പുഴുക്കുത്തുകൾ തുടച്ചുനീക്കാൻ ഇപ്പോൾ രംഗത്തിറങ്ങിയെന്നുപറയുന്നത്  ആത്മാർഥമാണെങ്കിൽ, പലതും വിളിച്ചു പറയേണ്ടിവരുമെന്ന  ഇരുതല മൂർച്ചയുള്ള  സ്വർണവെല്ലുവിളികൾ  നേരിടേണ്ടിയും വരും.

പുരയ്ക്കുമീതെ വളരുന്ന  ‘സ്വർണമരം’

ബാങ്കിൽ ആകെയുണ്ടായിരുന്ന രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്ത ബീഡിത്തൊഴിലാളി ജനാർദനൻ സഖാക്കൾക്കുമാത്രമല്ല ആവേശമായത്. ആരാണ് കമ്യൂണിസ്റ്റെന്ന് കേരളത്തെയും ലോകത്തെയും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ, ജനാർദനനെപ്പോലുള്ളവർ അണിനിരക്കുന്ന പാർട്ടിയിൽ ആയങ്കിയും തില്ലങ്കേരിയും ആവേശമാവുന്നവർ കൂടുന്നുവെന്ന് നേതാക്കൾക്ക് ബോധ്യപ്പെടാഞ്ഞിട്ടല്ല. അവരുടെ വേരു കണ്ടെത്താൻ പറ്റുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറിതന്നെ പറയുന്നു. പിഴുതുമാറ്റണമെന്ന് ഇപ്പോൾതോന്നുണ്ടെങ്കിലും ആ വേരുറച്ചത് നേതാക്കൾ അറിയാതെയല്ലെന്ന് ആരും കരുതുന്നില്ല.

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളം എത്രയോ കണ്ടിട്ടുണ്ട്. മിക്ക പാർട്ടിക്കാരും പ്രതികളുമായിട്ടുണ്ട്. പാർട്ടിക്കുവേണ്ടിയും ക്വട്ടേഷൻ എന്നത് പിന്നീടുവന്ന മാറ്റമാണ്. എന്നാൽ, കൊലപാതകങ്ങൾക്കും ക്വട്ടേഷനും പാർട്ടിയെ മറയാക്കുന്നവരെ തളയ്ക്കാനാവുന്നില്ലെന്നുപറയുന്നത് കുറ്റസമ്മതമാണ്. ലളിതജീവിതവും അച്ചടക്കവുമാണ് പാർട്ടി അംഗത്തിന്റേത്. സാമൂഹികമാധ്യമത്തിലും ആ അച്ചടക്കം വേണമെന്ന് പാർട്ടിസെക്രട്ടറിതന്നെ പറയുന്നു. എന്നാൽ, സമൂഹത്തിൽ അച്ചടക്കമില്ലാത്തവർത്തന്നെയാണ് സാമൂഹികമാധ്യമങ്ങളിലെയും പ്രശ്നക്കാർ.

സ്വർണക്കടത്തും ക്വട്ടേഷനും നടത്തുന്നവരുടെ കുടിപ്പകയിൽ ജീവൻ പൊലിയുമ്പോഴും രക്തസാക്ഷികളാവുന്നു. കൊലയാളികൾ   വീരപുരുഷന്മാരാവുന്നു. ജയിലുകൾ സുഖവാസകേന്ദ്രങ്ങളാവുന്നു. ജയിലിലിരുന്ന് ക്വട്ടേഷൻ ആസൂത്രണംചെയ്യുന്നവരുടെയും ആശംസയർപ്പിക്കുന്നവരുടെയും പേരിലും പ്രൊഫൈലിലും കൊടികൾ നിറയുന്നു.

ഡി.വൈ.എഫ്.ഐ.യുടെ ജാഥയെ ഫ്യൂസ് ഊരി  ഇരുട്ടിലാക്കാനും സെക്രട്ടറിയെ വെല്ലുവിളിക്കാനും പറ്റുംവിധത്തിൽ ഇത്തരക്കാരെ ആകാശത്തോളം വളർത്തിയതിൽ ഉത്തരവാദികളാര്‌. സ്വർണക്കടത്തുകാരും ക്വട്ടേഷൻകാരും പാർട്ടി ഓഫീസുകളിൽ പതിവായി വന്നുപോവുന്നത് നിസ്സാരകാര്യമല്ല. കേരളത്തിന്റെ നട്ടെല്ലായ  സഹകരണമേഖലയെയും ഇവർ മറയാക്കുന്നത് അംഗീകരിക്കാനാവുകയുമില്ല.

