രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് അസംബ്ലി തിരഞ്ഞെടുപ്പുകളെ 2019 ഏപ്രിൽ-മേയിൽ നടക്കാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലായി രാഷ്ട്രീയനിരീക്ഷകർ കണ്ടത് അവ ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ അസംബ്ലി തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമല്ല. ബി.ജെ.പി.യുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഹിന്ദി ഹൃദയഭാഗത്ത് രാജ്യത്തെ ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ, ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള മത്സരമായതുകൊണ്ടുകൂടിയാണ്.മൂന്നു സംസ്ഥാനങ്ങളിലെ മൊത്തം 65 ലോക്‌സഭാ സീറ്റുകളിൽ 62 സീറ്റുകളും 2014-ൽ നേടിയത് ബി.ജെ.പി.യാണ്. അത്രയും വലിയ വിജയം അവർ നേടിയത് യു.പി.യിൽ മാത്രമാണ്; 80-ൽ 72 സീറ്റ്.ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നാലുമാസം മാത്രം അടുത്തുനിൽക്കേ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനടന്ന തിരഞ്ഞെടുപ്പിലെ ഫലം ഇതുവരെയും തളർന്നുകിടന്ന കോൺഗ്രസിന്‌ ആത്മവിശ്വാസം പകരുന്നതുതന്നെ. ഒപ്പം ആവേശവും. കോൺഗ്രസ്‌മുക്തഭാരതം എന്ന ബി.ജെ.പി.യുടെ മോഹത്തെ മറികടക്കാൻ കോൺഗ്രസിനു കഴിഞ്ഞിരിക്കുന്നു.

ഭരണവിരുദ്ധവികാരം

മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ്‌ പഴയനില മെച്ചപ്പെടുത്തിയെങ്കിലും ബി.ജെ.പി.ക്കെതിരേ കേന്ദ്രത്തിലും രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന ഭരണവിരുദ്ധവികാരം കാര്യമായി പ്രയോജനപ്പെടുത്തി എന്നു പറയുന്നതാവും ശരി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമർഥമായ പ്രചാരണവും ബി.ജെ.പി.യുടെ ആളും അർഥവും നിരത്തിയ തിരഞ്ഞെടുപ്പു പ്രവർത്തനവും അതിജീവിച്ചുകൊണ്ട് നേടിയ നേട്ടങ്ങളിൽ കോൺഗ്രസിനുള്ള ആഹ്ലാദം ചെറുതല്ല. കഴിഞ്ഞ 15 വർഷമായി ബി.ജെ.പി. ഭരിക്കുന്ന ഛത്തീസ്ഗഢിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും രാജസ്ഥാനിലും മധ്യപ്രദേശിലും കഷ്ടിച്ചു കിട്ടിയ ഭൂരിപക്ഷവും ബി.ജെ.പി.യോട് കിടപിടിക്കുന്ന മുന്നേറ്റവും നേടി വടക്കേ ഇന്ത്യയിൽ ഒരു പുനർജന്മം തന്നെ കോൺഗ്രസ് കൈവരിച്ചിരിക്കുന്നു എന്നു പറയാം.

ഉയരുന്ന വിലപേശൽ ശക്തി

കോൺഗ്രസ്‌ വടക്കേ ഇന്ത്യൻ ഹൃദയത്തിൽ നടത്തിയ ഈ മുന്നേറ്റംകൊണ്ടുള്ള ഏറ്റവും വലിയനേട്ടം പ്രതിപക്ഷ മഹാമുന്നണി രൂപവത്‌കരണത്തിൽ അവരുടെ വിലപേശൽശക്തി ഉയരുന്നു എന്നതാണ്. മഹാമുന്നണി രൂപവത്‌കരണത്തിൽ തിങ്കളാഴ്ച പ്രതിപക്ഷകക്ഷികൾ ഒന്നിച്ചു ചേർന്നപ്പോൾ ആ യോഗത്തിലേക്ക് പ്രതീക്ഷിക്കപ്പെട്ടിരുന്ന സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌ പാർട്ടിയും എത്തിയിരുന്നില്ല. ഒരുപക്ഷേ, അവർ ഈ തിരഞ്ഞെടുപ്പുഫലം കാത്തിരിക്കുകയായിരിക്കണം.

