ന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമല്ലാത്തതും എന്നാൽ, നരേന്ദ്രമോദി സർക്കാരിനെ എതിർക്കുകയും ചെയ്യുന്നവരെ സംബന്ധിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇതിലും മികച്ച തിരഞ്ഞെടുപ്പുഫലങ്ങൾ വരാനില്ല. ഭാരതീയ ജനതാപാർട്ടിക്കും പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായ്ക്കും തങ്ങൾ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്ന്  ബോധ്യപ്പെട്ടിട്ടുണ്ടാകും. 2019 ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പാത ബി.ജെ.പി.യെ സംബന്ധിച്ച് ദുഷ്കരമാണെന്ന തിരിച്ചറിവ് അവർക്കുണ്ടായിരിക്കുന്നു. അതേസമയം, തങ്ങൾക്ക് ആത്മസംതൃപ്തിക്കും അമിതാവേശത്തിനും വകനൽകുന്നതല്ല ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന ബോധ്യം കോൺഗ്രസിനുമുണ്ടായിട്ടുണ്ടാവും.

കോൺഗ്രസിന്റെ വിജയവും പുരോഗമനസഖ്യത്തിന്റെ ഭയവും

ഛത്തീസ്ഗഢിലേതിന് സമാനമായി രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് സമ്പൂർണാധിപത്യം പുലർത്തിയിരുന്നെങ്കിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് തങ്ങൾക്ക് എളുപ്പമാകുമെന്ന വിശ്വാസം അവർക്കുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു ഇടതുപക്ഷത്തിനും ഭൂരിഭാഗം പ്രാദേശികപാർട്ടികൾക്കും. സഖ്യരാഷ്ട്രീയത്തിന്റെ പ്രാഥമിക ധർമങ്ങളെക്കുറിച്ച് ഇനിയും ബോധ്യം വന്നിട്ടില്ലാത്ത കോൺഗ്രസിനുള്ളിലെ ചിലർ ഐക്യപുരോഗമന സഖ്യത്തിലെ (യു.പി.എ.) സഖ്യകക്ഷികളായ ഇതരപാർട്ടികൾക്ക് മുന്നിൽ കൂടുതൽ കടുത്ത നിബന്ധനകൾവെക്കണമെന്ന് രാഹുൽഗാന്ധിയെ ബോധ്യപ്പെടുത്താനും ഇതിടയാക്കുമെന്ന് അവർ ഭയന്നു. തെലങ്കാനയിൽ സംഭവിച്ചതുപോലെ പ്രത്യേക അജൻഡയില്ലാത്ത അവസരവാദപരമായ സഖ്യനീക്കങ്ങൾ അപ്രതീക്ഷിതമായി തിരിച്ചടിക്കുകയോ സഖ്യത്തെ ദുർബലപ്പെടുത്തുകയോ ചെയ്യാനുള്ള സാധ്യതയും കോൺഗ്രസ് തിരിച്ചറിയേണ്ടതുണ്ട്. 

ബി.ജെ.പി. പരാജയത്തിന്റെ രണ്ട് കാരണങ്ങൾ

ബി.ജെ.പി.യെയും അതിന്റെ പ്രത്യയശാസ്ത്ര രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘിനെയും  (ആർ.എസ്.എസ്.) സംബന്ധിച്ച് മുന്നോട്ടുള്ള സാധ്യതകൾ ദുഷ്‌കരമായിക്കഴിഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചാരണങ്ങളും അയോധ്യയിലെ രാമക്ഷേത്രനിർമാണം തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കൊണ്ടുവരാനുള്ള  ശ്രമങ്ങളും പൂർണപരാജയമായി. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ പരാജയത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളതെന്ന് സംഘ പരിവാറിനുള്ളിലെ മിതവാദികൾ സ്വകാര്യമായി സമ്മതിക്കുന്നു. കർഷക പ്രതിസന്ധിയാണ് ഇതിൽ ഒന്നാമത്തേത്. തൊഴിലില്ലായ്മ രണ്ടാമത്തെ വിഷയവും. തങ്ങൾക്ക് വഴങ്ങുന്ന ഗവർണർ നയിക്കുന്ന റിസർവ് ബാങ്കിനെ മുൻനിർത്തിയും കർഷകർക്കും സ്ത്രീകൾക്കും യുവജനങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കുമായി ബജറ്റിൽ പദ്ധതികൾ വാരിക്കോരി പ്രഖ്യാപിച്ചും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മോദി സർക്കാരിന് മുന്നിൽ ബാക്കിയുള്ള നാലോ അഞ്ചോ മാസം മതിയാകില്ലെന്ന ബോധ്യവും അവർക്കുണ്ട്. 

