വികസനത്തിന്റെ ഗ്യാസ് വണ്ടിയിലേറി നാം യാത്ര തുടങ്ങിക്കഴിഞ്ഞു.  വൈകിയാണെങ്കിലും കൊച്ചി-മംഗളൂരു പ്രകൃതി-വാതക ഗ്യാസ് പൈപ്പ് ലൈൻ  പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതോടെ ഒരു വികസന ജാലകം തുറക്കപ്പെട്ടു.
 
എതിർപ്പുകളോടെ തുടക്കം

2009-ൽ ഡോ. മൻമോഹൻസിങ്‌ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 450 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്ക് അനുമതി നൽകുന്നത്. ഗെയ്ൽ ഇന്ത്യ ലിമിറ്റഡ് കമ്പനിക്കായിരുന്നു പദ്ധതി ചുമതല. കേന്ദ്രമന്ത്രിയെന്ന നിലയിലും എറണാകുളം എം.പി.യെന്ന നിലയിലും നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും  ഞാൻ നിലകൊണ്ടു. വൈപ്പിൻ മുതൽ എഫ്.എ.സി.ടി.വരെ 44 കിലോമീറ്റർ. സമയബന്ധിതമായി പൂർത്തിയാക്കിയപ്പോൾ ആശ്വാസമായി. പിന്നെ താളംതെറ്റലുകളായി. കൊടികുത്ത്, പ്രക്ഷോഭം, സമരം  തുടങ്ങി പല വേഷങ്ങൾ നിറഞ്ഞാടി. ഇതിനിടെ നമുക്കൊപ്പം അനുമതി ലഭിച്ച ഗുജറാത്തിലെ ഗെയ്ൽ പദ്ധതി തടസ്സമില്ലാതെ  മുന്നോട്ടുനീങ്ങിയിട്ടും നമ്മൾ പാഠംപഠിച്ചില്ല. പദ്ധതിയുടെ ഭാഗമായി വീടുകളിൽ കുറഞ്ഞ ചെലവിൽ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ത്യൻ ഓയിൽകോർപ്പറേഷനും അദാനി ഗ്യാസ് ലിമിറ്റഡും കൈകോർത്തു.  2016-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കളമശ്ശരിയിലെ ഒരു വീട്ടിൽ പൈപ്പ്‌ലൈൻ വഴി ലഭിച്ച ഗ്യാസ് കത്തിച്ച് ഉദ്ഘാടനം ചെയ്യുകയുണ്ടായി.  
 

മാറ്റത്തിന്റെ ഇന്ധനം

ഗെയ്ൽ ഗ്യാസ് പദ്ധതിയുടെ ഗുണം വൈകിയാണെങ്കിലും നമുക്ക് ലഭിക്കുകയാണ്. ഏഴു ജില്ലകളിലെ വീടുകളിലും വ്യവസായസ്ഥാപനങ്ങളിലും തടസ്സം കൂടാതെ ഇന്ധനം ലഭിക്കും. പാചകവാതകത്തെക്കാൾ 30 ശതമാനം വരെ വില കുറവ്, അപകടം കുറവ്. പാചകവാതകം കുറ്റികളിലാക്കി റോഡിലൂടെയുള്ള സഞ്ചാരം വേണ്ട,  ഗ്യാസ് സിലിണ്ടറിന്റെ ആവശ്യവുമില്ല. സംസ്ഥാനസർക്കാരിന് നികുതിയിനത്തിൽ 1000 കോടി രൂപയുടെ അധികനികുതി വരുമാനവും കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 150 കോടിയുടെ അധിക വരുമാനവും ലഭിക്കും. മൂന്നുവർഷംകൊണ്ട് പദ്ധതിച്ചെലവ് പൂർണമായും സർക്കാരിന് തിരികെ ലഭിക്കും.  അതിലുപരി വ്യവസായ വളർച്ചയ്ക്കും ഇത് ഇന്ധനമാകുന്നു.  
 

വൈകി വരുന്ന വിവേകം

ലോകത്തിന്റെ ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് ഗെയ്ൽ ഈ പദ്ധതിക്കായി വിനിയോഗിച്ചിട്ടുള്ളത്.  പൈപ്പ് ലൈനിന്റെ പത്ത്  മീറ്റർ ചുറ്റളവിൽ  മാത്രമാണ് ഗെയ്‌ലിന്  അവകാശം.  പത്ത് മീറ്ററിനപ്പുറത്ത് കൃഷിചെയ്യുന്നതിനും കടലിലും കായലിലും മത്സ്യബന്ധനത്തിനും ഒരു തടസ്സവും  നിയന്ത്രണവുമില്ല.  എന്നിട്ടും എന്തേ, നമ്മൾ ഇത് വെച്ചു താമസിപ്പിച്ചുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ഗ്യാസ് പൈപ്പ് ലൈനിന്റെ ആവശ്യകത പ്രധാനമന്ത്രിമാർ, മാറിമാറി വന്ന മുഖ്യമന്ത്രിമാരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴും ഒച്ചിന്റെ വേഗത്തിലായിരുന്നു പദ്ധതി നിങ്ങിയിരുന്നത്. അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കേണ്ടിയിരുന്ന പദ്ധതി 12 വർഷം താമസിച്ചാണ് ചൊവ്വാഴ്ച രാജ്യത്തിന് സമർപ്പിച്ചത്.
 

