1948 ജനുവരി 30-ന് വെയിൽചായുന്ന വേളയിൽ, നാഥുറാം ഗോഡ്‌സെയുടെ മതഭ്രാന്തമായ കൈത്തോക്കിൽനിന്നുതിർന്ന മൂന്നു വെടിയുണ്ടകളേറ്റുവാങ്ങി ഇന്ത്യകണ്ട എക്കാലത്തെയും മഹിതമായ ജീവിതങ്ങളിലൊന്ന് വിടവാങ്ങി. ജീവിതത്തിന്റെ അവസാനനാളുകളിൽ ഗാന്ധിജി ഏകാകിയും അശരണനുമായിരുന്നു. വിഭജനം ചോരപ്പുഴയൊഴുക്കിയ വഴികളിലൂടെ പതിഞ്ഞ ചുവടുകൾവെച്ച് പരിക്ഷീണനായി അദ്ദേഹം നടന്നു. അക്കാലത്ത് പ്രാർഥനായോഗങ്ങളിൽ ‘നിങ്ങൾ പറയുന്നത് ആരും കൈക്കൊള്ളുന്നില്ലെങ്കിൽ തനിയെ നടക്കുക; തനിയെ നടക്കുക’ എന്ന ടാഗോറിന്റെ വരികൾ ഗാന്ധിജി ആവർത്തിക്കുമായിരുന്നു. 
മതവും മതാധിഷ്ഠിത രാഷ്ട്രീയവും ഇന്ത്യയെ വിഴുങ്ങരുത് എന്നതായിരുന്നു ഗാന്ധിജിയുടെ അവസാനകാല സ്വപ്നം. സ്വാതന്ത്ര്യപ്രാപ്തിയോടൊപ്പം അരങ്ങേറിയ വിഭജനവും ഒഴുകിയ ചോരപ്പുഴകളും ഗാന്ധിജിയെ ഹതാശനാക്കി.

മതത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമായി പ്രഖ്യാപിച്ച ആദ്യകാല നിലപാടുകളിൽനിന്നും മതത്തെയും രാഷ്ട്രീയത്തെയും സമ്പൂർണമായും വേർപെടുത്തണം എന്ന നിലപാടിലേക്ക് അപ്പോഴേക്കും അദ്ദേഹം എത്തിച്ചേർന്നിരുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഗാന്ധിജി തന്റെ ജീവിതത്തിലുടനീളം അന്വേഷിച്ചുപോന്നിട്ടുണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് എത്തുന്നതിനുംമുൻപേ ആരംഭിച്ചതാണ് ഇതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ. മരണംവരെ അദ്ദേഹം തന്റെ ഈ ആലോചനകൾ തുടരുന്നുമുണ്ട്. നാലു പതിറ്റാണ്ടോളം ദൈർഘ്യമുള്ള ഈ കാലയളവിനുള്ളിൽ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരേയൊരു വീക്ഷണമല്ല ഗാന്ധിജി വെച്ചുപുലർത്തിയിരുന്നത്. 

മൂന്നു ഘട്ടങ്ങൾ

മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഗാന്ധിജിയുടെ ആലോചനകൾ പരസ്പരഭിന്നമായ മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നു പറയാം. രാഷ്ട്രീയവും മതവും പരസ്പരപൂരകമാണെന്നും മതമില്ലാത്ത രാഷ്ട്രീയം അധാർമികമാണെന്നുമുള്ള നിലപാടാണ് തന്റെ പൊതുജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഗാന്ധിജി കൈക്കൊണ്ടിരുന്നത്. 1910-20 കാലയളവിൽ ഈ ആശയം പലപ്പോഴായി അദ്ദേഹം ഉയർത്തിപ്പിടിക്കുന്നുണ്ട്. മതത്തെ സാമ്പ്രദായിക മതത്തിൽനിന്ന് വേർപെടുത്തുകയും അതിനെ ധാർമികമായ ഒരടിസ്ഥാനമായി കാണുകയും ചെയ്യുന്നതാണ് രണ്ടാമത്തെ നിലപാട്. ഇവിടെ, മതത്തിന്റെ ധാർമികമായ ഉള്ളടക്കം ഗാന്ധിജി എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്ന ഒരു മൂല്യമാണെന്നകാര്യം മറന്നുകൂടാ. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആലോചനകളുടെ ഒരു ഘട്ടത്തിലും അദ്ദേഹം ഈ വീക്ഷണം കൈയൊഴിഞ്ഞിട്ടില്ല. എങ്കിലും തന്റെ അന്വേഷണങ്ങളുടെ ഒരു സവിശേഷഘട്ടത്തിൽ മതത്തിന്റെ ധാർമികതലത്തെ കൂടുതൽ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രമിക്കുന്നതുകാണാം. 1940-കളിലെത്തുമ്പോൾ മതവും രാഷ്ട്രീയവും തികച്ചും വ്യത്യസ്തങ്ങളായ ലോകങ്ങളാണെന്നും അവതമ്മിൽ യാതൊരു ബന്ധവും ഉണ്ടാകരുത് എന്നുമുള്ള ഖണ്ഡിതമായ നിലപാടിലേക്ക് അദ്ദേഹം എത്തിച്ചേരുന്നു. നിശ്ചയമായും, ഈ മതനിരപേക്ഷ നിലപാടിനു നൽകിയ വിലയായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.

