ഗാന്ധിജി വിഭാവനം ചെയ്യുന്ന ദേശീയതയുടെ ഉദാത്തസങ്കല്പം, സ്വാതന്ത്ര്യസമരം മൂത്തുവരുന്ന ഘട്ടം മുതലേ ഉയർത്തിപ്പിടിച്ചതുകൊണ്ടാണ്‌ ഈ നാട്‌ ‘മതദേശീയത’യുടെ പേരിൽ പിളർന്ന്‌ പാകിസ്താൻ എന്നൊരു ‘മുസ്‌ലിം രാഷ്ട്രം’ ഉണ്ടായിട്ടും ഇന്ത്യ മതേതര രാഷ്ട്രം ആയിത്തീർന്നത്‌: അത്‌ ഹിന്ദു ദേശീയതയ്ക്ക്‌ തീർത്തും വിരുദ്ധമാണ്‌ 

ഗാന്ധിജി ആദ്യമായി പ്രസംഗിക്കുന്നത്‌ ദക്ഷിണാഫ്രിക്കയിലാണ്‌-1893-ൽ. അന്ന്‌ 24 വയസ്സാണ്‌. ‘കൂലി’ എന്നു വിളിക്കപ്പെടുന്ന ഇന്ത്യക്കാരോട്‌ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടം കാണിക്കുന്ന പലവിധമായ അന്യായങ്ങൾക്കെതിരേ ആളുകളെ ബോധവത്‌കരിക്കുക, പ്രതിഷേധം ഉയർത്തുക, പ്രതിരോധം സംഘടിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ അദ്ദേഹം വിളിച്ചുകൂട്ടിയ യോഗത്തിലാണത്‌.
ഗാന്ധി പ്രസംഗം തുടങ്ങി: ‘‘നമ്മൾ ഇവിടെ സമ്മേളിച്ചത്‌ ഇന്ത്യക്കാർ എന്ന നിലയിലാണ്‌. ഈ കൂട്ടത്തിൽ ഗുജറാത്തികളുണ്ട്‌, ഹിന്ദിക്കാരുണ്ട്‌, തമിഴന്മാരുമുണ്ട്‌. അങ്ങനെ പല ഭാഷക്കാരും. ഇക്കൂട്ടത്തിൽ ഹിന്ദുക്കളുണ്ട്‌, മുസ്‌ലിങ്ങളുണ്ട്‌, പാർസികളുണ്ട്‌, അങ്ങനെ പല മതക്കാരും. പക്ഷേ, ഇന്ത്യക്കാർ എന്ന നിലയിലാണ്‌ നാം ഒത്തുകൂടിയിരിക്കുന്നത്‌. കാരണം ഇന്ത്യക്കാർ എന്ന നിലയിലുള്ള നമ്മളുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുകയാണ്‌ ഈ യോഗത്തിന്റെ ഉദ്ദേശ്യം.’’

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ രൂപംകൊണ്ടിട്ട്‌ (1885) എട്ടുകൊല്ലം കഴിഞ്ഞതേയുള്ളൂ. ഇന്ത്യ, ഇന്ത്യക്കാർ തുടങ്ങി ദേശീയവികാരവുമായി ബന്ധപ്പെട്ട ആശയങ്ങൾ ജനങ്ങൾക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്നിട്ടില്ല-‘ശിപായിലഹള’ എന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരന്മാർ അധിക്ഷേപിച്ചു വിളിച്ച ഇന്ത്യക്കാരുടെ ഒന്നാം സ്വാതന്ത്ര്യസമരം 1857-ൽ നടന്നിട്ടുപോലും അത്‌ പരാജയമായിരുന്നുവല്ലോ.ഇന്ത്യൻ ‘ദേശീയ’ ബോധത്താൽ പ്രചോദിതനായിട്ടാണ്‌ താൻ അന്ന്‌ ദക്ഷിണാഫ്രിക്കയിലെ ആദ്യയോഗം വിളിച്ചുകൂട്ടിയതും പ്രസംഗിച്ചതും എന്ന്‌ അന്ന്‌ ഗാന്ധി സ്വയം തിരിച്ചറിഞ്ഞില്ലായിരിക്കാം. പക്ഷേ, ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോൾ നാം അത്‌ കാണുന്നു. ആ ‘ഇന്ത്യ’ അനവധി മതക്കാരുടേതും ജാതിക്കാരുടേതും ഭാഷക്കാരുടേതും ആണ്‌ എന്നും.

ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയുടെ ആദ്യത്തെ രാഷ്‌ട്രീയരേഖ 1893 സെപ്‌റ്റംബറിൽ ഒരു ‘ഇന്ത്യൻ’ കച്ചവടക്കാരനുവേണ്ടി തയ്യാറാക്കിയ എതിർവാദമാണ്‌ (ഇർഫാൻ ഹബീബ്‌-ദി നാഷണൽ മൂവ്‌മെന്റ്‌: 2011, പു. 3) ദക്ഷിണാഫ്രിക്കയിൽ 21 കൊല്ലം നീണ്ട ജീവിതകാലം മുഴുവൻ (1893-1915) അദ്ദേഹം പ്രസംഗിച്ചതും എഴുതിയതും പ്രവർത്തിച്ചതും എല്ലാം ‘ഇന്ത്യക്കാർ’ക്കു വേണ്ടിയാണ്‌. അവിടെ ഗാന്ധിജി തുടങ്ങിയ പത്രത്തിന്റെ പേര്‌: ‘ഇന്ത്യൻ ഒപ്പീനിയൻ’ (1903).

ഈ ദക്ഷിണാഫ്രിക്കൻ കാലത്തുതന്നെയാണ്‌ ഗാന്ധി ‘ഹിന്ദ്‌ രാജ്‌’ (1909) എഴുതുന്നത്‌. ലണ്ടനിൽനിന്ന്‌ ജൊഹാനസ്‌ബർഗിലേക്കുള്ള കപ്പൽയാത്രയിൽ, ഒരു ദിവസംകൊണ്ട്‌, എഴുതിത്തീർത്ത ആ ലഘു പുസ്തകമാണ്‌ അദ്ദേഹത്തിന്റെ പ്രകടനപത്രിക. അതിന്റെ പേര്‌ തന്നെയും ‘ഇന്ത്യയുടെ സ്വയംഭരണം’ എന്നാണ്‌! അതിൽ കാണുന്ന ഇന്ത്യ എല്ലാ മതക്കാരുടേതുമാണ്‌. മതത്തെയും ദേശീയതയെയും ഒന്നായി ഒരു സന്ദർഭത്തിലും അദ്ദേഹം കാണുന്നില്ല.

‘ഇന്ത്യൻ ദേശീയത’ ഉരുവംകൊള്ളുന്നത്‌ എപ്പോഴാണ്‌?

ഇതിന് പലർക്കും പല ഉത്തരമായിരിക്കും. ഗാന്ധി ‘ഹിന്ദ്‌ സ്വരാജി’ൽ പറയുന്ന ഉത്തരം ‘ബംഗാൾ വിഭജനത്തിനെതിരായ സമരത്തോടെ’ എന്നാണ്‌. കഴ്‌സൺപ്രഭു വൈസ്രോയി ആയിരുന്ന കാലത്താണ്‌ ബംഗാൾ വിഭജനം (1905). ഭരണസൗകര്യത്തിനുവേണ്ടി എന്നാണ്‌ ബ്രിട്ടീഷുകാർ വിശദീകരിച്ചത്‌. ഹിന്ദു-മുസ്‌ലിം മൈത്രി തകർക്കുക, സ്വാതന്ത്ര്യസമരത്തെ ദുർബലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ്‌ അതിനുണ്ടായിരുന്നതെന്ന്‌ തിരിച്ചറിഞ്ഞ്‌ ഹിന്ദുക്കളും മുസ്‌ലിങ്ങളും ശിഖന്മാരും പാർസികളും ക്രിസ്ത്യാനികളും മറ്റുമായ എല്ലാ ‘ഇന്ത്യക്കാരും’ ഒത്തൊരുമിച്ച്‌ സമരം ചെയ്താണ്‌ ആ വിഭജനം റദ്ദാക്കിച്ചത്‌ (1911). ആ പ്രക്ഷോഭത്തിലാണ്‌ ഇന്ത്യയിൽ മതമൈത്രി ഉജ്ജ്വലമായി ആവിഷ്കാരംകൊണ്ടത്‌. അതിനെയാണ്‌ ഗാന്ധിജി ‘ദേശീയത’യുടെ പിറവി എന്നു വിളിക്കുന്നത്‌.