കുഴലായെത്തിയ പണംതട്ടാൻ വാഹനാപകടമുണ്ടാക്കിയ സംഭവത്തിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി. വിയർത്തുതുടങ്ങിയിട്ട് നാളേറെയായി. കണ്ണൂരിൽനിന്നും കോഴിക്കോട്ടുനിന്നുമൊക്കെയുള്ള ക്വട്ടേഷൻസംഘത്തെ ഏർപ്പാടുചെയ്തായിരുന്നു ആസൂത്രണം. എതിർകക്ഷികൾക്കുനേരെ ചൂണ്ടുവിരൽ ഉയർത്തുമ്പോൾ ബാക്കിവിരലുകൾ സ്വന്തം നെഞ്ചിലേക്കുതന്നെയാണെന്ന് എല്ലാവരും ഓർക്കണം.

അർജുൻ ആയങ്കിക്ക് തണലൊരുക്കിയത് ആര്?

രാമാനാട്ടുകര  കേസിൽ രാഷ്ട്രീയബന്ധമില്ലാത്തവരായ ചെർപ്പുളശ്ശേരിയിലെ ക്വട്ടേഷൻ സംഘാംഗങ്ങളെയും കൊടുവള്ളി സംഘത്തെയുമെല്ലാം പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പക്ഷേ, അർജുൻ എത്തിയ കാർ കസ്റ്റഡിയിലെടുക്കാൻപോലും കണ്ണൂരിലെ പോലീസോ അന്വേഷണ സംഘമോ ആദ്യം തയ്യാറായില്ല

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ സുപ്രധാന കണ്ണിയാണ് കണ്ണൂർ അഴീക്കോട്ടെ അർജുൻ ആയങ്കി. ചുവന്ന കാറിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയതിനും സ്വർണം കടത്തിയ കാരിയറുമായി ബന്ധപ്പെട്ടതിനുമെല്ലാം തെളിവുണ്ട്. പക്ഷേ, ഈ കേസിൽ പോലീസ് അന്വേഷണം അർജുനിലേക്കു മാത്രം എത്തിയില്ല. സ്വർണക്കടത്ത് പിടികൂടി ഒരാഴ്ചയ്ക്കുശേഷം രണ്ട് അഭിഭാഷകർക്കൊപ്പമാണ് ഇയാൾ കൊച്ചിയിൽ കസ്റ്റംസിനുമുന്നിൽ ഹാജരാവുന്നത്. അതുവരെ ഏത് സുരക്ഷിതകേന്ദ്രത്തിലാണ് അർജുനെ ഒളിപ്പിച്ചിരുന്നതെന്ന് ആർക്കുമറിയില്ല. കണ്ടുകൊണ്ടിരിക്കേ അപ്രത്യക്ഷമായ കാർ അന്വേഷിച്ച് പോലീസിന് നടക്കേണ്ടിയും വന്നു. ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയുമ്പോഴും രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്ക് ലഭിക്കുന്നതുപോലെ  ആയങ്കിക്കും സഹായം കിട്ടിയിട്ടുണ്ടാവുമോ എന്ന ചോദ്യങ്ങളുയരുന്നുണ്ട്.

21-നാണ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം പിടികൂടുന്നതും സ്വർണക്കടത്തുകാർക്ക് സംരക്ഷണമൊരുക്കാനെത്തിയ അഞ്ച്‌ ക്വട്ടേഷൻ സംഘാംഗങ്ങൾ വാഹനാപകടത്തിൽ മരിക്കുന്നതും. കാരിയറെ സ്വാധീനിച്ച് സ്വർണം തട്ടാനാണ് അർജുൻ കോഴിക്കോട് വിമാനത്താവളത്തിലെത്തിയതെന്ന് പോലീസുതന്നെ സമ്മതിക്കുന്നു. ഈ കേസിൽ രാഷ്ട്രീയബന്ധമില്ലാത്തവരായ ചെർപ്പുളശ്ശേരിയിലെ ക്വട്ടേഷൻ സംഘാംഗങ്ങളെയും കൊടുവള്ളി സംഘത്തെയുമെല്ലാം പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പക്ഷേ, അർജുൻ എത്തിയ കാർ കസ്റ്റഡിയിലെടുക്കാൻപോലും കണ്ണൂരിലെ പോലീസോ അന്വേഷണസംഘമോ തയ്യാറായില്ല.

