അഴിക്കുള്ളിലാണെങ്കിലും സമ്പാദ്യം വാരിക്കൂട്ടി കൊടിസുനി

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം കൈവന്ന പരിവേ​ഷം മുതലെടുത്താണ്‌ കൊടിസുനി ജയിലിൽ ഇരുന്ന് കള്ളക്കടത്ത് സ്വർണം പിടിച്ചുപറിച്ചും സ്വത്ത് തർക്കങ്ങളിൽ ഇടനില നിന്നും സ്വന്തമായി സമ്പാദ്യം വർധിപ്പിച്ചത്.

ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിൽ കൊടിസുനി എന്ന സുനിൽകുമാറിന്റെ വിലാസം ‘ചൊക്ലി ഷാരോൺ വില്ല മീത്തലെചാലിൽ’ വീടായിരുന്നെങ്കിൽ ഇന്ന് സുനിക്ക് ഒട്ടേറെ മേൽവിലാസങ്ങൾ ഉണ്ട്. പ്രധാനമായും തലശ്ശേരി പള്ളൂർ നെടുമ്പ്രം മൂന്നങ്ങാടിയാണ് വിലാസം. നേരത്തേ ഇവിടെ ഉണ്ടായിരുന്ന ചെറിയ ഒറ്റനില വീട് കഴിഞ്ഞ എട്ടുവർഷത്തിനിടെ വലിപ്പമേറിയ ഇരുനില വീടായി. ഈ വീടിന്റെ മുറ്റവും പറമ്പും കേന്ദ്രീകരിച്ച് ഒരു സ്ഥിരം ചീട്ടുകളി കേന്ദ്രവും സെറ്റാണ്. അവിടെ നടക്കുന്ന കളിയുടെ ഒരു വിഹിതം വാടകയായി ഈടാക്കുന്നതിന് പുറമേ വീടിന് സദാസമയം ഒരു കാവൽക്കാർ കൂടിയായി മാറുകയാണ് ഈ കളിക്കാർ. കളി നിയന്ത്രിക്കാൻ സുനിയുടെ സുഹൃത്തുകളായ ചിലർ സ്ഥിരമായി ഇവിടെ ഉണ്ട്.

നെടുമ്പ്രത്തെ ഈ വീടിന് സമീപത്തായി അറുപത് ലക്ഷം രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരുന്ന ഒരു ഇരുനില വീടും പറമ്പും അടുത്തിടെ സുനി ഇടപെട്ട് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ ഒരു സുഹൃത്തിന്റെ പേരിൽ വാങ്ങിയ ഈ വീട്‌ 40 ലക്ഷം രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചത്.

ഈ രണ്ട് വീടുകൾ വാങ്ങിയതിന് പുറമേ, മേക്കുന്ന് പള്ളിക്കുനി മോന്താൽ ഭാഗത്ത് സുഹൃത്തിന്റെപേരിൽ സുനി രണ്ടു വർഷത്തിനിടെ സ്ഥലവും വാങ്ങിയിട്ടുണ്ട്. പള്ളൂർ തെരുക്ഷേത്രത്തിനടുത്ത് നേരത്തേ വാങ്ങിയ സ്ഥലം വിൽപ്പനയ്ക്ക് വെക്കുകയും കുറ്റ്യാട്ട് പറമ്പിലെ ഒരു പ്രമാണിയെക്കൊണ്ട് അത് വാങ്ങിപ്പിക്കാൻ സമ്മർദം നടക്കുന്നതായും വിവരമുണ്ട്. കഴിഞ്ഞദിവസം ഈ സംഘം സ്ഥലം വന്നുകണ്ട് തൃപ്തരാകാതെ മടങ്ങിയിട്ടുണ്ടെന്നാണ് പ്രാദേശിക വിവരം.

