• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Features
More
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

ദണ്ഡി പാതയിലൂടെ ഒരിക്കൽകൂടി

Mar 11, 2020, 11:55 PM IST
A A A

അഹമ്മദാബാദിൽനിന്ന്‌ അധികമൊന്നും ദൂരെയല്ലാത്ത ബാദൽപ്പുരിൽ ഉപ്പുതടങ്ങളുണ്ടായിട്ടും ദണ്ഡി വരെ ഗാന്ധിജി നടന്നത് അദ്ദേഹത്തിന് ഉപ്പുനിയമം ലംഘിക്കാനുള്ള ഈ സമരം ഒരു രാഷ്ട്രീയപ്രവർത്തനത്തിലുപരി തീർഥയാത്രയും പ്രാർഥനയും ആയതുകൊണ്ടാണ്.

# ശ്രീകാന്ത് കോട്ടയ്ക്കൽ
mahatma gandhi
X

മുംബൈ സ്വദേശി ഇരുപത് വയസ്സുകാരനായ ഡ്രൈവർ ശേഖറും ഇരുപത്തിമൂന്ന് വയസ്സുകാരനായ  ഗുജറാത്തി ഫോട്ടോഗ്രാഫർ ബന്ദിഷ് റാവലുമായിരുന്നു ദണ്ഡി കടലോരത്തേക്കുള്ള  സഹയാത്രികർ.  ശേഖർ മഹാത്മാഗാന്ധി എന്ന പേര് കേട്ടിട്ടുണ്ട് എന്നേയുള്ളൂ, മറ്റൊന്നുമറിയില്ല. ബന്ദിഷിന് സ്വന്തം നാട്ടുകാരനായ ഗാന്ധിയെക്കുറിച്ചറിയാം പക്ഷേ, അദ്ദേഹവുമായി ഒരുപാട് ‘അഭിപ്രായവ്യത്യാസങ്ങ’ളുണ്ട്. കല്യാണംകൂടാൻ തിരുവനന്തപുരത്ത് രണ്ടുതവണ വന്നിട്ടുണ്ടെങ്കിലും തന്റെ നാട്ടിലുള്ള ദണ്ഡിയിലേക്ക്  ആദ്യമായാണ് പോകുന്നത് എന്ന് ആ യുവാവ് അല്പം ചമ്മലോടെ സമ്മതിച്ചു. ഈ യുവാക്കൾക്കൊപ്പം  അഹമ്മദാബാദ് നഗരത്തിലെ  
ബോപ്പലിൽനിന്നും ദണ്ഡിയാത്ര ആരംഭിച്ചു. 

ദക്ഷിണാഫ്രിക്കയിൽനിന്ന്‌ തിരിച്ചെത്തിയതിന് ശേഷമുള്ള ഗാന്ധിജിയുടെ ഇന്ത്യൻ ജീവിതത്തിലെ ആദ്യരണ്ട് ആശ്രമങ്ങളുടെ (കോച്‌റബും സാബർമതിയും) നഗരമായ അഹമ്മദാബാദ് ഉണർന്നുവരുന്നതേയുള്ളൂ. മറ്റേതൊക്കെയോ നഗരങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും ടൂറിസ്റ്റ് ബസുകളിൽ വന്നിറങ്ങിയ മനുഷ്യർ വിളക്കുകാലുകൾ ചിതറുന്ന സോഡിയം വെളിച്ചത്തിൽക്കുളിച്ച് ഉറക്കച്ചടവോടെ നിൽക്കുന്നു. അതിൽ തൊഴിൽതേടി നഗരത്തിലെത്തിയവരും ഒരാഴ്ചത്തെ മറുദേശ ജോലിക്കുശേഷം വാരാന്ത്യത്തിൽ സ്വന്തം നഗരത്തിലെത്തിയവരും രോഗികളും കച്ചവടക്കാരുമെല്ലാമുണ്ടായിരുന്നു. ആ സംഘങ്ങളെക്കടന്ന് അരമണിക്കൂറിലധികം ഓടിയ കാർ മണിനഗറും കഴിഞ്ഞ് മുന്നോട്ടുപോയി ഒരു ജങ്‌ഷനിൽനിന്ന്‌ വലത്തോട്ട് തിരിഞ്ഞു. ഇവിടെ ദേശീയ എക്സ്പ്രസ് ഹൈവേ തുടങ്ങുന്നു. ‘മഹാത്മാഗാന്ധി എക്സ്പ്രസ് ഹൈവേ’ എന്നാണ് ഈ രാജപാതയുടെ പേര്. അത് ബോംബെയിലേക്ക് നീളുന്നു; വഴിയിൽനിന്ന് ബറോഡയിലേക്കും സൂറത്തിലേക്കും ദണ്ഡിയിലേക്കുമെല്ലാം പിരിയുന്നു. ഗാന്ധിജിയും എഴുപത്തിയൊമ്പത് പേരടങ്ങുന്ന അദ്ദേഹത്തിന്റെ സംഘവും ഇരുപത്തിനാല് ദിവസംകൊണ്ട് നടന്നുതാണ്ടിയ വഴികളെ നെടുകെപ്പിളർന്നാണ് എക്സ്പ്രസ്‌ ഹൈവേ കടന്നുപോകുന്നത്!

