടെ തണൽപറ്റി വളരുന്ന ക്രമിനലുകളെപ്പോലെത്തന്നെ കുറ്റകൃത്യത്തിലൂടെ വളർന്ന് സംസ്ഥാനരാഷ്ട്രീയത്തിലേക്കും ദേശീയരാഷ്ട്രീയത്തിലേക്കും ചേക്കേറുന്നവരുമുണ്ട് നമ്മുടെ നാട്ടിൽ. ലക്ഷ്യം ഒന്നുതന്നെ രാഷ്ട്രീയത്തിന്റെ മറപിടിച്ച് കുറ്റകൃത്യങ്ങൾ കൂടുതൽ ആർജവത്തോടെ ചെയ്യുക. അത്തരമൊരു ഗുണ്ടാനേതാവിനെ ഇവിടെ പരിചയപ്പെടുത്തുന്നു...

anas perumbavoor
ലോക്ജനശക്തി പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം അനസ് പെരുമ്പാവൂര്‍ രാംവിലാസ് പസ്വാനൊപ്പം(സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം)

തെലുങ്ക് സിനിമകളിലെ വില്ലൻകഥാപാത്രമാണോ ഉത്തരേന്ത്യയിലെ ഗുണ്ടാത്തലവനാണോ എന്നൊക്കെ നമുക്ക് തോന്നിപ്പോകാവുന്ന ഒരു ക്വട്ടേഷൻ തലവനുണ്ട് പെരുമ്പാവൂരിൽ. കർണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ ഗുണ്ടാസംഘങ്ങളുള്ള അനസ് പെരുമ്പാവൂർ എന്ന മുപ്പത്തിയാറുകാരൻ. ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ള ഡോൺ എന്ന് വിളിക്കാവുന്നയത്രത്തോളം വളർന്ന ക്വട്ടേഷൻ തലവനാണിയാൾ. നാലഞ്ച് കാറുകളുടെ അകമ്പടിയോടെ അംഗരക്ഷകർക്കൊത്ത് ആഡംബരക്കാറിലാണ്  കറക്കം. ഒട്ടേറെ  ക്രിമിനൽ കേസുകളിൽ പ്രതിയാണെങ്കിലും  ഒരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്ത അനസ്  രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പദവിയിൽവരെയെത്തി.

പാർട്ടിയിൽ ചേർന്ന്  നേരെപിടിച്ച് ദേശീയ ജനറൽ സെക്രട്ടറിയാക്കുകയായിരുന്നു. വിവാദമുണ്ടായെങ്കിലും ഒരുവർഷത്തോളം ആ പദവിയിൽ തുടർന്നു. രാഷ്ട്രീയം അനസിന് ഗുണ്ടാപ്രവർത്തനത്തിനുള്ള മറമാത്രമായിരുന്നു. പക്ഷേ,  നല്ലവനായി മാറുകയാണെന്ന് പറഞ്ഞതിനാലാണ് ഇങ്ങനെയൊരു പദവിനൽകിയതെന്നാണ് ആ പാർട്ടിയുമായി ബന്ധപ്പെട്ട ആളുകൾ വിശദീകരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ റെഡിമെയ്ഡ് കടയിൽ സെയിൽസ്‌മാനായിരുന്ന അനസിന്റെ വളർച്ച അദ്‌ഭുതപ്പെടുത്തുന്നതാണ്.

