ഗുണ്ടകൾ ഉൾപ്പെടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവരിൽനിന്ന് രക്ഷതേടി ആളുകളെത്തുന്ന കേന്ദ്രമാണ് മോഹൻലാൽ നായകവേഷത്തിലഭിനയിച്ച ജനതാഗ്യാരേജ് എന്ന തെലുങ്ക് സിനിമയിലെ വർക്‌ഷോപ്പ്. കണ്ണൂർ ജില്ലയിലുമുണ്ട് അങ്ങനെ ചില വർക്‌ഷോപ്പുകൾ. പക്ഷേ, അവിടെയുള്ളത് രാഷ്ട്രീയകൊലപാതക്കേസുകളിൽ ഉൾപ്പെടെ പ്രതികളായ ക്വട്ടേഷൻകാരാണെന്നുമാത്രം. നേരത്തേ നല്ലനിലയിൽ പ്രവർത്തിച്ച ഒരു വർക്‌ഷോപ്പ് പിന്നീട് സ്വന്തം താവളമാക്കിയവരുമുണ്ട്. കിട്ടാക്കടം പിരിച്ചെടുക്കൽ, വാടകക്കെട്ടിടം ഒഴിപ്പിക്കൽ, ഭീഷണിപ്പെടുത്തി വസ്തുവിൽപ്പിക്കൽ തുടങ്ങി നിയമപരമല്ലാത്ത പല സഹായങ്ങളുമാണ് ഇവിടെനിന്ന് ‘ലഭിക്കുക’. നിശ്ചിതശതമാനം ഇവർക്കുകൂടി കൊടുത്താൽ ഏത് കിട്ടാക്കടവും ഇവർ പിരിച്ചെടുക്കും. ഇവരുടെ സംഘത്തിൽപ്പെട്ട പലരും ഇപ്പോഴും ജയിലിലാണുള്ളത്. രാഷ്ട്രീയസംഘർഷങ്ങൾ കുറഞ്ഞതിനാൽ പാർട്ടിക്ക് ആവശ്യമില്ലാതായതോടെയാണ് ഇവർ മറ്റുപ്രവർത്തനങ്ങളിലേക്ക് നീങ്ങിയത്. 

കള്ളക്കടത്തുകാരും ക്വട്ടേഷൻകാരും ഏറ്റുമുട്ടുമ്പോൾ

പല തന്ത്രങ്ങളും കുതന്ത്രങ്ങളും പ്രയോഗിച്ച് പലതട്ടിലുള്ള ഉദ്യോഗസ്ഥരെ ‘കാണേണ്ടതുപോലെ കണ്ട്’ വിദേശത്തുനിന്ന് നികുതിവെട്ടിച്ച് എത്തിക്കുന്ന സ്വർണം ലക്ഷ്യസ്ഥാനത്തേക്ക് എത്തുംമുമ്പ് മറ്റുചിലർ പിടിച്ചുപറിച്ച് ഓടുന്നു. ഇതാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കള്ളക്കടത്തുകാർക്കും ക്വട്ടേഷൻകാർക്കും ഇടയിൽ നടക്കുന്നത്. ഇങ്ങനെ പിടിച്ചുപറിച്ച കള്ളക്കടത്തുസ്വർണവും കുഴൽപ്പണവും ഉപയോഗിച്ച്‌ കൊടി സുനി ഉൾപ്പെടെയുള്ളവർ സാമ്പാദ്യം വർധിപ്പിച്ചെങ്കിലും പകവീട്ടാനുള്ള ശക്തമായ ഒരുക്കങ്ങൾ കള്ളക്കടത്ത് കുലത്തൊഴിലാക്കിയവർ തുടങ്ങിക്കഴിഞ്ഞു. രാമനാട്ടുകര സ്വർണക്കടത്തുസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ മുഖ്യകണ്ണിയായി കണ്ടെത്തിയ സൂഫിയാന്റെ സംഘത്തെ ചോദ്യംചെയ്തതിൽനിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചു. ഇതിനെക്കുറിച്ച് നേരത്തേ സൂചനലഭിച്ച ക്വട്ടേഷൻസംഘം പാർട്ടിനേതൃത്വത്തെ ഇടപെടുത്തി കവചംതീർക്കാൻ ശ്രമം ആരംഭിച്ചിട്ടുമുണ്ട്. 