സുനി വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പുതന്നെ സുഹൃത്തായി ഒപ്പമുണ്ടായിരുന്ന ഒരു പള്ളൂർ സ്വദേശിയുടെ പേരിൽ പാറാലിൽ ഒരു വർക്ക് ഷോപ്പും പള്ളൂരിൽ ഒരു മണൽ കച്ചവട കേന്ദ്രവും ഒരു ഹോട്ടലും ആരംഭിച്ചിട്ടുണ്ട്. കർണാടകത്തിൽനിന്ന് എത്തിക്കുന്ന മണലാണ് ഇവിടെ വിൽപ്പന. ഇതിന് പുറമേ അടുത്ത ചില ബന്ധുക്കൾ മുഖേന നാട്ടിൽ സ്വർണം വിൽപ്പന നടത്താൻ ശ്രമിച്ചതായും വിവരമുണ്ട്.

ബന്ധു ആശുപത്രിയിൽ;   സന്ദർശകരായി വി.ഐ.പി.കൾ

കൊടിസുനിയുടെ അടുത്ത ബന്ധു കൊല്ലത്ത് വെച്ച് അപകടത്തിൽപ്പെട്ടത് മൂന്ന് വർഷം മുമ്പാണ്. പരിക്കേറ്റ് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെനിന്ന് നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റയാൾ വരുന്നതിന് മുമ്പുതന്നെ വരുന്ന രോഗിക്കുവേണ്ട ഒരുക്കങ്ങൾ നടത്താൻ അവിടെ നിർദേശങ്ങളും ലഭിച്ചു. രോഗി എത്തിയതിന് പിന്നാലെ പല പ്രമുഖരും ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചു. അടുത്തദിവസം ഒന്നിലേറെ മന്ത്രിമാരും നാട്ടുകാരായ എം.എൽ.എ.മാരുമെല്ലാം രോഗിയെ കാണാനെത്തി. തനിക്ക് ലഭിക്കുന്ന അമിത പരിഗണനയ്ക്ക് കാരണം ജയിലിൽനിന്ന് നേതാക്കൾക്ക് പോയ സുനിയുടെ ഫോൺ സന്ദേശമാണെന്ന് രോഗിക്ക് ആദ്യം മനസ്സിലായില്ല. പിന്നീട് പരിക്കേറ്റയാളുടെ ഭാര്യ പറഞ്ഞാണ് വീട്ടുകാർപോലും ഇടപെടൽ നടത്തിയയാളെ തിരിച്ചറിഞ്ഞത്.

മാതൃഭൂമി ന്യൂസ്‌ പുറത്തുവിട്ട ക്വട്ടേഷൻ സംഘത്തിന്റെ ഫോൺ സംഭാഷണം

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ പ്രവർത്തനം കൊടി സുനി സംഘത്തിന്റെ തണലിലെന്ന് സംഘാംഗങ്ങൾ പറയുന്ന ഫോൺസംഭാഷണം പുറത്ത്. കൊടി സുനി സംഘത്തെ പാർട്ടിസംഘം എന്നാണ് പരിചയപ്പെടുത്തുന്നത്.
പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതംവെക്കും.  തട്ടിയെടുക്കുന്നതിന് പൊട്ടിക്കുക എന്നാണ് കോഡ്.  ഒരുഭാഗം  പൊട്ടിക്കുന്നവർക്ക്, മറ്റൊരു ഭാഗം കടത്തുകാർക്ക്, മൂന്നാമത്തെ പങ്ക് പാർട്ടിക്ക് എന്നാണ് പരസ്പരം പറയുന്നത്. ടി.പി. ചന്ദ്രശേഖരനെ കൊലചെയ്ത സംഘത്തിലെ പ്രധാനികളായ
കൊടിസുനി, മുഹമ്മദ് ഷാഫി എന്നിവരാണ്  സംഘത്തിന്റെയും നായകർ. ഇവരെയാണ് പാർട്ടി എന്ന് സംഭാഷണത്തിൽ സൂചിപ്പിക്കുന്നത്.
ഇവർ റിക്രൂട്ടുചെയ്ത ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി എന്നിവരുടെ പേരും ഉൾപ്പെടുന്ന സംഭാഷണമാണ് ‘മാതൃഭൂമി’ ന്യൂസ്‌ പുറത്തുവിട്ടത്. പിടിക്കപ്പെടാതിരിക്കാനാണ് പാർട്ടിക്ക് ഒരുപങ്ക് നീക്കിവെക്കുന്നതെന്നും എന്തെങ്കിലുംപ്രശ്നമുണ്ടായാൽ നമ്മുടെ പിള്ളേരാണെന്നുപറഞ്ഞ് കൊടി സുനി രക്ഷിക്കുമെന്നും സംഭാഷണത്തിലുണ്ട്.

