പണത്തിന് വലിയ പ്രധാന്യം കല്‍പ്പിക്കാതിരിക്കുകയും എന്നാല്‍ ചെലവുചെയ്യുന്നതിന് അതീവമായ കണിശത സൂക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മഹാത്മാ ഗാന്ധി. 'പരിശുദ്ധമായും വൃത്തിയായും അന്തസ്സോടെയും ജീവിക്കാന്‍ പണമാവശ്യമില്ലെന്ന്' അദ്ദേഹം ഉപദേശിച്ചു. എന്നാല്‍ പണം ചെലവ് ചെയ്യുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന് ശഠിക്കുകയും ചെയ്തു.

പൊതുഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ഗാന്ധിജി പുലര്‍ത്തിയ കണിശത പ്രസിദ്ധമാണ്. അതിന് ഉദാഹരണമാണ്  ആചാര്യ കൃപലാനി ഉച്ചപ്പട്ടിണി കിടക്കേണ്ടിവന്ന സന്ദര്‍ഭം!

ഒരു ദിവസം ഗാന്ധിജിയും ആചാര്യ കൃപലാനിയും ആചാര്യ ബന്‍സാലിയും പുണെ പാര്‍വതി ഹില്ലിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയി. തിരിച്ചുപോകാന്‍ ഒരു കുതിരവണ്ടി ഏര്‍പ്പാടാക്കാന്‍ കൃപലാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 

അതിനിടെ സമ്പന്നകുടുംബത്തിലെ ഒരു കോളേജ് വിദ്യര്‍ഥിനി ക്ഷേത്രത്തില്‍ ഗാന്ധിജിയെ കണ്ട് അടുത്തുവന്നു ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു. ഓട്ടോഗ്രാഫ് നല്‍കിയ ഗാന്ധി അവളോട് കോണ്‍ഗ്രസ് ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനി സന്തോഷപൂര്‍വം 10 രൂപ നല്‍കി. തിരിച്ചുപോകാന്‍ കുതിരവണ്ടിയില്‍ കയറിയ ഗാന്ധി വണ്ടി വാടകയ്ക്കായി തുക കൃപലാനിയെ ഏല്‍പ്പിക്കുകയും ചെയ്തു.

മൂവരും ഗാന്ധിജിയെ അതിഥിയായി വിളിച്ച വീട്ടിലെത്തി. വണ്ടിയില്‍നിന്നിറങ്ങി ഉടനെ തന്നെ ഗാന്ധിജി കൃപലാനിയോട് വാടക എത്രയാണെന്ന് അന്വേഷിച്ചു. അഞ്ചു രൂപയെന്ന് കൃപലാനി മറുപടി നല്‍കി. എങ്കില്‍ ബാക്കി തുക തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. കൃപലാനി നിസ്സഹായനായി ഗാന്ധിജിയെ നോക്കി. അഞ്ചുരൂപ ബാക്കി നല്‍കാതെ കുതിരവണ്ടിക്കാരന്‍ വേഗത്തില്‍ ഓടിച്ചു പോയതായിരുന്നു കാരണം. 

ആതിഥേയന്റെ വീട്ടില്‍ കയറിയ ഉടന്‍ ഗാന്ധിജി വീട്ടുകാരിയോട് രണ്ടുപേര്‍ക്കുളള ഭക്ഷണം തയ്യാറാക്കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചു. പൊതുഫണ്ടില്‍ സൂക്ഷിക്കേണ്ട അഞ്ചു രൂപ ജാഗ്രതക്കുറവുകൊണ്ട് കൃപലാനി നഷ്ടപ്പെടുത്തിയതിന്റെ ശിക്ഷയായിരുന്നു അത്.