2019 -ലേക്കുള്ള തന്ത്രം

ഓരോ സംസ്ഥാനത്തും ആ സംസ്ഥാനത്തിന്റെ രാഷ്ട്രീയസ്വഭാവമനുസരിച്ച് ബി.ജെ.പി.ക്കെതിരേ ഒരേയൊരു പ്രതിപക്ഷ സ്ഥാനാർഥി എന്ന തന്ത്രമാണ് കോൺഗ്രസ് ആസൂത്രണം ചെയ്തിട്ടുള്ളത്. ബി.ജെ.പി.യുടെ സീറ്റുകൾ കുറയ്ക്കുക എന്നതാണ് ഈ തന്ത്രം. ബി.ജെ.പി.യുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ യു.പി.യിൽ  സമാജ്്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ഒന്നിച്ചുനിന്നാൽ മാത്രമേ അവിടെ ബി.ജെ.പി.യെ തോല്പിക്കാനാവൂ. കഴിഞ്ഞ രണ്ടുവർഷത്തിനകത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകൾ ഇക്കാര്യം തെളിയിച്ചിട്ടുള്ളതാണ്.

നിഷേധവോട്ട്

ഹിന്ദി ഹൃദയഭാഗത്തുനടന്ന തിരഞ്ഞെടുപ്പ് എന്ന നിലയിൽ വടക്കേ ഇന്ത്യയുടെ മനസ്സ് ചൂണ്ടിക്കാണിക്കുന്നതാണ് ഫലം. കോൺഗ്രസ്‌  അനുകൂല വോട്ട് എന്നതിനെക്കാളേറെ ബി.ജെ.പി. സർക്കാരുകൾക്കെതിരായ നിഷേധവോട്ടാണിത്. ഈ പശ്ചാത്തലത്തിൽ ബി.ജെ.പി.ക്കെതിരേ ഒരു നിഷേധവോട്ടിനു കാത്തുനിൽക്കുകയാണ് വടക്കേ ഇന്ത്യ എന്നു കരുതണം. 2019-ൽ ഭരണം തുടരുന്നതിന് ബി.ജെ.പി. ആശ്രയിക്കേണ്ട ഒരു പ്രധാന കേന്ദ്രങ്ങളാണ്‌ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ മുഴുവൻ 25 സീറ്റും മധ്യപ്രദേശിലെ  29 സീറ്റുകളിൽ 27-ഉം ഛത്തീസ്ഗഢിലെ 11 സീറ്റുകളിൽ 10-ഉം ബി.ജെ.പി.യാണ് നേടിയത്. അത്രയും സീറ്റുകൾ 2019-ൽ ഈ ഭാഗത്തുനിന്ന് ലഭിക്കാൻ സാധ്യതയില്ലെ എന്ന് ഇപ്പോഴത്തെ തിരഞ്ഞെടുപ്പുഫലം ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിന്റെ വിലപേശൽ ശക്തി വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ടുള്ള മുന്നണി രൂപവത്‌കരണത്തിൽനിന്നു പ്രതിപക്ഷനേതാക്കൾ പലരും പിന്മാറാൻ സാധ്യതയുണ്ട്. മൂന്നാംമുന്നണി നേതൃത്വമേറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന്‌ മമതാ ബാനർജിയും ശരദ്‌പവാറും മറ്റും മാറിനിന്നേക്കാം. എന്നാൽ, മഹാമുന്നണിയെ ബലഹീനമാക്കാനുള്ള തന്ത്രമായി ബി.ജെ.പി. ചന്ദ്രശേഖർ റാവു പോലെയുള്ള ചില പ്രാദേശിക കക്ഷിനേതാക്കളെ മുന്നണി ശ്രമങ്ങളുമായി ഇറക്കാൻ സാധ്യതയുണ്ട്.

ഒരിക്കൽകൂടി നരേന്ദ്രമോദി അധികാരത്തിൽവന്നാൽ അത് രാജ്യത്തിന്റെ അവസാനത്തെ ജനാധിപത്യ അവസരമായിരിക്കും എന്നാണ് കോൺഗ്രസ്‌ പ്രചരിപ്പിക്കുന്നത്. ആ ആപത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ യോജിച്ചുനിൽക്കണം എന്നാണ് പ്രതിപക്ഷകക്ഷികളെ കോൺഗ്രസ്‌ ഉപദേശിക്കുന്നത്. ഇത്രയും പറയുന്ന കോൺഗ്രസിന്‌ പക്ഷേ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിൽ മായാവതിയുടെ ബി.എസ്.പി.യെ കൂടെ ചേർക്കാനായില്ല.