57 സെക്കൻഡ് ദൈർഘ്യമുള്ള ഒരുസംഭാഷണം ഇങ്ങനെ:   

“കണ്ണൂർ ജില്ലയിലും  കോഴിക്കോട്ടും എല്ലാമായിട്ട്  കളിക്കുന്നതാരെല്ലാമാണെന്ന്  അറിയില്ലേ, പിന്ന ആരല്ലാരിക്കും, പാർട്ടീന്റെ ആരല്ലാരിക്കും.  അതിനാണ് മൂന്നിൽ ഒന്ന് പാർട്ടിക്കാർക്ക് കൊടുക്കുന്നത്. നിന്നെ പ്രൊട്ടക്ട് ചെയ്യാനാണ്. മനസ്സിലായോ, ഇനിയിപ്പൊ ഒന്നുമില്ലാത്ത ഒരു ഓണറാന്ന് നിനക്ക് സാധനം തരുന്നത്  എന്ന് വിചാരിച്ചാ രണ്ടുമൂന്ന് ദിവസം അന്വേഷിച്ച് വരാൻ നോക്കും. ഏതെങ്കിലുമൊരു ഓണറാണ് ഓന്റെ  ബാക്കിൽ ആരെങ്കിലുമുണ്ട് എന്നറിഞ്ഞാൽ വൈകുന്നേരം ഷാഫീക്കാന്റെ ടീം വന്നന്വേഷിച്ചിട്ട്, ഷാഫീന്റെ ടീമാന്നറിഞ്ഞാൽ പിന്നെ ആ സ്പോട്ടില്  പിന്നെ അന്വേഷിച്ചിട്ട്  കാര്യമില്ലാന്നറിയാം. കിട്ടൂലാന്നറിയാം. നേരെ മറിച്ച് നീ ഒറ്റയ്ക്കാ കൊണ്ടുപോയത്, നിന്റെ ഭാഗത്താരുമില്ല, രണ്ടും മൂന്നും നാലും മാസം കഴിഞ്ഞാലും നിന്നെ പിന്തുടർന്നുകൊണ്ടേയിരിക്കും. വിളിച്ചുപറയും, പാർട്ടിന്റകത്താണെന്ന്, നമ്മളാ എടുത്തിന്, പറ്റിപ്പോയ്, നമ്മള പിള്ളരാണെടുത്തത്. അതുകൊണ്ട് ബേജാറാവണ്ട ആവശ്യൊന്നുമില്ല. ഇത് നടക്കാത്തതൊന്നുമല്ല. ഇങ്ങനത്തെ സംഭവം. ഒരുപാട് ഗെയിം നടന്നിട്ടുണ്ട്. നാലുമാസായിട്ട് ഒരുപാട് ഗെയിം നടന്നിട്ടുണ്ട്’’.

മറ്റൊരു സംഭാഷണം ഇങ്ങനെ:  

