ഗൗരിയമ്മയെപ്പറ്റിയുള്ള ഓർമകൾ ഏറെ വൈകാരികമായ അനുഭൂതിയാണ് പകരുന്നത്. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒട്ടേറെ അനുഭവങ്ങളാണ് സ്‌നേഹസ്വരൂപിണിയായ ആ ധീരവനിതയ്ക്കൊപ്പമുള്ളത്‌. ഗൗരിയമ്മയുടെ വാക്കുകൾ ജനങ്ങളിൽ എത്തിക്കുക എന്ന വലിയൊരു ദൗത്യം ഏറ്റെടുത്ത് നടപ്പാക്കിയതിനെക്കുറിച്ചാണിപ്പോൾ ഓർമവരുന്നത്. അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്.

മൈക്കില്ലാതെ ഒരുമാസത്തിനുള്ളിൽ ആലപ്പുഴ ജില്ലയിലെ ആറുതാലൂക്കുകളിൽ നൂറിലേറെ യോഗങ്ങളിൽ ഗൗരിയമ്മ പ്രസംഗിച്ചു. അയ്യായിരം മുതൽ പതിനായിരം വരെ ആളുകൾ തടിച്ചുകൂടിയ യോഗങ്ങൾ. 

എല്ലായിടത്തും ഞാൻ ഗൗരിയമ്മയ്ക്കൊപ്പമുണ്ടായിരുന്നു. ജനബാഹുല്യം കാരണം ഗൗരിയമ്മ പറയുന്നത് സദസ്സിനെ കേൾപ്പിക്കൽ സാഹസമായിരുന്നു. സ്‌റ്റേജിൽനിന്ന് ഗൗരിയമ്മയുടെ വാക്കുകൾ ഞാൻ ഏറ്റുപറയും. ആ വാക്കുകൾ സദസ്സിനിടയിലെ മറ്റൊരാൾ ഉച്ചത്തിൽ പിറകിലുള്ളവർക്ക് കേൾക്കാനായി ഏറ്റുപറയും. അങ്ങനെ പ്രസംഗകർ കണ്ണിചേർന്ന ചങ്ങലപോലെ സദസ്സിലുള്ള ഒടുവിലത്തെയാളെയും കേൾപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം. 

അടിയന്തരാവസ്ഥയ്‌ക്കെതിരേ ഒരു വനിതയുടെ ധീരമായ ശബ്ദം, എന്നിലൂടെ, പലരിലൂടെ ജനങ്ങളിലേക്ക്. 15 വയസ്സു കഴിഞ്ഞയുടൻ ഞാൻ പാർട്ടിയിലേക്ക് വരുകയും വിദ്യാർഥിരാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാരവാഹിയാവുകയും ചെയ്ത കാലത്ത് കേരളത്തിൽ ഗൗരിയമ്മയ്ക്ക് വീരവനിതയുടെ പരിവേഷമായിരുന്നു. കേരളത്തിന്റെ മാതാവ്, കേരളത്തിന്റെ ധീരവനിത, അതുല്യയായ ഭരണാധികാരി, ആജ്ഞാശക്തിയുടെ ആൾരൂപം എന്നൊക്കെയുള്ള വിശേഷണങ്ങളാണ് ജനങ്ങൾ അവർക്ക് നൽകിയത്. 

പൊളിറ്റ് ബ്യൂറോയിലോ, കേന്ദ്രകമ്മിറ്റിയിലോ വരാതെത്തന്നെ ഇ.എം.എസിനും എ.കെ.ജി.ക്കും ഒപ്പമായിരുന്നു അവരുടെ സ്ഥാനം. ഇ.എം.എസ്., എ.കെ.ജി., കെ. ആർ. ഗൗരിയമ്മ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളികൾ കേരളമാകെ മുഖരിതമായിരുന്നു. അതവർ ചോദിച്ചുവാങ്ങിയതല്ല. പ്രവർത്തനമികവിലൂടെ നേടിയെടുത്തതാണ്.

