കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയനേതാക്കൾക്കു പുറമേ ഏറ്റുമുട്ടിയവർ ഒട്ടേറെയാണ്. അവരിൽ ജ്ഞാനപീഠ ജേതാക്കളടക്കം സാഹിത്യമേഖലയെ സമ്പുഷ്ടമാക്കിയവരുണ്ട്. മികച്ച സംവിധായകനുള്ള രാഷ്ട്രപതിയുടെ പുരസ്കാര ജേതാവുണ്ട്, ഭരത് അവാർഡ് നേടിയ നടനുമുണ്ട്. 

ജോസഫ് മുണ്ടശ്ശേരി, ആദ്യ വിദ്യാഭ്യാസമന്ത്രി

ജോസഫ് മുണ്ടശ്ശേരി 1948-ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അധ്യാപകനും നിരൂപകനുമായ മുണ്ടശ്ശേരി കൊച്ചി പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. 
കൊച്ചി രാജ്യമായിരുന്ന കാലത്ത് 1948-ൽ അർത്തൂക്കരയിൽനിന്നാണ് കൊച്ചി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 1954-ൽ ചേർപ്പിൽനിന്ന് തിരു-കൊച്ചി നിയമസഭാംഗമായി. തിരു-കൊച്ചി കാലത്ത് 1951-ൽ നടന്ന തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ ഇയ്യുണ്ണി ചാലക്കയോട് മുണ്ടശ്ശേരി തോറ്റു. എന്നാൽ, 1957-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂരിൽനിന്ന്‌ ജയിച്ച്‌  സംസ്ഥാനത്തിന്റെ ആദ്യ വിദ്യാഭ്യാസമന്ത്രിയായി.

എസ്.കെ. പൊറ്റെക്കാട്ട്‌ VS സുകുമാർ അഴീക്കോട്
1962-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സാഹിത്യ പ്രതിഭകളുടെ ഏറ്റുമുട്ടലിനാണ് തലശ്ശേരി സാക്ഷിയായത്. സി.പി.ഐ.യുടെ സ്വതന്ത്ര സ്ഥാനാർഥിയായി എസ്.കെ. പൊറ്റെക്കാട്ടും കോൺഗ്രസ് സ്ഥാനാർഥിയായി കെ.ടി. സുകുമാരനെന്ന സാക്ഷാൽ സുകുമാർ അഴീക്കോടുമാണ് ഏറ്റുമുട്ടിയത്. 64,950 വോട്ടിന് വിജയം പൊറ്റെക്കാട്ടിനൊപ്പമായിരുന്നു. പിന്നീട് രണ്ടുപേരും തിരഞ്ഞെടുപ്പ് രംഗം വിട്ടൊഴിഞ്ഞു. ഇതിനുമുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ തലശ്ശേരി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച എസ്.കെ. പൊറ്റെക്കാട്ട് കോൺഗ്രസിന്റെ ജിനചന്ദ്രനോട് 1382 വോട്ടിന് തോറ്റിരുന്നു.

ജയിച്ചിട്ടും സഭ കാണാതെ രാമു കാര്യാട്ട്
1965-ൽ നാട്ടികയിൽനിന്ന് ഇടതു സ്വതന്ത്രനായി സംവിധായകൻ രാമു കാര്യാട്ട് നിയമസഭയിലേക്ക് ജയിച്ചു. നിർഭാഗ്യമെന്ന് പറയട്ടെ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ അന്ന് സഭ ചേർന്നില്ല. പക്ഷേ, അതേ വർഷം അദ്ദേഹത്തെ തേടി മറ്റൊരംഗീകാരമെത്തി. തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം സംവിധാനംചെയ്ത ‘ചെമ്മീൻ’ രാഷ്ട്രപതിയുടെ സുവർണകമലം നേടി. 
പനമ്പിള്ളി ഗോവിന്ദമേനോന്റെ നിര്യാണത്തെ തുടർന്ന് മുകുന്ദപുരത്ത് 1970-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം ജനവിധി തേടിയെങ്കിലും പതിനായിരത്തിനടുത്ത് വോട്ട് മാത്രമേ നേടാനായുള്ളൂ. 1971-ൽ തൃശ്ശൂരിൽനിന്നും സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

സ്വന്തമായി പാർട്ടിയുണ്ടാക്കിയ സാഹിത്യകാരി
സ്വന്തമായി രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കി ജനസേവനത്തിനിറങ്ങിയ സാഹിത്യകാരിയാണ് മാധവിക്കുട്ടിയെന്ന കമല സുരയ്യ. 2000-ലാണ് അവർ സ്വന്തമായി പാർട്ടി രൂപവത്കരിച്ചത്. ഗോഡ്സ് ഓൺ പാർട്ടിയെന്ന് പേരിട്ടെങ്കിലും പിന്നീടത് ലോക സേവ പാർട്ടിയെന്നാക്കി. 1984-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നും മത്സരിച്ചെങ്കിലും 1786 വോട്ടിന് കോൺഗ്രസിലെ എ. ചാൾസിനോട് അവർ പരാജയപ്പെട്ടു.