മതവും രാഷ്ട്രീയവും അഖണ്ഡവും പരസ്പരപൂരകവുമാണെന്ന നിലപാടിലാണ് ഗാന്ധിജി ആരംഭിക്കുന്നത്. രാഷ്ട്രീയത്തിൽനിന്ന് മതത്തെ വേർപെടുത്താനാവില്ലെന്നും അങ്ങനെ ചെയ്താൽ രാഷ്ട്രീയം തരംതാണതായിത്തീരുമെന്നും അക്കാലത്ത് അദ്ദേഹം പറയുന്നുണ്ട്. ആധുനികസംസ്കാരവും നാഗരികതയും, മതവും രാഷ്ട്രീയവും തമ്മിലുള്ള വേർതിരിവുമൂലം തരംതാണതായിത്തീർന്നു എന്ന വിമർശനവും ഗാന്ധിജി ഈ ഘട്ടത്തിൽ ഉന്നയിക്കുന്നുണ്ട് (1915 ഏപ്രിൽ 17-ലെ പ്രസംഗം, സമ്പൂർണ കൃതികൾ, വാല്യം 13 പേജ് 66).  
നിലപാട് മാറുന്നു

മൂന്നു പതിറ്റാണ്ടോളം താൻ പിൻപറ്റിയ ഈ നിലപാടിനെ ഗാന്ധിജി പിന്നീട് വിമർശനാത്മകമായി മറികടക്കുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയജീവിതത്തിൽ വർഗീയതവും മതഭ്രാന്തും പടർന്നുപിടിച്ചതോടെയാണ് മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം അദ്ദേഹം പുനരാലോചനയ്ക്ക് വിധേയമാക്കുന്നത്. രണ്ട് സവിശേഷപ്രമേയങ്ങളെയാണ് ഗാന്ധിജി ഇക്കാലത്ത് പ്രത്യേകം അഭിസംബോധന ചെയ്തത്. ദേശീയതയെ മതവുമായി ബന്ധപ്പെടുത്തി നിർവചിക്കാനുള്ള ശ്രമമാണ് അതിലാദ്യത്തേത്. മധ്യകാലത്തെ ഇസ്‌ലാമിക ഭരണത്തെ വൈദേശികമായും വിഭജനശക്തിയായും അവതരിപ്പിക്കാനുള്ള ശ്രമമാണ് രണ്ടാമത്തേത്. ഈ രണ്ടു വീക്ഷണങ്ങളെയും ഗാന്ധിജി കർക്കശമായി നേരിട്ടു. മതമോ മതാധിഷ്ഠിതമായ മൂല്യങ്ങളോ ആണ് ദേശീയതയുടെ അടിസ്ഥാനമെന്ന വാദത്തെ ഗാന്ധിജി പൂർണമായും നിരസിച്ചു. ദേശീയതയുടെ യഥാർഥമായ മൂല്യപരിശോധന മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പൊതുവായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജിന്നയ്ക്ക് എഴുതിയ കത്തിൽ അദ്ദേഹം ഉറപ്പിച്ചുപറയുന്നു (സമ്പൂർണ കൃതികൾ, വാല്യം 78, പേജ് 101-2). മതത്തെ ദേശീയതയുടെ അടിസ്ഥാനമായി പരിഗണിക്കുന്ന വർഗീയവാദ സമീപനത്തെ നിരസിച്ചുകൊണ്ട്, മുസ്‌ലിം ഭരണകൂടങ്ങൾ മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചിട്ടില്ലെന്നും അക്ബർ ഉൾപ്പെടെയുള്ള ഭരണാധികാരികൾ വിവിധ മതപാരമ്പര്യങ്ങളുടെ സമന്വയത്തിനായാണ് നിലകൊണ്ടതെന്നും ഗാന്ധിജി ഇക്കാലത്ത് ചൂണ്ടിക്കാട്ടുന്നുണ്ട് (ഹരിജൻ 11.11.1939, സമ്പൂർണ കൃതികൾ, വാല്യം 70, പേജ് 334).

