എന്തിനുമേതിനും ആളും അർഥവും തയ്യാർ. ഇതാണ്‌ ഈ ക്വട്ടേഷൻ സംഘങ്ങളുടെ പിൻബലം.  ഒളിസങ്കേതവും പണവും നിയമസഹായവും മുൻകൂർ ഗാരന്റി. രാഷ്ട്രീയ ചായ്‌വിന്റെ പേശികൾ വിറപ്പിക്കുമ്പോൾ എതിരാളികൾ നിശ്ശബ്ദരാകും.

‘‘നാടുവിറപ്പിക്കുന്ന കൊടും ക്രിമിനലാണെങ്കിലും അയാളുടെ കാലിലൊരു മുള്ളുകൊണ്ടാൽ ഓടിയെത്തും രക്ഷകർ. രക്ഷകർക്ക് നേരിട്ട് എത്താൻ സാധിക്കാത്ത അവസ്ഥയാണെങ്കിൽ ഒരു ഫോൺകോളിലൂടെ പ്രതിനിധികളെത്തും’’-ജയിൽ സർവീസിലെ ഉന്നത ഉദ്യോഗസ്ഥൻ കണ്ണൂർ ജില്ലയിലെ പാർട്ടി-ക്വട്ടേഷൻ ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിന് നൽകിയ മറുപടിയാണിത്.

ജയിലിലുള്ള പ്രതിയുടെ വീട്ടുകാർക്ക് ബി.പി.എൽ. റേഷൻ കാർഡ് വേണമെന്നതായിരുന്നു ഒരു ആവശ്യം. പ്രാദേശിക ജനപ്രതിനിധി നിർദിഷ്ട ഫോറം സഹിതം നേരിട്ട് ജയിലിലെത്തി പ്രതിയുടെ കൈയൊപ്പ് വാങ്ങുന്നു. വീട്ടിലെ വനിതയുടെ പേരിൽ മാസങ്ങൾക്കുള്ളിൽ കാർഡ് റെഡി. ഫോറം പൂരിപ്പിക്കൽ മുതൽ എല്ലാം നടത്തി കൊടുത്തത് പാർട്ടി തന്നെ. കഴിഞ്ഞ നാലുവർഷത്തിനിടെ ഇത്തരത്തിൽ ഒട്ടേറെ ‘സർവീസുകൾ’ ക്വട്ടേഷൻ സംഘാംഗങ്ങൾക്കും അവരുടെ ബന്ധുക്കൾക്കും ലഭ്യമാക്കി നൽകിയിട്ടുണ്ട്.

കേസ് നടത്താനും മധ്യസ്ഥതയ്ക്കും പാർട്ടി വക്കീൽ

നിയമോപദേശം മുതൽ കേസ് നടത്തിപ്പ് വരെ ക്വട്ടേഷൻകാർ അറിയണ്ട. ജില്ലാ കോടതിയായാലും അതിന് മുകളിലേക്കുള്ള കോടതികളായാലും ശരി. എല്ലാം ഏർപ്പാടാക്കി ഏകോപനം നടത്താൻ പാർട്ടി വക്കീൽമാർ റെഡി. വക്കീലിന് ആരുടെ വക്കാലത്തും ഏറ്റെടുക്കാൻ നിയമം അനുവദിക്കുന്നതുകൊണ്ട് തന്നെ ഇങ്ങനെ അഭിഭാഷകർ ക്വട്ടേഷൻക്കാർക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങുന്നതിൽ നിയമപ്രശ്നമില്ല. പക്ഷേ, പാർട്ടിക്ക് ക്വട്ടേഷൻ സംഘവുമായി ഒരു ബന്ധവുമില്ലെന്ന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോഴും സ്വർണ കള്ളക്കടത്ത് കേസ് പുറത്തായപ്പോഴുമെല്ലാം ആവർത്തിക്കുന്നതിനിടെ വ്യക്തമായ ഒരു തെളിവാണ് ഈ പാർട്ടി അഭിഭാഷക- ക്വട്ടേഷൻ സംഘ ബന്ധം.  

നിർലോഭം പരോൾ

സ്വർണക്കള്ളക്കടത്ത്- പാർട്ടി ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ഇതിൽ ആരോപണ വിധേയരായ പ്രതികൾക്ക് പാർട്ടി നേതൃത്വം ഇടപ്പെട്ട് പരോൾ അനുവദിച്ചത്. കൊടി സുനിയുടെ കൂട്ടാളികളായ ഷാഫിയും സിജിത്തും ഉൾപ്പെടെ ജീവപര്യന്തം തടവനുഭിക്കുന്നവർവരെ കോവിഡ് വ്യാപനത്തിന്റെ ആനുകൂല്യം പറ്റി മാസങ്ങളായി പരോളിലാണ്. ഇതിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലിൽനിന്നുള്ളവരെല്ലാം ഉൾപ്പെടും.