തലപൊക്കുന്ന വിഭാഗീയത

ഹിന്ദുമതഭ്രാന്തന്മാരെയും ഗോരക്ഷകരെയും അടക്കിനിർത്താൻ ബി.ജെ.പി.ക്കും സംഘപരിവാറിനും കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. ബുലന്ദ്ശഹർ പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും ഇവയ്ക്ക് തടയിടാൻ മറ്റു മാർഗങ്ങൾ തേടാൻ നിയമസംവിധാനങ്ങൾക്കുമുന്നിൽ സമ്മർദമുയരും. എന്നാൽ, 2002-ൽ ഗുജറാത്ത് സാക്ഷ്യം വഹിച്ചതുപോലെയൊരു വർഗീയസംഘർഷത്തിലേക്ക് ഇവ നീങ്ങാനുള്ള സാധ്യതയില്ല. ജനുവരിയിൽ അലഹാബാദിൽ നടക്കാനിരിക്കുന്ന അർധകുംഭമേളയെ എല്ലാത്തരത്തിലും മഹാകുംഭമേളയ്ക്ക് സമാനമായി അവതരിപ്പിക്കാൻ ബി.ജെ.പി. ലക്ഷ്യമിടുന്നു. താൻ ശീലിച്ചുവന്ന ആർ.എസ്.എസ്. പ്രചാരകന്റെ കുപ്പായത്തിൽനിന്ന് പുറത്തുവരാൻ മോദിക്ക്‌ ഇനിയും ആയിട്ടില്ലെന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഇതേസമയംതന്നെ ബി.ജെ.പി.ക്കുള്ളിലെ വിഭാഗീയത കൂടുതൽ ശക്തമായി തലപൊക്കിക്കഴിഞ്ഞു. എന്നാൽ, ഈ വിഭാഗീയത പാർട്ടിയുടെ തീവ്രഹിന്ദുത്വ നിലപാടിനെ എതിർത്തുള്ളതല്ലെന്ന് മാത്രം. പാർട്ടിക്കുള്ളിൽ അധികാരം രണ്ട് വ്യക്തികളിൽ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നതാണ് പ്രധാന പ്രശ്നം. മൂന്ന് സംസ്ഥാനങ്ങളിൽ നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്വം ഈ ശക്തികേന്ദ്രങ്ങളുടെ ചുമലിൽ വെച്ച് അധികാരം വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ഇവരുടെ ശ്രമം. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നേരിട്ട തോൽവി ഉത്തർപ്രദേശിലും ആവർത്തിക്കുന്നത് അനുവദിക്കാനാവില്ലെന്നും ബി.ജെ.പി.ക്കറിയാം. 

എളുപ്പമാകില്ല ബി.ജെ.പി.ക്ക് 

എത്ര പണമൊഴുക്കിയാലും ആ പണം അത്രമേൽ സന്തോഷത്തോടെ വോട്ടർമാർ സ്വീകരിച്ചാലും അതൊന്നും ‘വോട്ടുവാങ്ങാൻ’ സഹായിക്കില്ലെന്ന സത്യം മോദിയും ഷായും മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടാകുമോ? ഒരുപക്ഷേ, ഇല്ലെന്നായിരിക്കും ഉത്തരം.   അതുകൊണ്ടുതന്നെ കാവിപ്പാർട്ടിക്കുള്ളിലെ വലിയൊരുവിഭാഗം വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കാനുള്ള സാധ്യതയും കൂടുതലാണ്. പാകിസ്താനുമായുള്ള ഭിന്നതയും കശ്മീർതാഴ്‌വരയിലെ കലാപങ്ങളും ആളിക്കത്തിക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ തയ്യാറാക്കുമെന്നതും ഏറക്കുറെ ഉറപ്പാണ്. സംഭവങ്ങളുടെ ഇത്തരത്തിലുള്ള പുരോഗതി ഏറെപ്പേർ പ്രതീക്ഷിച്ചതും കുറച്ചുപേരെ സംബന്ധിച്ചുമാത്രം അപ്രതീക്ഷിതവുമാണ്. എന്തൊക്കയായാലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക്‌ എത്രമാത്രം നേട്ടമുണ്ടാക്കാനാകുമെന്നതൊരു തുറന്ന ചോദ്യമായി അവശേഷിക്കുന്നു. നിലവിലെ രാഷ്ട്രീയസാഹചര്യം അത്രമേൽ പ്രക്ഷുബ്ധമായിക്കഴിഞ്ഞു. സാമൂഹിക സംഘർഷങ്ങളും വർധിച്ചുവരുന്നു. നിങ്ങൾ മെച്ചപ്പെടുന്നതിന് മുൻപുതന്നെ കാര്യങ്ങൾ കൈവിട്ടുപോയേക്കാം. അതുകൊണ്ടുതന്നെ ബി.ജെ.പി. കരുതിയിരിക്കണം. 
(പ്രമുഖ മാധ്യമപ്രവർത്തകനാണ് ലേഖകൻ)