പൊതുഫണ്ടിന്റെ കാര്യത്തില്‍ ഗാന്ധിജി മാത്രമല്ല അദ്ദേഹത്തിന്റെ അന്നത്തെ അനുയായികളും കൃത്യതയുള്ളവരായിരുന്നു. ഖാദി ധരിച്ചവര്‍ പൊതുപ്രവര്‍ത്തനത്തിലെ സത്യസന്ധതയ്ക്ക് ഉത്തമോദാഹരണങ്ങളായിരുന്നു. ഇക്കാര്യം ജനങ്ങള്‍ക്കും ബോധ്യമായിരുന്നു. ഗാന്ധിജിയുടെ അനുയായികളില്‍ പൊതുജനങ്ങള്‍ക്കുള്ള  വിശ്വാസ്യതയ്ക്ക് ഉദാഹരണമായിരുന്നു ബോംബെയില്‍ നടന്ന മറ്റൊരു സംഭവം.

രണ്ടാം ലോകമഹായുദ്ധത്തിനെതിരെ കോണ്‍ഗ്രസ് വ്യക്തിഗത സത്യാഗ്രത്തിന് ആഹ്വാനം ചെയ്ത സമയം. ബോംബെയിലെ ലാമിങ്ടണ്‍ പോലീസ് സ്റ്റേഷനുമുന്‍പില്‍ സിക്കാനഗറിലെ സമ്പന്നകുടുംബത്തിലെ വിദ്യാസമ്പന്നയായ ഒരു സ്ത്രീ സത്യാഗ്രഹത്തിന് തയ്യാറായി. യുദ്ധവിരുദ്ധ പ്രസംഗം നടത്തിയശേഷം സത്യാഗ്രഹമിരുന്ന അവരെ പോലീസ് അറസ്റ്റുചെയ്തു. അന്ന് സാധാരണയായി സത്യാഗ്രഹമിരുന്നവര്‍ക്ക് വീട്ടില്‍നിന്ന് അവരുടെ വസ്ത്രങ്ങളെടുത്തു ജയിലില്‍ പോകാന്‍ പോലീസ് അനുമതി നല്‍കാറുണ്ടായിരുന്നു. എന്നാല്‍  പ്രത്യേക സാഹചര്യത്തില്‍ ഇവരെ നേരിട്ട് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

അപ്പോഴാണ് തന്റെ കഴുത്തില്‍ക്കിടക്കുന്ന രത്നാഭരണങ്ങളും കയ്യിലെ സ്വര്‍ണവളയും എന്തുചെയ്യുമെന്ന് അവര്‍ ഓര്‍ക്കുന്നത്. ജയിലില്‍ അവയൊന്നും അനുവദനീയമല്ലല്ലോ. ഉടന്‍ അവരതെല്ലാം അഴിച്ച് ഒരു തൂവാലയില്‍ പൊതിഞ്ഞ് ആള്‍ക്കുട്ടത്തില്‍ സത്യാഗ്രഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുനിന്ന ഒരു ഖദര്‍ ധാരിയെ വിളിച്ചു. സിക്കാ നഗറിലെ തന്റെ മേല്‍വിലാസം ഒരു കടലാസില്‍ കുറിച്ചു കൊടുത്ത് ആ പൊതി തന്റെ വീട്ടില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. 

അയാള്‍ ആകെ അമ്പരന്നു പോയി. എന്നിട്ട് അവരോട് ചോദിച്ചു. 'സഹോദരി, നിങ്ങള്‍ എന്തു ധൈര്യത്തിലാണ് അപരിചിതനായ എന്നെ ഈ പൊതി ഏല്‍പ്പിക്കുന്നത്. ഞാന്‍ ഇതുമായി കടന്നുകളഞ്ഞാല്‍ നിങ്ങളെന്തുചെയ്യും?'

നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു: 'സഹോദരാ നിങ്ങള്‍ ധരിച്ചിരിക്കുന്നത് ഗാന്ധിജിയുടെ ഖാദിയാണ്. ഉത്തമവിശ്വാസത്തോടെ  ഏല്‍പ്പിച്ച  ആഭരണവുമായി നിങ്ങള്‍ കടന്നുകളയില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്'.

ഇതായിരുന്നു ഗാന്ധിയിലും ഖാദിയിലും അന്നുണ്ടായിരുന്ന വിശ്വാസം.