മതസമൂഹങ്ങൾ തമ്മിലുള്ള മൈത്രിയിലാണ്‌ ഇന്ത്യയുടെ സമാധാനവും ഭാവിയും കുടികൊള്ളുന്നത്‌ എന്ന തിരിച്ചറിവ്‌ ആ രാഷ്‌ട്രനായകന് എന്നും ഉണ്ടായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ (1915) ഉടനെ അദ്ദേഹം ചെയ്ത പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്‌ തുർക്കി ‘ഖലീഫ’യുടെ സ്ഥാനം പുനഃസ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടി ആഗോള മുസ്‌ലിം സമൂഹം ആരംഭിച്ച ഖിലാഫത്ത്‌ പ്രസ്ഥാന (1919-1922) ത്തിന്‌ പിന്തുണ കൊടുക്കുകയാണ്‌. ബ്രിട്ടനെതിരേ നടക്കുന്ന ആ സമരത്തിലെ പങ്കാളിത്തം ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും ബ്രിട്ടീഷുകാർക്കെതിരായ പ്രതിരോധങ്ങൾക്ക്‌ ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ പിന്തുണ ഉറപ്പാക്കാമെന്നും ഗാന്ധിജി കണക്കുകൂട്ടി.

നിസ്സഹകരണത്തിന്റെയും മതമൈത്രിയുടെയും അഹിംസയുടെയും വേദി എന്ന്‌ അദ്ദേഹം വിശ്വസിച്ച പ്രസ്ഥാനം ചിലേടത്ത്‌ സായുധസമരമായി വഴിതെറ്റിയതിന്റെ ഏറ്റവും വലിയ രൂപം വെളിപ്പെട്ടത്‌ മലബാറിലാണ്‌, 1921-ലെ കലാപം.ഖിലാഫത്ത്‌ പ്രക്ഷോഭത്തിന്‌ ഗാന്ധിജി പിന്തുണ നൽകിയത്‌ ശരിയായിരുന്നില്ല. ആ സമരത്തിന്റെ ഉള്ളടക്കം ജനാധിപത്യവിരുദ്ധമായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ഖിലാഫത്തിനെ നിശിതമായി വിമർശിച്ചവരിൽ പ്രധാനിയായി നാം മുസ്‌ലിംലീഗ്‌ നേതാവ്‌ മുഹമ്മദലി ജിന്നയെ ചരിത്രത്തിൽ കണ്ടുമുട്ടുന്നത്‌.  

ദേശീയതയെ നിർണയിക്കുന്ന ഘട്ടങ്ങളിൽ മതത്തിന്റെ കാര്യത്തിലുള്ള ഈ തിരിച്ചറിവ്‌ വേണ്ടയളവിൽ ജാതിയുടെ കാര്യത്തിൽ ഗാന്ധിജിക്കുണ്ടായിരുന്നുവോ? സംശയമാണ്‌.  തീർച്ചയായും അദ്ദേഹം അയിത്തത്തിന്‌ എതിരായിരുന്നു. ജാതിയുടെ അത്തരം പല പ്രത്യക്ഷങ്ങളെയും അദ്ദേഹം എതിർക്കുകയും ചെയ്തു. പക്ഷേ, അതിന്റെ അടിപ്പടവായ വർണവ്യവസ്ഥയെ ഏറ്റെതിർക്കുന്നതിൽ ഗാന്ധിജിക്ക്‌ പരിമിതികൾ വന്നുചേർന്നു. ദേശീയത, ദേശാഭിമാനം, മാതൃഭൂമി തുടങ്ങിയ പദങ്ങൾ അംബേദ്‌കറും താനും ഉപയോഗിക്കുന്നതിലുള്ള വ്യത്യാസങ്ങളെപ്പറ്റി ‘എനിക്ക്‌ മാതൃഭൂമിയില്ല’ എന്ന്‌ അംബേദ്കർ. തന്നോട്ട്‌ നേരിട്ട്‌ വെട്ടിത്തുറന്ന്‌ പറയും വരെ ഗാന്ധി വല്ലതും ആലോചിച്ചിരിക്കുമോ?