നെടുകെ വിഭജിച്ച്, ഇരുവശങ്ങളിലൂടെയുമുള്ള റോഡ്. ചീറിപ്പായുന്ന വാഹനങ്ങൾ; കൂടുതലും ട്രക്കുകളാണ്. അവയുടെ വെളിച്ചത്തിൽക്കുളിച്ച് അരമണിക്കൂറിലധികം ഓടിയപ്പോൾ, ദൂരെ തുടുപ്പോടെ സൂര്യോദയം. ഇളംമഞ്ഞിലൂടെ ചിതറിയ പ്രഭാതപ്രകാശത്തിൽ, രാജവീഥിയുടെ ഉയരങ്ങൾക്കുതാഴെ ഇരുവശവും തനി ഗുജറാത്തി ഗ്രാമങ്ങൾ. മണ്ണ് മാടിയ ചുമരും പുല്ലുമേഞ്ഞ മേൽക്കൂരകളും. മുറ്റത്തെ കയർബെഞ്ചിൽ കമ്പിളി പുതച്ചുറങ്ങുന്ന മനുഷ്യർ. കിടക്കുകയും നിൽക്കുകയും ചെയ്യുന്ന എരുമകൾ; എഴുന്നേറ്റ് വരുന്ന സ്ത്രീ-പുരുഷന്മാർ. ഈ ഗ്രാമങ്ങളിലെ മൺപാതകളിലൂടെയാണ് തന്റെ പ്രിയപ്പെട്ട ആശ്രമവാസികളുമായി ഗാന്ധിജി ദണ്ഡിയിലേക്ക് നടന്നത്. ഈ ഗ്രാമങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഇടത്താവളങ്ങൾ. അസലാലി, ബവേജ, നവഗാം, നദിയാദിലെ ദഭാൻ, രാസ്, ദെഹ്‌വാൻ, അങ്കാലേശ്വർ, ദെറോൾ, ആമോദ്, കൈറ, ബ്രോച്, ഭത്ഗാം, നവസാരി... പിന്നെ ദണ്ഡി. പലയിടങ്ങളിലും അദ്ദേഹം പ്രസംഗിച്ചു; പലയിടങ്ങളിലും പാർത്തു. എന്നാൽ, തൊണ്ണൂറ് വർഷങ്ങൾക്കിപ്പുറം, വെട്ടിത്തിളങ്ങുന്ന എക്സ്പ്രസ് ഹൈവേയിൽനിന്നുനോക്കുമ്പോൾ ഈ ഗ്രാമങ്ങളൊക്കെ എവിടെയൊക്കെയോ ആണ്. ആ കാൽപ്പാടുകളും അവ ചെന്നെത്തിയ ഇടങ്ങളിൽ മിക്കതും മാഞ്ഞുപോയിരിക്കുന്നു. അതോർക്കുന്ന തലമുറ അരങ്ങൊഴിഞ്ഞിരിക്കുന്നു. അതിവേഗം പായുന്ന ഈ മനുഷ്യരിൽ ആരോട് ചോദിക്കാൻ?എങ്കിലും യാത്ര തുടർന്നു.
‘‘എന്തിനാണ് ഗാന്ധി ബാപ്പു ഉപ്പുകുറുക്കാൻ സാബർമതിയിൽനിന്ന് നാനൂറ്റിയമ്പത് കിലോമീറ്റർ ദൂരെയുള്ള ദണ്ഡിവരെപ്പോയത്?’’ -ഒന്നര മണിക്കൂർ ദിശതിരിയാതെ ഓടിയതിന്റെ അസ്വസ്ഥതകൊണ്ടാവണം ബന്ദിഷിന്റെ ഈ ചോദ്യം.