എന്നാൽ, കാസർകോട്ടെയും തിരൂരിലെയും താമരശ്ശേരിയിലെയും കൊടുവള്ളിയിലെയും പരമ്പരാഗത കള്ളക്കടത്ത് കുടുംബങ്ങളെ അനുനയിപ്പിക്കാൻ പാർട്ടിനേതാക്കളുടെ വാക്കുമാത്രം പോരാ. മുസ്‌ലിംലീഗിലെയും ഐ.എൻ.എല്ലിലെയും ചില പ്രാദേശികനേതാക്കളുമായും ഇതേക്കുറിച്ച് സംസാരംനടന്നു. എന്നാൽ, സമ്പാദ്യമുണ്ടാക്കുമ്പോൾ പരിഗണിക്കാത്തവരെ പ്രശ്നങ്ങളിൽ അകപ്പെടുമ്പോൾമാത്രം സഹായിക്കേണ്ടതില്ലെന്നതാണ് ഈ മൂന്നുകക്ഷികളുടെയും നിലപാട്. എന്നാൽ, പാർട്ടിക്കുവേണ്ടി വർഷങ്ങൾക്കുമുമ്പ് നടത്തിയ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ ഉണ്ടാകുമെന്നാണ് ക്വട്ടേഷൻകാരുടെ ഭീഷണി.
രണ്ടുതവണ കൊഫെപൊസ ചുമത്തപ്പെട്ട സൂഫിയാന്റെ വീട്ടിൽത്തന്നെ മറ്റുമൂന്നുപേർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉണ്ട്. ഇയാളുടെ പിതാവ് മുമ്പ് ഡി.ആർ.ഐ.യുടെ കേസുകളിൽ പ്രതിയായിരുന്നു. രണ്ട് സഹോദരന്മാരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള അനേകം കുടുംബങ്ങൾ ഉൾപ്പെട്ടതാണ് കള്ളക്കടത്ത് ശൃംഖല. അവർ നൽകുന്ന ക്വട്ടേഷൻ, പാർട്ടി ക്വട്ടേഷൻകാർ എങ്ങനെ നേരിടുമെന്നതാണ് ഇനി കണ്ടറിയാനുള്ളത്.

പാർട്ടി പറഞ്ഞാലും വഴങ്ങില്ല

സാമ്പത്തിക ഇടപാടുകളിൽ തർക്കമുണ്ടായാൽ ഇപ്പോൾ അതേറ്റെടുക്കുന്നത് ഇരുപാർട്ടികളിലെയും ക്രിമിനൽ സംഘങ്ങളാണ്. ഇത്തരത്തിലുള്ള ചില ഒത്തുതീർപ്പുകൾ പിന്നീട് കേസും പ്രശ്നങ്ങളുമായി മാറാറുമുണ്ട്. പാർട്ടിപറഞ്ഞാലും വഴങ്ങാത്ത ക്വട്ടേഷൻ സംഘങ്ങളുമുണ്ട്. കണ്ണൂർ ടൗണിലുള്ള ഒരു റെന്റ് എ കാർ ഉടമയുടെ കാർ മലപ്പുറത്തുള്ള ഒരു സംഘം കടത്തിക്കൊണ്ടുപോയപ്പോൾ അത് തിരിച്ചെടുക്കാൻ അദ്ദേഹം ഒന്നരലക്ഷംരൂപയ്ക്ക്  ക്വട്ടേഷൻ കൊടുത്തു. കടത്തിക്കൊണ്ടുപോയവരെ എതിരിട്ട് കാറുമായി കണ്ണൂരിലെ സംഘം തിരികെയെത്തി. പിന്നെ ഈ സംഘം ക്വട്ടേഷൻ നൽകിയ ആൾക്കെതിരേതന്നെ തിരിഞ്ഞു. നൽകിയ തുകപോരെന്നുപറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി. ഒരുതവണ വീട്ടിൽക്കയറി മർദിക്കുകയുംചെയ്തു. തുടർന്ന് പിണറായിയിലെയും എടക്കാട്ടെയും പാർട്ടി കമ്മിറ്റികൾ  ഇടപെട്ടെങ്കിലും ക്വട്ടേഷൻ സംഘം വഴങ്ങിയില്ല. പാർട്ടിക്കും തീർക്കാൻ പറ്റാതായതോടെ  ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണിയിൽനിന്ന് രക്ഷതേടി റെന്റ്‌ എ കാർ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.
കണ്ണൂരിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പങ്കാളികൾ വേർപിരിഞ്ഞപ്പോഴുണ്ടായ സാമ്പത്തികത്തർക്കം പാർട്ടി ക്രിമിനൽ സംഘം ഏറ്റെടുത്തു. അതോടെ രണ്ടുസംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുന്നിലേക്ക് കാര്യങ്ങൾ എത്തി. ഒരു പങ്കാളി ഇരുപതുലക്ഷം രൂപ നൽകാനുണ്ടെന്നാണ് മറ്റേയാൾ ആരോപിക്കുന്നത്. പോലീസ് ആദ്യം ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരമാവാതെ വന്നതോടെ പണം കിട്ടാനുള്ളയാൾ വിഷയം പാർട്ടി ക്വട്ടേഷൻസംഘത്തിന് കൈമാറി. ഇത് നേരിടാൻ മറ്റേയാൾ തിരിച്ച് മറ്റൊരു പാർട്ടിയിലെ സംഘത്തിനെയും ഏൽപ്പിച്ചു. രണ്ട് ക്വട്ടേഷൻ സംഘങ്ങളും രണ്ടുഭാഗത്ത് അണിനിരന്നതിനാൽ ഇപ്പോഴും പ്രശ്നം തുടരുകയാണ്.