ഗൗരിയമ്മയ്ക്കുപകരം ഗൗരിയമ്മ മാത്രം.  ആകാരസൗഷ്ടവം കൊണ്ടോ, സൗന്ദര്യം കൊണ്ടോ, കൃത്രിമാഭരണങ്ങളുടെ വർണപ്പകിട്ടുകൊണ്ടോ അല്ല അവർ ശ്രദ്ധേയയായത്. ധീരത, കർമകുശലത, നിർവഹണപാടവം, ബ്യൂറോക്രസിക്കെതിരേയുള്ള ശക്തമായ നിലപാട്, ആജ്ഞാശക്തി, സമർപ്പണബോധം, ത്യാഗമനോഭാവം തുടങ്ങിയവയാണ് അവരുടെ മഹത്ത്വത്തെ രൂപപ്പെടുത്തിയത്.  

സമരനായിക

എസ്.എഫ്.ഐ. പ്രവർത്തനകാലം. അതായത് 1970-കളുടെ ആരംഭം മുതൽ വി.എസിനൊപ്പം ഗൗരിയമ്മയെയും അറിയാം. അവരുടെ പോരാട്ടങ്ങൾ ചരിത്രം സൃഷ്ടിച്ചു. കരിങ്കൊടി കുത്താൻ വയലാറിൽ വന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരേ, ആലപ്പുഴ ചെത്തുതൊഴിലാളി യൂണിയൻ പിടിച്ചെടുക്കാൻ വന്നവർക്കെതിരേ എല്ലാം അവർ പോരാടി.

കൈനകരി കായലിൽ സഹദേവൻ സി. ആർ.പി.യുടെ വെടിയേറ്റ് കിടക്കവേ സി.ആർ.പി.യെ വെല്ലുവിളിച്ച് ധീരരക്തസാക്ഷിയുടെ മൃതദേഹമെടുത്ത് വീട്ടിൽ കൊണ്ടുപോയി അടക്കിയ സംഭവം ചരിത്രമാണ്. കുട്ടനാടൻ കാർഷികസമരങ്ങളിൽ ജന്മിമാടമ്പിമാർക്കെതിരേ അവർ ഒറ്റക്കെട്ടായി പാർട്ടിക്കുവേണ്ടി പോരാടി.

മിച്ചഭൂമിസമരവും കുടികിടപ്പുസമരവും ആലപ്പുഴനിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. എഴുപതുകളുടെ ആദ്യം ആലപ്പുഴ അറവുകാട് മൈതാനിയിലായിരുന്നു പ്രഖ്യാപനം. ലക്ഷങ്ങൾ ജയിലിൽപ്പോയ ഈ സമരത്തിന് ഓടിനടന്ന് അവർ നേതൃത്വം നൽകി. പാറായി തരകന്മാരെ നിലയ്ക്കുനിർത്തി. കുട്ടനാടൻ ജന്മിവർഗത്തെ ഭയപ്പെടുത്തിക്കൊണ്ട് പുതിയ തലമുറയെ പോരാട്ടത്തിനിറക്കി. കാർഷികനിയമവും മിച്ചഭൂമിനിയമവും ഭൂപരിഷ്‌കരണനിയമവും കുടികിടപ്പ് ഒഴിപ്പിക്കൽ നിരോധനനിയമവും 1957-ലും '67-ലും ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് നിയമസഭയിൽ അവതരിപ്പിച്ച് ചർച്ച ചെയ്തു പാസാക്കിയെടുത്തത് കെ.ആർ. ഗൗരിയമ്മയാണ്. 40 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം കിട്ടിയത്.  ജന്മിത്തത്തിന്റെ അസ്തിവാരം ശിഥിലമാക്കിയ ധീരമായ മുന്നേറ്റം. 