രാഹുൽ വളരുന്നു

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ മറ്റൊരു വൻനേട്ടം രാഹുൽഗാന്ധിയുടെ പ്രതിച്ഛായ ഉയർത്താനായി എന്നതാണ്. പ്രധാനമന്ത്രി മോദി തന്നെ പ്രചാരണങ്ങളിൽ കാര്യമായും ആക്രമിച്ചത് നെഹ്രു കുടുംബത്തെ ആയിരുന്നു. രാജ്യത്തിന്റെ സകലസൗഭാഗ്യങ്ങളും സ്വന്തമാക്കിയത് നെഹ്രു കുടുംബമാണ് എന്നദ്ദേഹം ആവർത്തിച്ചു. കോൺഗ്രസിന്റെ അടിസ്ഥാനമിളക്കാൻ ലക്ഷ്യമിട്ടുതന്നെയായിരുന്നു, ഈ ആക്രമണം. രാഹുലിനെതിരായ ‘പപ്പു’ ആക്രമണത്തിൽനിന്ന്‌ അദ്ദേഹം കുതറിമാറിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് കൂടുതൽ ശക്തമായ നെഹ്രുകുടുംബാക്രമണം നരേന്ദ്രമോദി നടത്തിയത്. കോൺഗ്രസിനെ വിജയിപ്പിച്ചാൽ നെഹ്രുകുടുംബം ഇനിയും രാജ്യത്തെ ചൂഷണംചെയ്യുമെന്ന ധാരണ സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കോൺഗ്രസ്‌ ഈ ആക്രമണങ്ങളെ അവഗണിക്കുന്ന തന്ത്രപരമായ ശൈലിയാണ് സ്വീകരിച്ചത്. പകരം രാജ്യത്തിന്റെ സംസ്കാരവും ഭരണഘടനാ സ്ഥാപനങ്ങളും മോദിസർക്കാരാണ് നശിപ്പിക്കുന്നത് എന്നവർ ആരോപിച്ചു.

ഭദ്രമായ സർക്കാർ

രാഹുൽഗാന്ധിയുടെ പ്രതിച്ഛായ വർധിച്ചെങ്കിലും അദ്ദേഹത്തെ ഒരു പ്രധാനമന്ത്രിസ്ഥാനാർഥിയായി കാണാൻ, തങ്ങളും അതിന് യോഗ്യരാണ് എന്നു ധരിക്കുന്ന പ്രതിപക്ഷ നേതാക്കൾ തയ്യാറാവുമോ എന്നു കണ്ടറിയണം. 

മുലായംസിങ്ങും അഖിലേഷ് യാദവും മായാവതിയും തിങ്കളാഴ്ചത്തെ പ്രതിപക്ഷപാർട്ടികളുടെ യോഗത്തിലേക്കെത്തിയില്ല എന്നത് ശ്രദ്ധേയം. ഒരു പൊതുതിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഭദ്രമായ ഒരു ഭരണകൂടം ആഗ്രഹിക്കുന്ന ജനങ്ങൾക്ക്‌ ഒരുപാട് സംസ്ഥാനപാർട്ടികളുടെ കൂട്ടമായ ഒരു സർക്കാരിനെ താത്‌പര്യപ്പെടുമോ എന്ന പ്രശ്നമുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി. ചോദിക്കുന്നത് -ഭദ്രമായ ഒരു സർക്കാരിനെയാണോ അതോ യോജിപ്പില്ലാത്ത ഒരു സംഘത്തെയാണോ വേണ്ടതെന്ന്.

പക്ഷേ, സംസ്ഥാന പാർട്ടികളുടെ ഒരു കൂട്ടുകെട്ട്, തിരഞ്ഞെടുപ്പിനുശേഷം രൂപവത്‌കരിച്ചു ഭരണം നടത്തിയ ചരിത്രം ഒന്നിലേറെ തവണ ഇന്ത്യയിലുണ്ടായിട്ടുണ്ട്. എല്ലാവരും നേതാക്കളാവുന്നതിനെക്കാൾ നല്ലത്‌ ഒരു നേതാവിനു കീഴിൽ അച്ചടക്കമുള്ള ഒരു കൂട്ടുകെട്ടാണ്. ആ നിലയിലുള്ള ഒരു സ്ഥാനം ഏറ്റെടുക്കാൻ പുതിയ രാഷ്ട്രീയസാഹചര്യത്തിൽ രാഹുൽഗാന്ധിയും ഈ തിരഞ്ഞെടുപ്പുഫലത്തോടെ കാലെടുത്തുവെക്കുകയാണ്.
ജനങ്ങൾ വലിയ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ ബി.ജെ.പി.ക്ക്‌ പിഴവുകൾ പറ്റി എന്ന് അവരെ ധരിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പുഫലം സഹായകമാണ്. ഓരോ പരിഷ്കരണവും ആർഭാടങ്ങളും മുന്നോട്ടുപോയപ്പോൾ ജനങ്ങളുടെ ആവലാതികൾ കാണാനവർക്കായില്ല-ഇതായിരിക്കണം ബി.ജെ.പി.ക്ക്‌ ഈ തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന സന്ദേശം.