പ്രതിയെച്ചൊല്ലി ഭിന്നത

കൊലപാതകമുൾപ്പെടെ ഒന്നിലധികം കേസുകളിൽ പ്രതിയായ കൂത്തുപറമ്പുകാരനെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി രണ്ട് ലോക്കൽ കമ്മിറ്റികൾ തമ്മിൽ ഇപ്പോഴും തർക്കത്തിലാണ്. സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗമടക്കം ഉൾപ്പെടുന്ന കൂത്തുപറമ്പിലെ ലോക്കൽ കമ്മിറ്റിയാണ് എതിർപക്ഷത്തുള്ളത്. മറ്റേ ലോക്കൽ കമ്മിറ്റി ഇപ്പുറവും. പാർട്ടി നേതൃത്വത്തിലെ പലർക്കും പ്രിയപ്പെട്ടവനാണിയാൾ. പാർട്ടിയുടെ ചട്ടക്കൂടിനപ്പുറത്തുള്ള കാര്യങ്ങളിലേക്ക്  പോവുന്നവരെ  സംരക്ഷിച്ചുനിർത്തേണ്ടതില്ലെന്ന അഭിപ്രായക്കാരാണ് ഒരുവിഭാഗം.

നയിക്കുന്നത് ലോക്കൽ ‘കമാൻഡർമാർ’

ഓരോ ലോക്കൽ കമ്മിറ്റിക്കുംകീഴിലാണ് വെട്ടാനും കൊല്ലാനുമൊക്കെ പോവുന്ന സംഘങ്ങളുള്ളത്. പക്ഷേ, ഇപ്പോൾ ക്വട്ടേഷൻതലവൻമാരുടെ കീഴിലാണ് ക്രിമിനൽസംഘങ്ങൾ. വാട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകളെയാണ് ക്രിമിനൽസംഘങ്ങളെ വീരപുരുഷന്മാരാക്കി ചിത്രീകരിക്കാൻ ഉപയോഗപ്പെടുത്തുന്നത്. പല ക്രിമിനൽസംഘങ്ങളുടെയും ആരാധകവൃന്ദമായി ഈ ഗ്രൂപ്പുകൾ മാറുന്നുണ്ട്. സ്വർണക്കടത്ത് വിവാദമായശേഷം  ഇത്തരം വാട്സാപ്പ് ഗ്രൂപ്പുകൾക്ക്  പൂട്ടിടാൻ  സി.പി.എം. ജില്ലാസെക്രട്ടറിതന്നെ ഇടപെടൽ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശ്ശേരി ലോക്കൽകമ്മിറ്റിയിൽനടന്ന യോഗത്തിൽ പഴയ സ്റ്റാൻഡ് ടീം, കാര്യത്ത് ഗ്രൂപ്പ് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകളിലൊന്നും പാർട്ടി അംഗങ്ങൾ ഉണ്ടാവാൻ പാടില്ലെന്ന  കർശനമുന്നറിയിപ്പ് ജില്ലാനേതൃത്വം നൽകി. ഇതിനുപിന്നാലെ ഇത്തരം ഗ്രൂപ്പുകളിൽനിന്ന് കൂട്ട ലെഫ്റ്റടിക്കൽ നടന്നു.