“ഒരു പ്രശ്നവും ഇല്ല. ഒരു ഓണറും ബാക്കിൽ  വരില്ല. തന്ന് വിടുന്നവർ നല്ല സാമ്പത്തികമുള്ളയാൾ ആണെങ്കിൽ ഒറ്റത്തവണ കോൾ ചെയ്യും. അല്ലെങ്കിൽ നാട്ടിൽ വന്നിട്ട് ഓന്റെ ചങ്ങായിമാരോട്  അന്വേഷിക്കും. പത്തുപന്ത്രണ്ട് ദിവസം  സാധനം നമ്മുടെ അടുത്തായാൽ കിട്ടൂലാന്ന് അറിഞ്ഞാൽ ഒഴിവാക്കും. അതിനിടയ്ക്ക്‌ എന്തുംചെയ്യും.  അതിനാണ് പാർട്ടിക്കാരെ വെക്കുന്നത്. ഇത്രമാത്രം പറയും; ബോസ്സേ നമ്മുടെ പിള്ളാരാ എടുത്തത്, ഇതിന്റെ ഭാഗമായി ബുദ്ധിമുട്ടിക്കൽ ഉണ്ടായാൽ ഈയൊരുരീതിയിൽ ആയിരിക്കില്ല ബന്ധപ്പെടൽ. അപ്പൊ ഓന്റെ ഭാഗത്ത് ചെക്കന്മാരുണ്ടെന്നറിഞ്ഞാൽ പിന്ന ബുദ്ധിമുട്ടിക്കില്ല”.

കൊടി സുനിയുടെയും ഷാഫിയുടെയും ആജ്ഞാനുവർത്തികളാണ് പോലീസും മറ്റ് അധികൃതരുമെന്ന് അവകാശപ്പെടുന്ന സംഭാഷണം ഇങ്ങനെ:

“ എയർപോർട്ടിൽ നമ്മുടെ ടീം കൂട്ടാൻ വരും. നീ വന്ന് വണ്ടിയിൽ കയറുകയേ വേണ്ടൂ...ഷാഫിക്കയോ, ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ. ഇവരിൽ മൂന്നിൽ രണ്ടാൾ ഒരുമിച്ചുണ്ടാവും. പിന്നെ എന്റെയൊരു അനിയനും ഉണ്ടാവും. മൂന്നിൽ ഒന്ന് പാർട്ടിക്കായി വെക്കുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്.”

“ ഗോൾഡിന്റെ ടീം അന്വേഷിക്കുകയാണെങ്കിൽ ഷാഫിക്കാനേക്കൊണ്ടോ സുനിയേട്ടനെ കൊണ്ടോ വിളിപ്പിക്കും. നമ്മളെ പിള്ളേരാണ് പറ്റിപ്പോയി, ആ ഭാഗം നോക്കണ്ടാന്ന്, പിന്നെ വീണ്ടും വരുകയാണെങ്കിൽ ഡയറക്ട്  അവരെപ്പോയി കാണും. ആ കാണുന്നതിന്‌ കൊടുക്കുന്നതാണ് മൂന്നിലൊരുഭാഗം. അതായത് ഷാഫിക്ക, ജിജോ തില്ലങ്കേരി എന്നിവർക്കെല്ലാം കൊടുക്കുന്നത്, നിന്നെ സേവ്  ചെയ്യാനാണത്’’


‘കൊടി’യിൽനിന്ന്   ആകാശ് തില്ലങ്കേരിയിലേക്ക്

ഷുഹൈബ് വധത്തിനുശേഷമാണ് ആകാശ് തില്ലങ്കേരി ക്രിമിനൽ ബ്രാൻഡ് നെയിമായി മാറിയതെന്നാണ് പോലീസ് പറയുന്നത്. ദുബായിൽനിന്ന് കാരിയർമാരെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളിൽനിന്ന് വിവരം ചോർന്നുകിട്ടുന്ന തലത്തിലേക്കുവരെ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും വളർന്നു കഴിഞ്ഞെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന

ഒന്നരമാസംമുമ്പ്‌ കണ്ണൂർ വിമാനത്താവളം വഴി കാസർകോട്ടുകാരനുവേണ്ടി കൊണ്ടുവന്ന മൂന്നുകിലോ സ്വർണം എത്തിയത് ആകാശ് തില്ലങ്കേരിയുടെ കൈകളിലേക്കായിരുന്നു. കാരിയറെ സ്വാധീനിക്കാൻ കഴിയാതെവന്നതുകൊണ്ട് ആകാശും സംഘവും വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സ്വർണക്കടത്തുകാരുടെ കൈയിൽ ഉടൻ പെടാതിരിക്കാൻ രണ്ടാഴ്ചയോളമാണ് കാരിയറെ ഒളിവിൽ പാർപ്പിച്ചത്. പോലീസിന് വിവരം ലഭിച്ചെങ്കിലും സ്വർണം നഷ്ടപ്പെട്ടവർ പരാതി നൽകാത്തതിനാൽ നടപടിയെടുക്കാനും കഴിഞ്ഞില്ല. സ്വർണക്കടത്തുകാർ കാരിയറെ ബന്ധപ്പെട്ടപ്പോൾ ആകാശ് തില്ലങ്കേരിയാണ് ഫോണിൽ മറുപടി നൽകിയത്. തന്റെ കൈയിലാണ്, സാധനം തിരഞ്ഞുവരേണ്ടെന്ന് മറുപടിലഭിച്ചതോടെ കാസർകോട്ടുകാർ ശ്രമം ഉപേക്ഷിച്ചെന്നാണ് സൂചന.

ക്വട്ടേഷൻ പങ്കാളിയായ അർജുൻ ആയങ്കിയില്ലാതെയായിരുന്നു ആകാശിന്റെ ഈ ഓപ്പറേഷനെന്നാണ് പോലീസിന് ലഭിച്ച വിവരം. കൊടിസുനിയുൾപ്പെടെയുള്ള രാഷ്ട്രീയ ക്രിമിനൽ സംഘങ്ങളാണ് ഇത്തരം തട്ടിക്കൊണ്ടുപോകലുകളിൽ സജീവമായിട്ടുള്ളത്. ആകാശ് തില്ലങ്കേരി സ്വർണക്കടത്ത് പൊട്ടിക്കൽ സംഘത്തിലുണ്ടെന്ന് രണ്ടുവർഷംമുമ്പാണ് പോലീസിന് വിവരം ലഭിച്ചത്. അതുകൊണ്ട് ആകാശിന്റെ ഓരോ നീക്കവും അവർ നിരീക്ഷിച്ചിരുന്നു. പക്ഷേ, ഒരു പരാതി പോലുമില്ലാത്തതിനാൽ ഒട്ടേറെ ഓപ്പറേഷനുകൾ നടത്തിയിട്ടും ഒരുകേസിലും പെട്ടില്ല. തില്ലങ്കേരിയുടെ സമീപ പ്രദേശങ്ങളായ മുഴക്കുന്ന്, മുടക്കോഴിമല, പെരിങ്ങാലം എന്നിവിടങ്ങളിലും കാസർകോട് ജില്ലയുടെ ചില പ്രദേശങ്ങളിലുമാണ് കാരിയർമാരെ ഒളിവിൽ പാർപ്പിക്കുന്നതെന്നാണ് സൂചന.

പാർട്ടിഗ്രാമങ്ങളായതിനാൽ പുറത്തുനിന്നാരും ഇവിടേക്ക് എത്തുകയുമില്ല. ആകാശിന് വീരപരിവേഷമുള്ളതുകൊണ്ട് എന്തു സഹായവും ചെയ്തുകൊടുക്കാൻ ആളുകളുമുണ്ട്. ആകാശിനു മാത്രമല്ല, അയാളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ  തില്ലങ്കേരിയിൽനിന്നുള്ള സൈബർസഖാക്കളായ ജിജോ തില്ലങ്കേരിക്കും രജീഷ് തില്ലങ്കേരിക്കും സ്വർണം തട്ടിക്കൊണ്ടുപോവുന്നതിൽ പങ്കുണ്ടെന്ന രീതിയിലുള്ള ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. കൊടിസുനി ജയിലിൽനിന്ന് ആസൂത്രണംചെയ്യുന്ന ഓപ്പറേഷനുകളിലും ഇവർ പങ്കാളികളാവുന്നു എന്ന സൂചനയാണ് ശബ്ദസന്ദേശത്തിലുള്ളത്. ശബ്ദസന്ദേശത്തിന്റെ ഉറവിടം വ്യക്തമല്ലെങ്കിലും കാരിയർക്ക് ഇവരുടെ സംഘത്തിൽപ്പെട്ടവർ അയച്ചതാണിത്. ഇവർ ഒറ്റയ്ക്കും കൊടിസുനിയുടെ സഹായത്തോടെയുമെല്ലാം ഓപ്പറേഷനുകളിൽ പങ്കാളിയായിട്ടുണ്ട്. കൊടിസുനി ജയിലിൽനിന്ന് ആസൂത്രണം ചെയ്ത, തിരുനെല്ലിയിൽവെച്ച് അഞ്ചുകോടി തട്ടിയെടുത്ത സംഭവത്തിലും ആകാശ് തില്ലങ്കേരിയുടെ പങ്കു പുറത്തുവന്നിരുന്നു.