അഹമ്മദാബാദിൽനിന്ന്‌ അധികമൊന്നും ദൂരെയല്ലാത്ത ബാദൽപ്പുരിൽ ഉപ്പുതടങ്ങളുണ്ടായിട്ടും ദണ്ഡി വരെ ഗാന്ധിജി നടന്നത് അദ്ദേഹത്തിന് ഉപ്പുനിയമം ലംഘിക്കാനുള്ള ഈ സമരം ഒരു രാഷ്ട്രീയപ്രവർത്തനത്തിലുപരി തീർഥയാത്രയും പ്രാർഥനയും ആയതുകൊണ്ടാണ്. വലിയ തയ്യാറെടുപ്പുകളാണ് ഗാന്ധിജി ഈ യാത്രയ്ക്കുവേണ്ടി നടത്തിയത്. നടന്നുപോകേണ്ട വഴി കൃത്യമായി തീരുമാനിച്ചു, ഓരോദിവസവും എത്തിച്ചേരേണ്ട ഗ്രാമങ്ങൾ നിശ്ചയിച്ചു, സംഘം എത്തിച്ചേരുമ്പോൾ സ്വീകരിക്കുന്നവർ ചെയ്യേണ്ട ലളിതമായ ഒരുക്കങ്ങൾക്ക് നിർദേശം നൽകി, ഭക്ഷണത്തിന്റെ മെനുവരെ നൽകി, ഓരോ ഗ്രാമത്തിലും എത്ര മദ്യശാലകളുണ്ടെന്നും എത്ര തൊട്ടുകൂടാത്തവർ ഉണ്ടെന്നും കണക്കെടുത്തു... ഉപ്പുനിയമം ലംഘിക്കുന്നതിനൊപ്പം ഗ്രാമങ്ങളെ ഉണർത്തുക എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നത് എന്ന് അനുഭവിച്ചറിഞ്ഞ ഒരാൾക്കുമാത്രം ചെയ്യാവുന്ന കാര്യം. സാബർമതി ആശ്രമത്തിൽനിന്നും താനിറങ്ങി നടന്നാൽ ഗ്രാമങ്ങൾ തനിക്ക്‌ പിറകേ ഉണർന്നൊഴുകിവരും എന്ന അപാരമായ ആത്മവിശ്വാസം ഗാന്ധിജിക്കുണ്ടായിരുന്നു. ആ ജനം പെരുകിപ്പെരുകി കടൽത്തീരത്തെത്തുമ്പോൾ അത് മറ്റൊരു കടലാവുമെന്നും അത് കണ്ട് ബ്രിട്ടീഷ് സാമ്രാജ്യം വിറച്ചുലയുമെന്നും ലോകം കണ്ട എക്കാലത്തെയും വലിയ ക്രൗഡ് മാനേജരായ ഗാന്ധിജിക്കറിയാമായിരുന്നു. അതുകൊണ്ടാണ് നെഹ്രു അടക്കമുള്ളവർ സംശയം പ്രകടിപ്പിച്ചിട്ടും സരോജിനിനായിഡു പരിഹസിച്ചിട്ടും ഗാന്ധിജി തന്റെ യാത്ര തുടങ്ങിയതും തുടർന്നതും. ഗാന്ധിജിയുടെ ആത്മവിശ്വാസം യാഥാർഥ്യമായി. സരോജിനി നായിഡു അടക്കമുള്ളവർ അമ്പരന്ന് ദണ്ഡിയിലേക്കോടിയെത്തി ഫോട്ടോയിലിടംപിടിച്ചു എന്നത് ചരിത്രം. -ബന്ദിഷ് നിസ്സംഗമായി കേട്ടിരുന്നു; പല്ലിനടിയിൽ െവച്ച ഗുഡ്ക ആഞ്ഞുചവച്ച് ശേഖർ വണ്ടിയോടിച്ചു. കാറിനുപുറത്ത് പകൽ പ്രസന്നമായി പരന്നുകഴിഞ്ഞു.

നദിയാദിലെ സന്ത് റാം മന്ദിർ; ബോർസാദിലെ സ്കൂൾ

എക്സ്പ്രസ് ഹൈവേയിലൂടെ പോയാൽ ദണ്ഡീപഥം കണ്ടെത്തലുണ്ടാവില്ല എന്നുറച്ചപ്പോൾ എവിടെയോ വെച്ച് ഞങ്ങൾ സർവീസ് റോഡിലേക്കിറങ്ങി ഗ്രാമങ്ങളിലേക്ക്‌ പ്രവേശിച്ചു. നദിയാദ്, സർദാർ പട്ടേലിന്റെ ജന്മദേശം. നിഷ്കളങ്കമായ വയലുകൾ; ചെറിയ ചെറിയ അങ്ങാടികൾ. അത്തരം ഒരങ്ങാടിയിലെ ജങ്‌ഷന് സമീപമാണ് സന്ത് റാം മന്ദിർ. അവധൂത ഗണത്തിൽപ്പെട്ട സന്ത് റാം മഹരാജ് 1872-ൽ സ്ഥാപിച്ച ഈ ക്ഷേത്രത്തിൽ തന്റെ പദയാത്രാവേളയിൽ ഗാന്ധിജി എത്തിയിരുന്നു. പ്രാദേശികചരിത്രം പറയുന്നതിങ്ങനെ: ക്ഷേത്രത്തിലെ അക്കാലത്തെ പ്രധാനപുരോഹിതൻ ജാനകി ദാസ് മഹരാജ് മഹാത്മാഗാന്ധിയെ സ്വീകരിക്കാൻ പുറത്തേക്കുവന്നു. മഹന്തായി നിയമിക്കപ്പെട്ടുകഴിഞ്ഞാൽ ക്ഷേത്രത്തിന് പുറത്തുവരരുത് എന്നാണ് നിയമം. ചരിത്രത്തിൽ ആദ്യമായി അത് ലംഘിക്കപ്പെട്ടു -ഗാന്ധിജിക്കു വേണ്ടി.
പ്രാവുകൾ കുറുകിനിരന്ന വിശാലമായ മുറ്റവും ദീർഘമായ ഇടനാഴികളും വിശാലമായ ആരാധനാമുറികളുമുള്ള മന്ദിരം ഒരു ഉപവനത്തിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനൊപ്പം കണ്ണാശുപത്രി മുതൽ റേഡിയോളജി കേന്ദ്രം വരെയുള്ള ജനോപകാര സ്ഥാപനങ്ങൾ ട്രസ്റ്റി നടത്തുന്നു.