കഴിഞ്ഞ ബുധനാഴ്ച രാവിലെവരെ അർജുൻ വീട്ടിലുണ്ടായിരുന്നു. അർജുൻ മുങ്ങിയതിനുപിന്നാലെ അഴീക്കലിലെ കപ്പൽപൊളിശാലയ്ക്കു സമീപത്തുനിന്ന് ചുവന്ന കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മാധ്യമങ്ങളിൽ കാറിന്റെ ദൃശ്യം വന്നതിനുപിന്നാലെ കാർ കാണാതായെങ്കിലും ഞായറാഴ്ച പരിയാരത്തിനടുത്ത് കുളപ്പുറത്ത് കാർ വീണ്ടും ഉപേക്ഷിച്ചപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സ്വർണക്കടത്ത് നടന്ന തൊട്ടടുത്ത ദിവസംതന്നെ കസ്റ്റംസ് അർജുനു വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിരുന്നു. അർജുൻ പ്രതിയല്ലെന്ന ന്യായമാണ് കണ്ണൂരിലെ പോലീസ് തുടക്കത്തിലേ സ്വീകരിച്ചത്. ഒരു കുറ്റകൃത്യത്തിൽ എന്തെങ്കിലും പങ്കുണ്ടെന്നു സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കുന്ന പതിവ് അർജുന്റെ കാര്യത്തിൽമാത്രം ബാധകമായില്ല.

ഭാരവാഹിത്വമൊന്നുമില്ലെങ്കിലും ഒട്ടേറെ ഫാൻസുള്ള സി.പി.എമിന്റെ സൈബർപോരാളിയാണ് അർജുൻ. നാലുവർഷം മുമ്പ് ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് ഭാരവാഹിയായിരുന്നു. പാർട്ടി മാറ്റിനിർത്തിയെന്നു പറയുമ്പോഴും പാർട്ടിയുടെ പേരുപറഞ്ഞാണ് അർജുൻ കാരിയർമാരെയുൾപ്പെടെ ഭീഷണിപ്പെടുത്തിയിരുന്നത്.


ആകാശ് തില്ലങ്കേരി ക്വട്ടേഷൻ പങ്കാളി

ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയാണ് അർജുന്റെ ക്വട്ടേഷൻ പങ്കാളിയെന്നാണ് സൂചന. കണ്ണൂരിലെ പ്രമുഖ രാഷ്ട്രീയനേതാക്കളുമായി അടുപ്പമുള്ള ആകാശ് തന്നെയാണ് അർജുന്റെ കരുത്തും. ഇരുവരും ചേർന്ന് 22 തവണ കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണക്കടത്ത് ‘പൊട്ടിക്കുന്ന’ ഒട്ടേറെ ക്വട്ടേഷൻ സംഘങ്ങളുണ്ട്. കണ്ണൂർ വിമാനത്താവളം തുറന്നശേഷമാണ് അർജുനും ആകാശ് തില്ലങ്കേരിയും സജീവമായത്. പിന്നെ സ്വർണക്കടത്തുകാർക്ക് കാരിയർമാരെ നൽകലായി പ്രധാന പ്രവർത്തനം. പിന്നീടാണ് കാരിയർമാരെ സ്വാധീനിച്ച് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നതിലേക്കു തിരിഞ്ഞത്.

അർജുൻ ഉപയോഗിച്ച കാർ ഡി.വൈ.എഫ്.ഐ. ചെമ്പിലോട്ട് മേഖലാ സെക്രട്ടറിയും സഹകരണ ബാങ്കിലെ അപ്രൈസറുമായിരുന്ന സി. സജേഷിന്റെ പേരിലാണ്. പക്ഷേ, കാർ വാങ്ങാൻ പണം മുടക്കിയത് അർജുൻതന്നെയാണെന്നാണ് സൂചന. ബാങ്കിലെ അപ്രൈസറായ ഒരാൾക്ക് സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘാംഗവുമായുള്ള അടുപ്പവും ദുരൂഹമാണ്.

ശരാശരിക്ക് താഴെയുള്ള കുടുംബമായിരുന്നു അർജുന്റേത്. പെട്ടെന്നാണ് കൈയിൽ പണം വന്നുതുടങ്ങിയത്. അർജുന്റെ വിവാഹപ്പാർട്ടിപോലും ആർഭാടമായിരുന്നെന്നും നാട്ടുകാർ പറയുന്നു. അന്നുമുതലാണ് സംശയം തോന്നിത്തുടങ്ങിയത്. പിന്നീട് കഞ്ചാവുകടത്ത് സംഘവുമായി പയ്യാമ്പലം കടപ്പുറത്തുണ്ടായ അടിപിടിയെത്തുടർന്നാണ് പോക്ക് ശരിയല്ലെന്ന് സി.പി.എം. നേതൃത്വത്തിന് ബോധ്യപ്പെട്ടുതുടങ്ങിയതും മാറ്റിനിർത്തുന്നതും. പരസ്യമായി മാറ്റിനിർത്തിയെങ്കിലും ആരോ സംരക്ഷണം നൽകുന്നെന്നതിനു തെളിവാണ് ഒരാഴ്ച ഒളിവിൽ പാർക്കാൻ കഴിഞ്ഞെന്നത്.

content highlights: gold smuggling case quatation gang cpm