പാർട്ടിയെ അറിയാത്ത ‘പോരാളി’

വർഷങ്ങളായി ഫെയ്‌സ്ബുക്കിൽ എഴുത്തുകളിലൂടെയും ട്രോളിടത്തിൽ കുറിക്കുകൊള്ളുന്ന പോസ്റ്ററുകളുമായും സജീവമായിരുന്ന ഒരു സൈബർ ‘പോരാളി’. പാർട്ടി നേതാക്കൾവരെ ഒാരോ വിഷയത്തിലും പ്രതികരണവുമായി രംഗത്തെത്തുന്നതിനുമുമ്പ് എതിരാളിയെ പിച്ചിച്ചീന്തി ചുമരിൽ പതിക്കുന്ന കലാസൃഷ്ടികൾകൊണ്ട് സമ്പന്നൻ. യാഥാർഥ പേര് മറച്ചുവെച്ച് ഒരു പോരാളി പേരുമായി സൈബറിടത്തിൽ നിറഞ്ഞാടിയവൻ. പക്ഷേ, ഈ സൈബർ പ്രമുഖന് സ്വന്തം വീട് നിലനിൽക്കുന്ന കണ്ണൂരിലെ പാർട്ടിഗ്രാമത്തിലെ എൽ.സി. സെക്രട്ടറിയെപ്പോലും നേരിൽ അറിയില്ല. ഈ സെക്രട്ടറിയെ നേരിൽക്കണ്ട് താൻ കേമനാണെന്ന ഒരു കത്ത് സംഘടിപ്പിക്കാൻ ഒരു വിശ്വസ്തന് അയച്ച ശബ്ദരേഖ പുറത്തായതോടെയാണ് സംഭവം പാട്ടാകുന്നത്. മറ്റൊരു ജില്ലയിലെ പാർട്ടി ജില്ലാസെക്രട്ടറി തന്റെ സുഹൃത്താണെന്നും അവിടേക്ക് മുഴുവൻസമയ പ്രവർത്തകനായി പോകാൻവേണ്ടിയാണ് നാട്ടിലെ എൽ.സി.സെക്രട്ടറിയുടെ കത്തെന്നുമാണ് ശബ്ദരേഖ. എന്നാൽ, സംഭവം നാട്ടിലെ യുവനേതാക്കൾതന്നെ കണ്ടെത്തി തടയിട്ടു. ഇതുമാത്രമല്ല, സൈബർ ലോകത്തിലൂടെ മറ്റുപാർട്ടിക്കാർക്കുപോലും ഏറെ പരിചിതനായ ഈ ഗുണ്ട പാർട്ടിയുടെ പേരിൽ നടത്തിയ പണപ്പിരിവുകളും മധ്യസ്ഥശ്രമങ്ങളും ഇടപെടലുകളും യുവജനപ്രസ്ഥാനം പുറത്തുകൊണ്ടുവന്നു. 

മറ്റൊരു സൈബർ പോരാളിക്കെതിരേ ഇടതുപക്ഷ യുവജനനേതാവ് പരസ്യമായി മാധ്യമങ്ങൾക്കുമുമ്പാകെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തുടർന്ന് ഏതാനും മാസങ്ങൾ സൈബറിടത്തുനിന്ന് മാറിനിന്നു എന്നതല്ലാതെ ഇത്തരം കടന്നുകയറ്റക്കാരെ ചെറുക്കാൻ പാർട്ടിക്കുള്ളിൽ വേറെ കാര്യമായ നീക്കമൊന്നുമുണ്ടായിട്ടില്ല.
ഏറ്റവും താഴേത്തട്ടിലുള്ള അണികളെയും അവരുടെ വീട്ടുകാരെയും വ്യക്തമായി അറിയുകയും കൃത്യമായ ‘സ്ക്രൂട്ടിണിങ്ങി’ലൂടെമാത്രം അംഗത്വവും പാർട്ടിസ്ഥാനങ്ങളും നൽകുന്ന സി.പി.എമ്മിന്റെ ബാനറിൽത്തന്നെയാണ് ഇത്തരം സൈബർ ഗുണ്ടകളുടടെയും വിഹാരം. അണിയറയിൽ പ്രവർത്തിക്കുന്നവരെക്കാൾ പൊതുജനത്തിന് വിശ്വാസം ഇങ്ങനെ പേരുപറഞ്ഞാൽ അറിയുന്നവരെക്കുറിച്ചാകുമ്പോൾ സൈബർ പോരാളികൾക്ക് അവസരങ്ങളേറുകയും ചെയ്യുന്നു.

(തുടരും)