അംഗരക്ഷകരില്ലാതെ അനസിന്റെ രംഗപ്രവേശനം കുറവാണ്. കരിപ്പൂരിൽ സ്വർണക്കടത്ത് പിടികൂടിയതിനു പിന്നാലെ അനസ് അംഗരക്ഷകരുടെ എണ്ണം വീണ്ടും കൂട്ടുകയും ചെയ്തു. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, രാംവിലാസ് പാസ്വാൻ, മകൻ പ്രിൻസ്‌രാജ് പാസ്വാൻ തുടങ്ങിയവരുമായെല്ലാം കൂടിക്കാഴ്ചനടത്തുന്നതിന്റെ  ചിത്രങ്ങളും വീഡിയോയും അനസിന്റെ ഫെയ്‌സ്ബുക്ക് പേജിലുണ്ട്. എൽ.ജെ.പി.യിലെ കേരള ഘടകത്തിന്റെ ഇടപെടൽകൊണ്ട് മാത്രമാണോ അവരുടെ ദേശീയനേതൃത്വത്തിലെത്തിയതെന്നാണ് സംശയം. വലിയ വിവാദമായിമാറിയതോടെ എൽ.ജെ.പി.ക്ക്‌ സ്ഥാനത്തുനിന്ന് അനസിനെ ഒഴിവാക്കേണ്ടിവരുകയായിരുന്നു.

പുറത്തിറങ്ങിയത് ക്വട്ടേഷനിലേക്ക്

കളമശ്ശേരി ബസ്‌ കത്തിക്കൽ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെപേരിൽ ജയിലായതോടെയാണ് അനസിന്റെ ജീവിതം മാറിമറിഞ്ഞത്.  ജയിലിൽനിന്ന് അനസ് നേരെയിറങ്ങിയത് ഗുണ്ടാപ്രവർത്തനത്തിലേക്കാണെന്ന് അയാളുമായി അടുപ്പമുള്ളവർ പറയുന്നു. കർണാടകയും മുംബൈയുമൊക്കെയായിരുന്നു  അനസിന്റെ കളരി. പിന്നെ കേരളത്തിലെത്തി സ്വർണക്കടത്തുകാരെ പറ്റിക്കുന്ന കാരിയർമാരെ പിടികൂടുന്ന ഓപ്പറേഷനാണ് ആദ്യം തുടങ്ങിയത്. തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലുമൊക്കെയായിരുന്നു പ്രധാനമേഖല. സ്വർണക്കടത്തുകാർക്കിടയിൽ അനസിന്റെ പേര് ബ്രാൻഡ് ചെയ്യപ്പെട്ടതോടെ വൻ  സാമ്പത്തിക വളർച്ചയുണ്ടായി. അനസ് ഒരേസമയം കർണാടകയിലും പല ഓപ്പറേഷനുകൾക്കും നേതൃത്വം നൽകി. പ്രതിഫലം നൽകാതെ  ബുദ്ധിമുട്ടിക്കുന്ന  പ്രൊഡ്യൂസർമാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിക്കാൻ സിനിമാ രംഗത്തുള്ളവർവരെ അനസിനെ ഉപയോഗപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കോവിഡ് കാലത്ത് കിറ്റ് വിതരണംചെയ്ത് ചാരിറ്റി പ്രവർത്തനം നടത്തി ശ്രദ്ധേയനാവാനും ശ്രമം നടത്തിയിരുന്നു.

ഇൻഫോമറായ കൂട്ടാളിയെ തട്ടി

അനസിന്റെ ഗുണ്ടാപ്രവർത്തനങ്ങൾ കൊച്ചിനഗരത്തിലും പോലീസിന് തലവേദനയാതോടെ എങ്ങനെയെങ്കിലും കുരുക്കാൻ ശ്രമം തുടങ്ങിയിരുന്നു.  മനഃസാക്ഷി സൂക്ഷിപ്പുകാരനായ പെരുമ്പാവൂർ വലിയകുളം സ്വദേശി സി.എസ്.  ഉണ്ണിക്കുട്ടനാണ് തനിക്കെതിരേ പോലീസിന്റെ ഇൻഫോമറായി പ്രവർത്തിക്കുന്നതെന്ന് സംശയംവന്നു. അയാളെ പിന്നീട് മംഗളൂരുവിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഈ കേസിൽ അനസ് ഏതാനും മാസങ്ങൾ മാത്രമാണ് ജയിലിൽക്കിടന്നത്. കൊലപാതകം, സ്ത്രീയെ ഉൾപ്പെടെ തട്ടിക്കൊണ്ടുപോവൽ, ആയുധം കൈവശംവെക്കൽ തുടങ്ങി 11 കേസുകൾ നെടുംതോട് കരയിൽ പാലക്കൽ വീട്ടിൽ അൻസീർ എന്ന അനസിന്റെ പേരിലുണ്ട്. ഗുണ്ടാ ആക്ട് പ്രകാരവും ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ പാലക്കാട്ടാണ് ഇപ്പോൾ  കഴിയുന്നത്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധമുള്ള ചെർപ്പുളശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തലവൻ ചരൽഫൈസലാണ് പാലക്കാട്ട് താമസസൗകര്യമൊരുക്കിക്കൊടുത്തത്. എറണാകുളത്ത് ആശുപത്രിയിൽ കഴിയവേ അനസിന്റെ തലയണയുടെ അടിയിൽനിന്ന് തോക്ക് കണ്ടെത്തിയിരുന്നു.

