ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നിരപരാധികൾക്കെതിരേയുള്ള കേസുകൾ പിൻവലിക്കണമെന്ന്‌ എൻ.എസ്.എസ്. മുമ്പ്‌ സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി  ജി. സുകുമാരൻ നായർ മാതൃഭൂമി പ്രതിനിധി കെ.ആർ. പ്രഹ്ലാദനു നൽകിയ അഭിമുഖത്തിൽനിന്ന്

ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. എന്താണ് അങ്ങയുടെ ആദ്യപ്രതികരണം

ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് നാമജപഘോഷയാത്രയിൽ പങ്കെടുത്ത നിരപരാധികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ്. ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചത് സ്വാഗതാർഹമാണ്.

എൻ.എസ്.എസാണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്. പിന്നീട് പ്രതിപക്ഷവും ഉന്നയിച്ചു. എൻ.എസ്.എസ്. ഇടപെടലിലൂടെ സർക്കാർ തീരുമാനം വന്നു എന്ന് കരുതുന്നുണ്ടോ

വിഷയത്തിൽ ഇപ്പോഴെങ്കിലും സർക്കാർ ഔചിത്യത്തോടെ പെരുമാറിയല്ലോ എന്ന കരുതലാണ് എനിക്കുള്ളത്.

ആചാരസംരക്ഷണത്തിൽ നിയമനിർമാണം എന്ന ആശയം യു.ഡി.എഫ്. മുന്നോട്ടു വെച്ചിട്ടുണ്ടല്ലോ. ശബരിമല ഈ തിരഞ്ഞെടുപ്പിൽ വലിയതോതിൽ ചർച്ചയാകും എന്ന് കരുതിയാണോ സർക്കാർ ഈ തീരുമാനം എടുത്തത്

ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ട. അന്ന് വിശ്വാസസംരക്ഷണത്തിന് ഇറങ്ങിത്തിരിച്ച സാധുക്കളായ ആളുകളുടെ പേരിലുള്ള കേസുകൾ ഇല്ലാതാകണം എന്നതാണ് ആവശ്യപ്പെട്ടത്. ഇതുകൊണ്ട് വിശ്വാസപ്രമാണങ്ങളിൽ അടിയുറച്ചുതന്നെ നിൽക്കും. സംശയമില്ല.

സർക്കാർ നിലപാട് മാറുമെന്ന് കരുതുന്നുണ്ടോ

വരാനിരിക്കുന്നത് പറയാനാവില്ല. ഇതേവരെയുള്ളത് വെച്ച് പഴയ നിലപാടിൽനിന്ന് അവർ മാറിയെന്ന് കരുതുന്നില്ല. മാറിയാൽ അവർക്ക് നല്ലത്.

ശബരിമല ഈ തിരഞ്ഞെടുപ്പിലും വിഷയമായിരിക്കുമോ

ശബരിമലയുമായി ബന്ധപ്പെട്ട് മുൻ അനുഭവം ഈ സർക്കാരിനുണ്ടല്ലോ. ശബരിമല വരും തിരഞ്ഞെടുപ്പിലും വിഷയമായിരിക്കും.

സർക്കാർ ഏതെങ്കിലും രീതിയിൽ എൻ.എസ്.എസുമായി ചർച്ച നടത്തിയോ

ഇല്ല. എൻ.എസ്.എസ്. ഈ ആവശ്യമുന്നയിച്ച് പ്രസ്താവന ഇറക്കിയതേയുള്ളൂ. അത്തരം ചർച്ച നടക്കാറുമില്ല.

സർക്കാർ തീരുമാനം  വിശ്വാസികൾക്കിടയിൽ സർക്കാർ അനുകൂല വികാരം ഉണ്ടാക്കുമോ

സർക്കാർ തീരുമാനം വിശ്വാസികൾക്കിടയിൽ അനുകൂല തീരുമാനം ഉണ്ടാക്കിയേക്കാം. ഭക്തരുടെ നിലപാടിലേക്ക് സർക്കാർ വന്നാൽ പിന്തുണ കിട്ടും.

വിശ്വാസപ്രശ്നം അവിടെ അവശേഷിക്കുകയല്ലേ

ഞങ്ങൾ സുപ്രീം കോടതിയിൽ നിൽക്കുകയാണ്. ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല. സർക്കാർ അവരുടെ നിലപാടിലും. അങ്ങനെയുള്ള വിഷയം നിലനിൽക്കുന്നു.

അപ്പോൾ  സമദൂരമാണ് ശരിദൂരമെന്ന  നിലപാടിനപ്പുറം സർക്കാരിന് അനുകൂലമായി ജനങ്ങൾക്കിടയിൽ ഒരു നിലപാട് വരും എന്ന് കരുതുന്നുണ്ടോ

എൻ.എസ്.എസ്. എടുക്കുന്ന നിലപാടുകൾ ജനങ്ങൾ വിലയിരുത്തും. അതിൽ ജാതിമത വ്യത്യാസമില്ല. സാമൂഹിക നീതിക്ക് അധിഷ്ഠിതമായ നിലപാടുകൾ സംഘടന എടുക്കും. സർക്കാരും അതിനനുസരിച്ച് നിലപാട് എടുത്താൽ അവർക്ക് ഗുണം കിട്ടും. സമദൂരനിലപാടിൽ മാറ്റമില്ല.

കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതനിലപാട് ഉണ്ടായില്ലെന്ന് അഭിപ്രായമുണ്ടോ

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഉചിത നിലപാട് സ്വീകരിച്ചില്ലെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്.

കേസ് പിൻവലിക്കുന്നത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്ന് കരുതുന്നുണ്ടോ

ഈ ആവശ്യം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല എൻ.എസ്.എസ്. ഉന്നയിച്ചത്. സമാന്യനീതിക്കുവേണ്ടി ആവശ്യം ഉന്നയിച്ചെന്നു  മാത്രം.

തീരുമാനം സമുദായ അംഗങ്ങൾക്കിടയിൽ സർക്കാരിന് അനുകൂലമായ നിലപാടുണ്ടാക്കുമോ

അനുകൂല നിലപാട് കിട്ടിയേക്കാം. നമ്മൾ സമദൂരത്തിലാണ്. വിതയ്ക്കുന്നവർ കൊയ്യും എന്ന ചൊല്ല് കേട്ടിട്ടില്ലേ. എൻ.എസ്.എസ്. എന്നത് ഒരു ഫലഭൂയിഷ്ഠമായ വിളഭൂമിയാണ്. നല്ലരീതിയിൽ വിതച്ചാൽ നല്ലതു പോലെ കൊയ്യാം. രാഷ്ട്രീയം പറയേണ്ട കാര്യമില്ല.