ദേശീയതലത്തിൽ ഇതുപോലൊരു വനിതാഭാരണാധികാരിയില്ല. ബാങ്ക് ദേശസാത്കരണനിയമവും അബോളിഷൻ ഓഫ് പ്രിവി പഴ്‌സസ് നിയമവും പാസാക്കിയ ഇന്ദിരാഗാന്ധിയെ നാം ഓർമിച്ചേ പറ്റൂ. പ്രതിഭാശാലിയായിരുന്ന ആ മഹതിയുടെ മാഹാത്മ്യം പക്ഷേ, അടിയന്തരാവസ്ഥയിലൂടെ ചോർന്നു. ഗൗരിയമ്മയ്ക്ക് അത്തരത്തിലുള്ള കളങ്കങ്ങളൊന്നുമില്ല. ആകെയുള്ളത് പാർട്ടിയോട് പിണങ്ങിപ്പോയെന്നതുമാത്രം. പക്ഷേ, അത് അമിതാധികാരപ്രവണതയല്ല. ആശയപരമായ വ്യതിയാനം മാത്രം. ഒടുവിലവർ ഇടതുപക്ഷ സൗഹാർദത്തിനൊപ്പം തിരിച്ചെത്തി.  

ഉണങ്ങാത്ത മുറിവ്

ഈയ്യിടെ ഞാൻ ഗൗരിയമ്മയെ കാണാൻ പോയിരുന്നു. അന്ന് തലയിൽ കൈവച്ച് അവർ അനുഗ്രഹിച്ചു. ഞാനും എന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയുമൊപ്പം പലതവണ ഗൗരിയമ്മയെ കാണാൻ പോയിട്ടുണ്ട്. ജൂബിലിയോട് ഗൗരിയമ്മയ്ക്ക് വലിയ സ്‌നേഹമാണ്. എന്നെ കല്യാണം കഴിച്ചതുകാരണം ജീവിതത്തിൽ പ്രയാസമുണ്ടായി അല്ലേ എന്നവർ എന്റെ മുന്നിൽവച്ച് ജൂബിലിയോട് ചോദിച്ചു. സാരമില്ല, കമ്യൂണിസ്റ്റുകാരെ കല്യാണം കഴിച്ചാൽ ഇങ്ങനെയൊക്കെയാണെന്ന് അറിയാമായിരുന്നല്ലോ എന്ന് അവർ തന്നെ മറുപടിയും പറഞ്ഞു. ജൂബിലി സന്തോഷപൂർവം മന്ദഹസിച്ചു. ഞാനൊറ്റയ്ക്കു ചെല്ലുമ്പോഴെല്ലാം ‘സുധാകരാ നീ ജൂബിലിയെ നന്നായി നോക്കുന്നുണ്ടോ’യെന്ന് ചോദിക്കും. ഞങ്ങളുടെ കല്യാണം നടത്തുന്നതിൽ ഗൗരിയമ്മ മുന്നിലുണ്ടായിരുന്നു.  

എഴുപതുകളുടെ ആദ്യം ഞാൻ ഗവണ്മെന്റ് ലോ കോളേജിൽ ചേർന്നപ്പോൾ എം.എൽ.എ. ക്വാർട്ടേഴ്‌സിലെ മുറിയിൽ വെച്ച് ഗൗരിയമ്മയെ കാണും. പലപ്പോഴും ഫീസടയ്ക്കാനുള്ള തുക അവർ തന്നു. ഗൗരിയമ്മ പാർട്ടിവിട്ടപ്പോൾ ഹൃദയത്തിനേറ്റ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അത് ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. എന്റെ ഹൃദയത്തിൽ മാത്രമല്ല, പാർട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ഹൃദയത്തിൽ. അടിയന്താരാവസ്ഥയിൽ ജയിലിൽ കിടന്നശേഷം മോചിപ്പിക്കപ്പെട്ടപ്പോൾ ആണ് പാർട്ടിനേതൃത്വം എന്നെ ആലപ്പുഴയ്ക്ക് അയച്ചത്. ഞാൻ ആദ്യം വന്ന് കണ്ടത് കെ.ആർ. ഗൗരിയമ്മയെയായിരുന്നു. വി.എസ്. അന്ന് ജയിലിലായിരുന്നു.  രണ്ടുവരികളിൽ ഞാൻ ഗൗരിയമ്മയെ അവതരിപ്പിക്കട്ടെ, ‘ചരിത്രം ചരിത്രത്തെ കവച്ചുവെച്ചീടിലും മറക്കാൻ കഴിയില്ല ഗൗരിയമ്മ തൻ ചിത്രം...’
 

content highlights: g sudhakaran remembers kr gouri amma