രാജ്യം വളരുമ്പോൾ നമ്മൾ ചുരുങ്ങുന്നു

ദേശീയപാതയുടെ വീതി 65 മീറ്റർ എന്നത് കേരളത്തിൽ 30 മീറ്ററായി കുറയ്ക്കണമെന്ന് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒന്നുചേർന്ന്, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിനെക്കണ്ട് വിചിത്രമായ ആവശ്യം ഉന്നയിച്ചു.  ഈ ആവശ്യം കേട്ട് ഡൽഹിയിലെ പല അധികാരകേന്ദ്രങ്ങളും ആശ്ചര്യപ്പെട്ടു. രാജ്യം വളരുമ്പോൾ, നമ്മൾ ചുരുങ്ങുന്നു!  വാർത്താവിനിമയ രംഗത്ത് മുന്നോട്ടെങ്കിലും മൊബൈൽ ടവർ സ്ഥാപിക്കുന്നതിൽ പിന്നോട്ട് ! ഇതുമൂലം 3ജി,4ജി സേവനം പോലും കഷ്ടി. രാജ്യം 5ജിയുടെ പടിവാതിൽക്കൽ എത്തിയെന്ന യാഥാർഥ്യം ഇനിയും ബോധ്യമായിട്ടില്ല. ടവർ സ്ഥാപിച്ചാൽ മാരക റേഡിയേഷൻ വരുമെന്ന അടിസ്ഥാനരഹിത ആശങ്കയാണ് ഇതിനുകാരണം. എന്നാൽ, ടെലിവിഷനിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും  ഉണ്ടാവുന്ന റേഡിയേഷനെക്കുറിച്ച് അറിയാഞ്ഞിട്ടല്ല, കൊടികുത്താൻ ഒരുവഴി.തീരദേശ നിയമത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.  നിയമംലംഘിച്ച് പണിത  മരടിലെ കെട്ടിടസമുച്ചയം പൊടിമണ്ണായി. പുതിയ നിയമപ്രകാരം ആ സ്ഥലത്ത് വീണ്ടും കെട്ടിടം പണിയാം !  
 

മാറിയേതീരൂ നമ്മൾ

കൊറോണയുടെ കെടുതികൾ വിട്ടൊഴിഞ്ഞ് ഉല്ലസിക്കാനും ആശ്വസിക്കാനും കഴിയുന്ന ഇടമായി നമ്മുടെ കടലോരങ്ങളും കായലോരങ്ങളും മാറണം.  തനതായ ഭക്ഷണവും പൈതൃകമായ കലാരൂപങ്ങളും ഹോംസ്റ്റേകളിലെ ശുചിത്വ പൂർണമായ താമസവും നമുക്ക് ഉണർവ് പകരും.  വികസനത്തെപ്പറ്റി പറയുമ്പോൾ എന്നും കേൾക്കുന്നതാണ് ഏകജാലകം. ഒരു ജാലകം തുറക്കുമ്പോൾ പത്ത് ജാലകങ്ങൾ അടയുന്നു എന്നതാണ് സത്യം.  സ്ഥലമേറ്റെടുക്കലാണ് പലപ്പോഴും വികസനത്തിന് വിഘാതമാകുന്നത്.  കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളമെന്ന വൻ പദ്ധതിക്കായി സ്ഥലമേറ്റെടുത്തത് ന്യായവില നൽകിയും ഭൂരഹിതർക്ക് ജോലി നൽകിയുമാണ്. കൊച്ചി മെട്രോയ്ക്ക് ഇരട്ടിവിലയും കൂടുതൽ നഷ്ടപരിഹാരവും നൽകി. വികസനം തങ്ങൾക്ക് എതിരല്ലെന്ന വിശ്വാസം ജനങ്ങളിൽ വളർത്താൻ അധികാരികൾക്ക് കഴിയണം.  
കേരളമോഡൽ ഏറെയുണ്ട്. ഓഖി, നിപ, പ്രളയം ഇപ്പോഴിതാ കൊറോണ.  ഇതിനെയെല്ലാം ഒരുമിച്ച് നേരിട്ട നമ്മൾ  വികസനത്തെ വാരിപ്പുണരാനും ഒരു മനസ്സായി നിലകൊള്ളണം. വികസനത്തിന് രാഷ്ട്രീയകക്ഷികൾ ആശയത്തിന്റെ വേർതിരിവില്ലാതെ കുതിപ്പിന്റെ ഇന്ധനമായി മാറണം. 

(മുൻകേന്ദ്രമന്ത്രിയാണ്  ലേഖകൻ )

Content Highlights: gail pipeline project kerala