മതേതരമൂല്യങ്ങളെ ചങ്ങലയ്ക്കിട്ട് അധികാരികൾ മതരാഷ്ട്രചിന്തകളെ തീറ്റിപ്പോറ്റുന്ന വർത്തമാനകാല  സാഹചര്യത്തിൽ ബഹുസ്വര ജനാധിപത്യ വ്യവസ്ഥയ്ക്കുവേണ്ടി  
പടനയിച്ച് സ്വാതന്ത്ര്യപ്പുലരി കാണാനാവാതെ അകാലത്തിൽ വിടപറയേണ്ടിവന്ന അബ്ദുറഹിമാൻ സാഹിബിന്റെ ജീവിതരേഖകൾ പലകാരണങ്ങൾകൊണ്ടും നമുക്ക് പാഠമാണ്  

1898. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു നിർണായക വഴിത്തിരിവുണ്ടായ വർഷം. ഇന്ത്യൻമണ്ണിൽ ദ്വിരാഷ്ട്രവാദത്തിന്റെ ആദ്യവിത്തുകൾ പാകിയ വർഷം. ഇതേ വർഷത്തിലാണ് ദ്വിരാഷ്ട്ര വാദത്തിനെതിരേ പോരാടാനുള്ള ദൗത്യവുമായി കൊടുങ്ങല്ലൂരിൽ കറുകപ്പാടത്ത് പുന്നച്ചാൽ തറവാട്ടിൽ അബ്ദുറഹിമാൻ സാഹിബ് ജന്മംകൊണ്ടത്. ഒരർഥത്തിൽ 1898 വർഗീയ രാഷ്ട്രീയവും ദേശീയ മതേതരരാഷ്ട്രീയവും നേരിട്ട് ഏറ്റുമുട്ടൽ ആരംഭിച്ച വർഷംകൂടിയാണ്. 

mohammed abdurahiman sahibവീരപുത്രന്റെ ജനനം
1920-ൽ പണ്ഡിതനായ മൗലാന അബുൽകലാം ആസാദിന്റെ സാന്നിധ്യംകൊണ്ട് കൂടുതൽ മുസ്‌ലിങ്ങൾ ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്ക് ആകൃഷ്ടരായി. റൗലറ്റ് നിയമം പിൻവലിക്കുക, സ്വരാജ് നൽകുക, മുസ്‌ലിങ്ങൾക്ക് നഷ്ടപ്പെട്ട ഖിലാഫത്ത് അധികാരം പുനഃസ്ഥാപിക്കുക എന്ന വാദം സജീവമായ കാലം. 
അന്ന് അബ്ദുറഹിമാൻ സാഹിബ് മദിരാശി മുഹമ്മദൻ കോളേജിൽ വിദ്യാർഥിയായിരുന്നു. വിക്ടോറിയ ഹോസ്റ്റലിലെ ഉറ്റമിത്രമായിരുന്ന ചാവക്കാട്ടുകാരൻ മുഹമ്മദ്, അബ്ദുറഹിമാൻ സാഹിബിനെ ഒരു പുസ്തകം വായിക്കാൻ പ്രേരിപ്പിച്ചു. ആദ്യം അലസമായിട്ടാണെങ്കിലും പിന്നീട് പിരിമുറുക്കത്തോടെ പുസ്തകം വായിച്ചുതീർത്തു. പുസ്തകം ‘ഖിലാഫത്ത് ആൻഡ്‌ ജസീറത്തുൽ അറബ്’. എഴുതിയത് അബുൽകലാം ആസാദ്. ആസാദിന്റെ പുസ്തകം അബ്ദുറഹിമാൻ സാഹിബിന്റെ ചിന്തകളെയും സ്വപ്നങ്ങളെയും മാറ്റിമറിച്ചു. ഉന്നതബിരുദവും സിവിൽ സർവീസ് അടക്കമുള്ള ഉയർന്ന പദവികളും കൈയെത്തും ദൂരത്തുനിൽക്കെ എല്ലാം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടി.

ഖിലാഫത്തിലെ കരുതൽ
അഹിംസാസിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിച്ച സാഹിബ് ഏറെ വിഷണ്ണനായത് ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ജിഹാദിലേക്കും കലാപത്തിലേക്കും വഴിമാറിയപ്പോഴാണ്. ആലി മുസ്‌ല്യാരെയും അനുയായികളെയും സന്ദർശിച്ച് സമാധാനത്തിന്റെ പാതയിലേക്കുവരണമെന്ന ശാന്തിദൂതും സാഹിബ് നടത്തിയിരുന്നു. യഥാർഥ ഇസ്‌ലാം മതവിശ്വാസിക്ക് കലാപത്തിന് നേതൃത്വം കൊടുക്കാനും പങ്കാളിയാകാനും കഴിയില്ല എന്ന് ഖുർ ആൻ സൂക്തങ്ങളും നബിചര്യയും മുൻനിർത്തി സാഹിബ് ഉപദേശിച്ചു. ഏറെപ്പേർ അതുൾക്കൊണ്ട് ആയുധം താഴെവെച്ചു. ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ മൊയ്തുമൗലവിക്കൊപ്പം കാളവണ്ടിയിൽ മഞ്ചേരിയിലെത്തി. കെ. മാധവൻനായരെയും എം.പി. നാരായണമേനോനെയും കൂട്ടി പൂക്കോട്ടൂരേക്ക് കുതിച്ചു. അവിടെ സായുധസജ്ജരായി അക്രമത്തിനൊരുങ്ങിയ ജനക്കൂട്ടത്തെ ശാന്തരാക്കിയത് സാഹിബിന്റെ വാക്കുകളായിരുന്നു. 
മലബാർ കലാപത്തിൽ നിരപരാധികളെയും സ്ത്രീകളെയും കുട്ടികളെയും പട്ടാളക്കാർ വേട്ടയാടി. ഇവർക്ക് സംരക്ഷണവും ഭക്ഷണവും വസ്ത്രവും നൽകാൻ അനുമതിനൽകണമെന്നാവശ്യപ്പെട്ട് സാഹിബ് കോഴിക്കോട് കളക്ടർക്ക് കത്തയച്ചു. എന്നാൽ, കളക്ടർ കത്തുകണ്ട ഭാവമേ നടിച്ചില്ല. സാഹിബും വിട്ടുകൊടുത്തില്ല. ഈ കത്ത് ഹിന്ദു, ബോബെ ക്രോണിക്കിൾ പത്രങ്ങൾക്ക് നൽകി. പത്രങ്ങൾ ഇതു പ്രസിദ്ധീകരിച്ചതോടെ പട്ടാളത്തിന്റെ ക്രൂരത പുറംലോകം അറിഞ്ഞു. ഇതോടെ മാർഷൽ ലോ പ്രകാരം കത്തെഴുതിയ കുറ്റത്തിന് സാഹിബിനെ അറസ്റ്റുചെയ്ത് രണ്ടുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. 
1921 ഒക്ടോബർ 23-ന് അറസ്റ്റുചെയ്യപ്പെട്ട സാഹിബ് ബെല്ലാരി ജയിലിൽ ഇരുമ്പുചങ്ങലയിൽ ബന്ധിക്കപ്പെട്ട് കടുത്ത യാതനകൾക്കാണ് വിധേയനായത്.