മതത്തെക്കുറിച്ചുള്ള ഔപചാരിക ധാരണകൾക്കപ്പുറംകടന്ന് അതിനെ ഒരു നൈതികപ്രമാണമായി ഉറപ്പിക്കാൻ ഗാന്ധിജി ഈ സന്ദർഭത്തിൽ കൂടുതൽ ശ്രമിക്കുന്നതുകാണാം. 1940 മധ്യത്തിൽ കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റിക്കായി തയ്യാറാക്കിയ കരടുപ്രമേയത്തിൽ തന്റെ രാഷ്ട്രീയപ്രേരണകളുടെ പ്രഭവം മതവും നൈതികതയും ആണെന്ന് ഗാന്ധിജി ചേർത്തുപറയുന്നുണ്ട് (സമ്പൂർണ കൃതികൾ, വാല്യം 72, പുറം 243). അക്കാലത്തുതന്നെ മറ്റൊരു സന്ദർഭത്തിൽ തന്റെ മതസങ്കല്പം ഔപചാരിക മതവിഭജനങ്ങളെ മാനിക്കുന്ന ഒന്നല്ലെന്ന് ഗാന്ധിജി വ്യക്തമാക്കുന്നു. മതത്തെ അതിന്റെ സാമ്പ്രദായിക ചട്ടക്കൂടുകൾക്കപ്പുറം കൊണ്ടുവന്ന് അതിനെ ഒരു ധാർമികപ്രമാണമായി പുനർവിഭാവനം ചെയ്യാനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളുടെ ഉയർന്നതലമാണ് നാമിവിടെ കാണുന്നത്.

പുതുക്കിപ്പണിയുന്നു

വിഭജനത്തിന്റെ അരങ്ങൊരുങ്ങുകയും രാജ്യം മതഭ്രാന്തിന്റെ പിടിയിലേക്ക്‌ വഴുതിത്തുടങ്ങുകയുംചെയ്ത 1940-കളിൽ ഗാന്ധിജി മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ വീണ്ടും പുതുക്കിപ്പണിയുന്നതുകാണാം. മതത്തി​െന്റ ധാർമികസ്വരൂപം എന്ന ആശയം അദ്ദേഹം ഇക്കാലത്തും കൈവെടിഞ്ഞില്ല. അതേസമയംതന്നെ മതം തീർത്തും വ്യക്തിഗതമായ കാര്യമാവണമെന്നും രാഷ്ട്രീയത്തിൽ അതിന് ഇടമുണ്ടാവരുതെന്നും അദ്ദേഹം  അഭിപ്രായപ്പെടുന്നുണ്ട്. 1942-ൽ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറിക്കയച്ച കത്തുമുതൽ 1947 ഡിസംബർ 17-ന് യു.പി.യിലെ വിദ്യാർഥികൾക്കയച്ച കത്തിൽവരെ മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്ന് ഗാന്ധിജി നിരന്തരമായി ആവർത്തിക്കുന്നതുകാണാം. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കുള്ള കത്തിൽ മതാധിഷ്ഠിതമായ വിഭജനം എന്ന അസ്വാഭാവികസ്ഥിതിക്ക് കാരണമായത് വിദേശഭരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്യുന്നു (സമ്പൂർണ കൃതികൾ, വാല്യം 77, പുറം 184). മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അത് ഒരുനിലയിലും രാഷ്ട്രീയമണ്ഡലത്തെ ബാധിക്കരുതെന്നും 1941-ൽതന്നെ കോൺഗ്രസ്‌ ബുള്ളറ്റിനിൽ ഗാന്ധിജി എഴുതി (വാല്യം 74, പുറം 27).

1947 ഓഗസ്റ്റ്‌ 22-ന് കൽക്കത്തയിലെ ദേശബന്ധു പാർക്കിലെ പ്രാർഥനായോഗത്തിൽ സംസാരിക്കുമ്പോൾ, മതം തികച്ചും വ്യക്തിപരമായ ഒരു കാര്യമാണെന്നും അതിനെ വ്യക്തിപരമായ തലത്തിൽ  നിലനിർത്തുന്നതിൽ നാം വിജയിച്ചാൽ നമ്മുടെ രാഷ്ട്രീയജീവിതത്തിൽ മറ്റെല്ലാം നന്നായിത്തീരുമെന്നും ഗാന്ധിജി പ്രസ്താവിച്ചു (വാല്യം 89, പുറം 79). ഒരാഴ്ചകഴിഞ്ഞ് ഓഗസ്റ്റ് 29-ന് ടോളിഗഞ്ച് പോലീസ് മൈതാനിയിൽ ചേർന്ന യോഗത്തിലും ഇക്കാര്യം അദ്ദേഹം വിശദീകരിക്കുന്നുണ്ട് (യോഗാരംഭത്തിൽ വന്ദേമാതരം ആലപിച്ച വേളയിൽ ലീഗ് നേതാവായ സുഹ്രവർദി ഉൾപ്പെടെ മറ്റെല്ലാവരും എഴുന്നേറ്റുനിന്നപ്പോൾ ഗാന്ധിജി എഴുന്നേൽക്കാതെ ഇരിപ്പുതുടർന്നത് ഈ സമ്മേളനത്തിലാണ്. അത്തരം സമ്പ്രദായങ്ങൾ പാശ്ചാത്യ അനുകരണമാണെന്ന വീക്ഷണമാണ് ഗാന്ധിജിക്കുണ്ടായിരുന്നതെന്ന് ചരിത്രകാരനായ സുഗതബോസ് ചൂണ്ടിക്കാണിക്കുന്നു).