പ്രഭാതപ്രാർഥനയുടെ സമയമായിരുന്നു. ഉൾത്തളങ്ങളിൽനിന്നും ഒഴുകിയെത്തുന്ന ഭജൻ. വരുകയും പോകുകയും ചെയ്യുന്ന ഭക്തർ. ആരോടുചോദിച്ചിട്ടും ഗാന്ധിജിയുടെ സന്ദർശനത്തെക്കുറിച്ച് ഒന്നുമറിയില്ല. കവാടത്തിൽ പ്രസാദം വിതരണം ചെയ്തിരുന്നയാളോട് ചോദിച്ചപ്പോൾ അയാൾ രൂക്ഷമായി നോക്കി. എന്നിട്ടുപറഞ്ഞു:
‘‘ഗാന്ധിയോ എത് ഗാന്ധി? ഇത് ക്ഷേത്രമാണ്’’
ഗാന്ധിജിയുടെ ക്ഷേത്രദർശനത്തെക്കുറിച്ച് ഒരു വരിപോലും എവിടെയുമില്ല. ഒരുതരത്തിൽപ്പറഞ്ഞാൽ അവധൂതഗണത്തിൽപ്പെട്ട ഒരാളായിട്ടും അദ്ദേഹത്തിന് ഒരു പരിഗണനപോലും സന്ത്രാം മന്ദിരത്തിൽ നൽകിയിട്ടില്ല. എല്ലാവരെയും നമസ്കരിച്ച് അങ്ങാടിയിലെത്തി ഒരു ഉഗ്രൻ ഗുജറാത്തി ചായ കുടിച്ച് യാത്ര തുടർന്നു.

ഗ്രാമത്തിനും ചെറുപട്ടണത്തിനും ഇടയിൽക്കുടുങ്ങിപ്പോയ സ്ഥലമാണ് ബോർസാദ്. അങ്ങോട്ടുള്ള വഴികളിൽ വടികുത്തി നടക്കുന്ന ഗാന്ധിജിയുടെ ചിത്രസഹിതം ‘ദണ്ഡിപാത്ത്’ എന്ന ബോർഡുകണ്ടു. ആദ്യമായാണ് ദണ്ഡീപഥം അടയാളപ്പെടുത്തിക്കാണുന്നത്. യാത്രയുടെ ആറാം ദിവസമാണ് ഗാന്ധിജി ബോർസാദിലെത്തുന്നത്. സർദാർ പട്ടേൽ ആദ്യ ട്രസ്റ്റിയായ ജെ.ഡി. പട്ടേൽ സ്കൂളിൽ ഗാന്ധിജി അന്ന് ഒരു ചെറുപ്രസംഗം നടത്തിയെന്ന് 
സാബർമതി ആശ്രമത്തിലെ രേഖകളിലുണ്ട്. സ്കൂൾ എല്ലാവർക്കുമറിയാം. വൃത്തിരഹിതമായ ഒരു ജനവാസകേന്ദ്രത്തിലേക്ക് തിരിയുന്ന സ്ഥലത്ത് കൊളോണിയൽ ശൈലിയിലുള്ള ഒരു പഴയ കെട്ടിടം. നൂറ്റാണ്ടിലധികം പഴക്കമുണ്ട് എന്ന് ഒറ്റ നോട്ടത്തിലറിയാം. ചുമരുകൾ അടർന്നുതുടങ്ങിയെങ്കിലും കെട്ടിടം കരുത്തോടെ നിൽക്കുന്നു. അതിന്റെ മുറ്റത്ത് ഗാന്ധിജിയുടെ മുഖം മാത്രമുള്ള ഒരു പ്രതിമ. ആ പ്രതിമയ്ക്ക് പിറകിലുള്ള ബാൽക്കണിയിൽനിന്നാണ് ഗാന്ധിജി ജനങ്ങളോട് സംസാരിച്ചത്. അതുവരെയുള്ള സ്കൂൾ ട്രസ്റ്റികളുടെ പേര് നിരനിരയായി എഴുതിയിട്ടുണ്ടെങ്കിലും ഗാന്ധിജിയെക്കുറിച്ച് ഒരുവരിപോലും കണ്ടില്ല. അതിരാവിലെ ആയതുകൊണ്ട് കാവൽക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എട്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്കൂളിന് ഗാന്ധിജിയുമായി എന്തോ ബന്ധമുണ്ട് എന്നുമാത്രമേ അയാൾക്കറിയൂ. അവിടെക്കണ്ട എല്ലാവർക്കും അത്രയൊക്കെയേ  അറിയുമായിരുന്നുള്ളൂ. ദണ്ഡിയാത്രയുടെ ഓർമ കാഴ്ചയിലെങ്കിലും നിലനിർത്തുന്ന ഈ കെട്ടിടം ഇനി എത്രകാലം എന്ന ചോദ്യമേ ബോർസാദ് ബാക്കിയാക്കുന്നുള്ളൂ.