പേര് പച്ചകുത്തുന്ന ആരാധകർ

വീരാരാധനതോന്നി അനസിന്റെ പേര് പച്ചകുത്തിയ യുവാക്കൾവരെയുണ്ട്. പണവും എല്ലാ സൗകര്യങ്ങളും നൽകിയാണ് അവരെ കൂടെനിർത്തുന്നത്. അനസ് ഗുണ്ടാനിയമപ്രകാരമുള്ള ശിക്ഷകഴിഞ്ഞ് ജയിലിൽനിന്ന് പുറത്തിറങ്ങുമ്പോൾ വിവിധ ക്വട്ടേഷൻ സംഘങ്ങളിൽപെട്ട 150 ഗുണ്ടകളാണ് സ്വീകരിക്കാനെത്തിയതെന്ന് പോലീസ് പറയുന്നു. അതിൽ കോഴിക്കോട്ടുനിന്നുള്ള 20 പേരുമുണ്ടായിരുന്നു.

പദവി സംസ്ഥാന നേതാവ്‌ ; പണി ക്വട്ടേഷൻ

കരിപ്പൂരിലെ സ്വർണക്കടത്ത് കേസിൽ പിടിയിലായ പാണ്ടിക്കാട് സ്വദേശി മുഹമ്മദലി ശിഹാബ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ  റിപ്പബ്ലിക്കൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് മറ്റ് സംസ്ഥാന നേതാക്കൾക്കൊപ്പം ആലപ്പുഴ, മലപ്പുറം ജില്ലകളിൽനടന്ന വാർത്താസമ്മേളനങ്ങളിലൊക്കെ ശിഹാബിന്റെ സാന്നിധ്യമുണ്ടായിരുന്നു. കൊടുവള്ളിയിലെ സ്വർണക്കടത്തുകാർക്കുവേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കലാണ് ഇയാളുടെ പ്രധാന ജോലി. കാരിയർമാരെ തട്ടിക്കൊണ്ടുപോയി മർദിച്ച രണ്ടു കേസുകളിൽ പ്രതിയാണ്. ഈ കേസുകൾ നിലനിൽക്കേയാണ് ഇയാൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായത്.

പ്രതികൾക്കായി  ബിരിയാണി ചലഞ്ച്

ചികിത്സാ സഹായധനം സമാഹരിക്കാനായി ബിരിയാണി ചലഞ്ച് ഇപ്പോൾ നാട്ടിൽ ട്രെൻഡായിട്ടുണ്ട്. എന്നാൽ, കണ്ണൂരിലെ  കതിരൂർ  ചുണ്ടങ്ങാപ്പൊയിലിൽ സി.പി.എം. പ്രവർത്തകർ  ബിരിയാണി ചലഞ്ച് നടത്തിയത് ബോംബുനിർമാണത്തിനിടെ പരിക്കേറ്റവരെ സഹായിക്കാനായിരുന്നു. പോസ്റ്ററൊട്ടിച്ച് പ്രചാരണമൊന്നും നടത്തിയില്ലെങ്കിലും പാർട്ടിപ്രവർത്തകരുടെ വീട്ടിലെല്ലാം നാലും അഞ്ചും പൊതി ബിരിയാണിയെത്തിച്ച് പണം സമാഹരിച്ചു. കണ്ണിനു പരിക്കേറ്റവർക്ക് കോയമ്പത്തൂരിൽവരെ കൊണ്ടുപോയി വിദഗ്ധചികിത്സയും നൽകി.