മതവും രാഷ്ട്രീയവും വേറിട്ടുനിൽക്കണമെന്ന ഈ വീക്ഷണത്തിന്റെ സ്വാഭാവികമായ തുടർച്ചയെന്നനിലയിലാണ് ഭരണകൂടം മതമുക്തമായിരിക്കണം എന്ന നിലപാട് ഗാന്ധിജി അവതരിപ്പിക്കുന്നത്. ഒരു രാജ്യത്തിലെ മുഴുവൻ ആളുകളും ഒരേ മതത്തിൽ വിശ്വസിച്ചാലും ഭരണകൂടത്തിന് മതം ആവശ്യമില്ല എന്നതായിരുന്നു ഗാന്ധിജിയുടെ വീക്ഷണം (വാല്യം 87, പുറം 5). സ്വതന്ത്ര ഇന്ത്യ ഒരു ‘ഹിന്ദു രാജ്’ ആയിക്കൂടെന്നും അത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഭൂരിപക്ഷത്തെ അടിസ്ഥാനപ്പെടുത്താത്ത ‘ഇന്ത്യൻ രാജ്’ ആയിരിക്കുമെന്നും പാകിസ്താൻ വാദം ഉയർന്നുവന്നഘട്ടത്തിൽ അദ്ദേഹം വ്യക്തമാക്കി (ഹരിജൻ 9.8.1942). മതം തീർത്തും വ്യക്തിപരമായ കാര്യമാകണമെന്നും ഇന്ത്യയെ സംബന്ധിച്ചെന്നപോലെ പാകിസ്താനെ സംബന്ധിച്ചും ഇക്കാര്യം സാധുവാണെന്നും ഗാന്ധിജി പറയുന്നുണ്ട് (വാല്യം 89, പുറം 112). 1946 സെപ്റ്റംബർ 16-ന് ഒരു ക്രൈസ്തവമിഷണറിയുമായി നടത്തിയ സംഭാഷണത്തിൽ താൻ ഈ രാജ്യത്തിന്റെ പരമാധികാരിയായിമാറുകയാണെങ്കിൽ മതത്തെയും ഭരണകൂടത്തെയും വേർപെടുത്തിയിരിക്കും എന്നദ്ദേഹം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നതുകാണാം.

മതാധിഷ്ഠിത രാഷ്ട്രീയം അന്തിമമായി എത്തിച്ചേരാൻ ഇടയുള്ളത് ഭരണകൂടത്തിന്റെ മതവത്കരണത്തിലായിരിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. എന്തു വിലകൊടുത്തും ചെറുക്കപ്പെടേണ്ട ഒന്നായാണ് ഗാന്ധിജി മതാധിഷ്ഠിത ഭരണകൂടത്തെ കണ്ടത്. മതാധിഷ്ഠിതമായി ഇസ്രയേൽ എന്ന രാജ്യം രൂപവത്‌കരിക്കുന്നതിനെ അദ്ദേഹം എതിർത്തതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.
വാസ്തവത്തിൽ ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ ഒരാളല്ല. മതവും രാഷ്ട്രീയവുമായി കൂട്ടിയിണക്കാനും മതരാഷ്ട്രത്തിലേക്ക് ഇന്ത്യയെ ആനയിക്കാനുമുള്ള പതിറ്റാണ്ടുകൾ നീണ്ട കാര്യപരിപാടിയുടെ ഭാഗമായിരുന്നു രാഷ്ട്രപിതാവിന്റെ കൊലപാതകം. മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വിനാശകരമായ വളർച്ചയെ തടഞ്ഞുനിർത്താനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളായിരുന്നു ആ രക്തസാക്ഷിത്വത്തിന്റെ യഥാർഥ ഹേതു.

എഴുത്തുകാരനും പ്രഭാഷകനും സംസ്കൃത സർവകലാശാലയിൽ മലയാളം അധ്യാപകനുമാണ്‌ 
ലേഖകൻ