ദണ്ഡിയിലെ ഉപ്പ് 

പാഴ്‌സി മതവിഭാഗത്തിന് ഇപ്പോഴും ആഴത്തിൽ വേരുകളുള്ള നവസാരിയിലെ തിരക്കുകൾ പിന്നിട്ട് ഒരു മുഷിഞ്ഞ അങ്ങാടിയിലെത്തിയപ്പോൾ അവിടെയതാ ഒരു ഗാന്ധിപ്രതിമ. ഗാന്ധിജി നോക്കിനിൽക്കുന്നത് ദണ്ഡി പൈതൃകപാതയിലേക്കാണ്. കടപ്പുറത്തേക്കുള്ള വഴിയാണിത്. വേടുകൾ തൂങ്ങിനിൽക്കുന്ന മുതുമുത്തച്ഛൻ ആൽമരങ്ങളും തണൽവിരിക്കുന്ന മരങ്ങളും അതിരിടുന്ന അതിമനോഹരപാത. കടലടുക്കുന്നു എന്നതിന്റെ ലക്ഷണം കാണിക്കാതെ പൂഴിമണൽ കലരാത്ത കറുത്ത മണ്ണ്. കടൽക്കരയിലേക്ക് കാറ്റുകൊള്ളാൻ സംഘം ചേർന്നുപോകുന്ന ടൂറിസ്റ്റുകൾ. ചിലയിടങ്ങൾ ഗോവയെ അനുസ്മരിപ്പിച്ചു.
വഴി ചെന്നവസാനിക്കുന്നത് ദണ്ഡി കടപ്പുറത്താണ്. ശൂന്യമായ കടപ്പുറം. കാറ്റുകൊള്ളാനെത്തിയ കുടുംബങ്ങൾ. കടലോരത്ത് ടൂറിസ്റ്റുകളെ ലാക്കാക്കി ഉണ്ടാക്കിയ അല്പം കടകൾ. ഇങ്ങോട്ട് വരുന്നരിൽ ഭൂരിഭാഗവും ഇവിടെ വന്ന് തിരിച്ചുപോവുന്നു. ദണ്ഡി അവർക്ക് വെറുമൊരു കടൽത്തീരം മാത്രം. കടൽത്തീരത്തെത്തുന്നതിനുമുമ്പ് വലത്തോട്ട് തിരിഞ്ഞുപോകുന്ന വഴി ചെന്നവസാനിക്കുന്ന സ്ഥലത്താണ് ഗാന്ധിജി ഏപ്രിൽ 6-ന് ഉപ്പുകുറുക്കിയത്. അതിലാർക്കും വലിയ താത്‌പര്യമില്ല. അവിടെ, കടലിനോടുചേർന്ന് കാലത്തിന്റെ കാറ്റുകൊണ്ടുനിൽക്കുന്ന സൈഫി വില്ല എന്ന പ്രൗഢഭവനം. ഉപ്പുകുറുക്കുന്നതിന് തലേദിവസം ഇവിടെയാണ് ഗാന്ധിജിയും സംഘവും താമസിച്ചത്. ദാവൂദി ബോറ വിഭാഗത്തിലെ സയ്ദ്‌നാ താഹിർ സൈഫുദ്ദീൻ സാഹിബിന്റേതായിരുന്നു ഈ വീട്. 1961-ൽ അവർ ഇത് നെഹ്രുവിന്റെ വാക്കുമാനിച്ച് ദേശീയ പൈതൃകമായി രാജ്യത്തിന് രജിസ്റ്റർ ചെയ്തുകൊടുത്തു.