കഴിഞ്ഞ സെപ്റ്റംബറിലാണ് കതിരൂരിന്റെ സമീപപ്രദേശമായ പൊന്ന്യത്ത് ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനമുണ്ടായത്‌.  ഒരാളുടെ രണ്ടു കൈകളും അറ്റുപോയിരുന്നു.  കൊലപാതകക്കേസിൽപ്പെട്ട് ജയിലിലായാലും കൊല്ലപ്പെട്ടാലുമൊക്കെ അവരുടെ കുടുംബത്തെ പാർട്ടിയേറ്റെടുക്കുന്നതാണ് കണ്ണൂരിലെ രീതി. അവരുടെ വീട്ടിൽനടക്കുന്ന വിവാഹമുൾപ്പെടെയുള്ള ആഘോഷങ്ങൾക്കെല്ലാം നേതാക്കളുൾപ്പെടെയുള്ളവർ പങ്കെടുക്കും. സാമ്പത്തികമായി സഹായിക്കാനും പാർട്ടി ഘടകങ്ങൾക്ക് നിർദേശം ലഭിക്കാറുണ്ട്. പാർട്ടിയുടെ ഉത്തരവാദിത്വമാണ് അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കൽ.

പാർട്ടി ഇടപെട്ടിട്ടും പരിഹരിക്കാനാകാതെ

സി.പി.എം. എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ആശയങ്ങളും ആദർശവും അറിയാതെ ചില നേതാക്കളിൽ മാത്രം ആകൃഷ്ടരായി, അവരുടെ തണൽതേടി മാത്രം കൂടെച്ചേർന്നവരാണ് ഗുണ്ടകൾ. നേതാവ് പറഞ്ഞാൽ അനുസരണയുള്ള അണി എന്നനിലയിൽനിന്ന് ചിലർ കൂട്ടംതെറ്റിപ്പോകും. 

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ ചിലർ ചേരിതിരിഞ്ഞ് പരസ്പരം അടിച്ചതും അതിൽ ഇടപെട്ട് നേതാവ് നാണംകെട്ടതും ഏതാനും വർഷംമുമ്പാണ്. കൂട്ടത്തിലൊരാൾ ജയിലിൽനിന്നിറങ്ങിയപ്പോൾ സൂക്ഷിക്കാൻ മറ്റൊരാൾ മുഖേന 12 ലക്ഷം നൽകി. ഈ തുക പറഞ്ഞതുപോലെ വിനിയോഗിക്കാതെ കക്ഷി ധൂർത്തടിച്ച് തീർത്തു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പണം തിരിച്ചുകിട്ടാതെവന്നതോടെ അയാളെ കുരുക്കാൻ ജയിലിൽനിന്ന് കൂട്ടുപ്രതിതന്നെ ക്വട്ടേഷൻ നൽകി. ഇത് തടയാനും നേതാവ് ശ്രമിച്ചു. ഫലമുണ്ടായില്ല. നെടുമ്പ്രത്തെ ഒരു വീട്ടിലേക്ക് മറ്റൊരു ആവശ്യത്തിന്റെപേരിൽ ഇയാളെ വരുത്തി. ഈ ക്വട്ടേഷൻ ലഭിച്ചവർ ജയിലിൽനിന്നിറങ്ങിയ പ്രതിയെ മർദിക്കുകയും കാലൊടിക്കുകയും ചെയ്തു.

content highlights: gold smuggling quotation cpm anas permumbavoor

(തുടരും)