ത്യാഗങ്ങളുടെ കഥ
ജയിൽമോചിതനായ സാഹിബ് അക്ഷരം ആയുധമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ അൽ അമീൻ എന്ന പത്രം ആരംഭിച്ചു.  പത്രമാരണനിയമങ്ങൾ ഉപയോഗിച്ച് പലതവണ പത്രവും പ്രസും കണ്ടുകെട്ടി. എന്നാൽ, സത്യത്തിന്റെ പാതയിൽനിന്ന് ഒരിക്കലും അൽ അമീൻ വ്യതിചലിച്ചില്ല.

രാജ്യരക്ഷാ നിയമപ്രകാരം 1940-തിൽ ജയിലിലടച്ച സാഹിബ്  1945 സെപ്റ്റംബർ നാലിന് മോചിതനായി. മോചിതനായി മരണംവരെയുള്ള 77 ദിവസങ്ങളിൽ ഒരു കൊടുങ്കാറ്റായി അദ്ദേഹം മതരാഷ്ട്രത്തിനെതിരേയുള്ള പ്രചാരണത്തിലായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം പൊതുപരിപാടികളും പ്രസംഗങ്ങളും. അതിനിടെ മുംബൈ, ഡൽഹി, മദ്രാസ്, നീലഗിരി, മംഗലാപുരം എന്നിവിടങ്ങളിൽ സന്ദർശനം. മുന്നൂറോളം യോഗങ്ങളിൽ പ്രസംഗം, അഞ്ഞൂറിലധികം പ്രവർത്തകയോഗങ്ങൾ, ഒരു ലക്ഷത്തോളം പ്രവർത്തകരുമായി ബന്ധപ്പെടൽ. പൂമാലകൾക്കൊപ്പം കല്ലേറുകളും കരിങ്കൊടികളും നേരിട്ടാണ് സാഹിബ് മതരാഷ്ട്രത്തിനെതിരേ പ്രചാരണം നടത്തിയത്.
അണുവിടതെറ്റാത്ത മതനിഷ്ഠയിൽ അധിഷ്ഠിതമായിരുന്നു അബ്ദുറഹിമാൻ സാഹിബിന്റെ ജീവിതം. അഞ്ചുനേരം മുറതെറ്റാത്ത നിസ്കാരം, നിത്യേന ഖുർ ആൻ പാരായണം. ജയിലിൽക്കിടന്ന നാളുകളിൽ സാഹിബ് ഖുർ ആൻ മനഃപാഠമാക്കിയിരുന്നു. സാധാരണ മുസ്‌ലിങ്ങൾപോലും ആചരിക്കാത്ത, ആഴ്ചയിൽ രണ്ടുദിവസമുള്ള നോമ്പ്, പാതിരകഴിഞ്ഞുള്ള പ്രാർഥന.എന്നിട്ടും മതരാഷ്ട്രത്തെ എതിർത്തതിന്റെപേരിൽ കാഫിറെന്ന ആക്ഷേപമാണ് നേരിടേണ്ടിവന്നത്. തൊഴിലാളികളുടെയും സാധാരണക്കാരുടെയും സമരസംഘടനയായി കോൺഗ്രസിനെ കേരളത്തിൽ വളർത്തിയെടുത്തത് അബ്ദുറഹിമാൻ സാഹിബ് കെ.പി.സി.സി. പ്രസിഡന്റായതോടെയാണ്. 1938, 39, 40 വർഷങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1945 നവംബർ 23-ന് മരണപ്പെടുന്നതിന്റെ മണിക്കൂറുകൾക്കുമുമ്പ് കൊടിയത്തൂരിലെ സമ്മേളനത്തിൽ നടത്തിയ അവസാന പ്രസംഗത്തിലും മുഴങ്ങിയത് മതസൗഹാർദത്തിനും സാമ്രാജ്യത്വത്തിനുമെതിരായ അണമുറിയാത്ത ആഹ്വാനമായിരുന്നു.

Content Highlights: freedom fighter and congress leader mohammed abdurahiman sahib death anniversary