സെയ്ഫിവില്ല

സെയ്ഫിവില്ല മനോഹരമായ കാത്തുസൂക്ഷിച്ചിരിക്കുന്നു. നിറയെ മരങ്ങൾകൊണ്ട് പണിത വീട്. കാവിപൂശിയ നിലം. തണുപ്പ് തങ്ങിനിൽക്കുന്ന മച്ചുകൾ. വീടിന്റെ രാജകീയമായ മുകൾത്തട്ടിൽനിന്ന് നോക്കിയാൽ അറബിക്കടലിന്റെ ഗംഭീരകാഴ്ച. അക്കാലത്ത് സാധാരണഗതിയിൽ ഇരുനൂറിലധികം ആളുകളില്ലാത്ത ഈ പാവം മത്സ്യബന്ധനഗ്രാമത്തിലേക്കാണ് ഗാന്ധിജിയുടെ പിറകെ പതിനായിരക്കണക്കിന് മനുഷ്യർ ഒഴുകിയെത്തിയത്. അക്കൂട്ടത്തിൽ ഗ്രാമീണർ മുതൽ അസംഖ്യം വിദേശമാധ്യമപ്രവർത്തകർ വരെയുണ്ടായിരുന്നു. എല്ലാവരെയും സാക്ഷി നിർത്തി, ഈ വീടിന് മുന്നിലെ തീരത്തുെവച്ച് ഗാന്ധിജി തന്റെ ഉള്ളംെെകയിൽ ഒരുപിടി ഉപ്പുവാരി, ധാർഷ്ട്യം നിറഞ്ഞ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുഖത്തെറിഞ്ഞു. പാവപ്പെട്ട സാധാരണ ഇന്ത്യൻ ഗ്രാമീണന്റെ ജീവിതത്തെ ഇത്തിരിയധികം സ്വാദിഷ്ഠമാക്കിത്തീർത്തു.
സൈഫിവില്ലയ്ക്ക് തൊട്ടുമുന്നിൽ നല്ലൊരു ഉദ്യാനം ദേശീയ സത്യാഗ്രഹമ്യൂസിയം ഗാന്ധി സ്മൃതി എന്നപേരിൽ ഉണ്ടാക്കിയിരിക്കുന്നു. കഴിഞ്ഞവർഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഉദ്ഘാടനം ചെയ്തത്. ഒന്നാംതരം ഒരു ജലാശയത്തിന് ചുറ്റുമായി സിദ്ധാർഥ്‌ സാഥെ എന്ന നാൽപ്പത്തിയഞ്ച് വയസ്സുകാരൻ ശില്പി ചെമ്പിൽ തീർഥദണ്ഡിയാത്രാ ശില്പങ്ങളും ഗാന്ധിയുടെ വലിയ ശില്പവും. സാഥെയുടെ കീഴിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ബൾഗേറിയ, മ്യാൻമാർ, ജപ്പാൻ, ശ്രീലങ്ക, ടിബറ്റ്, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നാൽപ്പത് ശില്പികളാണ് ഇവ തീർത്തത്. ഒരാൾ രണ്ട് ശില്പം വീതം ചെയ്തു. ജീവനുള്ളതുപോലെ അവ നിൽക്കുന്നു -ഗാന്ധിജിയും സംഘവും. അതിൽ ഇരുപത്തിയഞ്ച് വയസ്സുകാരായ അഞ്ച്‌ മലയാളികളുമുണ്ട്: ശങ്കരനും കൃഷ്ണൻനായരും ടൈറ്റസ്ജിയും. ശില്പങ്ങൾക്കപ്പുറം ഉപ്പുകുറുക്കുന്ന രീതിയും കണ്ടുമനസ്സിലാക്കാം. ദണ്ഡീപഥത്തോട് അല്പമെങ്കിലും നീതി പുലർത്തുന്നത് ഈ സത്യാഗ്രഹമ്യൂസിയം മാത്രമാണ്.

കാരാടിയിലെ അറസ്റ്റ്

ദണ്ഡിയിൽനിന്ന് മടങ്ങുമ്പോഴേക്ക്‌ സൂര്യൻ കടലിലേക്ക്‌ താണുതുടങ്ങുന്നു. തിരിച്ചുവരുന്ന വഴിക്കാണ് കാരാടി എന്ന ഗ്രാമം. ഒരുപാട് ജലാശയങ്ങളോടെ തനി ബംഗാളി ഗ്രാമത്തെ ഓർമിപ്പിക്കുന്ന ഇടം. ഇവിടെ വൃത്തിയുള്ള കുളത്തിന്റെ കരയിൽ മാവിൻചുവട്ടിൽ പുല്ലുകൊണ്ട് മേഞ്ഞ ഒരു കുടിൽ. ഒരാൾക്കതിൽ നിവർന്നുനിൽക്കാൻ സാധിക്കില്ല. 
ഉപ്പുനിയമലംഘനത്തിനുശേഷം ഒരു മാസത്തോളം ഗാന്ധിജി ഇവിടെയാണ് താമസിച്ചത്. ഒടുവിൽ മേയ് അഞ്ചിന് പുലർച്ചെ 12.45-ന് ഗാന്ധിജിയെത്തേടി ഈ കുടിലിന് മുന്നിൽ പോലീസ് എത്തി. മജിസ്‌ട്രേറ്റിനോട് ഗാന്ധിജി പറഞ്ഞു: ‘‘അര മണിക്കൂർ കാത്തുനിൽക്കൂ, ഞാനൊന്ന് പല്ലുതേച്ചോട്ടെ.’’ ഒപ്പമുള്ളവർ പ്രാർഥിച്ചു, പോലീസുകാർ അത് കേട്ടുനിന്നു. തുടർന്ന് അറസ്റ്റുചെയ്ത് ഗാന്ധിജിയെ പുണെയിലെ യെർവാദ ജയിലിലേക്ക് കൊണ്ടുപോയി.എല്ലാം കണ്ട മാവും കുടിലും കുളവും അതേപോലെ നിൽക്കുന്നു-സന്ദർശകർ ആരുമില്ലാതെ.
എക്സ്പ്രസ് ഹൈവേയിലൂടെ തിരിച്ചുപോരുമ്പോൾ രാവേറെയായിരുന്നു. കാറോടിച്ച് പാവം ശേഖർ തളർന്നിരിക്കുന്നു. അപ്പോൾ നടന്ന് ഗാന്ധിജി എത്രമാത്രം തളർന്നിരിക്കും എന്ന് ചോദിച്ചപ്പോൾ അവൻ നിഷ്കളങ്കമായി ചിരിച്ചു. ചീറിപ്പായുന്ന ട്രക്കുകൾ. വഴിയോരഭക്ഷണശാലയിൽ തവറൊട്ടും ബിണ്ടി ഫ്രൈയും കഴിച്ചിരിക്കുമ്പോൾ ബന്ദിഷിന് തോന്നി, ഒന്നിലും ഉപ്പ് പോരാ എന്ന്‌. അവൻ വെയ്റ്ററോട് പറഞ്ഞു: ‘‘ഉപ്പിനെന്താണ് ഒരു പിശുക്ക്? ഇത് ദണ്ഡി പാത്തല്ലേ?’’എന്നിട്ടവൻ കണ്ണിറുക്കിച്ചിരിച്ചു.