ഇന്ത്യയിൽ ജനിച്ചുവളർന്ന എല്ലാവരെയും -മതം, ഭാഷ, ലിംഗം, ജാതി തുടങ്ങിയ ഭേദങ്ങൾ പരിഗണിക്കാതെ-ഉൾക്കൊള്ളുന്നതാണ്‌ ഗാന്ധിജിയുടെ ദേശീയത. ‘മതേതരത്വം’ എന്നല്ല ‘സർവധർമ സമഭാവം’ എന്നാണ്‌ ഗാന്ധിജി ആ അർഥത്തിൽ ഉപയോഗിച്ചുപോന്ന പദം. മതേതരത്വമില്ലാതെ നമ്മുടെ ജനാധിപത്യമോ, ജനാധിപത്യമില്ലാതെ നമ്മുടെ മതേതരത്വമോ, ഇത്‌ രണ്ടും ഇല്ലാതെ നമ്മുടെ ദേശീയതയോ നിലനിൽക്കുകയില്ല എന്ന്‌ അദ്ദേഹത്തിന്‌ തീർച്ചയുണ്ടായിരുന്നു.

സ്ത്രീ-പുരുഷ സമത്വം എന്ന ആശയം നമ്മുടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവന്നത്‌ ഗാന്ധിജിയാണ്‌. ഈ ദേശം പുരുഷന്മാരുടേത്‌ മാത്രമായാൽ പോരാ എന്ന്‌ പലതരത്തിൽ, പലതലത്തിൽ ഊന്നിപ്പറഞ്ഞ ആ രാഷ്ട്രതന്ത്രജ്ഞന്റെ വാക്കുകളാണിത്‌: ‘‘ഇന്ത്യയിൽ ഏതു നഗരത്തിലും ഏതു ഗ്രാമത്തിലും ഏതു നേരത്തും ഏതു സ്ത്രീക്കും ഒറ്റയ്ക്ക്‌ യാത്രചെയ്യാവുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ ഇന്ത്യ സ്വതന്ത്രയായി എന്ന്‌  ഞാൻ പറയുകയുള്ളൂ’’.

ഗാന്ധിജി വിഭാവനം ചെയ്യുന്ന ദേശീയതയുടെ ഈ ഉദാത്തസങ്കല്പം, സ്വാതന്ത്ര്യസമരം മൂത്തുവരുന്ന ഘട്ടം മുതലേ ഉയർത്തിപ്പിടിച്ചതുകൊണ്ടാണ്‌ ഈ നാട്‌ ‘മതദേശീയത’യുടെ പേരിൽ പിളർന്ന്‌ പാകിസ്താൻ എന്നൊരു ‘മുസ്‌ലിം രാഷ്ട്രം’ ഉണ്ടായിട്ടും ഇന്ത്യ മതേതര രാഷ്ട്രം ആയിത്തീർന്നത്‌: അത്‌ ഹിന്ദു ദേശീയതയ്ക്ക്‌ തീർത്തും വിരുദ്ധമാണ്‌. ഇന്ത്യൻ ദേശീയത ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമാണ്‌; ഹിന്ദുദേശീയത ഏകാധിപത്യത്തിലും മതരാഷ്ട്ര വാദത്തിലും. ഇന്ത്യൻ ദേശീയത അഹിംസയിലും സമാധാനത്തിലും അധിഷ്ഠിതമാണ്‌; ഹിന്ദുദേശീയത ഹിംസയിലും അക്രമത്തിലും. ഇന്ത്യൻ ദേശീയത സഹജീവിതത്തിലും സ്നേഹത്തിലും അധിഷ്ഠിതമാണ്‌; ഹിന്ദു ദേശീയത അപരവത്‌കരണത്തിലും വെറുപ്പിലും.
ഇന്ത്യൻ ദേശീയതയുടെ ആൾരൂപമായ ഗാന്ധിജിയെ ഹിന്ദു ദേശീയതയുടെ ആൾരൂപമായ  നാഥുറാം ഗോഡ്‌സെ വെടിവെച്ചുകൊന്നത്‌ (30 ജനവരി 1948) സ്വാഭാവികം മാത്രമാണ്‌.

എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ്‌ ലേഖകൻ