കോഴിക്കോട് ജില്ലാ ജയിലിലുള്ള കുറ്റവാളികളും പുറത്താണ്. സ്വർണ കള്ളക്കടത്ത് സംഘത്തിൽനിന്ന് സ്വർണം പിടിച്ചുപറിക്കുന്നതിന് മുഖ്യ ആസൂത്രണം വഹിക്കുന്ന കൊടി സുനിയും കാക്ക രഞ്ജിത്തും മാത്രമാണ് ഈ സംഘത്തിൽ ജയിലിലുള്ളത്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്- അകത്തിരുന്ന് ആസൂത്രണം ചെയ്ത് പുറത്തുള്ളവരെക്കൊണ്ട് നടപ്പാക്കിയാൽ ആസൂത്രകർ കേസിൽ ഉൾപ്പെടില്ല. രണ്ട്- കാസർകോട്ടെ ഉൾപ്പെടെ കുപ്രസിദ്ധ സ്വർണ കള്ളക്കടത്ത് സംഘങ്ങളുടെ പെട്ടെന്നുള്ള പ്രതികാരത്തിന് പാത്രമാകാതെ പ്രശ്നങ്ങളിൽ അയവ് വന്നശേഷം പുറത്തിറങ്ങാം.

ഒത്തുതീർപ്പിനും സഹായത്തിനും ഉന്നതർ

2017-ൽ കോഴിക്കോട്ടുനിന്ന് സ്വർണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ജയിലിൽനിന്നുള്ള കൊടി സുനിയുടെ നാലുമാസത്തെ ഫോൺ കോൾ പോലീസ് പരിശോധിച്ചപ്പോൾ ഒട്ടേറെ തവണ വിളിച്ചവരിൽ കണ്ണൂർ ജില്ലയിലെ ഒരു പാർട്ടിപ്രമുഖനുമുണ്ടായിരുന്നു. കൊടി സുനി ഫോണിൽ വിളിച്ച ഒരുപാടുപേരെ അന്ന് ചോദ്യം ചെയ്തിരുന്നെങ്കിലും പോലീസിന്  ‘പരിമിതികളുള്ളതിനാൽ’ ആ ഉന്നതനിലേക്കെത്താൻ മാത്രം കഴിഞ്ഞില്ല. കൊടി സുനി നടത്തിയ ഓപ്പറേഷനുകളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരിക്കാമെന്നാണ് സംശയിക്കുന്നത്. പാർട്ടി ക്വട്ടേഷൻ സംഘങ്ങളെ ഒരുപാടുകാലം നിയന്ത്രിച്ചത് ഇദ്ദേഹമാണെന്നതിനാൽ ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്നവരെ സംരക്ഷിക്കുന്നുവെന്ന ആരോപണം സി.പി.എമ്മിനുള്ളിൽനിന്നുതന്നെ ഉയർന്നുവരുകയും ചെയ്തിരുന്നു.

മാത്രമല്ല ഈ കേസിൽ പ്രതിയായ രാജേഷ്ഖന്ന എന്ന കൊല്ലം വാടിക്കൽ സ്വദേശിയായ ബ്ലേഡ് പലിശക്കാരനുവേണ്ടി ഹാജരായതും കണ്ണൂരിലെ ഒരു പ്രമുഖ സി.പി.എം. അഭിഭാഷകന്റെ ജൂനിയറാണ്. പാർട്ടിയുടെ അഭിഭാഷകനായി അറിയപ്പെടുന്ന ഇദ്ദേഹം രാജേഷ് ഖന്നയ്ക്കുവേണ്ടി ഹാജരായതിനുപിന്നിൽ കൊടി സുനിയാണെന്ന് പറയുന്നുണ്ടെങ്കിലും അതിനുമുകളിൽ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് സൂചന. ഒട്ടേറെ കേസുകളിൽ പ്രതിയായ രാജേഷ്ഖന്ന കൊള്ളപ്പലിശക്കാരനാണെങ്കിലും കണ്ണൂരിലെ സംഘങ്ങളുമായി അടുത്തബന്ധമുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കെ.കെ. മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങിലും രാജേഷ്ഖന്നയെത്തിയിട്ടുണ്ട്.