ഭത്ഗാമിലെ വിശ്രമകേന്ദ്രം

ബോർസാദിൽനിന്ന്‌ ഗാന്ധിജിയും സംഘവും നടന്നത് കനകപുര, കരേലി, രാസ്, ജംബുസർ, ദരോൾ, ബറൂച്, അങ്കാലേശ്വർ എന്നീ ഗ്രാമങ്ങളിലൂടെയാണ്. ഇരുവശത്തും കാബേജ് വിളയുന്ന വയലുകൾ, ഒറ്റപ്പെട്ട ഓട്ടുകമ്പനികൾ, പന്തലിച്ച അരയാലുകൾ, ശിഖരത്തിൽ കാവിക്കൊടി കെട്ടിയ ക്ഷേത്രങ്ങൾ, ചിറകൾ, മരച്ചോലപ്പാതകൾ... ഗാന്ധിപാത്ത് എന്ന് എവിടെയൊക്കെയോ എഴുതിെവച്ചിട്ടുണ്ട്. 
എന്നാൽ, ഇവിടെയെല്ലാം അദ്ദേഹം പാർത്തതും പ്രാർഥിച്ചതുമായ സ്ഥലങ്ങൾ മിക്കതും കാലപ്രവാഹത്തിൽ മാഞ്ഞുപോയിരിക്കുന്നു. 
കാൽപ്പാടുകൾ ശേഷിക്കാത്ത വഴിയിലൂടെ അലഞ്ഞലഞ്ഞ് പകലിന്റെ പകുതിയും കഴിഞ്ഞു. യാത്രയ്ക്കിടെ ഗാന്ധിജിക്ക് വയറിന് അസുഖംവന്ന് കിടപ്പിലായിപ്പോയ ബ്രോച്, ഇന്നും പൊടിപിടിച്ച പട്ടണമാണ്. പണിനടക്കുന്ന ഓവർബ്രിഡ്ജുകളാണ് സ്വാഗതമോതുന്നത്. നർമദാനദിക്കുമുകളിലുള്ള നൂറ്റാണ്ട് പിന്നിട്ട ഉരുക്കുപാലം കടന്നു. ‘നർമദേ സർവദേ’ എന്ന് പ്രാർഥിച്ചുണരുന്ന നാട്ടിൽ പുഴയിൽ പലയിടത്തും വെള്ളമില്ല. ഉള്ളയിടത്ത് വഞ്ചികൾ നീങ്ങുന്നു.