ആകാശിന് പറയത്തക്ക വരുമാന മാർഗമുള്ള ഒരു ജോലിയുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പക്ഷേ, പലപ്പോഴും ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങളിലാണ് ആകാശിന്റെ സഞ്ചാരം. ആകാശ് തില്ലങ്കേരിയെ സംരക്ഷിച്ചു നിർത്തുന്നതിനെതിരേ പ്രദേശത്തെ ഒരുവിഭാഗം നേതാക്കൾക്കിടയിൽ നേരത്തേതന്നെ കടുത്ത എതിർപ്പുണ്ടായിരുന്നു. പാർട്ടിയുടെ നിയന്ത്രണത്തിനപ്പുറത്തുള്ള ചില പ്രവർത്തനങ്ങളിൽ ഇടപെട്ടതോടെ ആകാശിന് ഏറ്റവും അടുപ്പമുള്ള പ്രമുഖനായ ഒരുനേതാവിടപെട്ട് പാർട്ടി ഓഫീസിലെ  ജീവനക്കാരനാക്കി തിരുവനന്തപുരത്തേക്ക് അയച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നിട്ടും പ്രശ്നങ്ങളുണ്ടായതോടെയാണ് പരസ്യമായി തള്ളിപ്പറയുകയും മാറ്റിനിർത്തുകയുമൊക്കെ ചെയ്യേണ്ടിവന്നത്.

കണ്ണൂർ വിമാനത്താവളം എന്ന പറുദീസ

കണ്ണൂർ വിമാനത്താവളം വഴി ആര് സ്വർണം കടത്തിയാലും കൊടിസുനിയുടെ നേതൃത്വത്തിലുൾപ്പെടെയുള്ള ക്വട്ടേഷൻ സംഘങ്ങളുടെ കൈയിലെത്തുമെന്നതാണ് ഇപ്പോഴുള്ള അവസ്ഥ. കഴിഞ്ഞ മാർച്ചിൽ ദുബായിൽനിന്ന് നാദാപുരം തെരുവൻപറമ്പിലെ ഒരു ചെറുകിടസംഘം എത്തിക്കാൻ ശ്രമിച്ച 56 ലക്ഷം രൂപയുടെ സ്വർണം കാരിയറെ സ്വാധീനിച്ചാണ് കൊടിസുനിയുടെ സംഘം തട്ടിയെടുത്തത്. കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്നിലുള്ള  ഒരാളായിരുന്നു കാരിയർ. അടുത്ത പ്രദേശത്തുകാരനാണല്ലോ എന്ന ധൈര്യത്തിൽ സ്വർണം കൊടുത്തയച്ചെങ്കിലും അയാൾതന്നെ കൊടിസുനിയുടെ സംഘത്തിന് വിവരം ചോർത്തിക്കൊടുക്കുകയായിരുന്നു. തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും ക്വട്ടേഷൻസംഘം ഭീഷണിപ്പെടുത്തി. ദുബായിൽനിന്ന് വന്ന കാരിയർ പത്തുദിവസത്തിനു ശേഷമാണ് വീട്ടിലെത്തിയത്. അത്രയും ദിവസം ക്വട്ടേഷൻ സംഘം മാറ്റിനിർത്തുകയായിരുന്നു.