തോൽവിയറിഞ്ഞ് ഒ.എൻ.വിയും പുനത്തിലും ജയിച്ചുകയറി കടമ്മനിട്ട
തിരുവനന്തപുരം ലോകസഭാമണ്ഡലം 1989-ലും ശ്രദ്ധേയമായ മറ്റൊരു മത്സരത്തിന് സാക്ഷ്യംവഹിച്ചു. കവിയും അധ്യാപകനും ഗാനരചയിതാവുമായിരുന്ന ഒ.എൻ.വി. കുറപ്പായിരുന്നു അന്ന് മത്സരത്തിനിറങ്ങിയത്. എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിന്റെ എ. ചാൾസിനോട് പരാജയമേറ്റുവാങ്ങി. ഇതേ വർഷം തന്നെ മറ്റൊരു സിനിമാ സംവിധായകനും അങ്കത്തട്ടിലേറി. സി.പി.എമ്മിന്റെ സ്ഥാനാർഥിയായി സംവിധായകൻ ലെനിൻ രാജേന്ദ്രൻ ഒറ്റപ്പാലത്ത് മത്സരിച്ചെങ്കിലും കെ.ആർ. നാരായണനോട് തോറ്റു. 1991-ലും കെ.ആർ. നാരായണനെതിരേ ഒറ്റപ്പാലത്ത് ലെനിൻ രാജേന്ദ്രൻ മത്സരിച്ചെങ്കിലും അത്തവണയും അദ്ദേഹം പരാജയമേറ്റുവാങ്ങി.
എം.വി.ആറിനെതിരേ മത്സരിച്ച് വിജയിച്ചാണ് കവി കടമ്മനിട്ട രാമകൃഷ്ണൻ നിയമസഭയിലെത്തുന്നത്. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറൻമുളയിൽ എം.വി. രാഘവനെതിരേ മത്സരിച്ച കടമ്മനിട്ട  2687 വോട്ടിനാണ് ജയിച്ചുകയറിയത്. ആദ്യ തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും പിന്നീട് അദ്ദേഹം മത്സരരംഗത്തുനിന്നു പിന്മാറി. 1999-ൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽനിന്നും നടൻ മുരളി ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും 35,094 വോട്ടിന് വി.എം. സുധീരനോട് പരാജയപ്പെട്ടു.
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി പുനത്തിൽ കുഞ്ഞബ്ദുള്ള മത്സരത്തിനിറങ്ങിയെങ്കിലും സി.പി.എമ്മിലെ വി.കെ.സി. മമ്മദ് കോയയോട് പരാജയപ്പെട്ട് മൂന്നാമതായി. ലീഗിന്റെ എം.സി. മായിൻ ഹാജിയായിരുന്നു രണ്ടാമത്.

 വിജയരഥമേറി സാനുമാഷ്
1987-ൽ എറണാകുളത്തുനിന്ന് സാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ. എം.കെ. സാനു സി.പി.എം. സ്ഥാനാർഥിയായി നിയമസഭയിലേക്ക് വിജയിച്ചു. കോൺഗ്രസിന്റെ ശക്തനായ സ്ഥാനാർഥി എ.എൽ. ജേക്കബായിരുന്നു എതിരാളി. ആദ്യ മത്സരത്തിൽ 10,032 വോട്ടിന് വിജയരഥമേറിയെങ്കിലും പിന്നീട്‌ അദ്ദേഹം മത്സരരംഗത്തുനിന്നു മാറി.

റെക്കോഡിട്ട് കെ.ബി. ഗണേഷ് കുമാർ
മലയാള സിനിമ-സാഹിത്യ രംഗത്തുനിന്നും ഏറ്റവുമധികം തവണ നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോഡ് മുൻ മന്ത്രിയും പത്തനാപുരം എം.എൽ.എ.യുമായ കെ.ബി. ഗണേഷ് കുമാറിനാണ്. 2001 മുതൽ നാലുതവണയായി അദ്ദേഹം പത്തനാപുരത്തെ പ്രതിനിധാനം ചെയ്യുന്നു.. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭാഗമായി മത്സരിച്ചെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 

2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സിനിമാരംഗത്തുള്ള മൂന്നുപേരാണ് പത്തനാപുരത്ത് ഏറ്റുമുട്ടിയത്. നടന്മാരായ ഗണേഷ് കുമാറും ജഗദീഷും ഭീമൻ രഘുവും മത്സരിച്ചെങ്കിലും വിജയം ഗണേഷ് കുമാറിനൊപ്പമായിരുന്നു. അതേ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മത്സരിച്ച സിനിമാനടൻ മുകേഷ് നിയമസഭയിലെത്തിയെങ്കിലും തിരുവന്തപുരത്ത് മത്സരിച്ച ക്രിക്കറ്റ് താരം ശ്രീശാന്ത് പരാജയപ്പെട്ടു.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽനിന്നും ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച സിനിമാനടൻ ഇന്നസെന്റ് ലോക്‌സഭയിലെത്തി. കോൺഗ്രസ് നേതാവ് പി.സി. ചാക്കോയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ആം ആദ്മി പാർട്ടിക്കുവേണ്ടി തൃശ്ശൂരിൽ മത്സരിച്ച സാഹിത്യകാരി സാറാ ജോസഫ് പരാജയപ്പെട്ടു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിച്ച സിനിമാ താരം സുരേഷ് ഗോപിയും പരാജയമറിഞ്ഞു.