പുഴയെ പിറകിൽവിട്ട് പിന്നെയും ഉള്ളിലേക്കുപോയി. തൊട്ടുകൂടാത്തവരായ 32 പുരുഷന്മാരും ഏഴ്‌ സ്ത്രീകളും വന്ന് മദ്യപാനം ഉപേക്ഷിച്ചതായി ഗാന്ധിക്ക് വാക്കുകൊടുത്ത എസ്താൻ കഴിഞ്ഞാണ് ഭത്ഗാം ഗ്രാമം. എവിടെയോ ദണ്ഡിപാത്ത് എന്ന ബോർഡ് കണ്ടപ്പോൾ അങ്ങോട്ടുതിരിഞ്ഞു. വിശാലമായ വയലുകൾ. 
വഴിയിടങ്ങളിൽപ്പോലും ഒരാളില്ലാത്ത ഏകാന്തത. വല്ലപ്പോഴും കടന്നുവരുന്ന ചിതറിയ കുടിലുകൾ. എവിടെയായിരിക്കാം ഗാന്ധിജി രാപാർത്ത കുടിൽ? ഗൂഗിൾ മാപ്പിനുപോലും പറയാൻ പറ്റുന്നില്ല. നിരാശരായി ഓടിച്ചുപോകവേ ഒരു മൈൽക്കുറ്റിയിൽ ചർക്കയുടെ ചിത്രവും ദണ്ഡിപാത്ത് എന്ന എഴുത്തും കണ്ടു. ആ വഴി പോകവേ ചെറിയ അങ്ങാടിമധ്യേ ഒരു ഗാന്ധിപ്രതിമ. വീണ്ടും ഗാന്ധിജിയെ മണക്കുന്നു! നടന്നുവന്ന ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു:
‘‘ഗാന്ധി?’’-അയാൾ അല്പം ഈർഷ്യയോടെ മറുചോദ്യമെറിഞ്ഞു
‘‘മാഹാത്മാഗാന്ധി’’ -ഞാൻ വിനീതനായി
‘‘പതാ നഹി, ഇഥർ ഗാന്ധി നഹി’’ -അയാൾ നടന്നുപോയി, ആ ഗ്രാമത്തിൽ ഗാന്ധി എന്നൊരാളില്ല എന്ന കാര്യം അയാൾക്കുറപ്പാണ്.
വെയിൽച്ചൂടിൽനിന്ന്‌ രക്ഷപ്പെടാൻ ചേലത്തുമ്പുകൊണ്ട് മുഖം മറച്ചുവരുന്ന പെൺകുട്ടിയോട് ചോദിച്ചപ്പോൾ അവൾ വളവിനപ്പുറത്തേക്ക് 
വിരൽ ചൂണ്ടി: ‘‘അവിടെയുണ്ട് ഗാന്ധി.’’
അവൾ വിരൽചൂണ്ടിയ വഴിയ പോയപ്പോൾ, യാത്രയുടെ പതിനെട്ടാം നാൾ ഗാന്ധിജി പാർത്ത ഞാറ്റുപുരപോലുള്ള കെട്ടിടം പുതുക്കിപ്പണിതുെവച്ചിരിക്കുന്നു. ഗേറ്റിനപ്പുറം തുള്ളുന്ന വെയിൽപരന്ന മുറ്റം. വരാന്തയിൽ കിടന്നുറങ്ങുന്ന രണ്ടുപേർ. വിളിച്ചപ്പോൾ ഒരാൾ വന്ന് ഗേറ്റ് തുറന്നു. നരോത്തം അതിന്റെ കാവൽക്കാരനാണ്. മുറ്റത്ത് ഒരു ചെറിയ പ്രതിമയും പ്രസംഗപീഠവും. വരാന്തയ്ക്കപ്പുറം പുതുക്കിപ്പണിത മുറികൾ. അവയുടെ ചുമരുകളിൽ കുറെ ചിത്രങ്ങൾ. കൃത്യമായ വിവരങ്ങളൊന്നുമില്ല. വല്ലപ്പോഴും വരുന്ന സ്കൂൾ പഠനയാത്രാസംഘങ്ങളാണ് ആകെയുള്ള സന്ദർശകർ. 

content highlights: gandhiji's dandi march

PRINT
EMAIL
COMMENT
Next Story

ഇനി വഴങ്ങിയാൽ പാർട്ടി ഉണ്ടാവില്ല-ടി.പി. പീതാംബരൻമാസ്റ്റർ

നേരത്തേ 11 നിയമസഭാസീറ്റിൽ മത്സരിച്ച എൻ.സി.പി., ഇടതുമുന്നണിയിൽ വന്നുപോകുന്ന കക്ഷികൾക്കായി .. 

Read More
 

Related Articles

ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന ഗ്വാളിയോറിലെ 'ഗോഡ്സെ ലൈബ്രറി' അടച്ചുപൂട്ടി
News |
Features |
ആത്മത്യാഗത്തിന്റെ ചരിത്രം
News |
ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട ബ്രിട്ടണില്‍ വിറ്റുപോയത് 3.4 ലക്ഷം ഡോളറിന്
Books |
ഗാന്ധിജി മടങ്ങിവന്നില്ലായിരുന്നെങ്കിലും സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു, പക്ഷെ..
 
  • Tags :
    • Mahatma Gandhi
More from this section
T P Peethambaran master
ഇനി വഴങ്ങിയാൽ പാർട്ടി ഉണ്ടാവില്ല-ടി.പി. പീതാംബരൻമാസ്റ്റർ
governor
20,000 പട്ടയങ്ങൾകൂടി വിതരണംചെയ്യും; ഗവർണറുടെ നയപ്രഖ്യാപനം
Joe Biden
കാപ്പിറ്റോളിലെ മിന്നലാക്രമണം അതിജീവിച്ച് അമേരിക്ക
gail
മാറണം നാടിനുവേണ്ടി...
sfi
ശുഭ്രപതാകയുടെ ചരിത്രം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.