‘ഒരു സെറ്റിൽമെന്റ് പ്രമുഖൻ’

സ്വർണക്കടത്ത് പൊട്ടിക്കും. പാർട്ടികളുമായി ബന്ധമുള്ളവരുടെ കൈയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെങ്കിൽ അത് തിരികെ വാങ്ങിക്കൊടുക്കും. പാർട്ടിയിൽ ഭാരവാഹിത്വമൊന്നുമില്ലാത്ത കൂത്തുപറമ്പിലെ ഒരു പ്രമുഖന്റെ പ്രധാന പരിപാടികളിലൊന്ന് ഇതാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പമുള്ള ഉന്നതന്റെ ബന്ധുവാണെന്നതാണ് ഇദ്ദേഹത്തിന്റെ സ്വാധീനത്തിന് കാരണം. ഏതാനും മാസങ്ങൾക്കു മുമ്പ്‌ സി.പി.എമ്മുമായി അടുപ്പമുള്ള  പാനൂരിലെ ഒരാളുടെ കള്ളക്കടത്ത് സ്വർണം തൊക്കിലങ്ങാടിക്കാരനായ പാർട്ടി ക്വട്ടേഷൻ അംഗത്തിന്റെ നേതൃത്വത്തിൽ തട്ടിയെടുത്തപ്പോൾ  സ്വർണക്കടത്തുകാർ ഈ പ്രമുഖനെയാണ് ആദ്യം സമീപിച്ചത്. സ്വർണം തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും  ക്വട്ടേഷൻ ടീം വഴങ്ങിയില്ല.

ഒടുവിൽ സ്വർണക്കടത്തുകാരുമായി ബന്ധമുള്ള സംഘത്തെ തൊക്കിലങ്ങാടിക്ക് സമീപം വാടകക്ക് താമസിപ്പിച്ച് തന്ത്രപരമായി തിരിച്ചെടുപ്പിക്കുകയായിരുന്നു. ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ ക്വട്ടേഷൻ സംഘാംഗമാണ് സ്വർണം തട്ടിയത്. അയാളുമായി വാടകയ്ക്ക് താമസിക്കുന്നവർ പരിചയത്തിലാവുകയും ഒരു ദിവസം വീട്ടിൽനിന്ന് ഫ്രിഡ്ജ് കൊണ്ടുപോവാനാണെന്ന വ്യാജേനെ വിളിച്ചുവരുത്തി അകത്തിട്ടുപൂട്ടുകയായിരുന്നു. ഈ സംഭവത്തോടെ ക്വട്ടേഷന് നേതൃത്വം കൊടുത്തയാൾ  സി.പി.എമ്മുമായി അകന്നു. അതോടെ  തൊക്കിലങ്ങാടിയിൽ  മറ്റൊരിടത്തേക്ക്  താമസം മാറ്റേണ്ടിവരികയും ചെയ്തു. പക്ഷേ, സ്വാധീനമുപയോഗിച്ച് കാസർകോട് ഇത്തരമൊരു സെറ്റിൽമെന്റിനു പോയെങ്കിലും അടികിട്ടി ഒടുവിൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നു.

രാഷ്ട്രീയ ക്വട്ടേഷനിലൂടെ വളർത്തിയെടുത്ത ഒരുപാട് യുവാക്കളുണ്ട് ഇദ്ദേഹത്തിന്റെ കീഴിൽ. ചെങ്കൽ ക്വാറികളുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളുണ്ടെങ്കിലും സ്വർണക്കടത്ത് പൊട്ടിക്കുന്ന സംഘത്തിൽ ഇദ്ദേഹവുമുണ്ടെന്നാണ് പറയുന്നത്. കൂത്തുപറമ്പിന്റെ തൊട്ടടുത്ത പ്രദേശമായ മൂന്നാംപീടികയിൽ ഇദ്ദേഹത്തിനുവേണ്ടി സ്വർണവുമായെത്തിയ ഒരു കാരിയർ മറ്റൊരു  ക്വട്ടേഷൻ സംഘത്തിന്റെ കൈയിൽപ്പെട്ടുപോയിരുന്നു. പിന്നാലെ ഫോൺ വിളികൾ വന്നതോടെ അവർ കാരിയറെ വിട്ടുകൊടുത്തു.കണ്ണൂരിലെ പല ഓപ്പറേഷനുകളിലും പങ്കാളിയാണെന്ന് കരുതുന്ന ഇദ്ദേഹം ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായിരുന്നു. പാർട്ടി അംഗമല്ല എന്നാണ് പറയുന്നതെങ്കിലും നാലുകൊല്ലം മുമ്പ്‌ ഇദ്ദേഹത്തെ ഒരു കേസിൽ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ അന്ന് സി.പി.എം. പ്രവർത്തകർ വീട്‌വളഞ്ഞു സംരക്ഷണം തീർത്തു.

(തുടരും)